Wednesday, June 22, 2016

നമ്മുടെ കവികള്‍ 14 / കെ.സച്ചിദാനന്ദന്‍

നമ്മുടെ കവികള്‍ 14 /    കെ.സച്ചിദാനന്ദന്‍
............................................................................

ഭാരതത്തില്‍ നിന്നു രണ്ടാമതായി സാഹിത്യത്തിനുള്ള  നോബല്‍ സമ്മാനത്തിനായി പേരു നിര്‍ദ്ദേശിക്കപ്പെട്ട കവിയാണ് ഡോ: കെ സച്ചിദാനന്ദന്‍ . ആധുനിക കവികളില്‍ പ്രമുഖനായ ഇദ്ദേഹം
അസഹിഷ്ണുതയ്ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ കവിതകളിലൂടെ അതിനിശിതമായ ഭാഷയില്‍ ശബ്ദമുയര്‍ത്തുന്ന. സ്വന്ത രചനകളിലൂടെ അസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയെങ്കിലും  വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്തു ഇദ്ദേഹം.
ഡോ: കെ . സച്ചിദാനന്ദൻ 1946 മെയ്‌ 28 നു ത്രിശ്ശൂർ ജില്ലയിലെ പുല്ലൂറ്റിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളെജിൽ നിന്നും ഇംഗ്ളീഷ്‌ എം എ ബിരുദം .ഘടനാവാദാനന്തര സൗന്ദര്യ മീമാംസയിൽ ഡോക്ടർ ബിരുദം. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ. ഇരുപത്തഞ്ചു വർഷത്തെ കോളേജ്‌ അദ്ധ്യാപനത്തിനു ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയുടേ `ഇന്ത്യൻ ലിറ്ററേച്ചർ` ദ്വൈമാസികയുടെ ഗസ്റ്റ്‌ എഡിറ്ററായി(2008-). പിന്നീട്‌ അക്കാദമി സെക്രട്ടറി.1989,1998,2000,2009,2012 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായ അദ്ദേഹത്തെ 2010ല്‍ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു .2010-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്രസാഹിത്യ അക്കാദെമി അവാർഡ് "മറന്നു വച്ച വസ്തുക്കൾ" എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു ഡോ: കെ . സച്ചിദാനന്ദൻ.

അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മഴ, ഇവനെക്കൂടി, വീടുമാറ്റം, മലയാളം, അപൂര്‍ണം, സംഭാഷണത്തിനൊരു ശ്രമം, വിക്ക്, സാക്ഷ്യങ്ങള്‍ തുടങ്ങി ഇരുപത്തിയെട്ട് കവിതാസമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങള്‍, മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി ഇരുപതിലധികം ലേഖന സമാഹാരങ്ങള്‍. ശക്തന്‍ തമ്പുരാന്‍, ഗാന്ധി എന്നീ നാടകങ്ങള്‍. പലലോകം പലകാലം, മൂന്നു യാത്ര എന്നീ യാത്രാവിവരണങ്ങള്‍, ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തനസമാഹാരങ്ങള്‍. ഇംഗ്ളീഷില്‍ Indian Literature: Positions and Propositions, Authors Texts Issues, Indian literature paradigms and perspectives, Reading Indian literature and Beyond എന്നിങ്ങനെ നാലു ലേഖന സമാഹാരങ്ങള്‍. ഇംഗ്ളീഷിലും മലയാളത്തിലുമായി എഡിറ്റു ചെയ്ത പന്ത്രണ്ട് പുസ്തകങ്ങള്‍.

സ്വന്തം കവിതകളുടെ പരിഭാഷാ സമാഹാരങ്ങള്‍ ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, ബംഗാളി, ആസാമീസ്, ഒറിയ, ഉര്‍ദു, പഞ്ചാബി, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുണ്ട്. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഒമാന്‍ കേരള സെന്റര്‍ അവാര്‍ഡ്, ബഹ്റൈന്‍ കേരള സമാജം അവാര്‍ഡ്, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ പുരസ്കാരം, ഉള്ളൂര്‍ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത് ദില്‍വാരാ അവാര്‍ഡ്, ഗംഗാധര്‍ മെഹെര്‍ ദേശീയ കവിതാപുരസ്കാരം, മണിപ്പൂര്‍ നഹ്റോള്‍ പ്രേമീസമിതി 'റൈറ്റര്‍ ഓഫ് ദി ഇയര്‍', വയലാര്‍ അവാര്‍ഡ്, കെ. കുട്ടികൃഷ്ണന്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍.
 ഇന്ദിരാഗാന്ധി ഓപൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും ആണ് .


