കിഴക്കനേഷ്യൻ മരതകമണികൾ
1 .വെള്ളാനകളുടെ നാട്ടിൽ
=====================================================
.''ഈ വിശ്വം ഒരു ഗ്രന്ഥമാണ്. സഞ്ചരിക്കാത്തവർ അതിൽ ഒരേടുമാത്രമേ വായിക്കുന്നുള്ളു'' ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന സെയിന്റ് അഗസ്റ്റിന്റെ വാക്കുകളാണ്.
ഓരോ യാത്രകളും നമുക്കു നൽകുന്നത് ഒരായിരം അറിവുകളുടെ അക്ഷയഖനികളാണ്, വിജ്ഞാനത്തിന്റെ വെളിച്ചത്തുരുത്തുകളാണ്. യാത്രകൾ നമ്മളെ ഉദ്ബോധിപ്പിക്കുന്നത് ഈ പ്രപഞ്ചത്തിലെ നമ്മുടെ സ്ഥാനം എത്ര സൂക്ഷ്മമാണെന്നാണ്. ആ അറിവ് നമ്മെ കൂടുതൽക്കൂടുതൽ വിനയാന്വിതരാക്കും. സഹജീവികളെ സ്നേഹിക്കാൻ മനസ്സിന് കൂടുതൽ വ്യാപ്തിനൽകും.
2025 ഫെബ്രുവരി 13 നാണു കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി ഒരു യാത്രപുറപ്പെട്ടത്.
ലോകസഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ 'സഞ്ചാരം' യാത്രാസംഘത്തിലായിരുന്നു ഞങ്ങളുടെ യാത്ര. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെ കാത്തിരുന്നൊരു യാത്രയായിരുന്നു. ഏതാനുംദിവസംമുമ്പ് ഒരു സൂംമീറ്റിങ് നടത്തി സന്തോഷ് സാറും അദ്ദേഹത്തിന്റെ മകളും മാനേജിങ് ഡിറക്ടർമാരിൽ ഒരാളുമായ ശാരിക, ടൂർ മാനേജർ എന്നിവരും ചേർന്നു യാത്രികർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ഞങ്ങളിരുവരും 33 സഹയാത്രികരും ടൂർമാനേജരും ചേർന്ന യാത്രാസംഘം നെടുമ്പാശ്ശേരി എയർപോർട്ടിലെ എട്ടാംനമ്പർ പില്ലറിനടുത്ത് വൈകുന്നേരം എട്ടുമണിക്ക് ഒത്തുചേർന്നു. രാത്രി 11.50 നു ബാങ്കോക്കിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണ് ഞങ്ങൾ യാത്ര ആരംഭിക്കുന്നത്. യാത്രാരേഖകളും അനുബന്ധമായ മറ്റ് ഔദ്യോഗികസംഗതികളും ടൂർമാനേജരുടെ കൈവശമായിരുന്നു. അതൊക്കെ എല്ലാവർക്കും കൈമാറി. അവയും പാസ്‌പോർട്ടുമായി എല്ലാവരും എയർപോർട്ടിനുള്ളിലേക്കു കടന്നു. ചെക്ക്-ഇൻ, ബാഗേജ് ഡ്രോപ്പ്, സെക്യൂരിറ്റി ചെക്ക് , ഇമ്മിഗ്രേഷൻ ഒക്കെ കഴിഞ്ഞു ബോർഡിങ് പാസ്സുമായി വിമാനത്തിൽ കയറാൻ തയ്യാറെടുത്തിരുന്നു. വിമാനം അരമണിക്കൂർ വൈകിയെങ്കിലും യാത്ര സുഖകരമായിരുന്നു. നാലുമണിക്കൂർ പറന്നശേഷം വെള്ളാനകളുടെ മണ്ണിൽ ഞങ്ങൾ കാലുകുത്തി. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ വിമാത്താവളങ്ങളിലൊന്നായ ഡോൺ മിയാങ് അന്തർദേശീയ വിമാനത്താവളത്തിലാണ് (Don Mueang International എയർപോർട്ട് -DMK ) ഞങ്ങൾ വിമാനമിറങ്ങിയിരിക്കുന്നത്. 1914 ൽ പ്രവർത്തനമാരംഭിച്ച DMK വളരെ തിരക്കുള്ളൊരു വിമാനത്താവളമാണ്. കുറഞ്ഞ നിരക്കുള്ള യാത്രാവിമാനങ്ങളാണ് ഇവിടെ കൂടുതൽ യാത്രകൾ നടത്തുന്നത്. എന്നാൽ ബാങ്കോക്ക് നഗരത്തിലെ പ്രധാന അന്തർദ്ദേശീയവിമാനത്താവളം 2006 സെപ്റ്റംബർ 28 നു പ്രവർത്തനമാരംഭിച്ച 'സുവർണ്ണഭൂമി അന്തർദ്ദേശീയ വിമാനത്താവളം'ആണ്.
