10. ലുവാങ് പ്രബാങിലെ ഒരിക്കലും മറക്കാത്ത ഒരു പ്രഭാതം
===============================
തായ്‌ലാൻഡും മ്യാന്മറും ചൈനയും വിയറ്റ്നാമും കമ്പോഡിയും ചേർന്ന് പൂർണ്ണമായും അതിർത്തികൾ പങ്കിടുന്ന ഒരു കൊച്ചു രാജ്യമാണ് ലാവോസ്. കടല്‍ത്തീരമില്ലെങ്കിലും മലകളും കാടുകളും മരങ്ങളും പുഴകളുമെല്ലാം ധാരാളമുള്ള സുന്ദരമായ നാടാണിത്. പ്രധാന നദിയായ മീകോങ് നദിയിലും കൈവഴികളിലുമായി ധാരാളം ദ്വീപുകളുമുണ്ട്.
ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ൽ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങൾക്കു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിഅധികാരത്തിലെത്തി. ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളിലൊന്നാണ് ലാവോസിലേത്. ചൈന, വിയറ്റ്‌നാം, ക്യൂബ, വടക്കന്‍ കൊറിയ എന്നിവരുടെ കൂട്ടത്തിലാണ് ലാവോസിന്റേയും സ്ഥാനം. 'ലാവോ പീപിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്' എന്നാണ് ലാവോസിന്റെ ഔദ്യോഗികമായ പേര്. ഈ മനോഹരമായ മണ്ണിൽ രണ്ടേരണ്ടു ദിവസങ്ങൾ മാത്രമാണ് എനിക്കു ചെലവിടാനായത്. എങ്കിലും അവിടെക്കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളും ഓർമ്മയുടെ അക്ഷയഖനികളിൽ സ്ഥാനം പിടിച്ചവയാണ്.
ഫെബ്രുവരി മാസത്തിലെ ഒരു സായംസന്ധ്യയിലാണ് ലാവോസിലെ ലുവാങ് പ്രബാങ് എന്ന പൈതൃകനഗരത്തിൽ വിമാനമിറങ്ങിയത്. 1975-ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ എത്തുന്നതുവരെ ലാവോസ് സാമ്രാജ്യത്തിന്റെ രാജകീയ ആസ്ഥാനവും ഭരണ സിരാകേന്ദ്രവുമായിരുന്നു ലുവാങ് പ്രബാങ്. ഈ വിമാനത്താവളം കണ്ടാൽ നമ്മുടെ നാട്ടിലെ ഒരു ബസ്സ്റ്റാൻഡ് പോലെയേ തോന്നുകയുള്ളൂ. അവിടെനിന്നു താമസമേർപ്പാടാക്കിയിരിക്കുന്ന റിസോർട്ടിലേക്കുള്ള പൊടിപറക്കുന്ന പാതയിലൂടെയുള്ള യാത്ര അരനൂറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടിലെ ഏതോ ഒരു കുഗ്രാമത്തിലൂടെയുള്ള സഞ്ചാരത്തെയാണ് ഓർമ്മിപ്പിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ഇരുവശവും ചെറിയ പെട്ടിക്കടകളും പുല്ലും ഓടും മേഞ്ഞ കൊച്ചുകൊച്ചു വീടുകളും പുഷ്പഫലസമ്പന്നമായ സസ്യലതാദികൾ നിറഞ്ഞ തൊടികളുമൊക്കയാണ്. കണിക്കൊന്നയും മാവുമൊക്കെ ഇലകൾപോലും കാണാൻ കഴിയാതെ നിറയെ പൂക്കളുമായി എല്ലായിടത്തും ഐശ്വര്യത്തോടെ നിൽക്കുന്നു. ചെറിയ തൈമാവുകൾപോലും പൂക്കാലം ശിരസ്സിലേന്തിനിൽക്കുന്ന കാഴ്ച! ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ, നീണ്ടുപോകുന്ന പാതയുടെ അങ്ങേയറ്റത്തായി ഇരുളിന്നഗാധതയിലേക്കു മുങ്ങിത്താഴാനായി ചുവപ്പിൽക്കുളിച്ചുനിൽക്കുന്ന അസ്തമയസൂര്യൻ.