അദ്ദേഹത്തിന്റെ ഏതാനും കവിതകളിലൂടെ ..
.
അവസാനത്തെ നദി -കെ.സച്ചിദാനന്ദന്‍
=================================.
അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില്‍ നീര്‍ കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്‍കുട്ടികള്‍
ഒന്നു നിലവിളിക്കുംമുമ്പേ മൂര്‍ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകള്‍
പിടഞ്ഞുപിടഞ്ഞ് അതില്‍ വീണു മറഞ്ഞു
തലയോടുകളില്‍ നിന്ന് കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‍നിന്ന് നിലച്ച ഘടികാരങ്ങള്‍
താഴെ വീണുകൊണ്ടിരുന്നു.

അവസാനത്തെ നദിയില്‍
ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടന്നു.
അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന
ഒരു കുട്ടിയുണ്ടായിരുന്നു.
അവന്‍റെ കൈകളില്‍ അമ്മ മരിക്കുംമുമ്പു നല്‍കിയ
ഒരു മാന്ത്രികമണിയുണ്ടായിരുന്നു
അവന്‍റെ ഓര്‍മ്മയില്‍ ചിരികള്‍
മുഴങ്ങുന്ന ഒരു വീടും .
ആ മണിയുടെയും ഓര്‍മ്മയിലെ വീടിന്‍റെയും
നിഴല്‍, വറ്റിപ്പോയ നദികളുടെ
ശവങ്ങല്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു.

‘നിനക്കെന്നെ ഭയമില്ലേ?’
അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു.
‘ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്‍റെകൂടെയുണ്ട്
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും .
ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട് .
പോയ ജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്’ , കുട്ടി പറഞ്ഞു.

‘നിന്‍റെ അച്ഛനാണ് അവയെക്കൊന്നത് .
അവരുടെ ചോരയാണ് എന്നിലൊഴുകുന്നത്
അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്‌.’
കുട്ടി മറുപടിയായി മണി മുഴക്കി;മഴ പെയ്തു,
നദി സ്നേഹം കൊണ്ടു തണുത്തു.
രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു , ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി.

അങ്ങിനെയാണ് മനുഷ്യചരിത്രം
ആരംഭിച്ചത്.
ആ മണി പിന്നെ നിലച്ചിട്ടില്ല.

(1988 )
.
അവിടെ - കെ.സച്ചിദാനന്ദന്‍
========================
എഴുപതുകളുടെ ചോരയുണങ്ങിപ്പിടിച്ച ഒരോർമ്മ
ഗൃഹാതുരനായ ഒരു നിദ്രാടനക്കാരനെപ്പോലെ
തോൾസഞ്ചിയും തലയിൽക്കെട്ടുമായി
ബസ്തറിലെ കാടുകളിലൂടെ നടക്കുന്നു:
കനുസംന്യാലിന്റെ ആത്മഹത്യയുടെ വാർത്ത
തുലാവർഷത്തിനു മുമ്പുള്ള ഇടിമിന്നൽ പോലെ
അനാഥരുടെ ആകാശത്തിലൂടെ കടന്നുപോയ
അതേ ദണ്ഡകാരണ്യത്തിലൂടെ:
ഗോണ്ടുകളോട് മുറിഹിന്ദിയിലും
തത്തകളോട് ഇലകളുടെ ഭാഷയിലും
കുശലം പറഞ്ഞുകൊണ്ട്.
ഹിംസാഹിംസകൾ തമ്മിലുള്ള
അനന്തമായ തർക്കത്തിന് കാറ്റിന്നൊപ്പം
മലമുകളിൽ അവധിനൽകിക്കൊണ്ട്.
മന്ത്രങ്ങളാൽ ഗുഹാകവാടങ്ങൾ തുറന്ന്
രഹസ്യങ്ങളുടെ ഈറൻപച്ചയിലേക്കു നടക്കുന്ന
അവന്റെ സഞ്ചി നിറച്ചും
തോറ്റ യുദ്ധങ്ങളുടെ പാട്ടുകളാണ്.
വഴിവായനയ്ക്ക് അവനെടുത്തത്
ആത്മോപദേശശതകവും ഹിന്ദ്‌സ്വരാജും.
വിയർപ്പും രക്തവും പറ്റി കീറിപ്പോയ ചുകപ്പു പുസ്തകം
അവൻ വലിച്ചെറിഞ്ഞതായിരുന്നു.
ഓരോ ഉയിർത്തെഴുന്നെൽപ്പിലും
പാവങ്ങളുടെ ചോരയിൽനിന്നു പൊന്തിവന്ന
ഒരു സ്വേചാധിപതിയുടെ നിഴൽകാണാൻ
ചരിത്രം അവനെ ശീലിപ്പിച്ചിരുന്നു.

