Friday, June 24, 2016

നമ്മുടെ കവികള്‍ 15- റോസ് മേരി

നമ്മുടെ കവികള്‍ 15- റോസ് മേരി
-------------------------------------------------------

റബ്ബര്‍ മരങ്ങളുടെ നാട്ടില്‍ നിന്നും റബ്ബര്‍ പാല്‍ പോലെ വെണ്മയാര്‍ന്ന കവിതകളുമായി മലയാള കവിതാസാഹിത്യത്തിലേയ്ക്കു നടന്നു കയറിയ റോസ് മേരിയുടെ രചനകള്‍ക്ക് അനിതരസാധാരണമായൊരു സ്വച്ഛതയുണ്ട്, ലാളിത്യമുണ്ട്, അതിനൊക്കെയുള്ളില്‍ വൈരുദ്ധ്യങ്ങളെ കൂട്ടിയിണക്കുന്ന അതിസൂക്ഷ്മയൊരു സ്നേഹതന്തുവും ഉണ്ട്. ആദ്യ കവിതാസമാഹരമായ 'വാക്കുകള്‍ ചേക്കേറുന്നിടം'. 1996-ല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ 'വൈരുദ്ധ്യങ്ങളുടെ ജലതരംഗം' എന്ന പേരില്‍  അവതാരിക എഴുതിയത് പ്രമുഖ നിരൂപകനായ കെ.പി. അപ്പന്‍  ആണ്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുഃ
"... വൈരുദ്ധ്യങ്ങളിലൂടെ ഈ കവിത വികസിക്കുന്നു. സകലതിന്റെയും അസ്‌തിത്വം അംഗീകരിച്ചു കൊണ്ടാണ്‌ കവിത നീങ്ങുന്നത്‌. റബര്‍മരക്കാടുകളും കുന്നിന്‍ പുറവും മലഞ്ചെരിവും പുഴകളും ആട്ടിന്‍പറ്റങ്ങളും... വസ്‌തുപ്രപഞ്ചത്തിന്റെ പ്രച്ഛന്നതയില്ലാത്ത ലോകം കാണിച്ചു തരുന്നു. ഇതോടൊപ്പം ഈ പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങളുടെ വിപരീതങ്ങള്‍ തേടി കവി സ്വന്തം ആന്തരികതയിലേക്കു തിരിയുന്നു..."
 മരങ്ങളേപ്പോലെ തന്നെ യാത്രകളും റോസ് മേരിയുടെ കവിതകളില്‍ മനഃപൂര്‍വ്വമോ അല്ലാതെയോ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു. ലളിതമെങ്കിലും ദീപതങ്ങളായ പദാവലികളെ ചേര്‍ത്തു പിടിച്ചുള്ള യാത്രയില്‍ അവയുടെ ഉടമയോടൊപ്പം വായനക്കാരനും യാത്ര ചെയ്യുന്നതുപോലെയുള്ള എഴുത്തുകളാണു റോസ് മേരിയുടേത് . കൂടെയുള്ളത് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന മുഖചാരുതയും .മലകളും, പുഴകളും മരങ്ങളും, ചെടികളും, പക്ഷികളും, പൂക്കളും, പൂമ്പാറ്റകളും കാറ്റും മഴയും, മഞ്ഞും വെയിലും ഈ കവിതകളില്‍ മാറി മാറി പ്രത്യക്ഷപ്പെടുന്നു. 'വേനലില്‍ ഒരു പുഴ' എന്ന കവിതാസമാഹാരത്തില്‍ പറയുന്നതുപോലെ “അതിരുകളില്ലാത്തതും അനന്തവുമായൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ റോസ്മേരിയുടെ കവിതാപ്രപഞ്ചം.”.സാധാരണക്കാരന്റെ മേധയ്ക്കും ആസ്വാദനപാടവത്തിനും അപ്രാപ്യമായ പദപ്രയോഗങ്ങളും ബിംബങ്ങളും ഒരു കവിതയിലും ഇല്ല തന്നെ . ചാഞ്ഞു പെയ്യുന്ന മഴ പോലെ അതു വായനക്കാരന്റെ ഹൃദയത്തെ മൃദുലമായ് സ്പര്‍ശിച്ച്,മെല്ലെ മെല്ലെ , ആഴത്തില്‍ നനവു പടര്‍ത്തും .

