Saturday, September 19, 2026

 ലോലം

======

ലോലമെന്നതു പുലരിയാണെന്നു 

കരുതിയെന്നുടെ ബാല്യകാലത്തിൽ!  

എത്ര ലോലമീ ബാലസൂര്യന്റെ 

കൈവിരൽസ്പർശമെന്നതോർക്കുമ്പോൾ,

ലോലമാം കളകൂജനങ്ങളാൽ

പക്ഷികൾ സുപ്രഭാതമോതുമ്പോൾ,

മഞ്ഞുതുള്ളിതൻ നേർത്ത ചുംബനം 

പൂവിതൾത്തുമ്പിലിറ്റു വീഴുമ്പോൾ, 

പൈക്കിടാവിന്റെ പശിയടക്കുവാൻ 

അകിടിലമ്മതൻ സ്നേഹമൂറുമ്പോൾ,

ചിതറിവീഴുന്ന ചെറുമഴത്തുള്ളി-

നൂലുകൾ ശീതസ്പർശമേകുമ്പോൾ,

തഴുകി മെല്ലെക്കടന്നുപോകുന്ന 

കാറ്റുചൊല്ലുന്ന കഥകൾ കേൾക്കുമ്പോൾ,

മുകളിലാകാശവീഥിയിൽ വെള്ള-

മേഘജാലങ്ങൾ മേഞ്ഞുപോകുമ്പോൾ, 

പ്രകൃതിവീണയിൽ   ലോലഭാവങ്ങൾ 

പുലരിതൻ സ്നേഹതന്തി മീട്ടുന്നു. 

ശബളരാഗസുധാരവങ്ങളിൽ

അലിഞ്ഞുപോയ്  ഞാനുമൊരു തരംഗമായ്! 

.....................മിനി മോഹനൻ  

Thursday, September 17, 2026

കയറും കുറ്റിയുമില്ലാത്ത ഒട്ടകം

കയറും കുറ്റിയുമില്ലാത്ത ഒട്ടകം 

=========================

പണ്ടുപണ്ടൊരിക്കൽ  ഒരു വലിയ വ്യാപാരസംഘം ഉപ്പുവിൽക്കുന്നതിനായി  നൂറോളം ഒട്ടകങ്ങളുമായി ആഫ്രിക്കയുടെ വടക്കുഭാഗത്തുള്ള സഹാറാമരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഇങ്ങനെപോകുന്ന വണിക്കുകളുടെ സംഘത്തെ കാരവൻ എന്നാണു വിളിച്ചിരുന്നത്. ടിംബക്തു എന്ന നഗരത്തിൽ ഉപ്പുവിൽക്കുന്നതിനായി അവർ  തെക്കുഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു.  ഉപ്പുവിറ്റ് പകരം  സ്വർണ്ണം വാങ്ങി അവർ തിരികെപ്പോകും. തെക്കുദിക്കിൽനിന്നു വരുന്ന  സ്വർണ്ണവ്യാപാരികളെത്തുന്നത് ഈ നഗരത്തിലാണ്. അന്നൊക്കെ ഉപ്പിനു സ്വർണ്ണത്തേക്കാൾ വിലയുണ്ടായിരുന്നു.  


വഴികൾ കൃത്യമായറിയുന്ന, 'തക്ഷീഫ്' എന്ന് വിളിപ്പേരുള്ള    വഴികാട്ടികൾ  മുമ്പേ പോകും. പിന്നാലെ കാരവനും. അന്നൊക്കെ  അവർക്ക്  യാത്ര പൂർത്തിയാക്കാൻ മാസങ്ങളോളം സമയമെടുത്തിരുന്നു.


അതിവിശാലമായ മരുഭൂമിയിൽ ചിലയിടങ്ങളിൽ മാത്രമേ ജലലഭ്യതയുണ്ടാകൂ. ആ മരുപ്പച്ചകളുടെ  പ്രദേശങ്ങളെ ഒയാസിസ് എന്നാണു വിളിച്ചിരുന്നത്. രാത്രിവിശ്രമത്തിന്  ഇത്തരം മരുപ്പച്ചകളിലെ സത്രങ്ങളെയാണ് ആശ്രയിക്കാറുള്ളത്. അവിടെ ഭക്ഷണംകഴിച്ചു വിശ്രമിക്കുകയും    ഒട്ടകങ്ങൾക്കു ഭക്ഷണവും  വെള്ളവും  നൽകുകയും ചെയ്ത ശേഷം  അവർ യാത്ര തുടരുന്നത്. 


