Monday, August 27, 2018

ഉദയഗിരി - ഖന്ദഗിരി ഗുഹകൾ

ഉദയഗിരി - ഖന്ദഗിരി ഗുഹകൾ
===========================
ഒറീസ്സയുടെ തലസ്ഥാനനഗരിയായ ഭുവനേശ്വറിനു  വളരെ  അടുത്താണ്‌ മനോഹരമായ ഉദയഗിരി ഗുഹകള്‍സ്ഥിതി ചെയ്യുന്നത്‌.  പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ഗുഹയുടെ സമുച്ചയമാണിത്.  ഉദയഗിരിയില്‍ മൊത്തം 18 ഗുഹകളാണുള്ളത്‌.  ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ സംരക്ഷണയിലാണ്‌ ഈ ഗുഹകള്‍. ജൈന സന്യാസിമാരുടെ താമസത്തിനായി കലിംഗചക്രവർത്തിയായിരുന്ന  ഖരവേല  നിര്‍മ്മിച്ചതാണ്‌ വാസ്‌തുവിദ്യയില്‍ മുന്നിട്ടു  നില്‍ക്കുന്ന ഈ ഗുഹകള്‍. ബിസി രണ്ടാം നൂറ്റാണ്ട്‌ മുതലുള്ളതാണീ ഗുഹകള്‍ എന്നാണ്‌ പറയപ്പെടുന്നത്‌. നിരവധി കൊത്തുപണികളുള്ള മനോഹരങ്ങളായ ഈ ഗുഹകള്‍ കാണാന്‍ അനേകം  ബുദ്ധമത വിശ്വാസികളും സഞ്ചാരികളും ഇവിടെ ദിനംപ്രതി  എത്താറുണ്ട്‌. അടുത്തിടെ കുഴിച്ചെടുത്ത അനവധി  ബുദ്ധ വിഹാരങ്ങളും സ്‌തൂപങ്ങളും ഇവിടെ കാണാം.  ഈ ഗുഹകളില്‍ റാണികുംഭ, ഹാത്തികുംഭ, ഗണേശകുംഭ എന്നിവ കൊത്തുപണികളും ലിഖിതങ്ങളും ഏറെയുള്ള ഗുഹകളാണ്‌. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇരുനിലകളിലായി മെനെഞ്ഞെടുത്തിരിക്കുന്ന റാണികുംഭയാണ് .  ഖരവേല രാജവംശത്തെ സംബന്ധിക്കുന്ന നിരവധി പുരാതന ചരിത്ര സംഭവങ്ങള്‍ മനസ്സിലാക്കാന്‍ ഇവിടുത്തെ ശിലാലിഖിതങ്ങള്‍ വഴി തെളിച്ചിട്ടുണ്ട്‌.  ഹാത്തികുംഭ പ്രകൃതിദത്തമായൊരു ഗുഹയാണ്. അവിടെയുള്ള  ലിഖിതങ്ങളിൽ കുമാരിപർവ്വതം  എന്നാണ് ഉദയഗിരിയെ പരാമർശിച്ചിരിക്കുന്നത്. ഗണേശകുംഭയിലെ ലിഖിതങ്ങളിൽ, ഉജ്ജയിനിയിലെ രാജകുമാരിയായിരുന്ന ബാസവദത്തയുടെയും കൗശുമ്പിയിലെ രാജാവായിരുന്ന ഉദയനന്റെയും  പ്രണയവും ഒളിച്ചോട്ടവുമൊക്കെ വർണ്ണിക്കുന്നു.   പല   ഗുഹകളിലും കാഴ്ച്ചക്കാരെ  അത്ഭുതപരതന്ത്രരാക്കുംവിധം അതിമനോഹരങ്ങളായ ശില്‍പങ്ങള്‍ കാണാന്‍ കഴിയും. സ്ത്രീകളുടെ രൂപങ്ങളുള്ള ശില്പങ്ങളിലൊന്നിൽ വാനിറ്റിബാഗ് തോളിൽ തൂക്കിയ ഒരു രൂപം ഗൈഡ് കാട്ടിത്തന്നതോർക്കുന്നു. അതുപോലെ ആധുനികകാലത്തെ ചെരുപ്പിട്ടിരിക്കുന്ന കാലുകളും. അവയൊക്കെ പുരാതനകാലത്തുള്ളതോ അതോ  ആധുനികകാലത്തെ പുനർനിർമ്മാണത്തിൽ  വന്നുകൂടിയതോ എന്നറിയില്ല.  ചില ഗുഹകളിൽ കല്ലിൽകൊത്തിയ കിടക്കകളും തലയിണകളും കാണാം. അവ ജൈന സന്യാസിമാരുടെ ഉറക്കറകളായിരുന്നെന്നു കരുതപ്പെടുന്നു.


ഉദയഗിരി ഗുഹയില്‍ നിന്നും ഏകദേശം 15-20 കിലോമീറ്റര്‍ ദൂരത്താണ്‌ ഖന്ദഗിരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. ഉദയഗിരി ഗുഹകളെപ്പോലെ മനോഹാരിതയോ  പരിപാലനമോ ഈ ഗുഹകൾക്കില്ല എന്നു  തോന്നും കാഴ്ച്ചയിൽ. നിരവധി പടികള്‍ കയറിവേണം ഭൂതകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ ഗുഹയിലേയ്‌ക്കെത്താന്‍. ജൈന സന്യാസിമാരുടെ താമസത്തിനായി സ്ഥാപിച്ച 15 ഗുഹകളാണ്   ഇവിടെയുള്ളത്. രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്   ഈ ഗുഹകളും. ഇവയുടെ  ഭിത്തികളിലും  നിരവധി ശിലാലിഖിതങ്ങളും ശില്‍പങ്ങളും ഉണ്ട്‌. പാറകള്‍ ചെത്തിയുണ്ടാക്കിയിരിക്കുന്ന ചിത്രങ്ങളും മനോഹരങ്ങളായ അലങ്കാരങ്ങളും സന്ദര്‍ശകരെ ഏറെ  ആകര്‍ഷിക്കുന്നവയാണ്‌. മലമുകളില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മനോഹരമായൊരു ജൈന ക്ഷേത്രവുമുണ്ട്‌. ജനുവരിമാസത്തിന്റെ അവസാനത്തില്‍ നിരവധി സന്യാസിമാര്‍ ഇവിടെ ഒത്തുചേര്‍ന്ന്‌ ഹിന്ദു പുരാണങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും ചെയ്യാറുണ്ട്‌. ഇതേകാലയളവില്‍ ഇവിടെ നടക്കുന്ന മേളയിലേക്ക്‌ നിരവധി പേര്‍ എത്താറുണ്ട്‌. ഖന്ദഗിരിയുടെ മുകളിൽനിന്നുള്ള ഭുവനേശ്വർ നഗരക്കാഴ്ച അവിസ്മരണീയമാണ്.

 രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ ഗുഹകളില്‍ പ്രവേശനം അനുവദിക്കും.
















No comments:

Post a Comment