Monday, April 13, 2020

ഞാൻ ഭരണാധികാരിയായാൽ

'കർമ്മ കലോത്സവം '

#ഓഫ്സ്റ്റേജ് പ്രോഗ്രാം
#നമ്പർ 7

# നിങ്ങൾ ഭരണാധികാരിയായാൽ !

ഞാൻ ഭരണാധികാരിയായാൽ
==========================

ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണെങ്കിലും സങ്കൽപ്പിക്കാൻ വളരെ കൗതുകമുള്ളൊരു കാര്യമാണ് ഞാനൊരു ഭരണാധികാരിയാവുക എന്നത്. ഇവിടെ രാജ്യത്തിന്റെയാണോ സംസ്ഥാനത്തിന്റെയാണോ എന്ന് വ്യക്തമല്ലാത്തതുകൊണ്ടു എന്റെ സങ്കല്പത്തിനും കുറച്ചൊരവ്യകതതയുണ്ട്.

ഞാൻ ഭരണാധികാരിയായാൽ തികച്ചും അഴിമതിരഹിതമായൊരു ഭരണമായിരിക്കും കാഴ്ചവയ്ക്കുക.  സഹപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും പൊതുജനവും അഴിമതിമുക്തരായിരിക്കണമെന്നത് കർശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനങ്ങൾ. വിപരീതമായി പ്രവർത്തിക്കുന്നവർക്ക് മുഖംനോക്കാതെ കഠിനശിക്ഷതന്നെ നടപ്പാക്കും. നിയമലംഘനം നടത്തുന്ന ഏതൊരാൾക്കും ശിക്ഷയുറപ്പാക്കുന്നതുവഴി ജനജീവിതം സമാധാനപൂർണ്ണമാക്കും. 

വിദ്യാഭ്യാസരംഗം അടിമുടി നവീകരിക്കും.   കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിനു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള പാഠ്യപദ്ധതി നടപ്പിലാക്കും.  സമൂഹത്തിൽ പാലിക്കേണ്ട സാമാന്യമര്യാദകൾ, അച്ചടക്കം,  സഹജീവികളോടുള്ള സന്മനോഭാവം,  പ്രകൃതിസംരക്ഷണം, പൗരബോധം, ദേശസ്നേഹം,  ഇവയ്ക്കൊക്കെ മുൻഗണന  കൊടുത്ത് ഉത്തമപൗരന്മാരാക്കി  കുട്ടികളെ വളർത്തികൊണ്ടുവരുന്നവിധത്തിലായിരിക്കും  സ്‌കൂൾവിദ്യാഭ്യാസം പരിഷ്കരിക്കുക. അവകാശങ്ങൾ ഉള്ളതുപോലെതന്നെ രാജ്യത്തോട് തങ്ങൾക്കുള്ള കടപ്പാടും വ്യക്തമായി ബോധ്യപ്പെടുത്തുന്നവിധമായിരിക്കും  പഠനരീതി. ആദ്യമായി അതിനുവേണ്ടത് അദ്ധ്യാപകരെ സജ്ജരാകുക എന്നതാണ്. കഴിവിലും അറിവിലും പ്രവൃത്തിയിലും മികവുപുലർത്താത്ത അദ്ധ്യാപകരെ മാറ്റി യോഗ്യരായവരെ കണ്ടെത്തി നിയമിക്കും.  പാഠപുസ്തകങ്ങൾ നവീകരിക്കും.  പുസ്തകപഠനത്തേക്കാൾ പ്രയോഗികപരിജ്ഞാനത്തിനായിരിക്കും മുൻ‌തൂക്കം കൊടുക്കുക. പാചകം ഉൾപ്പെടെയുള്ള ജീവിതത്തിന്റെ വിവിധമേഖലകളിലെ   കാര്യങ്ങളിൽ കുഞ്ഞുങ്ങളെ സ്വയംപര്യാപ്തരാക്കുന്നവിധത്തിലായിരിക്കും  പഠനം. . പരീക്ഷാസമ്പ്രദായവും കുട്ടികളെ മനസികപിരിമുറുക്കത്തിൽനിന്നു വിമുക്തമാക്കുന്നതരത്തിലായിരിക്കി പരിഷ്‌കരിക്കും.  ഒപ്പംതന്നെ  കുട്ടികളുടെ അഭിരുചിക്കനുസൃതമായി   കലാകായികപ്രവർത്തനങ്ങൾക്കും   വേണ്ടത്ര പ്രാധാന്യം നൽകും . 

വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നമ്മുടെ നാടിനുതന്നെ അപമാനമാണ്.  മാലിന്യസംസ്കരണം  കാര്യക്ഷമമാക്കാനുള്ള നടപടികൾ കൂടുതൽ സാങ്കേതികപരിജ്ഞാനസഹായത്തോടെ നടപ്പിലാക്കും.  വേണമെങ്കിൽ മാലിന്യസംസ്‌കാരണം ഫലപ്രദമായി നടപ്പിലാക്കിവരുന്ന  വിദേശരാജ്യങ്ങളിലെ വിദഗ്ദ്ധരുടെ   ഉപദേശം തേടുകയും സഹായം സ്വീകരിക്കുകയും ചെയ്യും. 

കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും കർഷകർക്കു  ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നതുവഴി സാമ്പത്തികബുദ്ധിമുട്ടുകൊണ്ടു കർഷകന്  ആത്മഹത്യചെയ്യേണ്ടിവരുന്ന ദുരവസ്ഥ എങ്ങനെയും ഇല്ലാതാക്കും. 
അനാഥരായ കുഞ്ഞുങ്ങൾക്കും വിധവകൾക്കും  വൃദ്ധജനങ്ങൾക്കും  സംരക്ഷണം നല്കുന്നതിനായുള്ള സ്ഥാപനങ്ങൾ വേണ്ടത്ര സ്ഥാപിക്കുകയും അവരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. അനാഥരായ   കുട്ടികൾക്ക് തുണയേകി  നേർവഴി കാട്ടുന്നതിനു ഈ മുതിർന്നവരുടെ സ്നേഹവും സേവനവും ലഭ്യമാക്കാവുന്ന രീതിയിൽ അഭയകേന്ദ്രങ്ങൾ ആവിഷ്കരിക്കും.  വൃദ്ധരായ മാതാപിതാക്കളെ  വഴിയിലുപേക്ഷിക്കുന്നവർക്കു ദാക്ഷിണ്യമില്ലാത്ത ശിക്ഷാനടപടികൾ നടപ്പിലാക്കും. സ്ത്രീകളോടും കുട്ടികളോടും ക്രൂരതകാട്ടുന്നവർക്കും പീഡനവീരന്മാർക്കും ഏറ്റവും കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരും.

അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കും. റോഡുനിർമ്മാണത്തിനു മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കും. പുഴകളെ സംരക്ഷിക്കാനുള്ള നടപടികൾ കൂടുതൽ ദൃഢമായി കൈക്കൊള്ളും. പ്രകൃതിദുരന്തങ്ങളെ  നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നത് കൂടുതൽ കാര്യക്ഷമതയോടെ നടപ്പിലാക്കുകയും പൊതുജനത്തിന് അതിനുള്ള അവബോധം നൽകുകയും ചെയ്യും. ചരിത്രസ്മാരകങ്ങളെയും പുരാതനനിർമ്മിതികളെയും എന്തുവിലകൊടുത്തും സംരക്ഷിക്കും. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളെ വിപുലമായി ഉപയോഗപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളും.  പ്രകൃതിയുടെ വരദാനങ്ങളെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നതിനു വിനോദസഞ്ചാരരംഗത്തു കൂടുതൽ ശ്രദ്ധകൊടുക്കുകയും സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.  

വിവിധമേഖലകളിൽ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി അതതിനനുയോജ്യമായ വിഷയങ്ങളിൽ എഴുത്തുപരീക്ഷയോടൊപ്പം വിദഗ്ദ്ധർ നടത്തുന്ന അഭിമുഖവും നിർബ്ബന്ധമാക്കുക വഴി ഏറ്റവും അനുയോജ്യരെ നിയമിക്കാൻ ശ്രദ്ധിക്കും.  സർക്കാർജീവനക്കാർക്ക് അമ്പതുവയസ്സിനുശേഷം എപ്പോൾ വേണമെങ്കിലും വിരമിക്കാവുന്നരീതിയിൽ പെൻഷൻപ്രായം മാറ്റി നിശ്ചയിക്കും. ജോലിയിൽ കാര്യക്ഷമത നിലനിർത്താൻ കഴിയാത്ത ഉദ്യോഗസ്ഥരെ ഏതു പ്രായത്തിലായാലും നിർബ്ബന്ധിത വിരമിക്കലിനു വിധേയരാക്കും. 

ഒരു വ്യക്തിക്കു സ്വന്തമാക്കാവുന്ന സ്വത്തിനു പരിധി നിശ്ചയിക്കുക വഴി ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം കുറയ്ക്കും. ദാരിദ്ര്യരേഖക്കുതാഴെയുള്ളവർക്കു കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സർക്കാർ തലത്തിൽ ചെറുകിടവ്യവസായപദ്ധതികളും നിർമ്മാണപദ്ധതികളും ആരംഭിക്കും. വികലാംഗർക്കു  വേണ്ടത്ര സാമ്പത്തികസഹായം ഉറപ്പാക്കും.   വീട്, സ്വർണ്ണം ഇവയുടെമേൽ മൂല്യവർദ്ധനക്രമത്തിൽ നികുതി ഈടാക്കുക, നികുതിപിരിക്കുന്നതിനോടൊപ്പം   വിവാഹത്തിനും മറ്റും ഉപയോഗിക്കുന്ന സ്വർണ്ണത്തിനു പരിധി നിർണ്ണയിക്കുക, ജാതിമതഭേദമെന്യേ  ആരാധനാലയങ്ങളിനിന്നുള്ള വരുമാനത്തിന്റെ നല്ലൊരുശതമാനം  നാടിന്റെ പുരോഗമനപ്രവർത്തനങ്ങൾക്കായി ഉപയുക്തമാക്കാൻ ലഭ്യമാകുന്ന രീതിയിൽ  നിയമനിർവ്വഹണം നടത്തുക, വ്യക്തിഗത ഉപയോഗങ്ങൾക്കായുള്ള മോട്ടോർവാഹനങ്ങൾക്കു നികുതി വർധിപ്പിക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുക, സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും സംരക്ഷണം കൊടുക്കുന്നരീതിയിൽ നിരത്തുകൾ നവീകരിക്കുക ഇതൊക്കെ എന്റെ ഭരണത്തിന്റെ ഭാഗമായിരിക്കും.   ജനങ്ങൾക്ക് സമാധാനപൂർണ്ണമായ, സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതമായിരിക്കും എൻ്റെ ആത്യന്തികമായ  ലക്ഷ്യം. അതിനായി ഞാനെന്റെ അധികാരത്തെ ഏതുവിധത്തിലും ഉപയോഗപ്പെടുത്തും. 

No comments:

Post a Comment