പകൽ മുഴുവൻ യാത്രചെയ്തശേഷം ഉപ്പുവ്യാപാരത്തിനു പോയ നമ്മുടെ  കാരവൻ സംഘം  രാത്രിയിൽ ഒരു സത്രത്തിലെത്തി. ഒട്ടകങ്ങൾക്കു വിശ്രമിക്കാനുള്ള താവളങ്ങളിൽ  ഓരോ ഒട്ടകത്തെയും കയറുകൊണ്ട് കുറ്റിയിൽ ബന്ധിച്ച് കിടത്തി. പക്ഷേ അവസാനം വന്ന ഒരു ഒട്ടകത്തിനെ ബന്ധിക്കാനുള്ള  കയറും കുറ്റിയും ഇല്ല!

രാത്രിയിൽ തണുപ്പ് കൂടുതലുള്ളതുകൊണ്ടു നഗരത്തിലെ കടകളൊക്കെ സന്ധ്യകഴിഞ്ഞപ്പോൾത്തന്നെ അടച്ചുപൂട്ടി, കച്ചവടക്കാർ വീടുകളിലേക്ക് പോയിരുന്നതുകൊണ്ടു പുതിയ കുറ്റിയും കയറും വാങ്ങാനുമായില്ല. ബന്ധിച്ചില്ലെങ്കിൽ ഒട്ടകം ഓടി മറ്റെവിടേക്കെങ്കിലും പോയെങ്കിലോ!


വ്യാപാരികൾ വിഷമിച്ച് സത്രത്തിന്റെ ഉടമയായ വൃദ്ധന്റെ അടുത്തെത്തി.


“ഞങ്ങളുടെ ഒരു ഒട്ടകത്തിന് കയറും കുറ്റിയും നഷ്ടപ്പെട്ടു. അതിനെ കെട്ടാതെയിരുന്നാൽ  രാത്രിയിൽ എങ്ങോട്ടെങ്കിലും പോയേക്കും.  കയറോ കുറ്റിയോ ആയി ഉപയോഗിക്കാൻ കഴിയുന്ന എന്തെങ്കിലും തരാമോ?”


വൃദ്ധൻ ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു .


“എന്റെ പക്കൽ കയറുമില്ല, കുറ്റിയുമില്ല.”


വ്യാപാരികൾ വീണ്ടും വിഷമിച്ചു.


അപ്പോൾ വൃദ്ധൻ പറഞ്ഞു:


“നിങ്ങൾ ഒട്ടകങ്ങളെ ഇത്രകാലം പരിപാലിച്ചിട്ടും  ഇത്രയും ചെറിയകാര്യം പഠിച്ചില്ലേ? പോയി ആ ഒട്ടകത്തെ പതിവുപോലെ കെട്ടുക.”


വ്യാപാരികൾ അമ്പരന്നു.


“കയറും കുറ്റിയും ഇല്ലാതെ എങ്ങനെ കെട്ടും!”


വൃദ്ധൻ പറഞ്ഞു:


“കുറ്റിയുള്ളതുപോലെ നിലത്ത് കുത്തുക. കയറുള്ളതുപോലെ ഒട്ടകത്തിന്റെ കഴുത്തിൽ ചുറ്റുക. കെട്ടിയതായി നടിക്കുക. പിന്നെ ‘കിടന്നുറങ്ങൂ’ എന്ന് പറയുക.”


അവർക്ക് വൃദ്ധന്റെ ബുദ്ധി മനസ്സിലായില്ല. എങ്കിലും വേറെ മാർഗമില്ലാത്തതിനാൽ അങ്ങനെ ചെയ്തു.


അവർ നിലത്ത് കുറ്റി അടിക്കുന്നതുപോലെ അഭിനയിച്ചു.

കയർ എടുത്ത് ഒട്ടകത്തിന്റെ കഴുത്തിൽ ചുറ്റുന്നതുപോലെയും  അഭിനയിച്ചു.

പിന്നെ മറ്റു ഒട്ടകങ്ങളോട് പറഞ്ഞതുപോലെ അതിനോടും കിടക്കാൻ പറഞ്ഞു.

അത്ഭുതം!

ഒട്ടകം കിടന്നു.

അവർക്ക് അതിശയം തോന്നി. പക്ഷേ നന്നേ ക്ഷീണിച്ചിരുന്നതിനാൽ  അതിനെക്കുറിച്ച് അധികം ചിന്തിക്കാതെ എല്ലാവരും ഉറങ്ങാൻ പോയി.


