Wednesday, January 13, 2021

17 - ഇന്ദിര --നിഹോൺ നോ സായിയായി

 17 -   ഇന്ദിര -- നിഹോൺ നോ  സായിയായി
==========================================
ഇന്ദിര എന്ന പേരു  കേൾക്കുമ്പോൾ ഏതൊരിന്ത്യക്കാരന്റെയും  മനസ്സിൽ ആദ്യമെത്തുന്നത്  മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രമായിരിക്കും. എന്നാൽ ഇതേ ഇന്ദിരയുടെ പേരു നൽകിയ ഒരു ആനയുണ്ടായിരുന്നു എന്ന്  ചരിത്രത്തിന്റെ ഏടുകൾ പിന്നിലേക്കു മറിക്കുമ്പോൾ നമുക്കു കാണാനാവും. അതെ, ഇന്ദിരയ്ക്ക്  ഇന്ദിരയെന്നു പേരുചൊല്ലിവിളിച്ച   അതേ   ജവഹർലാൽ നെഹ്രു ഇന്ദിരയെന്നു പേരിട്ടുവിളിച്ച  ഒരു ആനക്കുട്ടി.

ഈ കഥയുടെ തുടക്കം രണ്ടാം ലോകമഹായുദ്ധകാലം. അച്ചുതണ്ടുശക്തികളും സഖ്യകക്ഷികളും പരസ്പരം ബോംബുവർഷം തുടങ്ങിയിരുന്നു. പലരാജ്യങ്ങളും തങ്ങളുടെ മൃഗശാലകളിലെ അപകടകാരികളായ മൃഗങ്ങൾ പുറത്തുകടന്നാലുണ്ടാകാവുന്ന ഭീകരാന്തരീക്ഷത്തെ  മുന്നിൽക്കണ്ട് അവയേയൊക്കെ   കൊന്നുകളയാൻ നിർബ്ബന്ധിതരാക്കപ്പെട്ടു. ജപ്പാന്റെ കാര്യമായിരുന്നു ഏറെ കഷ്ടം. ദിനംപ്രതി ടോക്യോയിലും മറ്റുസ്ഥലങ്ങളിലും ബോംബുകൾ നാശം വിതച്ചുകൊണ്ടിരുന്നു. ടോക്യോയിലെ യൂഎനോ മൃഗശാലയിലെ സിംഹം , പുലി, കരടി മുതലായ ഹിംസ്രമൃഗങ്ങളെ  കൊല്ലാൻ അധികൃതർക്കു തീരുമാനിക്കേണ്ടിവന്നു. വിഷംകൊടുത്തും കഴുത്തിൽ കുരുക്കിട്ടുമൊക്കെ ഈ കൃത്യം നിർവ്വഹിക്കപ്പെട്ടു.  യുദ്ധം നൽകുന്ന ദുരന്തങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ഭക്ഷണക്ഷാമം രൂക്ഷമായി. മൃഗശാലയിലെ മറ്റുമൃഗങ്ങളെക്കൂടി ഇല്ലാതാക്കാൻ ഇതൊരു കരണമാവുകയായിരുന്നു.  ഏറ്റവും വലിയ മൃഗങ്ങളായ  ആനകളെ തീറ്റിപ്പോറ്റാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. അന്ന് അവിടെയുണ്ടായിരുന്നതു ജോൺ , തോങ്കി എന്നീ   ഇന്ത്യൻ ആനകളും ഹനാകോ (വാൻലി) എന്ന സയാമീസ് ആനയുമായിരുന്നു. സർക്കസിലെ ആനകളെപ്പോലെ പരിശീലനം സിദ്ധിച്ചിരുന്ന ഇവർ തങ്ങളുടെ വിവിധപ്രകടനങ്ങൾകൊണ്ട് കാഴ്ചക്കാരുടെ, പ്രത്യേകിച്ചു കുട്ടികളുടെ മനം കവർന്നിരുന്നു.   