Friday, June 26, 2026

എഴുത്തകം - ആശംസ

 "Together, Not Alone"

പുതുമുഖ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുകയും, സാഹിത്യസ്നേഹികളെ ഒരു പൊതുവേദിയിൽ കൂട്ടിയിണക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ 'ഫിലമെന്റ് കലാസാഹിത്യവേദി' കേരളത്തിലങ്ങോളമിങ്ങോളം   ചുരുങ്ങിയ കാലത്തിനുള്ളിൽ കാഴ്ചവെച്ച നിസ്തുലമായ കലാസാഹിത്യപ്രവർത്തനങ്ങൾ എക്കാലവും ശ്ലാഘിക്കപ്പെടേണ്ടതാണ്. "ഒരുമയാണ് സൃഷ്ടിയുടെ ശക്തി." എന്ന ആശയം മുൻനിർത്തി, കലാസാഹിത്യപ്രവർത്തകർക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന്, സർവ്വവിധ പ്രോത്സാഹനങ്ങളും നൽകുന്ന മഹനീയമായ    ദൗത്യത്തിന്റെ മറ്റൊരു മനോഹരമായ അധ്യായമാണ് 'ഫിലമെന്റ് കലാസാഹിത്യവേദി, ഇടുക്കിജില്ല യുണിറ്റ്' മലയാളസാഹിത്യലോകത്തിനു  സമർപ്പിക്കുന്ന 33 എഴുത്തുകാരുടെ സർഗാത്മകസംഗമമായ   'എഴുത്തകം' എന്ന കഥാസമാഹാരം. ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്ന മുപ്പത്തിമൂന്നു  കഥകൾ—ഓരോന്നും വ്യത്യസ്തമായ അനുഭവവും വ്യത്യസ്തമായ ആവിഷ്‌കാരവും സമ്മാനിക്കുന്നു.


ഈ എഴുത്തകത്തിന്റെ ഓരോ അറകളിലും നിങ്ങൾ കണ്ടുമുട്ടുന്നത് കേവലം കഥകളല്ല, മനുഷ്യജീവിതത്തിന്റെ അനേകം മുഖങ്ങളെയാണ്. ചില കഥകൾ നിങ്ങളെ പുഞ്ചിരിപ്പിക്കും, ചിലത് ഹൃദയത്തെ നനയ്ക്കും, ചിലത് അസ്വസ്ഥമാക്കും, ചിലത് പുതിയ ചിന്തകളിലേക്ക് കൈപിടിച്ചുനടത്തും.  സ്നേഹവും നഷ്ടവും, പ്രതീക്ഷയും പോരാട്ടവും, പ്രകൃതിയും മനുഷ്യനും, ഗ്രാമവും നഗരവും, ബന്ധങ്ങളുടെ സങ്കീർണതകളും സാമൂഹിക യാഥാർഥ്യങ്ങളും ഈ കഥകളിൽ പല നിറങ്ങളിലായി വിരിയുന്നു. ശൈലിയിലും പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തരായ എഴുത്തുകാർ ഒരുമിക്കുമ്പോൾ രൂപപ്പെടുന്ന വൈവിധ്യമാണ് ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവിടെ സാഹിത്യം വെറും വിനോദമല്ല; അത് മനുഷ്യഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യമായൊരു സേതുബന്ധമാണ്; ഒരു ജനതയുടെ സാംസ്കാരികമായ അന്തഃസത്തയുടെ നേർക്കാഴ്ചകളാണ്. ഒരു ഗ്രന്ഥം വായിച്ച്   അടച്ചുവെച്ചശേഷവും അത്  മനസ്സിൽ അവശേഷിപ്പിക്കുന്ന  വ്യത്യസ്താശയങ്ങളുടെയും അനുഭൂതിവിശേഷങ്ങളുടെയും  അനുരണനമാണ് ആ ഗ്രന്ഥത്തിന്റെ വിജയം നിശ്ചയിക്കുന്നത്.  ഈ കഥാസമാഹാരത്തിന്റെ യഥാർത്ഥശക്തി കുടിയിരിക്കുന്നത്  അതിലെ ഓരോ കഥയും അനുവാചകഹൃദയങ്ങളിൽ ഉയർത്തുന്ന  പ്രതിധ്വനിയിലാണ് . 



'എഴുത്തകം' വായനക്കാരുടെ കൈകളിൽ നിന്ന് മനസ്സുകളിലേക്ക് ജൈത്രയാത്ര തുടരട്ടെ, അതിലെ ഓരോ രചയിതാവും  പുതിയ അനുവാചകരെ  കണ്ടെത്തട്ടെ, ഫിലമെന്റ് കലാസാഹിത്യവേദിയുടെ ഇടുക്കി ജില്ലാ യൂണിറ്റിന് ഈ സംരംഭം ഒരു നാഴികക്കല്ലാകട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഒപ്പം 'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി' ഇനിയുമൊരുപാടുദൂരം 'ഫിലമെന്റ് കലാസാഹിത്യവേദി' മലയാളസാഹിത്യസരണിയിൽ സാർത്ഥകപ്രയാണം തുടരട്ടെ എന്നാശംസിക്കുന്നു. 


സ്നേഹാദരങ്ങളോടെ,

മിനി മോഹനൻ.