Wednesday, June 15, 2016

നമ്മുടെ കവികള്‍ 12 / എ അയ്യപ്പന്‍

നമ്മുടെ കവികള്‍ 12 / എ അയ്യപ്പന്‍
==============================


കവിതപോലെ തന്നെ ഒരു വൃത്തത്തിലും ഒതുങ്ങി നില്‍ക്കാതെ ജീവിതത്തെ പാതിവഴിയിലുപേക്ഷിച്ചു കാലത്തിന്റെ തിരശ്ശീലയ്ക്ക്കു പിന്നിലേയ്ക്കോടി മറഞ്ഞ മലയാളത്തിന്റെ പ്രിയ കവി - എ അയ്യപ്പന്‍
ആധുനിക കവിതയില്‍ ഇത്രയേറെ വ്യത്യസ്തത പുലര്‍ത്തിയ രചനാസങ്കേതങ്ങളും ബിംബാവിഷ്കാരങ്ങളും വേറെ ഇല്ല തന്നെ .തനിക്കഭയം കവിതയാണെന്നു പറയുമ്പോഴും തന്റെ കവിതകള്‍ക്കു വേണ്ടി ജീവിക്കുന്നൊരു പച്ചമനുഷ്യനായാണു അയ്യപ്പനെ നമുക്കു കാണാനാവുക . 
   തിരുവനന്തപുരത്തുള്ള നേമത്തെ  സമ്പന്നപശ്ചാത്തലമുള്ള ഒരു വിശ്വകര്‍മ്മ കുടുംബത്തില്‍ 1949 ഒക്ടോബര്‍ 27 ന് ശ്രീ അറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും പുത്രനായി ജനിച്ചു. ബാല്യം നഷ്ടത്തിന്റെ കഥകള്‍ മാത്രമേ അയ്യപ്പനു നല്‍കിയുള്ളു . അയ്യപ്പന് ഒരു വയസ്സു തികയും മുന്‍പ് അച്ഛന്‍ മരണപ്പെട്ടു. അതൊരു ആത്മഹത്യയോ കൊലപാതകമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഒരിക്കല്‍ ഒരാളെ ചൂണ്ടിക്കാട്ടി അമ്മ അദ്ദേഹത്തോടു പറഞ്ഞിരുന്നു അയാളാണ് അച്ഛനെ കൊന്നതെന്ന്. പതിഞ്ചാം വയസ്സില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്  അമ്മയും അദ്ദേഹത്തിനു നഷ്ടമായത് . പിന്നീട് സഹോദരി സുബ്ബലക്ഷ്മിയുടേയും അവരുടെ ഭര്‍ത്താവ് വി കൃഷ്ണന്റേയും സംരക്ഷണയില്‍ അയ്യപ്പന്‍ വളര്‍ന്നു. പക്ഷേ മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് അനാഥത്വവും നിരാലംബത്വവും ചേര്‍ന്നു നല്‍കിയ മുറിപ്പാടുകള്‍ നോവു പകര്‍ന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ട്യൂട്ടോറിയൽ കോളജ് അധ്യാപകനായും സി പി ഐ പ്രസിദ്ധീകരണമായ ' നവയുഗ'ത്തിൽ പ്രൂഫ് റീഡറായും ജോലി നോക്കി.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതയെഴുത്തു തുടങ്ങിയിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള സഹവര്‍ത്തിത്വവും ജനയുഗത്തില്‍ ലഭിച്ച ഉദ്യോഗവും അദ്ദേഹത്തിന്റെ എഴുത്തിനു ശക്തി പകര്‍ന്നു. അനാഥമേല്‍പ്പിച്ച കടുത്ത മനോവേദയുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടു മെനെഞ്ഞെടുത്ത മിക്ക കവിതകളും. തികച്ചും അരാജകത്വത്തിന്റെ ഉറക്കെയുള്ള നിലവിളികള്‍ . എഴുതുവാന്‍ തനിക്കൊരു മുറിയില്ലാത്തതുകൊണ്ട് കടത്തിണ്ണകളും പുഴക്കരയും തെരുവോരവും ഒക്കെയാണു ഇരുന്നെഴുതാന്‍ കവി സ്വീകരിച്ചിരുന്ന ഇടങ്ങള്‍ . തന്റെ അനാഥത്വത്തെപ്പോലും ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരാള്‍ ഈ ലോകത്തു തന്നെയുണ്ടാവില്ല .അകവിതകളെന്നോ പ്രതികവിതകളെന്നോ പറയാവുന്ന അയ്യപ്പന്റെ രചനകള്‍ കവിയുടെ ദൗത്യത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളും കുറിക്കുന്നുണ്ട് .

