Monday, April 13, 2020

ഉത് സ്‌ കുഷി നിഹോൺ - ആമുഖം

ഉത് സ്‌ കുഷി നിഹോൺ  - ആമുഖം
ജപ്പാൻ - നിപ്പോൺ - നിഹോൺ.
-----------------------------------------------
ഉദയസൂര്യന്റെ നാട് !
അതാണു ജപ്പാൻ എന്ന രാജ്യത്തെക്കുറിച്ചുള്ള  ആദ്യ അറിവ്.
ഉദയസൂര്യന്റെ നാടായ ജപ്പാനിലേക്ക് ചാച്ചാനെഹ്രു ഒരു ആനക്കുട്ടിയെ കൊടുത്തയച്ചുവത്രേ! അന്നാട്ടിലെ കുട്ടികൾക്ക് അദ്ദേഹത്തിന്റെ സമ്മാനമായിരുന്നു ഇന്ദിരയെന്ന ആനക്കുട്ടി.
ലോകത്തിലെതന്നെ ഏറ്റവും പുരാതനമായ   രാജകുടുംബം ജപ്പാനിലാണെന്ന്   പിന്നെയെപ്പൊഴോ അറിഞ്ഞു. (ഇപ്പോഴത്തെ ചക്രവർത്തിയായ അകിഹിതോ ആ പരമ്പരയിലെ 125-) മത്തെ ഭരണകർത്താവാ‌ണ്‌‌‌‌‌‌‌.)
പിന്നീടു  ചരിത്രപുസ്തകങ്ങളിൽ പഠിച്ച, നേതാജി സുഭാഷ് ചന്ദ്രബോസ് , രാഷ്‌ബിഹാരി ബോസ് തുടങ്ങിയ  സ്വാതന്ത്ര്യസമരനായകരുടെ ജപ്പാൻ ബന്ധങ്ങൾ ആ രാജ്യത്തോടു ഹൃദയത്തെ ചേർത്തുനിർത്തുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ നേരിട്ട തകർച്ചയുടെ കഥ  ഒരു തേങ്ങലോടെയല്ലാതെ ഓർമ്മിക്കുവാൻ കഴിയുമായിരുന്നില്ല. അണുബോംബിനാൽ തകർക്കപ്പെട്ട ഹിരോഷിമയും നാഗസാക്കിയും രക്തം കിനിയുന്ന വടുക്കളവശേഷിപ്പിച്ചതു  ചേതനയുടെ ഉൾക്കാമ്പിലെവിടെയോ ആണ്.

 ടോക്യോ  എന്ന നഗരത്തെക്കുറിച്ചുള്ള കേട്ടറിവുകൾ ഏറെയാണ്.  ഏറ്റവും തിരക്കുള്ള നഗരമായി കേട്ടിരുന്നത് ടോക്യോ . പിന്നെയും കൗതുകമുണർത്തുന്ന എത്രയെത്ര അറിവുകളായിരുന്നു ഈ മഹാനഗരത്തെക്കുറിച്ചുണ്ടായിരുന്നത്. ഒക്കെയും അമ്പരപ്പിക്കുന്ന അറിവിന്റെ മുത്തുകൾ.  ഈ രാജ്യത്തിൻറെ ശാസ്ത്രസാങ്കേതികപുരോഗതിയുടെ ഒരു പരിച്ഛേദമായിത്തന്നെ ടോക്യോ  നഗരം നിലകൊണ്ടു. പ്രകൃതിദുരന്തങ്ങൾ എത്ര താണ്ഡവമാടിയാലും തകർന്നടിഞ്ഞ ചാരത്തിൽനിന്നൊരു ഫീനിക്സ് പക്ഷിയായി ഉയിർത്തെഴുന്നേൽക്കുന്ന ജപ്പാൻ എന്നും ടോക്യോയുടെ മുഖചിത്രത്തിൽ കൂടിയാണു  നമ്മൾ നോക്കിക്കണ്ടിരുന്നത്.


തിളച്ചുമറിയുന്ന ലാവയും അഗ്നിജ്ജ്വാലകളും  പുകയും തുപ്പുന്ന അഗ്‌നിപർവ്വതത്തെക്കുറിച്ച് ആദ്യമറിയുന്നതു ജപ്പാനിലെ ഫ്യുജിയാമയിലൂടെയാണ്.  ശതസംവത്സരങ്ങളായി സുഷുപ്തിയിലാണെങ്കിലും പുസ്തകത്താളുകളിൽ ഇന്നും അഗ്നിപർവ്വതങ്ങളുടെ പേരുകളിൽ അഗ്രഗണ്യൻ  ഫ്യുജി തന്നെ.

