Thursday, November 25, 2021

രാജസ്ഥാൻ 7 - പത്വോം കാ ഹവേലി

പത്വോം കാ  ഹവേലി 
==================
മാർവാഡികൾ എന്ന് കേട്ടിട്ടില്ലേ. വ്യാപാരം കുലത്തൊഴിലാക്കിയ, തൊട്ടതെല്ലാം പൊന്നാക്കുന്ന,    ഒരു  രാജസ്ഥാൻജനവിഭാഗമാണ് മാർവാഡികൾ.  മാർവാഡ്പ്രദേശത്തുനിന്നുള്ളവരായതുകൊണ്ടാണ് അവർക്ക് ആ പേരുലഭിച്ചത്.  ഇക്കൂട്ടരിൽ ഹിന്ദു, ജൈന മതവിശ്വാസികളുണ്ട്. തങ്ങളുടേതായ വ്യാപാരതന്ത്രങ്ങളും കഠിനാധ്വാനവും ലളിതമായ ജീവിതശൈലികളും ഒക്കെക്കൊണ്ടാവണം ഇവർ അതിസമ്പന്നരാണ്.   ധനാഢ്യന്മാരായതുകൊണ്ടുതന്നെ അവരുടെ വസതികളും കൊട്ടാരസമാനമായ ആഢ്യഗേഹങ്ങളായിരുന്നു. ഹവേലികൾ എന്നാണവ അറിയപ്പെട്ടിരുന്നത്.  ഇപ്പോഴും ഭാരതത്തിലെ പ്രമുഖസംരഭങ്ങളെല്ലാംതന്നെ  മാർവാഡികളുടെ ഉടമസ്ഥതയിലുള്ളതാണ്.


പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജയ്സാൽമീറിൽ  ജീവിച്ചിരുന്ന അതിസമ്പന്നനായ ഒരു മാർവാഡി വ്യാപാരിയായിരുന്നു ഗുമ്മൻചാന്ദ്‌ പത്വാ. അദ്ദേഹം തന്റെ അഞ്ചുമക്കൾക്കായി പണികഴിപ്പിച്ച അഞ്ചുപ്രൗഢസുന്ദരങ്ങളായ മണിമന്ദിരങ്ങളാണ്  പത്വോം കാ  ഹവേലി.  ജയ്സാൽമീറിലെ ആദ്യത്തെ ഹവേലിയാണിത്.  ജയ്‌സാൽമീറിലെ കൊട്ടാരങ്ങളോടും മറ്റുപൗരാണികമന്ദിരങ്ങളോടും ഏറെ സാദൃശ്യമുള്ള നിർമ്മാണരീതിയാണ് ഹവേലികളുടെ നിർമ്മാണത്തിലും അവലംബിച്ചിരിക്കുന്നത്.  ഇവയിൽ ആദ്യത്തേതും ഏറ്റവും വലുതും ആഡംബരപൂർണ്ണവും  മനോഹരവുമായത് കൊത്താരിസ് പത്വാ ഹവേലി എന്നാണറിയപ്പെടുന്നത്. 1805 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. പിന്നെയും അമ്പതു വര്ഷത്തോളമെടുത്തു  ബാക്കി നാലെണ്ണത്തിന്റെ നിർമ്മാണം പൂർണ്ണമാകാൻ. അതിനുമുമ്പേ ഗുമ്മൻചാന്ദ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. ഇപ്പോൾ ഇത് പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്. അവരുടെ ചില സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമൊക്കെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബാക്കിഭാഗം മ്യൂസിയമാണ് . വിനോദസഞ്ചാരികളുടെ ഏറെ പ്രിയങ്കരമായ സന്ദർശനകേന്ദ്രവുമാണ് പത്വോം കാ  ഹവേലി. വളരെ ഇടുങ്ങിയ ഒരു തെരുവിലാണ് ഈ ഹവേലിസമുച്ചയം. പ്രധാനപാതയിൽനിന്നു  നടന്നോ റിക്ഷയിലോ അവിടെയെത്താം. ചെറിയൊരു പ്രവേശനഫീസുമുണ്ട്. രാവിലെ എട്ടുമണിമുതൽ വൈകീട്ട് ഏഴുമണിവരെയാണ് സന്ദർശനസമയം. 

ആദ്യത്തെ  ഹവേലിയുടെ പ്രവേശനകവാടംകടന്നെത്തുന്ന നടുമുറ്റത്തിന്റെ ഇരുവശങ്ങളിലായാണ് മറ്റു നാലു ഹവേലികൾ. വിവിധനിലകളിലായി നിരവധി ബാൽക്കണികളും ഝരോഘകളും ഈ നടുത്തളത്തിലേക്ക് മിഴികൾ തുറക്കുന്നു. പടിക്കെട്ടുകൾ കയറി ഓരോ നിലകളിലെയും കാഴ്ചകൾ കാണാം. ഏറ്റവും മുകളിലെത്തിയാൽ മട്ടുപ്പാവിൽനിന്നു ചുറ്റുമുള്ള നഗരക്കാഴ്ചകളും ആസ്വദിക്കാം. കച്ചവടകേന്ദ്രങ്ങളിൽനിന്ന് കൗതുകവസ്തുക്കളോ ആഭരണവസ്ത്രാദികളോ വാങ്ങുകയുമാവാം. 

