Tuesday, October 27, 2026

പാവക്കുട്ടിയുടെ കത്തുകൾ

 പാവക്കുട്ടിയുടെ  കത്തുകൾ 

ആധുനിക സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായ ജർമ്മൻ സാഹിത്യകാരൻ കാഫ്കയെക്കുറിച്ച് ഒരു കഥയുണ്ട്. 

ഒരു ദിവസം കാഫ്ക ബർലിനിലെ ഒരുദ്യാനത്തിലൂടെ നടക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടി ഇരുന്ന് ഉറക്കെ കരയുന്നത് കണ്ടു. കാരണം തിരക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട പാവ നഷ്ടപ്പെട്ടു എന്ന് അവൾ പറഞ്ഞു. കാഫ്ക  പാർക്കിൽ മുഴുവൻ പാവയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 

കുട്ടിയുടെ സങ്കടം മാറ്റാൻ കാഫ്ക പെട്ടെന്ന് ഒരു കഥ ഉണ്ടാക്കി: "നിന്റെ പാവ നഷ്ടപ്പെട്ടിട്ടില്ല, അവൾ ലോകം ചുറ്റിക്കാണാൻ ഒരു യാത്ര പോയതാണ്. അവൾ എനിക്ക് അയച്ച കത്ത് നാളെ ഞാൻ പാർക്കിൽ വരുമ്പോൾ കൊണ്ടുവരാം."

അടുത്ത ദിവസം കാഫ്ക പാർക്കിലെത്തി കുട്ടിക്കായി പാവയുടെ പേരിൽ ഒരു കത്ത് വായിച്ചുകേൾപ്പിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
"ദയവായി കരയരുത്. ലോകം കാണാൻ ഞാൻ ഒരു യാത്ര പോയതാണ്. എന്റെ യാത്രാവിശേഷങ്ങൾ ഞാൻ നിനക്ക് എഴുതി അറിയിക്കാം."

തുടർന്ന് മൂന്ന് ആഴ്ചയോളം കാഫ്ക ദിവസവും പാവയുടെ പേരിൽ കത്തുകൾ എഴുതി പാർക്കിലെത്തി ആ കുട്ടിയെ വായിച്ചു കേൾപ്പിച്ചു. പാവ പാരീസിലും ലണ്ടനിലും പോയതും, അവിടുത്തെ മനുഷ്യരെക്കുറിച്ചും, സ്കൂളിൽ പോയതുമെല്ലാം കാഫ്ക തന്റെ ഭാവനയിലൂടെ കത്തുകളിൽ നിറച്ചു. ആ കുട്ടി സങ്കടമെല്ലാം മറന്ന് പാവയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കാൻ തുടങ്ങി, 

യാത്രകൾക്കൊടുവിൽ പാവ മടങ്ങിവരുന്നതായി കാഫ്ക ഒരു കത്തെഴുതി. അടുത്ത ദിവസം അദ്ദേഹം പുതിയൊരു പാവയെ വാങ്ങി ആ കുട്ടിക്ക് സമ്മാനിച്ചു. എന്നാൽ അത് കണ്ടപ്പോൾ കുട്ടി പറഞ്ഞു: "ഇത് എന്റെ പാവയെപ്പോലെയല്ലല്ലോ കാണാൻ." അവൾ  വീണ്ടും കരയാൻ തുടങ്ങി. " എനിക്ക് എൻ്റെ പാവയെ മതി"

അപ്പോൾ കാഫ്ക പാവയുടെ മറ്റൊരു കത്ത് അവൾക്ക് നൽകി. അതിൽ എഴുതിയിരുന്നു: "ദീർഘദൂര യാത്രകൾ എന്നെ ഒന്നു മാറ്റിമറിച്ചു." കുട്ടി സന്തോഷത്തോടെ ആ പുതിയ പാവയെ കെട്ടിപ്പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

ഈ സംഭവം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കാഫ്ക മരണമടഞ്ഞു. വർഷങ്ങൾക്ക് ശേഷം ആ പെൺകുട്ടി മുതിർന്നപ്പോൾ, അന്ന് കാഫ്ക സമ്മാനിച്ച പാവയുടെ ഉള്ളിലെ ഒരു രഹസ്യ അറയിൽ നിന്ന് ഒരു ചെറിയ കത്തു കൂടി അവൾ കണ്ടെത്തി. കാഫ്ക ഒപ്പിട്ട ആ കത്തിൽ സാഹിത്യലോകത്തെ ഏറ്റവും മനോഹരമായ ഈ വരികൾ ഉണ്ടായിരുന്നു:

"നീ സ്നേഹിക്കുന്നതെല്ലാം ഒരുപക്ഷേ നിനക്ക് നഷ്ടപ്പെട്ടേക്കാം, എന്നാൽ ഒടുവിൽ സ്നേഹം മറ്റൊരു രൂപത്തിൽ നിന്നിലേക്ക് തന്നെ മടങ്ങിവരും." 

No comments:

Post a Comment