പിറ്റേന്ന് രാവിലെ യാത്ര തുടരാനുള്ള സമയമായി.


വ്യാപാരികൾ ഓരോ ഒട്ടകത്തിന്റെയും യഥാർത്ഥ കയറുകൾ അഴിച്ചു. കുറ്റികൾ ഊരി. ഒട്ടകങ്ങൾ ഒന്നൊന്നായി എഴുന്നേറ്റു.


പക്ഷേ…


 കയറും കുറ്റിയുമില്ലാതിരുന്ന ആ ഒരു ഒട്ടകംമാത്രം  എഴുന്നേറ്റില്ല!


അവർ അതിനെ  വിളിച്ചുനോക്കി. ഉന്തിയും തള്ളിയും അടികൊടുത്തും   എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. എന്തൊക്കെ ചെയ്തിട്ടും ഒട്ടകം അനങ്ങുന്നില്ല.


അവസാനം അവർ വീണ്ടും വൃദ്ധന്റെ അടുത്തെത്തി.


“ എന്താണ് ഈ ഒട്ടകത്തിന് സംഭവിച്ചത്? ഇന്നലെ രാത്രി  അങ്ങയുടെ  ഉപായം പ്രവർത്തിച്ചു. പക്ഷേ  ഇപ്പോൾ ഇത് എഴുന്നേൽക്കുന്നില്ല!”


വൃദ്ധൻ ചോദിച്ചു:


“കുറ്റി ഊരിയോ? കയർ അഴിച്ചോ?”


അവർ പറഞ്ഞു:


“അഴിച്ചെടുക്കാൻ അതിനു കുറ്റിയും കയറും അവിടെയില്ലല്ലോ ”


വൃദ്ധൻ ചിരിച്ചു.


“ഇന്നലെ രാത്രി നിങ്ങൾ കെട്ടിയതുപോലെ തന്നെ ഇന്ന് അഴിക്കൂ.”


അവർക്ക് കാര്യം മനസ്സിലായി.


അവർ വീണ്ടും കുറ്റി ഊരുന്നതുപോലെ അഭിനയിച്ചു. അതിനുശേഷം  കയർ അഴിക്കുന്നതുപോലെയും  അഭിനയിച്ചു.


അപ്പോൾ…ഒട്ടകം എഴുന്നേറ്റു!


മറ്റു ഒട്ടകങ്ങളോടൊപ്പം യാത്ര തുടരാൻ തയ്യാറായി.


വ്യാപാരികൾ അത്ഭുതപ്പെട്ടു.

“അങ്ങേയ്ക്ക് ഒട്ടകങ്ങളെക്കുറിച്ച് ഇത്ര വലിയ അറിവുണ്ടെന്ന് ഞങ്ങൾ കരുതിയില്ല!”


വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു:


“എനിക്ക് ഒട്ടകങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടല്ല ഇത് ചെയ്യാൻ കഴിഞ്ഞത്. മനുഷ്യരുടെ മനസ്സിനെക്കുറിച്ചുള്ള അറിവുകൊണ്ടാണ്.  നമ്മൾ മനസ്സിൽ വിശ്വസിച്ചുപോകുന്ന ചില കാര്യങ്ങൾ യഥാർത്ഥത്തിൽ നമ്മെ ബന്ധിച്ചിട്ടില്ലെങ്കിലും, ബന്ധിച്ചിരിക്കുന്നതുപോലെ നമ്മെ നിർത്തിയേക്കാം.

ഈ കഥയിൽ ഒട്ടകത്തെ ബന്ധിച്ചത് യഥാർത്ഥ കയറല്ല; അത് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന അതിന്റെ ധാരണയാണ്.”


ജ്ഞാനിയായ ആ വൃദ്ധനു നന്ദിപറഞ്ഞു വണങ്ങിയശേഷം ഒട്ടകങ്ങളുമായി വ്യാപാരിസംഘം യാത്രതുടർന്നു. 


Tuesday, September 1, 2026

വൈ ജൻ - സെഡ് ജെൻ ഓണാഘോഷം (metro mirror august issue )

 

വൈ ജൻ - സെഡ് ജെൻ ഓണാഘോഷം 

====================================.

