Monday, May 6, 2013

Mute: തുഴഞ്ഞുപോകാം .......ഈ കൊച്ചു കടലാസുതോണിയിൽ

തുഴഞ്ഞുപോകാം........ ഈ കൊച്ചു കടലാസുതോണിയിൽ


ഒരു കൊച്ചു കടലാസുതോണി ഞാൻ തീർക്കട്ടെ 
ബാല്യത്തിലേക്കൊന്നു തുഴയാൻ

അശ്രുവിൻ നനവാർന്നൊരോർമ്മതൻ ശലഭങ്ങൾ 
അവിടെക്കളിയാടിനിൽപ്പതുണ്ടാം 

പൊട്ടിച്ചിരിക്കുള്ളിൽ മായയായ് പോയോരെൻ 
ദുഃഖപുഷ്പങ്ങൾ വിരിഞ്ഞു നിൽക്കാം 

കൈക്കുള്ളിലെത്തീടാ മോഹത്തിൻ കനികളെൻ 
സ്വപ്നവൃക്ഷങ്ങളിൽ വിശ്രമിക്കാം

അവർതന്റെ നിഴൽ വീണൊരിടവഴിച്ചാലിലൂ -
ടോടിക്കിതച്ചു തളർന്നിരിക്കാം 

തോട്ടിൻകരയിലെത്താഴംപൂമണമുള്ള 
കാറ്റിന്റെ മേനിയിൽ ചേർന്നുനിൽക്കാം 

പട്ടം പറത്തുന്ന കരുമാടിക്കൂട്ടത്തോ -
ടിത്തിരിനേരം വഴക്കടിക്കാം 

മഞ്ഞിൻപുതപ്പിനാൽ ശീതമാവാഹിക്കും 
വൃശ്ചികപ്പുലരിയെയുമ്മ വയ്ക്കാം

പുലർകാലമഞ്ഞിലൂടോടിക്കിതച്ചുചെ-
ന്നമ്പലമുറ്റത്തു തൊഴുതു നിൽക്കാം 

തിരികെവന്നങ്ങേലെച്ചങ്ങാതിമാരോടു 
നിർമ്മാല്യം കണ്ടെന്നു വീമ്പിളക്കാം

ഉത്സവരാത്രിയിലമ്പലമുറ്റത്തെ -
ച്ചെമ്പകച്ചോട്ടിലിരുന്നുറങ്ങാം

വാഴനാരിൽ കോർത്തുഴുന്നാടതൻ മാലകൾ 
പള്ളിപ്പെരുന്നാളിൽ സ്വന്തമാക്കാം

ചിന്തിക്കടയിലെക്കുപ്പിവളകളിൽ 
കണ്ണു കൊരുത്തു മയങ്ങി നിൽക്കാം 

ഗുരുവിന്റെ ചൂരൽപ്പഴമൊന്നു കിട്ടാഞ്ഞാൽ 
കൈതോലത്തുമ്പിലെക്കെട്ടഴിക്കാം 

മാവിൻചുവട്ടിലെക്കരിയിലക്കൂട്ടത്തിൽ 
തേടാമൊരുകൊച്ചു കണ്ണിമാങ്ങ 

മധ്യവേനൽക്കാലത്തവധിയിൽക്കൂട്ടരോ -
ടോത്തുകളിച്ചു കുഴഞ്ഞിരിക്കാം

മാമ്പഴം വീഴ്ത്തുന്ന കാറ്റിന്നു പിന്നാലെ 
ഓടിക്കിതച്ചങ്ങു മത്സരിക്കാം 

മുല്ലമൊട്ടായിരം ചേർത്തു വെച്ചൻപോടു 
മാലയതൊന്നു കൊരുത്തു വെക്കാം

സന്ധ്യയ്ക്കു ക്ഷേത്രദീപങ്ങൾക്കുമപ്പുറം 
വിരിയുന്നുഡുക്കളെയെണ്ണി നോക്കാം

മഴയൊന്നുപെയ്യുകിലമ്മതൻ കണ്‍വെട്ടി-
ച്ചാർദ്രമാമാശ്ലേഷം കൊണ്ടുനിൽക്കാം

നിറയുന്ന തോട്ടിൽ പരൽമീൻ പിടിക്കുവാൻ 
തോർത്തെടുത്തൊന്നു വിരിച്ചുനില്ക്കാം

പിടിയിലാകുന്നൊരാക്കൊച്ചുമത്സ്യങ്ങളെ 
തിരികെ വിട്ടാർത്തു ചിരിച്ചുനിൽക്കാം

പൂക്കളം തീർക്കുവാൻ നാടായ നാടൊക്കെ 
ചുറ്റിക്കറങ്ങിയും പൂപറിക്കാം 

അമ്മയുണ്ടാക്കുന്നോരുപ്പേരി കട്ടെടു -
ത്തരുമയാം കൂട്ടർക്കു പങ്കുവയ്ക്കാം 

കോടിയുടുത്തുകൊണ്ടൂഞ്ഞാലിലാടിയി -
ട്ടോണക്കളികളിൽ പങ്കുചേരാം 

ഒന്നൊന്നുമറിയാതെ രാവിതിൽ പുൽകുന്ന 
നിദ്രയോടൊപ്പം ശയിച്ചുകൊള്ളാം 

...............................................
അറിയാമെനിക്കെന്റെചങ്ങാതിമാരുമി -
ന്നറിയാതെയൊപ്പം തുഴഞ്ഞതില്ലേ 
ഞാൻ ചെന്നുനിന്നോരാക്കടവിങ്കലൊക്കേയും 
നിങ്ങളുമൊരുമാത്ര നിന്നതില്ലേ ................

6 comments:

  1. സുന്ദര സുരഭിലമീ കവിത... നമ്മുടെ കാലഘട്ടത്തിലെ ബാല്യകാലം... നന്ദി

    ReplyDelete
  2. ദേ ചേച്ച്യേ.. പരല്‍ മീനെയും പിടിച്ചു ഞാന്‍ തിരികെയെത്തി ചുട്ട പെടയും കിട്ടി, ഒരു മൂലയില്‍ ഇരിപ്പായി വെര്‍തെ അടികൊള്ളിച്ചു ഒന്നും ഓര്‍മ്മിപ്പിക്കെണ്ടായിരുന്നു....

    ReplyDelete
    Replies
    1. ഹഹ... സന്തോഷം രാരീ, സ്നേഹം ..

      Delete
  3. Replies
    1. സന്തോഷം ദീപൂ, സ്നേഹം ..

      Delete