കെ. ബാലകൃഷ്ണന്റെ ‘ കൗമുദി’യിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. സ്ത്രീ നാമങ്ങളിലായിരുന്നു ആദ്യം കവിതകള്‍ പ്രസിദ്ധീകരണത്തിനു അയച്ചു കൊടുത്തിരുന്നത്. സ്വന്തം പേരിലയച്ചാല്‍ അതു ചവറ്റുകുട്ടയില്‍ വീഴുമെന്നുറപ്പ്ണ്ടായിരുന്നു എന്നു പിന്നീടദ്ദേഹം അതിനേക്കുറിച്ചു പറഞ്ഞിട്ടുമുണ്ട്. അതു തിരിച്ചറിഞ്ഞ ചില പത്രാധിപര്‍ അയ്യപ്പനായി തന്നെ വെളിച്ചത്തു വരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
അയ്യപ്പന്റെ പ്രണയചിന്തകള്‍ ഈ വരികളില്‍ വ്യക്തം
"ശുദ്ധമായ പ്രണയത്തിനു ഒരിന്ദ്രജാലവുമില്ല
ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്
ബോധിതണുപ്പില്‍,നീലവെളിച്ചം തളര്‍ന്നുറങ്ങുന്ന
രാവുകളില്‍,ഒരിക്കലും നടന്നുതീര്‍ന്നിട്ടില്ലാത്ത
നാട്ടിടവഴികളില്‍ എല്ലായിടത്തും ഞാന്‍
പ്രണയമനുഭവിച്ചിട്ടുണ്ട്.പ്രണയം നിലനിര്‍ത്താന്‍
ഒറ്റവഴിയെയുള്ളൂ പ്രണയിക്കുക"

പിന്നെ പറഞ്ഞുനിര്‍ത്തുന്നു

"പെണ്ണോരുത്തിക്ക് മിന്നുകെട്ടാത്ത
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"

1999ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം എ അയ്യപ്പനു ലഭിക്കുകയുണ്ടായി-വെയിൽ തിന്നുന്ന പക്ഷി.  2010 ലെ ആശാന്‍ പുരസ്കാരവും അദ്ദേഹത്തിനായിരുന്നു 
കവിയുടെ പ്രണയം കവിതയേക്കാളേറെ മദ്യത്തോടായത് യാദൃശ്ചികം . മലയാള ഭാഷയുടെ ഏറ്റവും വലിയൊരു ദര്‍ഭാഗ്യവും . കവിയെ നമുക്കു നഷ്ടമാക്കിയതും മദ്യം തന്നെ. 2010 ഒടോബര്‍ 21 ന്  മദ്യലഹരിയില്‍ വാഹനാപകടത്തില്‍ പെട്ട് തെരുവില്‍ കിടന്ന അയ്യപ്പന്റെ മൃതദേഹം പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴും ഒരു കവിത ഉടുപ്പിന്റെ കീശയില്‍ ഭദ്രമായുണ്ടായിരുന്നു.രണ്ടു നാള്‍ക്കു ശേഷം  ആശാന്‍ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കാനായി എഴുതിയ കവിത. 