ആധുനികജീവിതശൈലിയും നൂതനസങ്കേതികജ്ഞാനവും  മാറുന്ന സാമൂഹികബോധവും നമ്മുടെ ആഘോഷങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നതെന്നു നോക്കിക്കാണുന്നത് വളരെ കൗതുകമുള്ളൊരു കാര്യമാണ്. പറഞ്ഞാൽതീരാത്ത പഴങ്കഥകളുടെ  വർണ്ണത്തുടിപ്പും താളമേളങ്ങളും രുചിയോർമ്മകളും ഓരോ മലയാളിയുടേയും  ഹൃദയത്തിൽ ആഹ്ലാദം വാരിവിതറി വീണ്ടുമൊരോണക്കാലം വന്നെത്തിയിരിക്കുന്നു. വൈ ജെൻ, സെഡ്  ജെൻ എന്നൊക്കെ വേർതിരിക്കപ്പെട്ട പുതിയ തലമുറക്കാർ ഓണത്തെ സ്വാഗതം ചെയ്യുന്ന രീതി പഴയ  തലമുറയുടേതിൽനിന്ന്  എത്രയോ വ്യത്യസ്തമാണെന്നത് കാലത്തിന്റെ അനിവാര്യതയാണെന്നേ പറയേണ്ടൂ. 


ഓണം വരുമ്പോൾ കേരളത്തിന്റെ ഓർമ്മകളിൽ ആദ്യം തെളിയുന്നത് പൂവിളിയും പൂക്കളവും ഓണക്കോടിയും സദ്യയും ഊഞ്ഞാലും ഓണക്കളികളും തന്നെയാണ്. എന്നാൽ കാലം മാറുന്നതിനനുസരിച്ച് ഇവയുടെയൊക്കെ രൂപഭാവങ്ങൾ കാലാനുസൃതമായ പരിണാമങ്ങൾക്കു  വിധേയമായിക്കൊണ്ടിരിക്കുന്നു എന്നത് തികച്ചും വാസ്തവംതന്നെ. ഒരുകാലത്തു വീട്ടുമുറ്റങ്ങൾ വേദികൾ തീർത്തിരുന്ന ഓണാഘോഷം   ഇന്ന് ഫ്ലാറ്റുകളിലേക്കും നഗരങ്ങളിലേക്കും സാമൂഹികമാധ്യമങ്ങളിലേക്കും ഡിജിറ്റൽ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു.

പോയ കാലങ്ങളിൽ ദാരിദ്ര്യം നിത്യദുഃഖമായി ഒപ്പം കൊണ്ടുനടന്ന ഭൂരിഭാഗം വരുന്ന കേരളീയർക്ക് സമൃദ്ധിയുടെ ഓണക്കാലം വിശപ്പിനുമേൽ വെന്നികൊടിക്കൂറ പാറിക്കുന്ന സന്തോഷദിനങ്ങളായിരുന്നു. അതവർ ഹൃദയത്തിൽ എന്നെന്നും സൂക്ഷിക്കുകയും ചെയ്തു. പക്ഷേ  പുതിയ തലമുറയ്ക്ക് അത്തരം തീക്ഷ്ണമായ ദുഃഖാനുഭവങ്ങളൊന്നും സ്മരണവീഥികളിൽ കണ്ടെത്താനാവില്ല. മറിച്ച് ഓണക്കാലം അവർക്ക് വ്യത്യസ്തമായ ആഘോഷാനുഭവങ്ങളെ അല്പമെങ്കിലും കൃത്രിമത്വത്തോടെ ആസ്വദിക്കാനുള്ള വേദിയൊരുക്കുന്നു. പൂക്കളങ്ങളിലും ഓണക്കോടിയിലും ഓണക്കളികളിലും  ഓണസദ്യയിലുമൊക്കെ പുതുതലമുറയുടെ നവീനമായൊരു സൃഷ്ടിപരത നമുക്കിന്നു ദർശിക്കാനാവും . ഒരുകാലത്തു വീട്ടുമുറ്റങ്ങൾ വേദികൾതീർത്തിരുന്ന ഓണാഘോഷം  ഇന്ന് സ്ഥാപനങ്ങളിലേക്കും  ഫ്ലാറ്റുകളിലേക്കും നഗരങ്ങളിലേക്കും സാമൂഹികമാധ്യമങ്ങളിലേക്കും ഡിജിറ്റൽ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു. 