എങ്കിലും ഈ നിമിഷം അവൻ
പുളിമരങ്ങൾക്ക് കീഴിൽനിന്ന്
മുക്തിഗാഥകൾ പാടുന്ന ഈ കറുത്തവർക്കൊപ്പമാണ്
മുഷിഞ്ഞ പട്ടാളവേഷമണിഞ്ഞ
ഈ കരിഞ്ഞ സ്ത്രീകൾക്കൊപ്പം
അണ്ണാർക്കണ്ണ ന്മാരെപ്പോലെ വലിയ കണ്ണുകളുമായി
ചിലയ്ക്കുന്ന ഈ കാട്ടുകുഞ്ഞുങ്ങൾക്കൊപ്പം.

കാരണം, ദണ്ഡവാഡെ
വീണ്ടും വീണ്ടും മാനഭംഗം ചെയ്യപ്പെട്ട
ഒരാദിവാസി സ്ത്രീയാണ്.
ഇന്ദ്രാവതി നദി അവളുടെ രക്തം.
അവളുടെ ചിലമ്പിച്ച ശബ്ദത്തിൽപോലും
നാടുവാഴിക്കും വെള്ളക്കാരന്നുമെതിരെ
കുലച്ച വില്ലിന്റെ മുഴക്കമുണ്ട്
ആ മുയൽക്കണ്ണുകളിൽ എല്ലാ യജമാനരേയും
നോക്കി മുരളുന്ന ഒരു സിംഹിയുണ്ട്
ഇന്ന് ഇരുമ്പും പുകയിലയും പൂക്കുന്ന
സ്വന്തം വീട് തിരിച്ചുപിടിക്കാനുള്ള
അവസാനത്തെ പോരാട്ടത്തിലാണവൾ.
നാളെയേ ഇല്ലാത്തവർക്ക് കാളരാത്രികളെ ഭയമില്ല.
പട്ടിണി അവൾ നിത്യവും അന്തിയുറങ്ങുന്ന
പുൽക്കുടിൽ; അവമതി അവൾ
കൂടെ കൊണ്ടുനടക്കുന്ന ആട്ടിൻകുട്ടി:
കാട്ടുപാതകൾ സ്വന്തം കൈരേഖകൾ
ചെമ്മണ്ണ്അവൾക്ക് പൂക്കാലത്തിന്റെ പ്രാർത്ഥന പറഞ്ഞുകൊടുക്കുന്നു
പെരുമ്പറകൾ സൂര്യനിലേക്ക് വഴികാട്ടുന്നു
കുട്ടികളുടെ പൊട്ടിച്ചിരികൾ
സൽവാജുഡും തകർത്തെറിഞ്ഞ
കമ്പിവാദ്യങ്ങളോർമ്മിപ്പിക്കുന്നു
ചീവീടുകളുടെ വെള്ളച്ചാട്ടം
പ്രതീക്ഷ പഠിപ്പിക്കുന്നു
പക്ഷികളുടെ മിന്നൽപ്പിണർ
മറ്റൊരു ലോകത്തിന്റെ നൈമിഷിക ദർശനം നല്കുന്നു
പാട്ടുകളുടെ കുതിരപ്പുറത്ത്
വെയിൽതാഴ്വരകൾ താണ്ടുമ്പോൾ
തിരകളും കിരണങ്ങളും കടന്നുവരുന്ന
എഴുപതുകളുടെ ഈ അധീരനായ ഓർമ്മയെ
അവൾ അഭിവാദ്യം ചെയ്യുന്നു:
‘ലാൽ സലാം.’
പിന്നെ ചോദിക്കുന്നു:
‘അഗ്നിപർവതം താണ്ടാൻ ദണ്ഡിയിൽ നിന്നുകൊണ്ടുവന്ന
ഈ വടി മതിയാകുമോ?’
വിളറിയിടറി ഇളകുന്ന ഭൂമിയിലെന്നപോലെ
നിൽക്കുന്ന അവന് അവൾ നലകുന്നു:
കാട്ടിലകൾകൊണ്ടൊരു കിരീടം
കണ്ണീർഗോതമ്പുകൊണ്ടൊരു റൊട്ടി
പുകയിലയുടെ ചെമ്പുതംബുരു
തിരക്കിട്ടു പായുന്ന പുഴയുടെ തോലിട്ട
ഒരു ചെറുചെണ്ട
മുറിവുകൾ മറക്കാനല്പം മഹുവാവീഞ്ഞ്
ഇരുളിൽ സഞ്ചരിക്കാൻ
ആത്മാവ് കത്തിച്ചുവെച്ച ഒരു മെഴുകുതിരി
വീണ്ടും വീണ്ടും മുളയ്ക്കുന്ന ഒരു നാവ്
