Friday, May 31, 2013

കിനാവിൻപൂക്കൾ

കിനാവിൻപൂക്കൾ 

പ്രണയമൊഴുകുന്നൊരു പുഴയിലൂടെ
പ്രണയാർദ്രമാമൊരു പാട്ടുപോലെ
പ്രിയനേ നിൻ ശ്വാസനിശ്വാസങ്ങളിൽ
പ്രിയതരം  ഞാനുമൊന്നൊഴുകീടട്ടെ

പുണരുവാൻ നീട്ടുന്ന കൈകളിൽ ഞാൻ
പുലരിയിൽ വിരിയുമൊരു  വെണ്‍പൂവായി  
പുഞ്ചിരിമായാത്ത വദനമോടെ 
പുതുമണം വീശി മയങ്ങീടട്ടെ 

ആയിരം പൂക്കൾ വിരിഞ്ഞുനില്ക്കും 
ആരാമമുണ്ടു നിൻ ചാരെയെന്നാൽ 
ആരുമില്ലാത്തോരീ പാഴ്ച്ചെടിപ്പൂ 
ആരാരും കാണാതെ കാത്തുനിൽപ്പൂ .

ഇത്ര നാൾ നീ കണ്ടതില്ലെൻ കണ്ണിൽ
ഇനിയും പൊഴിഞ്ഞിടാ ദുഃഖബിന്ദു 
ഇരുളിൽ നീ കാണാൻ മറന്നുപോയോ 
ഇമകളിൽ നിറയുന്നോരശ്രുബിന്ദു

ഒരുവേള നാളെ ഞാൻ മാഞ്ഞുപോകിൽ 
ഒരുമാത്ര പോലും സ്മരിക്കവേണ്ട
ഒന്നായി വീണ്ടും ഒഴുകിടാനായ് 
ഒരുവട്ടം കൂടി പുനർജ്ജനിക്കാം

ആശിക്കയാണു ഞാനാത്മാർത്ഥമായ് 
ആയിരം ജന്മങ്ങൾ കഴിയുവാനായ് 
ആദിമധ്യാന്തങ്ങളെന്നിലൂടെ
ആയിരം വർഷമായ് നീ പതിയ്ക്കാൻ    

3 comments:

  1. പ്രിയനേ കാത്ത് ...നന്നായി എഴുതി മിനി ...

    ReplyDelete
  2. പ്രണയാര്‍ദ്രമായ വരികള്‍
    ആശംസകള്‍

    ReplyDelete