വിദൂരമായ ഇന്നലെകളിൽ   കുട്ടികൾ പൂക്കളമൊരുക്കാൻ  നാട്ടിലാകെ ഓടിനടന്നു പൂക്കൾ ശേഖരിച്ചിരുന്നു. ഇന്നാകട്ടെ പൂക്കൾ  വിലകൊടുത്തുവാങ്ങുന്ന പതിവായിട്ടുണ്ട്. മുറ്റത്തു ചാണകം മെഴുകിയൊരുക്കുന്ന കളത്തിനു മദ്ധ്യത്തിൽ മണ്ണുകുഴച്ചു മെനഞ്ഞെടുത്ത തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച്, അത്തം മുതൽ പത്തുനാളത്തേക്കു ചിട്ടകൾ പാലിച്ചു പൂക്കളമിട്ടിരുന്നു. ഇന്നിപ്പോൾ ഡിജിറ്റൽ ഡിസൈനിൽ എവിടെയും  എങ്ങനെയും പൂക്കളമിടുന്ന നൂതനരീതിയാണ്. വിവിധസംഘടനകളുടെ   മത്സരങ്ങളും തകൃതിയായി അരങ്ങേറുന്നു. ഇതിനെ പാരമ്പര്യത്തിന്റെ നഷ്ടമായി കാണേണ്ടതില്ല. പുതുതലമുറ പഴയ പൂക്കളത്തെ പുതിയ ആവിഷ്കാരസമൃദ്ധിയോടെ  സമീപിക്കുകയാണ്. പൂക്കളത്തിന്റെ  രൂപം, പൂക്കൾ, രീതി ഇവയൊക്കെ  മാറിയേക്കാം, പക്ഷേ ഒരുമിച്ച് പൂക്കളം ഒരുക്കുന്ന മനസ്സ് മാറുന്നില്ല  എന്നത് എത്ര ആശ്വാസകരമാണ്!


ആണ്ടിലൊരിക്കൽമാത്രം  വസ്ത്രം വാങ്ങിയിരുന്ന കാലത്ത് ഓണക്കോടി ഒരു പ്രതീക്ഷയും ആശ്വാസവുമായിരുന്നുവെങ്കിൽ ഇന്ന് ഓണക്കോടി ആർഭാടവും ആഡംബരവുമൊക്കെയായി മാറിയിരിക്കുന്നു. എങ്കിലും പുതുതലമുറയ്ക്ക് വിലയേറിയ ബ്രാൻഡഡ് വസ്ത്രം ധരിക്കണമെന്ന നിന്റർബ്ബന്ധമൊന്നുമില്ല.  കസവുമുണ്ടും സാരിയും മാത്രമല്ല, തങ്ങളുടെ സൗകര്യത്തിനും വ്യക്തിത്വത്തിനും അനുയോജ്യമായ വസ്ത്രങ്ങളിലൂടെയും അവർ ഓണത്തെ ആഘോഷിക്കുന്നു.


ഓണസദ്യയ്ക്ക് ഇന്നും അതേ പ്രാധാന്യമുണ്ട്. പക്ഷേ സദ്യയുടെ സമീപനത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചിക്കൊപ്പം അതിന്റെ ആരോഗ്യപരമായ വശവും പാഴാക്കാതിരിക്കലും പരിസ്ഥിതി സൗഹൃദ രീതികളും പുതുതലമുറ ശ്രദ്ധിക്കുന്നു.  വാഴയിലയിലെ സദ്യയുടെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന യുവതലമുറയെ ചിലപ്പോൾ നമ്മൾ പരിഹസിക്കാറുണ്ട്. പക്ഷേ അതിലും ഒരു സാംസ്കാരിക രേഖപ്പെടുത്തലുണ്ട്. അവർ തങ്ങളുടെ ഓണം ലോകവുമായി പങ്കിടുകയാണ്. റെഡിമേഡ് ഓണസദ്യക്കുള്ള ഡിമാൻഡും ഏറിവരികയാണെന്നുള്ളത് അല്പം ആശങ്കയ്ക്ക് വഴിയൊരുക്കുന്നു എന്ന കാര്യം മറക്കുന്നില്ല. 