ഒരു പ്രാവിൻചിറക്
ഒരു പേരത്തൈ
നീതിയുടെ പിന്നെയും പിന്നെയും നിർമ്മിക്കേണ്ട ഒരുപ്പുപ്രതിമ.
.
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു - സച്ചിദാനന്ദന്‍
=======================================
ഒടുവില്‍ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നൂ
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാര്‍ന്ന കാറ്റു പോകുന്നു
തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തു-
വിട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു
ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവില്‍ ഞാനൊറ്റയാകുന്നൂ
ഒടുവില്‍ ഞാനൊറ്റയാകുന്നു
തെരുവിലേക്കെറിയുന്നു ചോരയും ദൈന്യവും
ഒരു കൊച്ചു പന്തു പോലെന്നെ
മതമോഹകാമപീഢിതരായി
ഷുദ്ധാര്‍ത്ഥരായലയുന്നു രോഗികള്‍, മനുഷ്യര്‍
ചിലര്‍ നാലുചക്രത്തില്‍,
ചിലര്‍ രണ്ടില്‍ ചിലര്‍ കാലില്‍
ഇതൊരാശുപത്രിയിടനാഴി.
ഇണകാത്ത്, തുണകാത്ത്
വിധികാത്ത്, മൃതികാത്ത്
തലതല്ലിയാര്‍ത്ത് തെറി ചൊല്ലി,
മീനിന്നു വിലപേശി ജീവനു വിലപേശി
നാടിനു വിലപേശി നില്‍‌പ്പോര്‍.
ശവവണ്ടി പോലീച്ചയാര്‍ക്കും മുഖങ്ങളില്‍
മരവിച്ച് വീര്‍ത്ത സ്വപ്നങ്ങള്‍
ഒരു കൊച്ചുപുല്ലിന്‍‌റെ തണലില്ല പൂവില്ല
കിളിയും കിളിപാട്ടുമില്ല
ഗണനായകന്‍ മാത്രമമറുന്നു
പുലരിയെ സമരോഗ്രഭൂമിയെ പറ്റി
ഇരകള്‍ക്കു മീതെ പറക്കും പരുന്തുപോല്‍
അവന്‍ ആര്‍ത്തു ചുറ്റുന്നു വാക്കില്‍
വെറുതെയീ അധികാര മോഹിതന്‍ പ്രലോഭനം
പറയുന്നു ഖിന്നനൊരു ഭ്രാന്തന്‍
ഒരു സൂര്യനും ഉദീപ്പീല നിങ്ങള്‍ക്ക്
തളിര്‍ കരിയുന്ന നട്ടുച്ചയൊഴികെ
വരവില്ല ഒരു സ്വര്‍ഗ്ഗ ദൂതനും
പൈതലിന്‍ നിണമാര്‍ന്ന കൊക്കു നീട്ടാതെ
പിരിയുന്നു പിരിയുന്ന തൂക്കുകയര്‍പോല്‍ യോഗം
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ
ഒടുവില്‍ ഞാന്‍ ഒറ്റയാകന്നു
കലപില കലമ്പുന്ന ശിഷ്യര്‍ക്കിടക്ക് ഞാന്‍
മണിയടിക്കൊപ്പമെത്തുന്നു
കവിത പകുക്കേണമിവരുമായി
തീന്മേശ കുടില കഠിനമീയപ്പം
അടകല്ലിലെന്നപോല്‍ ചടുലമത് താടിയെല്ലിടയില്‍