ഏവരുടെയും ഓമനകളായിരുന്നിട്ടുകൂടി  അവയേയും നാമാവശേഷമാക്കാൻ മൃഗശാലാധികൃതർക്കു  തയ്യാറാകേണ്ടിവന്നു.  ആദ്യം ജോണായിരുന്നു മരണപ്പട്ടികയിൽ . വിഷം കൊടുത്തുകൊല്ലാനായിരുന്നു ശ്രമം.  ജോണിന്റെ ഇഷ്ടഭക്ഷണമായ ഉരുളക്കിഴങ്ങിൽ മാരകവിഷം ചേർത്തു നൽകുകയാണ്  ആദ്യം ചെയ്തത്. പക്ഷേ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള സഹജമായ വാസനയുള്ളതുകൊണ്ടാവാം ജോൺ വിഷമുള്ള ഉരുളക്കിഴങ്ങുകൾ തിന്നാൻ കൂട്ടാക്കിയില്ല. പിന്നീടു വിഷം കുത്തിവെക്കാനുള്ള ശ്രമമാരംഭിച്ചു. പക്ഷേ കട്ടികൂടിയ ത്വക്കിലൂടെ കടന്നുപോകാൻ അവിടെ ലഭ്യമായിരുന്ന സൂചികൾ അപര്യാപ്തമായിരുന്നു . അങ്ങനെ ആ ശ്രമവും പരാജയം  ഏറ്റുവാങ്ങി. വെടിവെച്ചുകൊല്ലുക എന്നൊരു മാർഗ്ഗംകൂടി അവർക്കുമുന്നിൽ അവശേഷിച്ചിരുന്നു. പക്ഷേ അതു മനുഷ്യരെമാത്രമല്ല, അവിടെയുള്ള മറ്റു മൃഗങ്ങളെപ്പോലും അസ്വസ്ഥരാക്കും എന്നതിനാൽ സ്വീകാര്യവുമായിരുന്നില്ല. പിന്നെ ആകെയുള്ളവഴി   പട്ടിണിക്കിട്ടു കൊല്ലുക എന്നതായിരുന്നു. പതിനേഴു ദിവസം ഭക്ഷണവും ജലവുമില്ലാതെ കഴിഞ്ഞ അവൻ അന്ത്യയാത്ര പറഞ്ഞു. പിന്നെയുണ്ടായിരുന്നത് പിടിയാനകളായ തോങ്കിയും വാൻലിയുമായിരുന്നു. തങ്ങൾ പരിശീലിച്ച അടവുകൾ കാട്ടി, കാഴ്ചക്കാരുടെ നേരെ  നിഷ്കളങ്കമായ നോട്ടമെറിഞ്ഞ് അവർ അവരുടെ മനംകവർന്നു. പക്ഷേ വിധി അവർക്കുമെതിരായിരുന്നു. തങ്ങളുടെ യജമാനമാർ കടന്നുപോകുമ്പോൾ ദയനീയമായി അവരെ നോക്കി, കാലുകൾ  ഉയർത്തിയും തുമ്പിക്കൈകൊണ്ടു സല്യൂട്ട് ചെയ്തുമൊക്കെ അവർ ഭക്ഷണത്തിനായി അപേക്ഷിച്ചു. പക്ഷേ ഒരു കനിവും അവർക്കു ലഭിച്ചില്ല. ഒരുതുള്ളിവെള്ളം  പോലും ലഭിക്കാതെ ആ പാവം മിണ്ടാപ്രാണികൾ നരകയാതന അനുഭവിച്ചു. തളർന്നു വീണിട്ടും ആ തിളക്കമുള്ള  കൊച്ചുകണ്ണുകൾ കരുണയ്ക്കായി യാചിച്ചുകൊണ്ടിരുന്നു.  മൃഗശാലജീവനക്കാർ ഈ കാഴ്ചകണ്ട്‌ ഏറെ ദുഖിതരായിരുന്നുവെങ്കിലും അവർ നിസ്സഹായരായിരുന്നു .    ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തോങ്കിയും വാൻലിയും  ഓർമ്മയായി. ഇന്നും അവരുടെ മധുരസ്മരണകൾ മൃഗശാലയിലെ സ്മാരകത്തിൽ അന്തിയുറങ്ങുന്നു.

