Friday, May 31, 2013

ക്ലീഷേ......

ക്ലീഷേ......

അവളുടെ സമ്പാദ്യപ്പെട്ടിയിൽ നിറയെ വാക്കുകൾ  ആയിരുന്നു .
ചിലത് സുന്ദരം ....  ചിലത് നിറമുള്ളത് ......  
ചിലത് സ്വപ്നസാദൃശമായ ..........
സുഗന്ധമുള്ളവ .....
പിന്നെ...വിരൂപവും,നിറമില്ലാത്തതും....
കൂർത്തുമൂർത്തതും ....
പിന്നെ ...തേഞ്ഞുപോയതും....
ഒരുപാടൊരുപാടുവാക്കുകൾ .
വാക്കുകൾ പെറുക്കി അവൾ മാലകോർത്തു
സമുന്നതരായവർക്കു വേണ്ടി 
'ക്ലീഷേ   !'
നിർദ്ദാക്ഷിണ്യം അവർ അട്ടഹസിച്ചു 
കുപ്പയിലേക്കു  വലിച്ചെറിഞ്ഞു 
പിന്നീടവൾ മാലകൾ കൊരുത്തുകൊണ്ടേയിരുന്നു 
സാധാരണക്കാർക്കു വേണ്ടി 
ചങ്ങാതിമാർക്കുവേണ്ടി 
നിരക്ഷരർക്കു വേണ്ടി ...
എല്ലാവരും ഗർജ്ജിച്ചു 
'ക്ലീഷേ  !'
എല്ലാ മാലകളും പോയിവീണതു കുപ്പയിൽ 
ഹൃദയം നുറുങ്ങുന്ന വേദനയോടെ 
അവൾ തന്റെ സമ്പാദ്യപ്പെട്ടിയിൽ നോക്കി 
അതിൽ രണ്ടേ രണ്ടു വാക്കുകൾ  മാത്രം ബാക്കി 
'അച്ഛൻ'...'അമ്മ'...
ഇതു  അവർക്കുതന്നെ കൊടുത്ത് 
വാക്കുകളില്ലാത്ത മണലാരണ്യത്തിലേക്ക് 
ഒരു തീർത്ഥയാത്ര പോകാം 
അവൾ തീരുമാനമെടുത്തു ..
ഉറച്ച തീരുമാനം ..
ഉള്ളിലെ വാക്കുകൾക്കു  നോവാതെ 
ആ സമ്പാദ്യപ്പെട്ടി മാറോടു ചേർത്തു പിടിച്ച്‌ 
അവൾ   ഉമ്മറത്തെത്തി.
വാക്കുകൾക്കു വിലയില്ലാത്ത ടെലിവിഷൻ പരമ്പരകളിൽ 
കാഴ്ച നഷ്ടപ്പെട്ട് 
വൃദ്ധസദനങ്ങളിലേക്ക് കാൽ നീട്ടിയിരിക്കുന്നു 
അച്ഛനും  അമ്മയും ..
അവൾ അവരുടെ പാദങ്ങളിൽ  
ആ സമ്പാദ്യപ്പെട്ടി കാണിക്ക വെച്ചു .
പിന്നെ..അടഞ്ഞുകിടന്ന വാതിൽ തുറന്നു 
പുറത്തിറങ്ങി വേഗം നടന്നു..
പുറകിൽ  പെട്ടി തുറക്കുന്ന ശബ്ദം അവൾക്കു കേൾക്കാമായിരുന്നു 
'ടക് '.. അതെ, അവരതു തുറന്നു കഴിഞ്ഞു ...
രണ്ടുപേരും ഒന്നിച്ചു നീട്ടിത്തുപ്പി ..
മുഷിഞ്ഞ നാവോടെ ....
'ക്ലീഷേ...'  

3 comments:

  1. ഈശാ വാസ്യം ഇദം സർവ്വം

    ReplyDelete
  2. വാക്കുകൾ സംഗീതം പോലെ, സ്വര ജതി പോലെ യുള്ളവയാണു. . നിത്യ നൂതനമായ ആർജ്ജവം അതിനു എന്നും ഉണ്ടായി രിക്കും.. ആസ്വാദകരില്ലാത്ത അവസ്ഥ ഉണ്ടാവുന്നതു അറിവില്ലായ്മ മാത്രമാണു. അതിൽ മടുത്തു പോകരുതു.

    ReplyDelete