ഏതാനും ദിവസത്തേക്ക് ഇവിടേക്കു വരാൻ ഓൺലൈൻ വിസ സൗകര്യമുണ്ട്. കൂടാതെ വിസ ഓൺ അറൈവലും. ഞങ്ങൾക്ക് ടൂർ ഗ്രൂപ്പ് തന്നെ വിസയുടെ കാര്യങ്ങളൊക്കെ ചെയ്തിരുന്നു. അതിനാൽ അതിന്റെതായ ബുദ്ധിമുട്ടുകളൊന്നും അറിയേണ്ടിവന്നില്ല.
നമ്മുടെ സമയത്തേക്കാൾ ഒന്നരമണിക്കൂർ മുന്നിലാണ് ഞങ്ങൾ സന്ദർശിക്കുന്ന നാലുരാജ്യങ്ങളുടെയും സമയം. ലാൻഡിംഗ് തായ്‌ലൻഡ് സമയം ആറുമണികഴിഞ്ഞിരുന്നു. ഏതാണ്ട് ഒരേ സമയം പല ഫ്ലൈറ്റുകളും ഇവിടെ ലാൻഡ് ചെയ്യുന്നുവെന്നതിനാൽ ഇമ്മിഗ്രേഷനും മറ്റുമായി പ്രതീക്ഷിച്ചതിൽകൂടുതൽ സമയമെടുത്തു പുറത്തുകടക്കാൻ. ഒന്നരമണിക്കൂർ നഷ്ടമായി. സഹയാത്രികരെ കാത്തിരിക്കുന്ന സമയത്ത് അവിടുത്തെ വൃത്തിയാക്കൽ പ്രവൃത്തി നോക്കിയിരുന്നു. മനുഷ്യസഹായമില്ലാതെ ഒരു യന്ത്രം കൃത്യമായി തന്റെ ജോലിചെയ്തുകൊണ്ടിരുന്നു. തറയൊക്കെ വെട്ടിത്തിളങ്ങുന്നുണ്ട്. മറ്റൊരുഭാഗത്ത് പെൺകുട്ടികൾ കൂടിച്ചേർന്നിരുന്നു മേക്കപ്പ് ചെയ്യുന്നതും കണ്ടു. മുഖത്തൊക്കെ കുറെയധികം ക്രീമുകളും മറ്റും തേച്ച് സുന്ദരമാക്കി ഒരു വിഗ്ഗും എടുത്തുവെച്ചുകഴിഞ്ഞാൽ ആദ്യം കണ്ട ആളേ അല്ലാതാവുന്ന ഇന്ദ്രജാലം എനിക്കു നന്നേ ഇഷ്ടമായി.
എല്ലാവരും എത്തിയശേഷം ഞങ്ങൾ പുറത്തേക്കു കടന്നു. അവിടെ ആനി എന്നുപേരുള്ള മാലാഖയെപ്പോലൊരു പെൺകുട്ടി സഞ്ചാരത്തിന്റെ കൊടിയുമായി ഞങ്ങളെക്കാത്തു നിന്നിരുന്നു. ഒന്നരമണിക്കൂറോളം വൈകിയത് യാത്രയുടെ കാര്യക്രമത്തിൽ വളരെ മാറ്റങ്ങളുണ്ടാക്കി. ഞങ്ങൾക്കായി കാത്തുകിടന്ന ബസ്സിൽ ലഗ്ഗേജ് കയറ്റിയശേഷം സുന്ദരമായ പാതയിൽക്കൂടി ഞങ്ങളെ വഹിച്ചുകൊണ്ട് ബസ്സ് ഓടിത്തുടങ്ങി. അല്പസമയത്തിനുള്ളിൽ പ്രഭാതകൃത്യങ്ങൾക്കായി എല്ലാവർക്കും മുറികൾ തരപ്പെടുത്തിയിരുന്ന ഹോട്ടൽ സിയാനിൽ എത്തി. പക്ഷേ സമയം വൈകിയതിനാൽ കുളിക്കാനുള്ള സാവകാശം കിട്ടിയില്ല. പ്രഭാതഭക്ഷണം കഴിച്ച് വീണ്ടും ബസ്സിൽ. പാതയ്ക്കിരുവശവും സുന്ദരമായ പട്ടണക്കാഴ്ചകൾ. പല സ്ഥാപനങ്ങളുടെയും പേരുകൾക്കും ഇന്ത്യൻപേരുകളുമായി സാമ്യം തോന്നിയിരുന്നു.