ശിഥിലമാക്കപ്പെട്ട നാടും  നഗരവും  യുദ്ധാനന്തരം പുനർജന്മമെടുത്തപ്പോൾ  യൂഎനോ മൃഗശാലയും നവീകരിക്കപ്പെട്ടു. വിവിധസ്ഥലങ്ങളിൽനിന്നായി,  മൃഗങ്ങളെ അവിടെ എത്തിച്ചു. അവയിലധികവും അമേരിക്കയിലെ ഉട്ടാ എന്ന സ്ഥലത്തുനിന്നായിരുന്നു  പക്ഷേ അക്കൂട്ടത്തിലൊന്നും  ആനകളുണ്ടായിരുന്നില്ല. ടോക്യോയിലെ  കുട്ടികൾക്ക്  തങ്ങളുടെ മൃഗശാലയിൽ  ആനകൾ വേണമെന്ന ആഗ്രഹം അധികരിച്ചു. 1949 ൽ  അവർ അധികൃതർക്ക് (The Supreme Commander for the Allied Powers (SCAP)) തങ്ങൾക്കൊരു    ഏഷ്യൻ ആനയെ വേണമെന്നാവശ്യപ്പെട്ടു കത്തെഴുതി. പക്ഷേ എന്തുകൊണ്ടോ ആ ആവശ്യത്തിന് വേണ്ടത്ര ശ്രദ്ധയും പ്രാധാന്യവും ലഭിക്കുകയുണ്ടായില്ല. എങ്കിലും  കുട്ടികൾ  ശ്രമം ഉപേക്ഷിക്കാൻ തയ്യാറായില്ല. കുട്ടികളെ ജീവനുതുല്യം സ്നേഹിക്കുന്ന ഇന്ത്യൻപ്രധാനമന്ത്രിയെക്കുറിച്ചവർ കേട്ടിരുന്നു. അദ്ദേഹത്തിനു തങ്ങളുടെ ആവശ്യം പറഞ്ഞൊരു കത്തെഴുതാൻ തന്നെ അവർ തീരുമാനിച്ചു. ആയിരത്തിയഞ്ഞൂറോളം  കുട്ടികളാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.

