Monday, June 27, 2016

നമ്മുടെ കവികള്‍ 16 / ഡോ.ചേരാവള്ളി ശശി

നമ്മുടെ കവികള്‍ 16 / ഡോ.ചേരാവള്ളി ശശി
=====================================

കായംകുളം ചേരാവള്ളി കൊച്ചുപുരക്കൾ എൻ മാധവൻപിള്ള -ജി സരസ്വതിയമ്മ ദമ്പതികളുടെ 7 ആണ്മക്കളിൽ മൂന്നാമൻ ആയാണ്  ഡോ.ചേരാവള്ളി ശശിയുടെ ജനനം  കവി,ഗ്രന്ഥകാരൻ,ഗാനരചയിതാവ്,അധ്യാപകൻ,ഏഴുത്ത്കാരൻ,വാഗ്മി എന്നീ നിലകളിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് .
കായംകുളം ബോയ്സ് ഹൈസ്കൂൾ,
മാവേലിക്കര ബിഷപ്‌മൂർ കോളേജ്, യുനിവേഴ്സിറ്റി  കോളേജ്, തിരു. ട്രെയിനിംഗ് കോളേജ്, കാര്യവട്ടം യുണി.കാമ്പസ് എന്നിവിടങ്ങളിൽ ആയിരുന്നു  വിദ്യാഭ്യാസം . "വള്ളത്തോളിന്റെ കഥാകാവ്യങ്ങളുടെ
ഒരു വിമര്‍ശന  പഠനത്തിനു " കേരള യുണി.നിന്നും ഡോക്ടറേറ്റ് നേടി. പ്രശസ്ത നാടകകൃത്തും അധ്യാപകനുമായ പ്രൊ.എൻ.കൃഷ്ണപിള്ളയായിരുന്നു  ഗൈഡ്. ഇന്ത്യയിലെ പ്രഥമ കലാലയമായ കോട്ടയം സിഎംഎസ്സ് കോളേജിൽ മൂന്നു പതിറ്റാണ്ട് കാലം മലയാള ഭാഷാധ്യാപകനും റീഡറും വകുപ്പ് മേധാവിയും റിസർച്ച് ഗൈഡുമായിരുന്നു. 

കവിത രൂപപ്പെടുന്നത്     അനുഭൂതികളുടെ സുന്ദരപദാവിഷ്കാരങ്ങളിലൂടെയാണ്. അനായാസേന ഒഴുകിവീഴുന്നവാക്കുകളില്‍ കവിത രൂപപ്പെടണമെങ്കില്‍ അതിനു കവിയുടെ തപസ്സ് കൂടിയേ തീരൂ. അതില്‍ വായനയ്ക്ക് വലിയൊരു പങ്കുണ്ടെന്നത് വാസ്തവം  ആ തപസ്സിലൂടെ കവി നേടിയെടുക്കുന്നത് അനുവാചകഹൃദയത്തിലേയ്ക്കു കടന്നു ചെല്ലാനുള്ല നേര്‍വഴിയുമാണ്. അങ്ങനെ വഴി തെളിച്ച കവിയാണ് ഡോ: ചേരാവള്ളി ശശി. ബാല്യത്തില്‍ തന്നെ കവിതയെഴുത്തിലേയ്ക്കു കടന്ന അദ്ദേഹം , കഥ,നോവല്‍, ജീവചരിത്രം, ബാലസാഹിത്യം,പഠന ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ,പ്രാദേശിക ചരിത്രം എന്നിങ്ങനെ എല്ലാ സാഹിത്യ മേഖലകളിലും തന്റേതായ കയ്യൊപ്പു പതിച്ചയാളാണ്.  കേരള സാഹിത്യഅക്കദമി തുഞ്ചൻ അവാർഡ്‌,കേരള സംഗീതനാടക അക്കദമി പുരസ്ക്കാരം (നല്ല ഗാനരചയിതാവിനുള്ള) കേരള സര്ക്കാരിന്റെ ബാലസാഹിത്യ പുരസ്ക്കാരം. ഭീമ ബാലസാഹിത്യ പുരസ്കാരം, എസ്പി സി എസ്സ് അവാർഡ്‌, മഹാകവി ഉള്ളൂർ സ്മാരക അവാർഡ്‌, സദസ്യതിലകൻ കാവ്യപുരസ്കാരം, കൈതക്കൽ മഹാമുനി പുരസ്ക്കാരം,
മുതുകുളം രാഘവൻ പിള്ള അവാർഡ്‌ എന്നിങ്ങനെ പുരസ്കാരങ്ങള്‍ ഒട്ടനവധി അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ പി. ഭാസ്‌കരനെക്കുറിച്ചുള്ള ജീവചരിത്രകൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡിനും ഈ വര്‍ഷം അര്‍ഹനായി. കൈതയ്ക്കല്‍ സേമക്കുറുപ്പ് കാഞ്ഞിക്കല്‍ ദേവീക്ഷേത്ര സേവാസമിതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൈതയ്ക്കല്‍ മഹാമുനി പുരസ്‌കാരത്തിന് 2015 ല്‍ ഡോ. ചേരാവള്ളി ശശിയുടെ 'നേരിന്റെ മുള്‍മുനകള്‍' എന്ന കവിതാസമാഹാരം അര്‍ഹമായി. ചട്ടമ്പിസ്വാമികളുടെ ജീവിതദര്‍ശനത്തെ ആസ്​പദമാക്കിയുള്ള മഹാമുനി എന്ന ഗ്രന്ഥത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