1949 ലാണ് സയാം എന്ന രാജ്യം തായ്‌ലൻഡ് എന്ന പേരു സ്വീകരിച്ചത്. “തായ്” എന്ന വാക്കിന് സ്വാതന്ത്യം എന്നാണ് അർത്ഥം. ഞങ്ങൾ സന്ദർശിക്കുന്ന നാലുരാജ്യങ്ങളിൽ യൂറോപ്യൻ അധിനിവേശത്തിനു വിധേയമാകാത്ത ഏകരാജ്യമാണ് തായ്‌ലൻഡ്. സ്വാതന്ത്ര്യത്തിന്റെ നാട് എന്നർത്ഥമുള്ള തായ്-ലാൻഡ് എന്ന പേരുനൽകിയത് അതിനാലാവാം. പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പംതന്നെ നൂതനാശയങ്ങളോടും ആധുനികജീവിതചര്യകളോടും നിഷേധാത്മകമാകാതെ തുറന്ന സമീപനമാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. എല്ലാ അർത്ഥത്തിലും ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന് ഈ രാജ്യം എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നത് ഈ രാജ്യത്തിന് ലഭിച്ചിട്ടുള്ള ദുഷ്പ്പേരിനും ഒരർത്ഥത്തിൽ കാരണമാകുന്നുണ്ട്. അതിനാൽത്തന്നെ മുമ്പൊക്കെ ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ് എന്നിവിടങ്ങളിലേക്കൊക്കെ പോകുന്നവരെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നില്ല ആളുകൾക്ക്. പക്ഷേ ഇപ്പോൾ ആ അഭിപ്രായങ്ങളൊക്കെ മാറിവരുന്നുണ്ട്.
സയാം എന്ന രാജ്യത്തെക്കുറിച്ച് നമ്മളറിയുന്നത് 'വെള്ളാനകളുടെ നാട്' എന്നുകൂടിയാണല്ലോ. അതിനാൽത്തന്നെ വെള്ളാനകളെ കാണാനുള്ള ആഗ്രഹവും ഒട്ടും കുറവായിരുന്നില്ല. വെള്ളാനകൾ പവിത്രവും രാജകീയപദവിയുടെ പ്രതീകവുമാണ്. എന്നാൽ മറ്റാനകളെക്കൊണ്ടുള്ളതുപോലെ ഇവയെക്കൊണ്ട് ഒരു പ്രായോജനവുമില്ലാതാനും. ഇവയെ പോറ്റാനാണെങ്കിൽ വളരെയധികം പണച്ചെലവും . അതിനാലാണ് പണച്ചെലവേറിയതും എന്നാൽ ഉപയോഗശൂന്യവുമായതിനെ വെള്ളാനകൾ എന്നുവിളിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ നാടും തീർച്ചയായും 'വെള്ളാനകളുടെ നാടു' തന്നെ!
ഈ രാജ്യവുമായി ബന്ധപ്പെട്ട് നമുക്ക് പരിചിതമായ മറ്റൊരു പ്രയോഗം 'സയാമീസ് ഇരട്ടകൾ' എന്നതാണല്ലോ. 1811 ൽ തായ്‌ലൻഡിൽ ജനിച്ച ചാങ് ബങ്കർ , എങ് ബങ്കർ എന്നിവരായിരുന്നു ആദ്യമായി ആധുനികസമൂഹം കണ്ട സംയോജിത ഇരട്ടകൾ എന്നതാണ് അതിനു കാരണം. പക്ഷേ ഇന്ന് ഈ പ്രയോഗം കാലഹരണപ്പെട്ടു എന്നുതന്നെയല്ല, കുറ്റകരവുമാണ്.
ബസ്സ് ഏതാണ്ട് അരമണിക്കൂറിലധികം ഓടിഎത്തിയത് ' ടൈഗർ ടോപിയ' എന്ന കടുവസംരക്ഷണകേന്ദ്രത്തിലേക്കാണ്. അവിടെ കടുവയോട് അടുത്തിടപെടുകയും കടുവയുമൊത്തുള്ള ചിത്രമെടുക്കുകയുമാണ് ലക്‌ഷ്യം.
No comments:
Post a Comment