തിരക്കേറിയ ജീവിതത്തിലും ഏതാനും മണിക്കുറുകൾ കത്തുകൾ വായിക്കാനും മറുകുറികൾ എഴുതാനും  നെഹ്രു സമയം കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചു കുട്ടികളുടെ കത്തുകൾക്ക്.
1949 ലെ ഒരു സാധാരണദിവസം  .എല്ലാ തിരക്കുകൾക്കും ശേഷം അന്നും അദ്ദേഹം കത്തുകൾ വായിക്കാനിരുന്നു. ജപ്പാനിലെ കുഞ്ഞുങ്ങളുടെ കത്ത് അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകതന്നെ  ചെയ്തു . കാരണം അതിലെ ആവശ്യം ചെറുതൊന്നുമായിരുന്നില്ല. ഒരു ആനയെ അവർക്കു സമ്മാനമായി വേണമത്രേ! അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹമവർക്കു മറുപടിയയച്ചു . അനന്തരം  ഒരാനയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. ഒടുവിൽ മൈസൂരിൽ നിന്ന് ഒരാനക്കുട്ടിയെ കണ്ടെത്തി. പതിനഞ്ചുകാരിയായ  അവൾക്ക് അദ്ദേഹം ഇന്ദിരയെന്നു നാമകരണം ചെയ്തു. അവളെ എത്രയുംവേഗം ജപ്പാനിലേക്കയക്കാൻ തയ്യാറെടുപ്പുകൾ നടന്നു. കപ്പലിൽ അയക്കുന്നതിനുള്ള പണച്ചെലവു വഹിക്കാൻ ജപ്പാൻ തയ്യാറായി. അക്കാലത്തു ജപ്പാനും  ഇന്ത്യയും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല നിലനിന്നിരുന്നത്. അതിനൊരു മാറ്റം വരുത്താനുംകൂടി  നയതന്ത്രജ്ഞനായ നെഹ്രു ഈ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. അദ്ദേഹം ഇങ്ങനെയെഴുതി
" ഇന്ദിര സ്വഭാവഗുണമുള്ള  മിടുക്കിയായ ആനയാണ്. ഇന്ത്യയിലെയും ജപ്പാനിലെയും കുഞ്ഞുങ്ങൾ വളർന്നുവലുതാകുമ്പോൾ അവർ ഏഷ്യയുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനത്തിനായി വർത്തിക്കുമെന്നു ഞാൻ സ്വപ്നം കാണുന്നു. ജപ്പാനിലെ  പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളീ ആനയെ ഇന്ത്യയിലെ നിങ്ങളുടെ കൊച്ചുകൂട്ടുകാരുടെ സ്നേഹവാത്സല്യങ്ങളുടെയും സൗഹൃദത്തിന്റെയും പ്രതീകമായി കാണണം. ഇവൾ സൗമ്യയും ശക്തയും ബുദ്ധിശാലിയും ക്ഷമാശീലയുമാണ് .  നിങ്ങളും ഈ സ്വഭാവഗുണങ്ങൾ ആർജ്ജിച്ചെടുക്കേണ്ടതാണ്. "
അങ്ങനെ ഇന്ദിര  'എൻകോ മാരു' എന്ന  കപ്പൽ കയറി ജപ്പാനിലേക്കുള്ള യാത്രക്കായി. ഉറ്റവരെയും ഉടയവരെയും തന്റെ നാടിനെയും തനിക്കു പ്രിയപ്പെട്ട  പനമ്പട്ടകളെയും   എല്ലാമുപേക്ഷിച്ചു പോകുമ്പോൾ    ഇനിയൊരിക്കലും മടങ്ങിവരാനാവാത്തൊരു യാത്രയാണിതെന്ന് അവളറിഞ്ഞിരുന്നതേയില്ല. അവളോടൊപ്പം സ്വന്തമെന്നു പറയാൻ  ആകെയുണ്ടായിരുന്നത്‌ അവളുടെ പ്രിയപ്പെട്ട രണ്ടു പാപ്പാന്മാരായിരുന്നു.  യാത്രക്കിടയിൽ എൻകോ മാരു കൊടുങ്കാറ്റിലും പേമാരിയിലുമൊക്കെ പലവട്ടം  അകപ്പെട്ടു. ഇന്ദിരയാകട്ടെ കടൽച്ചൊരുക്കിന്റെ തീക്ഷ്ണതയറിഞ്ഞു വിവശയാവുകയും ചെയ്തു. അതിനാൽ  പ്രത്യേകാനുവാദത്തോടെ ജപ്പാന്റെതന്നെ  തെക്കുഭാഗത്തെ  ഒകിനാവ എന്ന ദ്വീപിൽ കപ്പലടുപ്പിക്കുകയും അവിടെനിന്നു വാഴപ്പഴവും പനമ്പട്ടയുമൊക്കെ  ശേഖരിക്കുകയുമുണ്ടായി. സെപ്റ്റംബർ 23 നു ഹോൻഷു ദ്വീപിലെ  യോകഹോമ തുറമുഖത്ത്  ഇന്ദിര  കപ്പലിറങ്ങുമ്പോൾ, മണ്മറഞ്ഞ  തങ്ങളുടെ പ്രിയപ്പെട്ട  തോങ്കിയുടെ രണ്ടാംവരവായി അതു വിളംബരം ചെയ്യപ്പെട്ടു. അതിനിടയിൽ തായ്‌ലണ്ടിൽനിന്നൊരു ആന ജപ്പാനിലെത്തിയിരുന്നിട്ടുകൂടി ഇന്ദിരയുടെ ഉജ്ജ്വലമായ പ്രൗഢിക്കുമുന്നിൽ പുരുഷാരം തടിച്ചുകൂടി.