ഇത്തിരിതേൻ,കുഞ്ഞിക്കാലടികൾ,കാന്തിതുടിപ്പുകൾ,മഴമായുംനേരം. ഓണപ്പൂമഴ,പൂവാടി,ചതിക്ക് ചതി,ഓമനക്കുട്ടന്റെ ഊഞ്ഞാൽ,വടക്കൻ വീരകഥകൾ, മൂന്ന് ദേശത്തെ ചീട്ടുകഥകൾ ,പുണ്യപുരണകഥകൾ, നക്ഷ്യത്ര കുട്ടൻ,കാലത്തിന്റെ ഇടനാഴിയിൽ,അന്വേഷണമേഖല ,
ശ്യാമ മുഹൂര്ത്തം,ചരമ സന്ധ്യകൾ,കാലതാണ്ഡവം, സഹനം, നേരിന്റെ മുൾമുനകൾ,ചരമ സന്ധ്യകൾ, പഥികർ പാഥകർ എന്നിവയാണ് കൃതികൾ. സ്വന്തം നാടിന്റെ ഹൃദയത്തുടിപ്പുകളെ ഉള്ളിലാവാഹിച്ച് അതിന്റെ ഈണവും താളവും ഇഴചേര്‍ത്ത് അദ്ദേഹം  ചേരാവള്ളി" ഏന്ന ഒരു കവിതയും രചിച്ചിട്ടുണ്ട്.

കായംകുളം ചേരാവള്ളി പാര്‍വ്വണേന്ദുവിലാണ് താമസം, ഭാര്യ അനിതയും അദ്ധ്യാപികയാണ്. ശശികാന്തും ശശികിരണും മക്കള്‍.കണ്ണാടിച്ചില്ലുകൾ
 കവിത
ഡോ.ചേരാവള്ളി ശശി

ഒന്ന്: മതേതരം

കല്ലിൽ പണിതീർത്തോരുണ്ണിഗണപതി
പൊയ്യല്ല-പാല്‌ കുടിക്കുന്നു.
ചില്ലിട്ട കൂട്ടിലെ കന്യാമറിയമോ
കണ്ണീരിതെന്നും ഒഴുക്കുന്നു.
പള്ളിപ്പറമ്പിലെ മൈതീന്റെ കല്ലറ
മുല്ലപ്പൂ പോലെ മണക്കുന്നു.
എല്ലാ മതങ്ങളും ഒന്നെന്ന തത്വം ഞാൻ
ഇങ്ങനെ നന്നായ്‌ ഗ്രഹിക്കുന്നു.

രണ്ട്‌ : സർക്കാർ ജോലി

വീണ്ടും പരീക്ഷകൾ നൂറല്ലെഴുതി ഞാൻ
വീണ്ടും നിരാശതൻ പാതാളം.
ആണ്ടവനേനൽകൂ, സർക്കാരിലിന്നിനീ-
യാണ്ടിൽ മികവുറ്റൊരുദ്യോഗം !
ആഹാ ! കിടച്ചൂ എനിയ്ക്കധികാരങ്ങൾ
സ്ഥാനം പെരുത്തുള്ളൊരുദ്യോഗം.
"ആരാച്ചാർ"- എങ്കിലും സർക്കാരിലാണല്ലോ
ജോലി- എനിയ്ക്കെന്തഭിമാനം !

മൂന്ന് : കവിപ്പട്ടം

വ്രതശുദ്ധരചന ഞാൻ നടത്തുംകാലം
കവിയല്ലയിവനെന്നു പഴിച്ചൂ ലോകം.
കുളിയ്ക്കാതെ,മുടി,താടി വളർത്തി നീളൻ
ഉടുപ്പിട്ടു കവിപ്പട്ടമണിഞ്ഞെൻ കോലം.
തറവാട്‌ തുലച്ചേറെ ലഹരിമൂത്തു-
രചിച്ചോരു വരികളാൽ പ്രശസ്തനായ്‌ ഞാൻ..
അനാഥനായ്‌ തെരുവിൽ വീണടിഞ്ഞിടുമ്പോൾ
അവാർഡിന്റെ രഥമേറ്റാൻ വരുന്നു നിങ്ങൾ..!!

നാല്‌: പാതിയോളം

പാതിവഴി നടന്നപ്പോൾ വഴി തെറ്റുന്നു
പാതിയന്വേഷണം പോലും ഭ്രാന്തനാക്കുന്നു.
പാതിപാടിത്തുടരുമ്പോൾ കുരൽ പൊട്ടുന്നു.
പാതിചിത്രം വരച്ചതും ഇരുൾ മായ്ക്കുന്നു.
പാതിജലം കുടിച്ചതിൽ തീ പടരുന്നു.
പാതി സ്വപ്നം കണ്ടു പ്രേതഭൂവിൽ വീഴുന്നു.
പാതിനൊന്തുപഠിച്ചതും പാഴിലാകുന്നു.
പാതിയോളം കിടച്ചല്ലോ!-സ്തുതി പാടുന്നു !!

1 comment:

 1. പ്രിയപ്പെട്ട ചേരാവള്ളി സർ,
  ഞാൻ ഹരിഹരൻ വെള്ളത്തൂവൽ; മിനിമോഹൻ പോസ്റ്റ്ചെയ്ത
  സാറിന്റെ കവിതകൾ വായിച്ചിരുന്നു.
  ഫെയ്സ്ബുക്കിൽ ഞാൻ കവിതകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.
  വായിക്കുമെങ്കിൽ സന്തോഷം.
  സ്നേഹത്തോടെ.

  ReplyDelete