Thursday, May 16, 2013

ഗുരുവന്ദനം

ഗുരുവന്ദനം 
മനുഷ്യൻ നന്നാവുക മതമേതായ്ക്കൊള്ളട്ടെ 
മഹാനീയമീ ചിന്ത ഗുരുവേ മഹാത്മാവേ 

ജാതിയാം വിപത്തിനെ ചിന്തിക്കാതിരിക്കുവാ-
നുദ്ഘോഷം നടത്തിയ ദീർഘദർശിയാം ഗുരോ 

തീണ്ടലിൻ നികൃഷ്ടമാം ചങ്ങലക്കെട്ടിൽനിന്നും 
പാവങ്ങൾ മനുഷ്യരെ രക്ഷിച്ച മഹാഗുരോ

ഞങ്ങൾക്കു പ്രാർത്ഥിക്കുവാനമ്പലം നിർമ്മിച്ചൊരു 
സൽക്കർമ്മചാരിയാകും സത്പുണ്യമഹാത്മാവേ 

പ്രണമിച്ചീടാം ഞങ്ങൾ പാദാരവിന്ദങ്ങളിൽ 
അണയാം നിൻസന്നിധി പ്രാർത്ഥനയ്ക്കൊപ്പം ദേവാ .

അരുളൂ വരം ഞങ്ങൾക്കറിവിൻ നിയന്താവേ 
അരുളീടേണം സർവ്വസ്വച്ഛമാമാത്മാകാരം 

നന്മയെചിന്തിക്കാനും തിന്മയെ ഹരിക്കാനും 
നന്മകൾ ചെയ്തീടാനും നല്കനീ ശക്തി ദേവാ ..

ദുഷ്ടചിന്തകൾ നീക്കി ശിഷ്ടരായ് ത്തീർന്നീടുവാൻ,
ദുഃഖങ്ങളകറ്റുവാൻ ശക്തി നല്കുക ദേവ ...

പ്രണമിച്ചീടുന്നുനിൻ പാദാരവിന്ദങ്ങളിൽ 
പ്രാർത്ഥനാ നിരതരായ് നിൻപ്രിയ ഭക്തർ ഞങ്ങൾ 

നിന്റെ നാമങ്ങൾ വാഴ്ത്തിപ്പാടിടാം മഹാഗുരോ 
നിന്റെ സന്ദേശങ്ങൾതൻ ജ്വാലകൾ കൊളുത്തീടാം 

ആമാഹാജ്യോതിസ്സിനാൽ അകറ്റാം മതാന്ധത 
ആദിവ്യപ്രഭയാലീപ്പാരിനെ നയിച്ചീടാം 

ഗുരുവേ നമോസ്തുതേ.. ദേവാ നമോസ്തുതേ
ശ്രീ നാരായണ ദേവാ നമോസ്തുതേ
ദേവ ദേവാ ഗുരോ ദേവാ നമോസ്തുതേ
ദേവ ദേവാ ഗുരോ ദേവാ നമോസ്തുതേ...

No comments:

Post a Comment