Thursday, January 2, 2014

ആശംസകള്‍


പിന്‍വിളിയ്ക്കായ് തെല്ലു കാത്തു നില്‍ക്കാതെയീ
പൊന്‍വെയില്‍ പൂശുന്നൊരന്തിവാനത്തിന്റെ-
യപ്പുറം നോക്കിപ്പറന്നകന്നീടുന്നു
ഇന്നലെകള്‍ കോര്‍ത്ത വര്‍ഷമൊന്നറിയാതെ

തീരത്തണയുവാനോര്‍മ്മകളൊരായിരം
തീരാത്തമോഹപ്പെരുമതന്‍ ഭാരവും.
മങ്ങിത്തെളിയുമീ ശരറാന്തലിന്‍ കൊച്ചു
തിരിനാളമായ് മനസ്സിലെരിയുന്നു പിന്നെയും

പുലരുവാനൊരു നല്ല നാളെയും നന്മതന്‍
പൂക്കള്‍ വിരിയുന്നൊരുദ്യാനശോഭയും
പുഞ്ചിരിച്ചെത്തുന്ന പുതുവത്സരത്തിലീ
പുത്തന്‍ പ്രതീക്ഷതന്നരുണപ്രകാശവും

പറയുവാനേറെയുണ്ടെങ്കിലും ഞാനിന്നു 
പകരമായ് നല്കാമൊരിത്തിരിപ്പുഞ്ചിരി-
പ്പൂവിനാല്‍ തീര്‍ത്തൊരീ നവവത്സരാശംസ
പ്രിയമുള്ളവര്‍കായെന്‍ ഹൃദയത്തില്‍ നിന്നും.

സഫലമായീടട്ടെ മോഹങ്ങളൊക്കെയും
സാക്ഷാല്‍ക്കരിക്കട്ടെ പൊന്നിന്‍കിനാക്കളും
വിജയസോപാനങ്ങളൊന്നൊന്നായ് താണ്ടിയി-
ട്ടെത്തിപ്പിടിക്കട്ടെ ലക്ഷ്യങ്ങളൊക്കെയും.............



6 comments:

  1. പ്രതീക്ഷ നല്‍കുന്ന നല്ല വരികള്‍
    ആശംസകള്‍

    ReplyDelete