മഞ്ഞകല്ലുകൾ കൂടാതെ ചെറിയതോതിൽ  മാർബിളും ചുവന്ന സാൻഡ്സ്റ്റോണും ഗ്രാനൈറ്റും കൂടാതെ പലവിദേശരാജ്യങ്ങളിലെയും നിർമ്മാണവസ്തുക്കളും ഈ ഹവേലിയുടെ നിർമ്മാണത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. അതിൽ ബെൽജിയം ഗ്ലാസ്സുകൾവരെയുണ്ട്. അതിമനോഹരമായ ചിത്രശില്പവേലകളാൽ സമ്പന്നമാണ് ഹവേലികളിലെ മുറികൾ. ചുവരിലും മച്ചിലുമുള്ള ചിത്രാവേളകളിൽ സ്വർണ്ണവും വെള്ളിയും ധാരാളമായി ഉപയോഗിച്ചിരിക്കുന്നതുകാണാം. അതിസൂക്ഷ്മങ്ങളാണെങ്കിലും വിസ്മയിപ്പിക്കത്തക്കവിധം  പൂർണ്ണതയുള്ളതെയാണ് ജനാലകളിലെയും കമാനങ്ങളിലെയും മുകപ്പുകളിലെയും കൊത്തുപണികൾ  അവർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ, പലവലുപ്പത്തിലെ താഴുകൾ ,സംഗീതോപകരണങ്ങൾ, വളരെ ചെറുതുമുതൽ വളരെ വലിയതുവരെയുള്ള  പാത്രങ്ങൾ, നാണയങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ,  കൗതുകവസ്തുക്കൾ മുതലായ നല്ലൊരു ശേഖരമുണ്ടവിടെ. വിദേശനിർമ്മിതമായ ഫാൻ, clock,  വിദ്യുത്ച്ഛക്തി ഇല്ലാതെ പ്രവർത്തിപ്പിച്ചിരുന്ന ഫ്രിഡ്ജ് മുതലായവ ഏറെ കൗതുകമുളവാക്കുന്ന കാഴ്ചകളാണ്. ഏതോ സമ്പന്നരുടെ പ്രതാപകാലത്തിന്റെ അവശേഷിപ്പുകളെന്നതിലുപരി ഒരു ജനതയുടെ ആത്മാവിലുറഞ്ഞുകൂടിയ   കലാചോദനയുടെയും  സൃഷ്ടിവൈഭവത്തിന്റെയും,  അവർ നടന്നുകയറിയ  കഠിനപാതകളിലെ  ക്ഷമയുടെയും  സഹനശക്തിയുടെയും  സാക്ഷ്യപത്രങ്ങൾ കൂടിയാണ് ഇവിടുത്തെ കാഴ്ചകളോരോന്നും.

ഷോപ്പിംഗിനുള്ള സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും വില വളരെക്കൂടുതലാണ്. ചില സ്ഥാപനങ്ങളിൽ  വിലപേശാൻ സാധിക്കും.  കഴിവുള്ളവർക്ക്  വിലക്കുറവിൽ സാധനങ്ങൾ വാങ്ങിപ്പോരാം. പക്ഷേ ടൂർ മാനേജർ നേരത്തെ പറഞ്ഞിരുന്നു, കഴിയുമെങ്കിൽ ഇവിടെനിന്നു ഒന്നും വാങ്ങാതിരിക്കുക എന്ന്. എങ്കിലും ചില കൗതുകവസ്തുക്കൾ നമ്മുടെ മനംകവരും. ഞാൻ വാങ്ങിയത് ശംഖുകഷണങ്ങൾ പിടിപ്പിച്ച ഓട്ടുവളകളാണ്. പലരും സാരികളും പുരാവസ്തുക്കളും ആഭരണങ്ങളും ഒക്കെ വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു.  പുരാതനമെന്നുതോന്നുന്ന അതിമനോഹരമായ  ഓട്ടുവിഗ്രഹങ്ങളും മറ്റു ലോഹോപകരണങ്ങളും ഇവിടെ  ധാരാളമായി വില്പനയ്ക്ക് വെച്ചിരിക്കുന്നതുകാണാം. ഭീമമായ വിലയാണ്.  ഇവയോടൊക്കെ താല്പര്യമുള്ളവർക്ക് എത്രവേണമെങ്കിലും വാങ്ങിക്കൊണ്ടുപോകാം. 

നേരമേറെയായി നടന്നുള്ള കാഴ്ചകൾ എല്ലാവരെയും നന്നേ ക്ഷീണിതരാക്കിയിരുന്നു. അതിനാൽ ഹോട്ടലിലേക്കുപോയി ഉച്ചഭക്ഷണം കഴിക്കാനായി ബസ്സിൽ കയറി. രണ്ടുമണിയോടെ ഹോട്ടലിനോട് വിടചൊല്ലണം. പിന്നെ ഇവിടുത്തെ പ്രസിദ്ധമായ വാർ മ്യൂസിയം സന്ദർശിക്കണം. അതുകഴിഞ്ഞു ഒരു കൂടാരറിസോർട്ടിലേക്കു പോകണം. ഇന്നത്തെ രാത്രിവാസം അവിടെയാണ്. 





























No comments:

Post a Comment