 "അത്താഴമുട്ടുമായ്‌ അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായ്‌ ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസില്ലാത്തവനായി " എന്നു പാടിയ കവിക്ക് പക്ഷേ ജീവിതയാത്രയുടെ അഞ്ചു ദശകങ്ങള്‍ പോലും തികയ്ക്കാനാവാതെ മരണം വന്നു വിളിച്ചപ്പോള്‍ ഒരനുസരണയുള്ള കുട്ടിയെപ്പോലെയാകേണ്ടി വന്നു. 'ഇരുന്നു തിന്നാനും ' ഇരന്നു തിന്നാനും ' വിധി കൊടുത്ത ശിരോരേഖ ഉണ്ടായിരുന്നെങ്കിലും ഇരന്നു തിന്നാനായി ജീവിതത്തെ വിട്ടുകൊടുത്ത ഒരു വിഡ്ഢിയായില്ലേ  കവി എന്ന് നമുക്കു ചിലപ്പോഴെങ്കിലും  തോന്നിപ്പോകുന്ന ജീവിതത്തിനുടമ .
.
അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം,
പ്രാണനും കൊണ്ട് ഓടുകയാണ്,
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും,
എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ,
ഒരു മരവും മറ തന്നില്ല,
ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു,
അവന്റെ വായ്ക്ക് ഞാനിരയായി.
(കവിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത അവസാന കവിതയിലെ വരികള്‍.)
.
എ അയ്യപ്പന്റെ ഏതാനും കവിതകളിലൂടെ..
ആലില: എ അയ്യപ്പൻ
*******************
നീ തന്ന സസ്യ ശാസ്ത്രത്തിന്റെ പുസ്തകം
എനിക്ക് പ്രേമകാവൃമായിരുന്നു
പുസ്തകത്തിൽ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയിൽ
ഇന്നു നിന്റെ മുഖം കാണാം.
സത്ത മുഴുവൻ ചോർന്ന്പോയ
പച്ചിലയുടെ ഓർമയ്ക്ക്
ഓരോ താളിലും ഓരോ ഇല സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്റെ ജoരാഗ്നിക്ക് ഞാനിന്ന് ദാനം കൊടുത്തു
ഇലകളായ് ഇനി നമ്മൾ പുനർജനിക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിക്കൊരു കാമിനിയല്ല
ആനന്ദത്താലും ദുഃഖത്താലും കണ്ണു നിറഞ്ഞ
ഒരു പെങ്ങളില വേണം.
എല്ലാ ഋതുക്കളേയും അതിജീവിക്കുവാനുള്ള ശക്തിക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം.
ഉള്ളിലെച്ചിരിയിൽ
ഇലകൊഴിയും കാലത്തിന്റെ
ഒരു കാറ്റ് വീശുന്നു.
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ച് വീഴ്ത്തിയതാരാണ്?
നീ തന്ന വിഷം
എനിക്കൗഷധമായിത്തീർന്നുവെന്ന്
പാടിയതാരാണ്?
( മലയാളത്തിലെ പ്രണയ കവിതകൾ - മൾബറി പേജ് 125 )
.
പുഴയുടെ കാലം- എ അയ്യപ്പന്‍
------------
സ്നേഹിക്കുന്നതിനുമുമ്പ്
നി കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കുകരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു.
എന്റെ മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.
------------------------------------------------
എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!
(എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് )
----------------------------------------------------------------
പുലയാടി മക്കള്ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ
പുതിയ സാമ്രാജ്യം , പുതിയ സൌധങ്ങള്
പുതിയ മന്നില്തീര്ത്ത പുതിയ കൊട്ടാരം
പുതിയ നിയമങ്ങള് പുതിയ സുരതങ്ങള്
പുതുമയെ പുല്കി തലോടുന്ന വാനം
പുലരിയാവോളം പുളകങ്ങള് തീര്ക്കുന്ന
പുലയ കിടാതിതന് അരയിലെ ദുഃഖം
പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്ക്ക് പുലയാണ് പോലും
പതി ഉറങ്ങുമ്പോള് പറയനെ തേടും
പതിവായി വന്നാല് പിണമായി മാറും
പറയന്റെ മാറില് പിണയുന്ന നേരം
പറ കൊട്ടിയല്ലേ കാമം തുടിപ്പു
പുലയാണ് പോലും പുലയാണ് പോലും
പറയാനെ കണ്ടാല് പുലയാണ് പോലും
പുതിയ കുപ്പിക്കുള്ളില ് പഴയ വീഞ്ഞെന്നോ
പഴയിനെന്നും പഴയതല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച വീഞ്ഞ്
പുഴുവരിക്കുന്നോ രാ പഴനീര് തന്നെ
കഴുവേറി മക്കള്ക്കും മിഴിനീര് വേണം
കഴുവേരുമെന് ചോര വീഞ്ഞായ് വരേണം
കഴിവില്ലവര്ക്കിന്നു കദനങ്ങള് മാറ്റാന്
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്
കഴുവേറി മക്കളെ വരികിന്നു നിങ്ങള്
കഴുകനിവിടുണ്ടാന ്നരിഞ്ഞില്ല നിങ്ങള്
കടമിഴി കൊത്തി പറിക്കുന്ന കൊമ്പന്
കഴുകനിവിടുണ്ടാന ്നരിഞ്ഞില്ല നിങ്ങള്
പുലയാടി മക്കള്ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ..
(പുലയാടി മക്കള് )

1 comment:

  1. പച്ചമനുഷ്യന്‍റെ പച്ചയായ കവിതകള്‍
    പരിചയപ്പെടുത്തല്‍ നന്നായി.
    ആശംസകള്‍

    ReplyDelete