എന്‍ വചനമൊരു കൂടം
തടവുമുറിയീമുറി യജമാനഭാഷയില്‍
മൊഴിയുമൊരു കാവലാളീഞാന്‍.
അറവുമൃഗങ്ങളിവര്‍ക്ക്മേല്‍ കത്തിപോല്‍
കവിതതന്‍ ക്രൂരമാം കരുണ
പുഴകള്‍ നിലാവുകള്‍ കളികള്‍
ബാല്യത്തിന്‍‌റെ ഇലകള്‍
നാടോടിയീണങ്ങള്‍
ഒരുപിടി ചാരമായമരും ശിലാകലശം
ഇവരുടെ മാറില്‍ തുടിപ്പൂ
കടലാസുപൂക്കളില്‍ മധുതേടിയുഴറുന്ന
ശലഭങ്ങളതിലെന്‍‌റെ വരികള്‍
മണിയൊച്ച വാളു പോല്‍ പിളരുന്നു ഞങ്ങളെ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
വരവായി മിത്രങ്ങള്‍ ഉയരുന്ന ശബ്ദത്തില്‍
വിറകൊള്‍വു മുറിയിലെന്‍ ബുദ്ധന്‍
കവിതയും കരുണയും കിനിയാത്ത
ഹൃദയത്തിലുറവ വറ്റീടും വിപ്ലവങ്ങള്‍
കഠിനമാം യുക്തിതന്‍ ചക്രത്തിലരയുന്ന
ഹരിതമാനവികത സത്യങ്ങള്‍
അരിയേത് അണിയേത് നാടിന്‍‌റെ
അകമേതതറിയാതെ ഒലിച്ചുപോം രക്ത
ഇളകാത്ത മണ്ണില്‍ വേരോടാതഹന്തയാല്‍
മുരടിച്ച മോചനോത്സാഹം
ഉയരുന്നു തേങ്ങലിന്‍ തിരകള്‍ പോല്‍
സംസാരം ഉണരാത്ത ഭൂമിതന്‍ മീത
വ്യസനം പുളിപ്പിച്ച വാക്ക്
വാത്മീകിതന്‍ പഴയോരടുപ്പില്‍ വേവിച്ചും
ഒരു ചിരി തന്‍ കതിര്‍ കൊക്കില്‍വച്ചരികിലെ കരതന്‍
കിനാവു കൂര്‍പ്പിച്ചും പിരിയുന്നു മിത്രങ്ങള്‍
പാല്‍ പോല്‍ പകല്‍ പിരിഞ്ഞ്
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്ന
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
ഇരുളെത്തി കുഞ്ഞുങ്ങള്‍ കളി നിര്‍ത്തി
അവര്‍കാണെ വളരുന്നു വളരുന്നു ഭയവും
ചെറുമിഴികള്‍ പിളരുമോ വേതാള നൃത്തങ്ങള്‍
ചെറുചെവിയില്‍ അലറുമോ രക്തം
ചെറുകഴല്‍ കടയുമോ പാതകൾകടല്‍താണ്ടി
ചെറുകുടല്‍ കീറുമോ വ്യാള
യമവൃക്ഷ ശിഖിരങ്ങള്‍, പോര്‍വ്വിമാനങ്ങള്‍-
തന്നിലകള്‍ തീമഴ പോലെ വീഴ്കെ
മരണം മരണമെന്നെഴുതി പരക്കുന്ന
പുകയേറ്റ് തളരുമോ പ്രാണന്‍.
മതി നിര്‍ത്ത കടലടിക്കളയില്‍ കുരുങ്ങി ഞാന്‍
ഉഴറുന്നു ശ്വാസമില്ലാതെ
ഒരു തുരുത്തായിതാ പ്രിയതമ
അവളിലുണ്ടതിപുരാതന സ്വാന്തനങ്ങള്‍
കടുവയും മുയലുകളും അലയും വനങ്ങള്‍
വന്‍ മുനികള്‍ തപം കൊണ്ട ഗുഹകള്‍
മുകിലുരുമ്മും പീഢഭൂമികള്‍
ആദ്യമായ് പുലരിയുറന്ന താഴ്വരകള്‍.