മൈസൂറിൽ,  തടിപിടിക്കുന്നതിൽ മാത്രമായിരുന്നു ഇന്ദിരയ്ക്കു പരിശീലനം ലഭിച്ചത് . പക്ഷേ ജപ്പാനിലെ കുട്ടികളെ രസിപ്പിക്കാനുള്ള പ്രകടനങ്ങൾ കൂടി അവൾ അഭ്യസിക്കേണ്ടിയിരുന്നു. അതിനായി രണ്ടുമാസം കഠിനശ്രമം വേണ്ടിവന്നു. ഭാഷതന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്‍നം. കന്നടയിലുള്ള നിർദ്ദേശങ്ങൾ മാത്രമേ അവൾക്കു മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടു  ഇന്ത്യയിൽനിന്നവളെ അനുഗമിച്ച പാപ്പാന്മാരുടെ സഹായത്തോടെയാണ് പരിശീലനം നടന്നത്.  ഒക്ടോബർ മാസത്തിൽ അവൾ കാണികൾക്കു മുന്നിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു. ജപ്പാൻ   പ്രധാനമന്ത്രിയായിരുന്ന യോഷിദ ഷിഗേരു തന്നെ ആ ദൗത്യം നിർവ്വഹിക്കുകയുണ്ടായി. ഇന്ദിരയെ ഒരുനോക്കുകാണാൻ ആബാലവൃദ്ധം ജനങ്ങളും യൂഎനോ മൃഗശാലയിൽ തടിച്ചുകൂടി. വളരെപ്പെട്ടെന്നാണ് ഇന്ദിര ജപ്പാന്റെ പ്രിയദർശിനിയായത്

അടുത്തവർഷമായപ്പോഴേക്കും ടോക്കിയോയിൽ  മാത്രമല്ല ജപ്പാനിലാകെ ഇന്ദിരയ്ക്ക്  ആരാധകരുണ്ടായി . അകലെയുള്ള ഗ്രാമവാസികൾക്കുപോലും  അവളെ ഒരുനോക്കുകാണാൻ ആശയേറി. അതിനാൽ  അധികൃതർ  ഇന്ദിരയുമായി ജപ്പാന്റെ വീവിധയിടങ്ങളിലേക്ക് ഒരു പദയാത്രതന്നെ നടപ്പാക്കി. ബോധിസത്വന്റെ നാട്ടിൽനിന്നെത്തിയ ഈ കുലീനമൃഗത്തെക്കാണാൻ അവർ ആവേശത്തോടെ കാത്തുനിന്നു. മഹായുദ്ധം അടിച്ചേൽപ്പിച്ച തിക്താനുഭവങ്ങളിൽ ആത്മവീര്യം തന്നെ നഷ്ടമായൊരു ജനതയ്ക്ക് ഇന്ദിരയുടെ വരവ് ഉണർവ്വും ഉന്മേഷവുമേകി. അവരവളെ  സ്നേഹംകൊണ്ടു വീർപ്പുമുട്ടിച്ചു .ജനം  പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെയായി വഴിയോരങ്ങളിൽ അവളെ ഒരുനോക്കുകാണാൻ   കാത്തുനിന്നു. ദാരിദ്ര്യം നടമാടിയിരുന്ന ഗ്രാമങ്ങളിൽ പോലും  കുട്ടികൾ പട്ടിണികിടന്നും അവൾക്കുള്ള ഉരുളക്കിഴങ്ങുകളുമായി അവളെക്കാണാനെത്തി. ഇന്ദിര കടന്നുപോകുന്ന വഴിയിൽ അവർ തൂവെള്ളയിൽ ചുവന്നവൃത്തമുള്ള ജപ്പാൻ പതാക വീശിക്കാട്ടി.   പക്ഷേ ഈ ആഹ്ലാദത്തിമിർപ്പൊക്കെ ഇന്ദിരയെ വല്ലാതെ അസ്വസ്ഥയാക്കുകയാണു ചെയ്തത് .  മധുരം നൽകിയൊക്കെ ഒരുവിധത്തിൽ അവളെ ശാന്തയാക്കി. എങ്കിലും  സാധാരണയുള്ള ചെപ്പടിവിദ്യകളൊന്നും കാട്ടാൻ അവൾ തയ്യാറായില്ല.  നാടിനെ ഇളക്കിമറിച്ച  ഈ ആനസവാരി കഴിഞ്ഞ് ഇന്ദിര യൂഎനോ മൃഗശാലയിൽ തിരികെയെത്തുമ്പോഴേക്കും   നാൽപതു ലക്ഷത്തോളം പേരാണ് അവളെ ഒരുനോക്കുകണ്ടു സായൂജ്യമടഞ്ഞത്.