ഒരു ദീർഘയാത്രയുടെ ക്ഷീണമുണ്ടായിരുന്നതുകൊണ്ടു നേരത്തെതന്നെ ഉറങ്ങിയിരുന്നു. രാവിലെ നാലുമണിക്കുതന്നെ ഉണർന്നു. ഒരു കാഴ്ചകാണാൻ പോവുകയാണ്. ഈ തണുത്ത വെളുപ്പാൻകാലത്ത് ആരോഗ്യപ്രശ്നങ്ങളെയൊന്നും വകവയ്ക്കാതെ ചുറുചുറുക്കോടെ വാൻ പോലെയുള്ളൊരു വാഹനത്തിൽ കയറി. റോഡിൽ പൊടി നിറഞ്ഞിട്ടുണ്ടെങ്കിലും വണ്ടികളൊക്കെ ഇപ്പോൾ ഷോറൂമിൽനിന്നു കൊണ്ടുവന്നതാണെന്നു തോന്നിപ്പോകുന്നതുപോലെ വെട്ടിത്തിളങ്ങി മനോഹരമായിരിക്കുന്നു. 'തക് ബാത്' എന്നൊരാചാരം എല്ലാദിവസവും പുലർകാലത്ത് ഇവിടെ അരങ്ങേറുന്നുണ്ട് . അതിനു സാക്ഷ്യംവഹിക്കാനും തരപ്പെട്ടാൽ അതിൽ ഭാഗഭാക്കാകാനുമാണ് ഇപ്പോഴത്തെ യാത്ര. ആറരയോടെ ചടങ്ങവസാനിക്കും.
ഇതെന്താണെന്നല്ലേ ? പറയാം.
ഇന്നാട്ടിലെ മൊണാസ്ട്രികളിലും ബുദ്ധവിഹാരങ്ങളിലുമൊക്കെയുള്ള ബുദ്ധസന്യാസിമാർ അതിരാവിലെ ഭിക്ഷാടനത്തിനിറങ്ങുന്ന ചടങ്ങാണിത്. എല്ലാദിവസവും ഉദയത്തിനുമുന്നേതന്നെ വഴിയോരത്ത് തങ്ങൾക്കു നൽകാൻ കഴിയുന്നതിൽ ഏറ്റവുംനല്ല ഭക്ഷണവുമായി നാട്ടുകാർ ഭക്ത്യാദരങ്ങളോടെ കാത്തിരിക്കും. നിരനിരയായി നടന്നുവരുന്ന കഷായവസ്ത്രധാരികളായ ഭിക്ഷുക്കൾ ഭക്ഷണം സ്വീകരിച്ച് തങ്ങളുടെ തോളിൽ തൂക്കിയിട്ടിരിക്കുന്ന പാത്രങ്ങളിൽ ശേഖരിച്ചു മടങ്ങിപ്പോകും. യുട്യൂബിലൊക്കെ ഇതിനെക്കുറിച്ചുള്ള വ്‌ളോഗുകൾ പലതും കണ്ടിട്ടുണ്ടെകിലും ഇപ്പോൾ ഇത് നേരിൽക്കാണാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു.
മതപരവും ആത്മീയസ്വഭാവമുള്ളതുമായൊരു ചടങ്ങായതുകൊണ്ടു ശരീരം നന്നായി മറയുന്നവിധത്തിൽ വസ്ത്രം ധരിക്കണമെന്നു നിർദ്ദേശമുണ്ടായിരുന്നു.
