Wednesday, January 9, 2013

വരിക നീ വീണ്ടും ......

ഒരു കുഞ്ഞിളങ്കാറ്റു പാറിപ്പറന്നു
വന്നെന്നെത്തഴുകിക്കടന്നുപോയി

ഒരുപനീര്‍പ്പൂവിന്‍ സുഗന്ധവുംചേര്‍ത്തുവെ-
ച്ചെങ്ങോമറഞ്ഞങ്ങു ദൂരെ ദൂരേ..

ധനുമാസക്കുളിരിലും കത്തിജ്ജ്വലിക്കുന്ന 
കതിരവന്‍ നില്‍പ്പുണ്ടെനിക്കു മേലേ

ഏറെജ്വലിക്കും മനസ്സുമായ് മാനുഷര്‍
നീറിക്കഴിയുന്നനുദിനം  ഭൂമിയില്‍

അധര്‍മ്മത്തിന്‍  തീക്ഷ്ണമാം തീജ്ജ്വാലതീര്‍ക്കുന്ന 
ഹോമകുണ്ഠത്തില്‍ ഹവിസ്സായ്

എന്നിട്ടുമെന്തിനോ  കാറ്റിന്റെ തുണ്ടൊന്നു
കുളിരും കൊണ്ടോടിയിങ്ങെത്തിയില്ലേ

എങ്ങുനിന്നെത്തിയെന്നറിയില്ല നീ പിന്നെ 
എവിടേയ്ക്കു പോണതെന്നറിയില്ലയെങ്കിലും

ഒരുമാത്ര നിന്നെ ഞാന്‍ സ്നേഹിച്ചുപോയി നിന്‍
 പൂവിരല്‍ തൂവലിന്‍  കൊച്ചു തലോടലില്‍ 

പൂത്തുനില്‍ക്കുന്നോരാബാലമാകന്ദമോ 
പൂവാടി തീര്‍ക്കും വസന്തോല്‍സവങ്ങളോ

പാര്‍ത്തങ്ങു നില്‍പ്പതാം നിന്നനുരാഗില-
മാലിംഗനത്തിനായ് പിന്നെയും പിന്നെയും

നിനക്കായിമാത്രമങ്ങകലെയെങ്ങോപൂത്ത 
പാരിജാതത്തിന്‍ സുഗന്ധം പരത്തിനീ

വീശിയിങ്ങെത്തുക വീണ്ടുമെനിക്കായി 
വെണ്‍ചാമരത്തിന്‍ കുളിര്‍ത്തെന്നലായ്
  

No comments:

Post a Comment