സന്ദർശകരുടെ  തിരക്കുള്ള  പകലുകലിലെ ആരവങ്ങളൊഴിയുമ്പോൾ , കൂരിരുട്ടുമാത്രം ഒപ്പമുണ്ടാകുന്ന വിഷാദഭരിതമായ  ഏകാന്തരാവുകളിൽ   അവളൊരുപക്ഷേ നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നിരിക്കാം. . സഹ്യപർവ്വതസാനുക്കളിലെ  അവളുടെ സ്വസ്ഥജീവിതവും അവിടെ അവളാസ്വദിച്ച സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഒപ്പം കളിയാടിനടന്ന ചങ്ങാതിമാരും  കടക്കണ്ണെറിയുന്ന കൊമ്പന്മാരും ഒക്കെ അവളുടെ മനോമുകരത്തിൽ തെളിഞ്ഞിരിക്കാം . അതവളെ സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയിരിക്കാം.

യൂഎനോ മൃഗശാലയിൽ ആകർഷണകേന്ദ്രമായി ഇന്ദിര മാറിയെങ്കിലും ഭാരതത്തിൽ അവളെക്കുറിച്ചു പിന്നീടുകേൾക്കുന്നതു നെഹ്രുവും പുത്രി ഇന്ദിരയും 1957 ൽ ജപ്പാൻ സന്ദർശിച്ച വേളയിലാണ്. ജപ്പാനിൽ വിമാനമിറങ്ങിയ നെഹ്രു ആദ്യമാവശ്യപ്പെട്ടത് ഇന്ദിരയെ കാണണമെന്നായിരുന്നത്രേ!

1967 ൽ മൃഗശാലയിലേക്കു കൊണ്ടുവന്ന ജമ്പോ എന്ന വികൃതിക്കൊമ്പൻ ഇന്ദിരയുമയി വഴക്കിട്ട്, അവളെ ഒമ്പതടി താഴ്ചയുള്ള ഒരു കിടങ്ങിലേക്കു തള്ളിയിട്ടു.    അപ്രതീക്ഷിതമായ   വീഴ്ചയുടെ ആഘാതവും  കാഴ്ചക്കാരുടെ നിലവിളികളും ആരവങ്ങളും, നിരീക്ഷണത്തിനായി  മുകളിൽ പറന്നുകൊണ്ടിരുന്ന ഹെലികോപ്ടറിന്റെ കാതടപ്പിക്കുന്ന ഒച്ചയുമെല്ലാംകൂടി അവളെ പ്രക്ഷുബ്ധയാക്കി. ക്യാൻസർ ബാധിച്ചു കിടപ്പിലായിരുന്ന, അവളുടെ  ആദ്യപാപ്പാൻ ഒച്ചായി സീഗോ,  മരണശയ്യയിൽനിന്നെഴുന്നേറ്റുവന്നാണ് അവളെ ആശ്വസിപ്പിച്ചു ശാന്തയാക്കിയത്. (പത്തുദിവസങ്ങൾക്കുശേഷം സീഗോ ഇഹലോകവാസം വെടിഞ്ഞു.)