തേരവാദ ബുദ്ധിസം (പരമ്പരാഗത ബുദ്ധമതതത്വങ്ങങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന യാഥാസ്ഥികബുദ്ധമതവിഭാഗം) ലാവോസിൽ പ്രചാരത്തിലായ പതിനാലാം നൂറ്റാണ്ടുമുതൽ ഈ ചടങ്ങു നടക്കുന്നു എന്നാണ് ചരിത്രഭാഷ്യം. ഈ വിഭാഗത്തിൽ സന്യാസിമാരും സാധാരണക്കാരും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇത് പരസ്പരപിന്തുണയുടെ മാർഗ്ഗമാണ്. സന്യാസിമാർ അറിവും ബുദ്ധതത്വങ്ങളും ആത്മീയദർശനങ്ങളും ജനങ്ങൾക്ക് പകർന്നുനൽകുന്നു. സാധാരണജങ്ങളാകട്ടെ, സന്ന്യാസിമാർക്ക് അവർക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റുവസ്തുക്കളും നിറഞ്ഞമനസ്സോടെ തങ്ങളുടെ അവകാശമെന്ന രീതിയിൽ നൽകുന്നു. ശ്രീബുദ്ധനോടുള്ള ആരാധനയും ബുദ്ധമതതത്വങ്ങളോടുള്ള ആദരവും അഭിനിവേശവുമൊക്കെയാണ് തദ്ദേശീയരെ ഇത്തരമൊരു പുണ്യപ്രവൃത്തിയിലേക്കു പ്രേരിപ്പിക്കുന്നത്. അതുചെയ്യുന്നതാവട്ടെ അങ്ങേയറ്റം ആത്മസമർപ്പണത്തോടെയാണെന്നും മനസ്സിലാക്കാനാവും.
മീകോങ് നദീതീരത്തോടുചേർന്നുള്ള ചെറിയമലഞ്ചെരുവിലെ ചുരംപോലുള്ള പാതയുടെ താഴെഭാഗത്താണ് വാഹനങ്ങൾ പാർക്കുചെയ്തത് ഞങ്ങൾ മുകളിലേക്കുനടന്ന് മൊണാസ്ട്രിയും ക്ഷേത്രങ്ങളുമൊക്കെയുള്ള തെരുവിലാണ് നിലയുറപ്പിച്ചത്. വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പാതയുടെ വശത്തെ നടപ്പാതയിൽ കാർപ്പറ്റ് വിരിച്ചതിനുമേൽ നിരവധി ചെറിയ സ്റ്റൂളുകൾ നിരത്തിയിരിക്കുന്നു. അതിൽ ഇരുന്നുവേണം ദാനധർമ്മം നടത്തേണ്ടത്. സഞ്ചാരികളായി അവിടെവന്നിരിക്കുന്ന വിദേശികൾക്കും ഈ ചടങ്ങിൽ പങ്കുചേരാം.
ദാനം ചെയ്യാനുള്ള ചോറും പലഹാരങ്ങളും പഴങ്ങളുമൊക്കെ അടങ്ങിയ കൂടകൾ വിൽക്കാനായി കുറച്ചുപേർ നിൽക്കുന്നുണ്ട്. ഒരെണ്ണം വാങ്ങി, പാദരക്ഷകൾ ഊരിവെച്ച് ഒരു സ്റ്റൂളിൽ ഇരിക്കാം. സന്യാസിമാർ വരുമ്പോൾ ഓരോരുത്തരുടെയും കൈയിലുള്ള പാത്രത്തിലോ സഞ്ചിയിലോ അല്പാല്പമായി അത് നിക്ഷേപിച്ചാൽ മതി.
ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നവരിൽ ചിലരും തക് ബാത്തിൽ പങ്കുചേരാൻ ഭക്ഷണക്കൂടയും വാങ്ങി സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു. ഈ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തുന്നവർ തികഞ്ഞ നിശ്ശബ്ദത പാലിച്ച് അച്ചടക്കത്തോടെ നിൽക്കേണ്ടതുണ്ട്. ഫോട്ടോയും വീഡിയോയും എടുക്കാം. പക്ഷേ ഫ്ലാഷ്ലൈറ്റ് പാടില്ല.