പടഹങ്ങളുണരുന്ന രണഭൂമികള്‍
ബലിതന്‍ ഋതുക്കള്‍ പിതൃക്കള്‍.
വ്രതഭക്ത കൃഷ്ണകള്‍ പ്രഥമ ഗോത്രങ്ങള്‍തന്‍
വ്രണിതോഗ്ര നൃത്താരവങ്ങള്‍
അജപാല ഗീതങ്ങള്‍ പരിത്രതന്‍ താളങ്ങള്‍
അനിരുദ്ധ ജനജാഗരങ്ങള്‍
അവളുടെ മണല്‍‌തട്ടിലെത്തി ഞാന്‍ തിരയുന്നു
അഭയമാം സ്നേഹാര്‍ദ്ര ഭൂവില്‍
അവളിലേക്കൂളിയിടുന്നു ഞാന്‍
ഉത്സവ നടുവിലേക്കൊരു കുട്ടി പോലെ
കൊടിമേളം അമ്മ ദൈവത്തിനു കുരുതികള്‍
ചെവിയാട്ടുമാനകള്‍ നിറങ്ങള്‍
പെരിയൊരാള്‍ക്കൂട്ടത്തിലാണ്ടു വിയര്‍ത്തു ഞന്‍
ഉയരുന്നു രാപാവില്‍ തന്നില്‍
പിറുപിറുക്കുന്നു തകര്‍ന്ന ബാബേലിന്‍‌റെടിയില്‍
ഞെരിഞ്ഞ പോല്‍ ഞങ്ങള്‍
ചിരിയോടെ പറയുന്നു ഞാന്‍
മര്‍ത്യവംശത്തിനവസാന ദമ്പതികള്‍ നമ്മള്‍
ഈയുള്ളിലിവള്‍ തേങ്ങുന്നു ദുഃസ്വപ്ന വീഥികളില്‍
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
അരുതരുത് പറയരുത് നാം നാല്‍‌വര്‍
നാംനൂറ് നാം നൂറുലക്ഷങ്ങളല്ലോ
പറയുന്നതാരാണതാരാണുണര്‍ന്നതെന്‍
ചെറുമക്കള്‍, ചെറുമക്കളല്ല
കരയുന്നതെന്തിന്നു കാലത്തിലെവിടെയോ
പുതുവംശമൂറിതുടിക്കേ
മിഴിയോര്‍ക്ക മിഴിയോര്‍ക്ക രശ്മിപോല്‍
ചെറുകൈകള്‍ ഉയരുന്നു ഈ നിശക്കെതിരെ
ചെവിയോര്‍ക്ക ചെവിയോര്‍ക്ക തിരപോല്‍
കുരുന്നുകാലുയരുന്നിതസുരനു മീതെ
കരളോര്‍ക്ക കരളോര്‍ക്കിളം കണ്ഠനാള-
ങ്ങളൊരുമിക്കുമാഗ്നേയ രാഗം
അരുതരുത് യുദ്ധങ്ങള്‍ കരയരുത് തെരുവുകളി-
ലരുവിയായ് ദളിതര്‍തന്‍ രക്തം
അരുതിനിയും അമ്മക്ക് പശിയും
അച്ഛനു തൂക്കുമരവുമരുളുന്ന രണനൃത്തം
അരുതരുത് ഉയരുമീ മുഷ്ടിതന്‍രുഷ്ട-
ബോധികളെയരിയും മഹാ ദുരധികാരം
അരുതിനി ഖനികളില വനങ്ങളില്‍
മനങ്ങളില്‍ യമപൂജചെയ്യുന്ന ലോഭം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഈ ഭൂമി വൃദ്ധയാവോളം
ഊര്‍ദ്ധ്വബാഹുവൊരാള്‍ അനീതിയാലസ്വസ്ഥം
ആത്മാവില്‍ നിലവിളിപ്പോളം
അലിവിന്‍‌റെ പകല്‍ പിരിഞ്ഞൊടുവിലാ
സ്വതന്ത്രപഥികനും ഇരുട്ടില്‍ വീഴുവോളം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഞാനൊറ്റയായ് പോകുവോളം
ഞാനൊറ്റയായ് പോകുവോളം

No comments:

Post a Comment