Friday, June 3, 2016

നമ്മുടെ കവികള്‍ 6 - എം എന്‍ പാലൂര്‍

 നമ്മുടെ കവികള്‍ 6- എം എന്‍ പാലൂര്‍
================================

ആകര്‍ഷകമായനര്‍മബോധത്തിന്റെ 'മിന്നല്‍ച്ചിരി'
പ്രശസ്ത നിരൂപക ഡോ. എം ലീലാവതി പാലൂര്‍ക്കവിതകള്‍ക്കു നല്‍കിയ വിശേഷണമാണിത് .
ഗര്‍ജ്ജിക്കുന്നവരുടെ ലോകത്ത് സൗമ്യശീലം ചിന്തയിലും വാക്കുകളിലും ആവാഹിക്കുന്ന വേറിട്ടൊരു കാവ്യരീതിയുടെ വക്താവാണ് ശ്രീ എം എന്‍ പാലൂര്‍ . വന്നുപിറന്നതബദ്ധം, ജീവി-
ക്കുന്നതു മറ്റൊരബദ്ധം, കണ്ടി-
ല്ലെന്നു നടിച്ചു നിവർന്നു നടന്നീടുന്ന-
തബദ്ധം, സർവാബദ്ധം (പാലൂരിന്റെ പാട്ട്)
എന്നെഴുതിയ കവി.
ആധുനികകവികളില്‍ സ്വന്തമായൊരിടം കണ്ടെത്താനായ ശ്രീ പാലൂരിന്റെ യഥാര്‍ത്ഥ നാമം മാധവന്‍ നമ്പൂതിരി എന്നാണ്. എറണാകുളം ജില്ലയില്‍ പാറക്കടവ് എന്ന സ്ഥലത്ത് ഒരു യാഥാസ്ഥിതിക നമ്പൂതിരിക്കുടുംബത്തില്‍ 1932 ജൂണ്‍ 22 നാണു ജനനം . അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. നന്നേ ചെറുപ്പത്തില്‍ തന്നെ വേദങ്ങള്‍ ഹൃദിസ്ഥമാക്കി . സംസ്കൃത പഠനകാഠിന്യം മനസ്സിനു അസ്വസ്ഥതകള്‍ സമ്മാനിച്ചിരുന്നു എങ്കിലും അതായിരുന്നു അദ്ദേഹത്തിന്റെ കവിതയുടെ അടിസ്ഥാനം . പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി.

 സാമൂഹ്യ രാഷ്ട്രീയ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍, ജാതി അതിഷ്ഠിതമായ ജന്മി നാടുവാഴി സമ്പ്രദായം തകരാന്‍ തുടങ്ങിയ കാലത്താണ് പാലൂര് ജനിക്കുന്നത്. അതുകൊണ്ടു തന്നെ സൗഭാഗ്യങ്ങള്‍ക്കു പകരം ദുരിതപൂര്‍ണ്ണമായൊരു ദരിദ്രബാല്യമായിരുന്നു അദ്ദേഹത്തിന്റേത് .സംസ്കൃതവും വേദങ്ങളും കഥകളിയും  ഒക്കെ സ്വായത്തമാക്കിയെങ്കിലും ഒരു ഡ്രൈവറായി മുംബൈയിലേയ്ക്കു വണ്ടികയറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും തന്നെ നോക്കി കൊഞ്ഞനം കുത്തിയിരുന്ന ദാരിദ്ര്യം തന്നെ. ആരെയും എപ്പോഴും ഇരുകൈ നീട്ടി സ്വീകരിക്കുന്ന മുംബൈ നഗരം കവിയേയും കൈവിട്ടില്ല. 1959-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജീവനക്കാരനായി. ആ ഔദ്യോഗിക ജീവിതം സമ്മാനിച്ച അനന്തമായ കാഴ്ചകള്‍ ജീവിതത്തെ കൂടുതല്‍ ദൃഢതരമായിക്കാണാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. പ്രതിസന്ധികളേയും പ്രശ്നഘട്ടങ്ങളേയും ഒരു ചെറുപുഞ്ചിരിയോടെ നേരിടാനും അദ്ദേഹത്തിനു കഴിഞ്ഞു.  1990-ല്‍ വിരമിച്ചു. സാത്വീകവിശുദ്ധിയോടെ നമ്പൂതിരിയായി ജനിച്ചിട്ടുംഅതിന്‍റെ ആഢ്യത്വമോ ബ്രാഹ്മണ്ണൃത്തിന്‍റെ മേദസ്സോ ഇല്ലാതെയാണ് അദ്ദേഹം ജീവിച്ചത്.ഒരു ദുരഭിമാനബോധവും അലട്ടാത്ത നിര്‍മലനായ ഒരു മനുഷ്യനായി.  ഇപ്പോള്‍ കോഴിക്കോട്ടെ ചേവായൂരില്‍ സ്ഥിരതാമസം. ഒപ്പം  ഭാര്യ ശാന്തകുമാരിയും  മകള്‍  സാവിത്രിയും പേരക്കുട്ടികളായ നാരായണനും ശ്രീഹരിയും  .

പ്രധാന പുസ്തകങ്ങൾ പേടിത്തൊണ്ടൻ, കലികാലം, തീർഥയാത്ര,അര്‍ദ്ധനാരീശ്വരന്‍ ,  സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, പേരില്ലാപ്പൂവ്  എന്നീ കവിതാസമാഹാരങ്ങളും  കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയും ആണ്  .
ഒട്ടനവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി .
1983-ൽ കലികാലം എന്ന കവിതാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
2009-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരം , 2004-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം , 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും  ലഭിച്ചു  .
 എങ്ങോനിന്നെത്തി,യിമ്മട്ടിവിടെയൊരുവിധം
ചൊല്ലിയാടിക്കഴിഞ്ഞാ-
ലെങ്ങോ പോകേണ്ട
ജീവന്നരനിമിഷമനങ്ങാതിരിക്കാവതല്ല.
ഒന്നും വേണ്ടെന്നു വെയ്ക്കുന്നവനൊരു
മഠയന്‍, വിശ്രമം ഭോഷ്ക്കുമാത്രം
വന്നും പോയും നടക്കും വികൃതികളവസാനിച്ചിടും
നാള്‍ വരേയ്ക്കും!
( കല്യാണക്കാഴ്ച - പാലൂര്‍ )

1 comment:

  1. ഗര്‍ജ്ജിക്കുന്നവരുടെ ലോകത്ത് സൗമ്യശീലം ചിന്തയിലും വാക്കുകളിലും ആവാഹിക്കുന്ന വേറിട്ടൊരു കാവ്യരീതിയുടെ വക്താവാണ് ശ്രീ എം എന്‍ പാലൂര്‍ .
    നല്ല പരിചയപ്പെടുത്തലായി...
    ആശംസകള്‍

    ReplyDelete