സമയം കടന്നുപോകുന്നു. തെരുവുനിറയെ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു. നിൽക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥ. സന്യാസിമാരെ സ്പർശിക്കാതിരിക്കാൻ തെരുവിൽ കയറുകൊണ്ട് ഒരു അതിർത്തിരേഖ സൃഷ്ടിച്ചിരുന്നു. അങ്ങനെയിരിക്കെ അതാ കുങ്കുമനിറത്തിലെ വസ്ത്രം ധരിച്ച് നഗ്നപാദരായി പലപ്രായത്തിലുള്ള സന്യാസിമാർ നിശ്ശബ്ദരായി നടന്നുവരുന്നു. മുഖത്തു ശാന്തതയുടെ അവരണമണിഞ്ഞ നേർത്ത മന്ദസ്മിതം. ഓരോരുത്തരിൽനിന്നായി ഭിക്ഷ സ്വീകരിച്ച് വണങ്ങി അവർ കടന്നുപോകുന്നു. ശ്വാസമടക്കി എല്ലാവരും അത് കണ്ടുനിന്നു. ഒടുവിലത്തെ സന്യാസിയും ഭക്ഷവാങ്ങി നടന്നുമറഞ്ഞപ്പോൾ ഞങ്ങളും പതിയെ ക്ഷേത്രങ്ങളും മൊണാസ്ട്രിയുമൊക്കെ ഒന്ന് കണ്ടുവരാമെന്നു കരുതി നടന്നു. നാടിൻറെ വാസ്തുവൈദഗ്ധ്യം പ്രകടമാക്കുന്നവിധമായിരുന്നു അവയുടെയൊക്കെ നിർമ്മിതി.
കുറേസമയം നടന്നശേഷം മറ്റൊരു ദൃശ്യവിസ്മയം അനുഭവേദ്യമാക്കുന്നതിനായി മുന്നോട്ടു നടന്നു. ലക്‌ഷ്യം ഇവിടുത്തെ മോർണിംഗ് മാർക്കറ്റ് ആണ്. ഈ ചന്ത, വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്രദം. രാവിലെ അഞ്ചുമണിമുതൽ പതിനൊന്നുതുമണിവരെയാണ് ഈ ചന്ത പ്രവർത്തിക്കുന്നത്. തദ്ദേശീയരുടെ കൃഷിയിടങ്ങളിൽ വിളയുന്ന പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും പിന്നെ മത്സ്യമാംസാദികളും പലചരക്കുസാധനങ്ങളും കൗതുകവസ്തുക്കളും കരകൗശലോത്പന്നങ്ങളും ഒക്കെ ഇവിടെ നമുക്ക് വാങ്ങാനാവും. തെരുവോരങ്ങളിൽ അവയൊക്കെ നിരത്തിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ കാണുന്ന മിക്കവാറും പഴങ്ങളും പച്ചക്കറികളും ഇവിടെയുമുണ്ട്. നമുക്ക് പരിചിതമല്ലാത്ത ധാരാളം ഇനങ്ങളും ധാരാളമുണ്ട്. വെളുത്തുള്ളി, സവാള, ഇഞ്ചി, തക്കാളി ഒക്കെ വളരെ വലുപ്പമുള്ളവയാണ്. കാന്താരിയും നല്ല നീളമുള്ളവയാണ്. പുറന്തൊലി ചെത്തിക്കളഞ്ഞു കഷണങ്ങളാക്കിവെച്ചിരിക്കുന്ന ഇടിഞ്ചക്കയും വില്പനയ്ക്കുണ്ട്. കോഴികളെ കൊന്നു തൂവലൊക്കെ കളഞ്ഞു കാലുൾപ്പെടെ നിരത്തിവെച്ചിരിക്കുന്നതുകണ്ടു. കോഴിക്കാൽ ഇട്ട് സൂപ്പുണ്ടാക്കുമത്രേ! മീകോങ് നദിയിലെ മത്സ്യങ്ങളുൾപ്പെടെ പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വാങ്ങാനെത്തുന്നവർക്ക് അത് ചൂടോടെ കഴിക്കാനാവും. നടന്നിട്ടും നടന്നിട്ടും തീരാത്തതുപോലെ വഴികൾപിരിഞ്ഞു ചന്തയിങ്ങനെ നീണ്ടുപോവുകയാണ്. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ഞങ്ങളും നടന്നുമുന്നേറുന്നു.
No comments:
Post a Comment