പണ്ടൊക്കെ ഓണത്തിന്റെ ഓർമ്മകൾ ചിലരെങ്കിലും  കുടുംബ ആൽബങ്ങളിൽ സൂക്ഷിച്ചിരുന്നു. ഇന്ന് അവ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മറ്റു ഡിജിറ്റൽ ഇടങ്ങളിലും ജീവിക്കുന്നു. ഓണാശംസകൾ, പൂക്കളങ്ങൾ, സദ്യകൾ, ഓണക്കളികൾ, കുടുംബസംഗമങ്ങൾ — എല്ലാം നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളിലേക്ക് എത്തുന്നു. അതുകൊണ്ട് ഓണം ഇന്ന്  കേരളത്തിനപ്പുറം ഒരു ആഗോള മലയാളി അനുഭവമായി  മാറിയിരിക്കുന്നു.  വിദേശത്ത് കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ ഓണം കേരളത്തിലെ സ്വന്തം വീട്ടിലെ  ഓണത്തിൽ നിന്ന് വ്യത്യസ്തമായിരിക്കാം. പക്ഷേ പൂക്കളവും സദ്യയും ഓണക്കോടിയും ഓർമ്മകളും അവരെ കേരളവുമായി, സ്വന്തം പൈതൃകവുമായി, അഭേദ്യമായി  ബന്ധിപ്പിക്കുന്നു.


ഇങ്ങനെയൊക്കെയാണെങ്കിലും വിമർശനാത്മകമായ  ചോദ്യങ്ങൾ ഉയർന്നുവന്നുകൊണ്ടേയിരിക്കും.  

ഓണം ഒരു വിപണിയുടെ ആഘോഷമായി മാത്രം മാറുന്നുണ്ടോ?  ഓണക്കോടി, സമ്മാനങ്ങൾ, പരസ്യങ്ങൾ, വിലക്കിഴിവുകൾ, ഓൺലൈൻ ഷോപ്പിംഗ് — ഇവയെല്ലാം ഓണത്തിന്റെ ഭാഗമാകുമ്പോൾ ആഘോഷത്തിന്റെ ആത്മാവ് നഷ്ടമാകുന്നുവോ?സോഷ്യൽ മീഡിയയിലെ മനോഹരമായ ഓണച്ചിത്രങ്ങൾക്കു പിന്നിൽ യഥാർത്ഥ സന്തോഷമുണ്ടോ, അതോ വെറും പ്രദർശനാത്മകമായ ഒരു ആഘോഷമായി അത് മാറുന്നുണ്ടോ? 

ഈവക ചോദ്യങ്ങൾക്കൊന്നും തൃപതികരമായ മറുപടി കണ്ടെത്താൻ ശ്രമിക്കാതിരിക്കുന്നതാവും ബുദ്ധി. കാരണം എല്ലാ മാറ്റങ്ങൾക്കിടയിലും പുതുതലമുറ ഓണത്തിന് നൽകുന്ന ഏറ്റവും വലിയ സംഭാവന സമത്വത്തിന്റെ പുതിയ വായനയാണ്. മാനുഷരെല്ലാരുമൊന്നുപോലെ വാണിരുന്ന മാവേലിനാടിനെ അവർ തങ്ങളുടെ മാർഗ്ഗങ്ങളിലൂടെ പുനഃസൃഷ്ടിക്കുമ്പോൾ ഓണാഘോഷത്തെയും അതിന്റെ ഉള്ളിലുള്ള മാനവികതയെയും  സംരക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. പൂക്കളം മാറട്ടെ, ഓണക്കോടിയുടെ രൂപം മാറട്ടെ, സദ്യയുടെ രീതികൾ മാറട്ടെ, ഓണാഘോഷത്തിന്റെ വേദികൾ മാറട്ടെ-   പക്ഷേ മനുഷ്യർ തമ്മിലുള്ള സ്നേഹവും പങ്കിടലും സമത്വബോധവും പ്രകൃതിയോടുള്ള ആദരവും നഷ്ടപ്പെടരുത്.  മാവേലി ഒരിക്കൽ വന്നുപോയ ഒരു രാജാവായി മാത്രം ഓർമ്മിക്കപ്പെടേണ്ടതില്ല. ഓരോ മനുഷ്യനും മറ്റൊരാളുടെ നന്മയിൽ സന്തോഷിക്കുന്ന ഒരു സമൂഹം  സൃഷ്ടിക്കാനായാൽ, മാവേലിയുടെ നാട്, ഭാവനയിൽനിന്നു യാഥാർത്ഥ്യത്തിലേക്കു  കൊണ്ടുവരാനാവും. അതാകട്ടെ  പുതുതലമുറയുടെ കണ്ണിലൂടെത്തെളിയുന്ന  ഓണത്തിന്റെ ഏറ്റവും മനോഹരമായ അർത്ഥം. അതിലൂടെ ഓണം മലയാളിസമൂഹത്തിന്റെ നന്മ തിരിച്ചു കൊണ്ടുവരുമെന്നത് ശങ്കയ്ക്കു വകയില്ലാത്ത കാര്യമാകുന്നു.

(metro mirror)











.