ഈ സംഭവം ഇന്ദിരയിലേൽപിച്ച ആഘാതം ചില്ലറയായിരുന്നില്ല. അവൾ കിടന്നുറങ്ങാൻ തന്നെ പിന്നീടു കൂട്ടാക്കിയില്ല. കാരണം കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ കഴിയുന്നോയെന്നവൾ ഭയപ്പെട്ടിരുന്നു. നിന്നുറങ്ങുമ്പോൾ ഒരിക്കൽ അവൾ  വീണുപോയി. എങ്കിലും തത്രപ്പെട്ട്         എഴുന്നേൽക്കാനായി. കാര്യങ്ങളിങ്ങനെയൊക്കെയായിരുന്നെങ്കിലും  ഇന്ദിരതന്നെയായിരുന്നു മൃഗശാലയിലെ പ്രധാനാകർഷണം. 1972 ൽ ചൈനയിൽനിന്നു രണ്ടു ഭീമൻപാണ്ടകളെ മൃഗശാലയിലെത്തിക്കുന്നതുവരെ ആ സ്ഥിതി തുടർന്നു.  ഒടുവിൽ, തന്നെ സ്നേഹവാത്സല്യങ്ങൾകൊണ്ടു പൊതിഞ്ഞ ഒരു ജനതയെ കണ്ണീരിലാഴ്ത്തി, തന്റെ 49-)മത്തെ വയസ്സിൽ ഇന്ദിരയെന്ന പിടിയാന സമയതീരത്തിനപ്പുറത്തേക്കു നടന്നുപോയി. മൂന്നുദശാബ്ദത്തിലേറെ രണ്ടു രാജ്യങ്ങൾക്കിടയിലെ സമാധാനദൂതികയായിക്കഴിഞ്ഞ ഇന്ദിര നാമാവശേഷയായി. അവൾക്കുള്ള അനുശോചനസന്ദേശമായി മൃഗശാല ഡയറക്ടർ   ഇങ്ങനെ പറഞ്ഞു.
"ഇന്ദിര,  അങ്ങുദൂരെനിന്നു നീ ഇവിടെയെത്തി. ഞങ്ങളുടെ രാജ്യത്തു ജീവിക്കാൻ നീ ഏറെ ബുദ്ധിമുട്ടിക്കാണും. എന്നിട്ടും നീ ഞങ്ങൾക്കേകിയത് അളവറ്റ ആനന്ദമായിരുന്നു. എത്രയോ സംവത്സരങ്ങൾ  അതു തുടർന്നു. നീ എന്നും ഞങ്ങളുടെ ഓർമ്മയിലുണ്ടാവും. നിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊള്ളുന്നു."

പൂക്കളാൽ അലംകൃതമായ, ഇന്ദിരയുടെ ചിത്രത്തിനുമുന്നിൽ ജനം കണ്ണുനീർ വാർത്തു.
1995 ൽ ഇന്ദിരയുടെ അസ്ഥികൾ ചേർത്തുവെച്ചു കൂട്ടിയിണക്കി യൂഎനോ മ്യൂസിയത്തിൽ പ്രദർശനത്തിനായി തയ്യാറാക്കി. അങ്ങനെ വീണ്ടും ഇന്ദിര കുട്ടികളുടെ കണ്ണുകൾക്കു കൗതുകമായി. നായർസാൻ എന്ന എ എം നായർ,അവളോടുള്ള സ്നേഹസൂചകമായി, തന്റെ വിപണനോത്പന്നമായ  കറിപ്പൊടിക്ക് 'ഇന്ദിര'യെന്നാണ് പേരുനൽകിയത്. ഇന്ദിരയുടെ വിയോഗമറിഞ്ഞ സാക്ഷാൽ ഇന്ദിര - ഇന്ദിരാ ഗാന്ധിയും അതീവദുഃഖിതയായി. ഇന്ദിരയുടെ വിയോഗം ജപ്പാനിലെ കുട്ടികളെ ‌ദുഃഖത്തിലാഴ്ത്തിയിരിക്കുമെന്നു നന്നായറിയാവുന്നതിനാൽ    അവർ 1984  സെപ്റ്റംബറിൽ രണ്ടാനകളെ അവിടേക്കയക്കുകയുണ്ടായി. ഒരുമാസത്തിനുശേഷം ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുകയും ചെയ്തു.


( ' ഇന്ദിര --നിഹോൺ നോ  സായിയായി '-  ഇന്ദിര, ജപ്പാന്റെ സ്നേഹഭാജനം )



     .






No comments:

Post a Comment