അവിടുത്തെ   സവിശേഷതയാർന്ന വസ്ത്രം - കിമോണ - ആരിലും കൗതുകമുണർത്തുന്നതു  തന്നെ. കിമോണയണിഞ്ഞ ഗെയ്‌ഷെകളുടെ ചിത്രങ്ങളും ഓർമ്മയിലെവിടെയൊക്കെയോ ഉണ്ട്.
അതുപോലെ  'ഇകബാന' എന്ന പുഷ്പസംവിധാനം ആകർഷിക്കാത്ത മനസ്സുകൾ ഉണ്ടോ എന്നു  സംശയം. ബോൺസായ് രീതിയിൽ വളർത്തപ്പെട്ട   കുള്ളൻവൃക്ഷങ്ങൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും വളർച്ച മുരടിച്ചുപോയ ആ പാവം സസ്യങ്ങളെയോർത്തു  ദുഖിക്കാതിരിക്കാനുമാവില്ല.
ചെറി ബ്ലോസം ചിത്രങ്ങൾ പത്രത്താളുകളിലും മാഗസിനുകളിലും കണ്ടിട്ടില്ലാത്തവരും ഉണ്ടാവില്ല.

കേട്ടറിഞ്ഞ   സുഷി എന്ന വിഭവം - മനസ്സുകൊണ്ട്  ഒട്ടും തന്നെ ഇഷ്ടപ്പെടാനുമായിട്ടില്ല എന്നതൊരു യാഥാർത്ഥ്യം .
മല്ലയുദ്ധങ്ങൾ തീരെ  ഇഷ്ടമല്ലെങ്കിൽകൂടി  സുമോഗുസ്തിക്കാരെയും കരാട്ടെ വിദഗ്ദ്ധരെയുമൊക്കെ ആരാധനയോടെ തന്നെ നോക്കിക്കണ്ടിരുന്നു എന്നും.
കുട്ടിക്കാലം മുതൽ സ്നേഹിച്ചുപോന്നിരുന്ന ഒറിഗാമി എന്ന, കടലാസുകൊണ്ടുള്ള  കളിപ്പാട്ടനിർമ്മാണരീതിയും ജപ്പാനു  സ്വന്തം.

കൂടുതൽ അറിയാനിയിട്ടില്ലെങ്കിലും   അകിര കുറോസോവയുടെ സിനിമകൾ ജപ്പാൻ നാമസ്‌പർശിയായി കേട്ടിരുന്നു .

വായനയിലൂടെ അടുത്തറിഞ്ഞ   'ടോട്ടോ ചാൻ' എന്ന    കുസൃതിക്കുടുക്ക മനസ്സിൽനിന്നൊരിക്കലും മാഞ്ഞുപോകാത്തൊരു കഥാപാത്രമാണ് .  ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു 'Toto-Chan: The Little Girl at the Window'. ജപ്പാനീസ് വിദ്യാഭ്യാസരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ച ഈ കൃതി  'ടോട്ടോചാൻ, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി' എന്ന പേരിൽ ശ്രീ അൻവർ അലി   മലയാളത്തിൽ തർജ്ജമ  ചെയ്തിട്ടുണ്ട്.

ജപ്പാനിലെ അക്ഷരമഹിമയെക്കുറിച്ചു പറയുമ്പോൾ ഒരിക്കലും മാറ്റിനിർത്താനാവാത്ത ഒന്നാണ്   ഹൈക്കു കവിതകൾ. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  മത്സുവോ ബാഷോ എന്ന കവിയുടെ രചനകളിലൂടെ ലോകമെമ്പാടുമുള്ള അനുവാചകരുടെ ഹൃദയത്തിലേക്കെത്തപ്പെട്ട ഈ മൂന്നുവരിക്കവിതകൾ നമ്മുടെ നാട്ടിലും ഇന്നേറെ പ്രചാരത്തിലായിട്ടുണ്ട്. 5 , 7 , 5 വർണ്ണങ്ങളുള്ള  മൂന്നുവരിക്കവിതകൾ എഴുതുന്നതു ഹരമായിട്ടുണ്ട്, ഇന്നു പല കവികൾക്കും  . മുഖപുസ്തകക്കവികളിൽ ഒരു ഹൈക്കു എങ്കിലും എഴുതാത്തവർ ഉണ്ടാകുമോ എന്നു ഞാൻ സംശയിക്കുന്നു     ബാഷോയുടെ പ്രസിദ്ധമായ
'പഴയ കുളം:
തവളച്ചാട്ടം,
ജലനാദം.' എന്ന ഹൈക്കു പലരും  കേട്ടിട്ടുമുണ്ടാകും. അദ്ദേഹത്തിന്റെ ചില കുട്ടിക്കവിതകൾ ചങ്ങമ്പുഴ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.
ഇതൊക്കെ നിങ്ങൾക്കും എനിക്കുമറിയുന്ന കാര്യങ്ങൾ. ഇനിയുമെത്രയോ കാര്യങ്ങൾ ഈ രാജ്യത്തിൻറെ ആത്മസത്തയെ വിളിച്ചറിയിക്കുന്ന ഉദ്‌ഘോഷങ്ങളായി  നമുക്കറിയാതെ നിശ്ശബ്ദമായി  കിടക്കുന്നു. അറിഞ്ഞ ജപ്പാനിൽനിന്നറിയാത്ത ജപ്പാനിലേക്കൊരു യാത്രപോകാൻ എത്രയോ കൊതിച്ചിരുന്നു. ഇപ്പോൾ ആ അവസരം വന്നെത്തിയിരിക്കുകയാണ്. ഞാനൊന്നു പോയിവരട്ടേ ജപ്പാനിലേക്ക്, നിങ്ങളുടെ വിരൽത്തുമ്പു പിടിച്ച് ....



No comments:

Post a Comment