ചക്രവർത്തിയും മുയലുകളും
.
ലോകത്തിന്റെ വലിയൊരു ഭാഗത്തെ യുദ്ധങ്ങളിലൂടെ വിറപ്പിച്ച മഹാനായ ചക്രവർത്തിയെ വിശന്നുവന്ന മുയലുകൾ കൂട്ടമായച്ചേർന്ന് ഓടിച്ചു എന്നു പറഞ്ഞാൽ നമുക്കു വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുതോന്നും. എന്നാൽ അങ്ങനെയും സംഭവിച്ചിരുന്നു.
ഫ്രാൻസിന്റെ ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിനെയാണ് മുയലുകൾ തുരത്തിയോടിച്ച്ത്.
1807-ൽ, യുദ്ധവിജയത്തിനുശേഷം ആഘോഷത്തിന്റെ ഭാഗമായി നെപ്പോളിയനുവേണ്ടി ഒരു മുയൽവേട്ട സംഘടിപ്പിച്ചുവെന്നാണ് പ്രസിദ്ധമായ കഥ. അദ്ദേഹത്തിന്റെ സൈനിക സഹായി അലക്സാണ്ടർ ബെർത്തിയേർ വേട്ടയ്ക്കായി മുയലുകളെ എത്തിച്ചു.
മുയലുകളെ തുറന്നുവിട്ടപ്പോൾ അവ കാട്ടുമുയലുകളെപ്പോലെ പേടിച്ചോടിയില്ല. പകരം, മനുഷ്യർ ഭക്ഷണം നൽകുമെന്ന പ്രതീക്ഷയിൽ നെപ്പോളിയന്റെയും കൂട്ടരുടെയും അടുത്തേക്ക് കൂട്ടത്തോടെ ഓടിയെത്തി!
വിശന്നുവലഞ്ഞ മുയലുകൾ ചക്രവർത്തിയുടെ കാലുകളിലും വസ്ത്രങ്ങളിലും ചാടിക്കയറിയപ്പോൾ വേട്ടക്കാരുടെ പ്രതീക്ഷകൾ തകിടംമറിഞ്ഞു. ഒടുവിൽ നെപ്പോളിയൻ ഓടി തന്റെ വാഹനത്തിൽ കയറി അഘോഷങ്ങളിൽനിന്ന് പിൻവാങ്ങേണ്ടിവന്നുവെന്നാണ് കഥ.
അധികാരത്തിനും ശക്തിക്കും അപ്പുറം ജീവിതത്തിന് അതിന്റേതായ നർമമുണ്ട് എന്നാണ് ഈ കഥ നമ്മോടു പറയുന്നത്. നമ്മളെ ഓർമ്മപ്പെടുത്തുന്നത്, ലോകം കീഴടക്കാൻ പുറപ്പെടുന്നവർക്കുപോലും ചിലപ്പോൾ ഏറ്റവും ദുർബലരായവർക്കുമുന്നിൽ തോൽക്കേണ്ടിവരും എന്നാണ്!
No comments:
Post a Comment