Sunday, June 19, 2016

നമ്മുടെ കവികള്‍ 13 /എം. ഗോവിന്ദന്‍

നമ്മുടെ കവികള്‍ 13 /എം. ഗോവിന്ദന്‍
================================
പ്രത്യയശാസ്ത്രങ്ങളെയും ആര്‍ജവത്തോടെ നിരീക്ഷിക്കുകയും ധിഷണാപരമായി  ആധുനികസാഹിത്യത്തെ അതിനോടു കൂട്ടിയിണക്കി പ്രതികരിക്കുകയും ചെയ്ത
കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു എം. ഗോവിന്ദന്‍. 1919 സെപ്റ്റംബര്‍ 18ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനിച്ചു. കോയത്തുമനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിയും മാഞ്ചേരത്ത് താഴത്തേതില്‍ ദേവകിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ.  1945 വരെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലു ചെന്നൈയിലും ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിചെയ്തു.മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

ആനന്ദ് ഉൾപ്പെടെ പല മുൻനിര സാഹിത്യകാരന്മാരും എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരാണ്. ഗോവിന്ദന്റെ പവിത്രസംഘം എന്ന് ആരാധകരെക്കൊണ്ടും ‘ഗോവിന്ദന്റെ പ്രതിലോമപാഠശാല’  എന്ന് ‘വിപ്ലവപക്ഷ’ ബദ്ധരായ ബുദ്ധിജീവികളെക്കൊണ്ടും പറയിപ്പിച്ച എഴുത്തുകാരും കലാകാരന്‍മാരും അടങ്ങിയ കൂട്ടം ‌ഗോവിന്ദനു ചുറ്റുമു്ണ്ടായിരുന്നു.ആധുനിക കവികളില്‍ ശ്രദ്ധേയരായ പലരും പവിത്രസംഘത്തിലൂടെ പിച്ചവച്ചു വളര്‍ന്നവരായിരുന്നു. തന്റെ കലയെ മണ്ണുമായും മനുഷ്യനുമായും ബന്ധിപ്പിച്ച കലാകാരന്‍കൂടിയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം ഗോവിന്ദന്റെ മൗലികചിന്തകളെ ക്രോഡീകരിച്ച് ‘പുതിയമനുഷ്യന്‍ പുതിയലോകം’ എന്ന ഉപന്യാസസമാഹാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഊര്‍ജസ്വലമായ മാനവികശാഠ്യം ഈ രചനകളിലെല്ലാം തെളിയുന്നുണ്ട്. മലയാളസാഹിത്യമണ്ഡലത്തിനു മുതല്‍ക്കൂട്ടായ ഈ പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത് സി.എല്‍ ജോര്‍ജാണ്. ‘കലാകാരന്മാരെ ബഹുജനങ്ങളിൽ നിന്ന്‌ ഒറ്റപ്പെടുത്താനുള്ള കുതന്ത്രം ഏതു ഭാഗത്തുനിന്നും വന്നാലും അതിനെ ചെറുക്കണം’ എന്ന്‌ ധിക്കാരത്തിന്റെകാതലിൽ സ്പർശിച്ചുകൊണ്ട്‌ കവി  പറയുന്നു. പൂജാവിഗ്രഹങ്ങളും പൂജാരിമാരും ഭക്തന്‍മാരും ചേര്‍ന്ന ലോകം സ്വര്‍ഗത്തിലേക്കുള്ള പാതയൊരുക്കുമെന്ന്് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളെ ഗോവിന്ദന്‍ സംശയിക്കുകയും മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍കൊണ്ട് നേരിടുകയും ചെയ്തു. ‘ആരുടെ ചേരിയില്‍’ എന്ന് ചോദിച്ചു വിരട്ടുന്നവരോട അദ്ദേഹം മനുഷ്യന്റെ ചേരിയില്‍ എന്ന് പ്രതിവദിച്ചു.

'ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം', 'നാട്ടുവെളിച്ചം', 'അരങ്ങേറ്റം', 'കവിത', 'മേനക','എം.ഗോവിന്ദന്റെ കവിതകള്‍','നോക്കുകുത്തി', 'മാമാങ്കം', 'ജ്ഞാനസ്‌നാനം', 'ഒരു കൂടിയാട്ടത്തിന്റെ കവിത', 'തുടര്‍ക്കണി','നീ മനുഷ്യനെ കൊല്ലരുത്', 'ചെകുത്താനും മനുഷ്യരും', 'ഒസ്യത്ത്', 'മണിയോര്‍ഡറും മറ്റു കഥകളും', 'സര്‍പ്പം', 'റാണിയുടെ പെട്ടി', 'ബഷീറിന്റെ പുന്നാര മൂഷികന്‍' തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1989 ജനുവരി 23ന് ഗുരുവായൂരില്‍ വച്ച് എം. ഗോവിന്ദന്‍ മരണമടഞ്ഞു.വാക്കേ ,വാക്കേ ,കൂടെവിടെ ?
ആരാരുടെയോ തന്ത

മരണപ്പെട്ടാല്‍ , അതു കേട്ടാല്‍,

നിരണത്തിലും നതോന്നതയിലും

നിറഞ്ഞു 'കവിഞ്ഞു' കരയും

കരുവല്ല,കണ്ണീരല്ല

എല്ലും പല്ലുമ്മുള്ള മലയാളവാക്ക്.


ഇടവപ്പാതിമാഴയില്‍

ഇടനാഴിനടയില്‍

ഇറുകിച്ചടഞ്ഞു  വാഴും

ഇട്ടിവേശി നേതാര്യമ്മക്ക്

രണ്ടുമൂന്നാക്കി മുറുക്കാന്‍

വിണ്ട ചുണ്ട് ചുവപ്പിക്കാന്‍

തമ്പുരാനും നമ്പൂതിരിയും

തന്തപ്പട്ടരുമൊരുമിച്ചു

ഇടിച്ചു വച്ച പാക്കല്ല

ഇടിത്തീ വെടിക്കും വാക്ക്


ചുടുക്കാപ്പിക്കടയില്‍

ചുമ്മാതിരിക്കും ചുപ്പാമണിയന്

തുടരെഴുതിത്താളില്‍ വിളമ്പാന്‍

മെദുവടയല്ലെടോ  മലയാളവാക്ക്

വാനൊലിയാലയത്തില്‍

വഷളന്‍വെടികള്‍  വെളിയില്‍വിട്ട്

അകലെയിരിക്കും മാളോരുടെ

ചെറുചെവിയില്‍ച്ചൊറി  വിതറാന്‍

തരപ്പെടുത്തിയ താപ്പല്ല

തപ്പിലും മപ്പിലും വീര്‍പ്പായ്

വിടര്‍ന്നു തുടംവായ്ച്ച മലയാളവാണീ.


മുഖമില്ലാത്ത നടികള്‍ക്ക്

മുലയും മൂടും കുലുക്കാന്‍

ഇളിച്ചിവായന്മാരീണം  കൂട്ടി

ത്തുളിക്കും മെഴുക്കല്ല

പാണന്റെ ഉടുക്കിലും

പാടത്തിന്‍ മുടുക്കിലും

പാടിയാടിയ പുന്നാരവാക്ക്.


മനസ്സിലെ യതിസാരത്താല്‍

മന്ത്രിമാരുരതൂറ്റുമ്പോള്‍

അതും പെറുക്കി,യധിപന്റെ

'മുഞ്ഞിമൊഴിയും' പിഴിഞ്ഞൊഴിച്ച്

പത്രത്തിലുടച്ചു ചേര്‍ക്കാന്‍

പറ്റും പയറ്റുമണിയല്ല

പറയന്റെ ചെണ്ടയിലും

ഉറയുന്ന തൊണ്ടയിലും

ഉരംകൊണ്ടുയിര്‍ പെറ്റു

ഊറ്റ മൂട്ടിയ നമ്മുടെ വാക്ക്.

വാക്കേ ,വാക്കേ ,കൂടെവിടെ ?

വളരുന്ന  നാവിന്റെ കൊമ്പത്ത്

വാക്കേ ,വാക്കേ ,കൂടെവിടെ ?

ഒളിതിങ്ങും തൂവലിന്‍ തുഞ്ചത്ത്.
==============================http://www.chintha.com/node/333
http://malayalamclass10.blogspot.in/p/aa_830.html


No comments:

Post a Comment