1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ കടമപ്പുഴ കുടുംബത്തില്‍, ദന്തിസ്റ്റായിരുന്ന    ഡോ. കെ.സി. ചാക്കോ (പാപ്പച്ചൻ)യുടേയും    റോസമ്മയുടേയും ആറു മക്കളില്‍ അഞ്ചാമത്തെ  മകളായി റോസ് മേരി  ജനിച്ചു. സഹോദരിമാര്‍ നൃത്തവും സംഗീതവും അഭ്യസിക്കുമ്പോള്‍ അതില്‍ നിന്നൊളിച്ചോടി പുസ്തകങ്ങളോടു ചങ്ങാത്തം കൂടിയ ബാല്യകൗമാരങ്ങള്‍  . പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, ചിദംബരം അണ്ണാമല സർവകലാശാല, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപ്പത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും ജോലിചെയ്തിട്ടുണ്ട്. ധാരാളം റഷ്യന്‍ കൃതികളെ മലയാളികള്‍ക്കു പരിചയപ്പെടുത്തിതിന് PUSHKIN CENTRE FOR RUSSIAN LANGUAGE AND RUSSIAN CULTURAL CENTRE TRIVANDRUM 2012 ലെ SERGEI ESENIN AWARD  സമ്മാനിക്കുകയുണ്ടായി.

തന്റെ സാഹിത്യസരണി പൂര്‍ണ്ണമായും കവിതയില്‍ അധിഷ്ഠിതമാണെങ്കിലും എഴുത്തിന്റെ ലോകത്തിലെ ആദര്‍ശപുരുഷനായി റോസ്മേരി കാണുന്നത് എസ്സ് കെ പൊറ്റക്കാടിനെയാണ്.
.
റോസ് മേരിയുടെ ചില വരികളിലൂടെ നമുക്കൊന്നു കടന്നു പോകാം
.
കല്‍ത്തറയിലെ വിളക്ക്‌
റോസ് മേരി
=====================
വിശ്വസിക്കുമോ?
ഇവിടെ
ഈ സമതലത്തിന്റെ വിജനതയില്‍
ഒരു മാമരം നിന്നിരുന്നു
ദാ ഇവിടെ
ഈ ജീര്‍ണ്ണിച്ച പാഴ്മരക്കുറ്റിയുടെ സ്ഥാനത്ത്‌
സഹസ്രശാഖികള്‍ വിരിച്ച്‌
വെയിലില്‍ കുളിച്ച്‌, മഴകളിലുലഞ്ഞ്‌
കരിങ്കുയിലുകളും ഓലേഞ്ഞാലികളും
ഇലക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന്‌
സദാ കൂകിയാര്‍ത്തിരുന്നു
കാറ്റിന്റെ ഓരോ പാഞ്ഞുവരവിലും
തീജ്വാലപുഷ്പങ്ങള്‍
ചാറ്റല്‍മഴപ്പെയ്ത്തുപോല്‍ അടര്‍ന്നുപതിച്ചിരുന്നു
പാര്ഴ്പ്പറമ്പില്‍ ചെന്നിറമാര്‍ന്നൊരു തീയാട്ട്‌
നോക്കൂ, ഈ ശൂന്യമായ കല്‍ത്തറമേല്‍
എരിഞ്ഞുനിന്നിരുന്നു ഒരു ദീപം
തേവരുറങ്ങുന്ന കാട്ടമ്പലത്തിലെന്നപോല്‍
നിശ്ശബ്ദമായൊരു പ്രാര്‍ത്ഥനയായി
ഒറ്റയ്ക്കെരിയുന്നൊരു മണ്‍വിളക്ക്‌
ഇരുളതിനെ പലകുറി വിഴുങ്ങാനണഞ്ഞു
ചെറുകാറ്റുകള്‍ ഇരമ്പിക്കൊണ്ട്‌
ചുറ്റിനും മണ്ടിപ്പറന്നു
എന്നിട്ടും അത്‌ ചാഞ്ഞ്‌ ചെരിഞ്ഞ്‌
പ്രകാശിച്ചുകൊണ്ടേയിരുന്നു
ജീവിതത്തിന്റെ തീക്ഷ്ണഗ്രീഷ്മങ്ങളില്‍പ്പെട്ട്‌
ദയാരഹിതമായ ഇടിമിന്നല്‍പ്രഹരങ്ങളേറ്റ്‌
വൃക്ഷം കാലാന്തരത്തില്‍ കരിഞ്ഞുണങ്ങിപ്പോയി
ആര്‍ത്തലച്ചെത്തിയ മഴയില്‍പ്പെട്ട്‌
കര്‍ക്കിടകപ്പേക്കാറ്റിലുലഞ്ഞ്‌
തിരിവിളക്കണഞ്ഞേപോയി
ഇടിഞ്ഞുതാഴ്‌ന്നൊരു കല്‍ക്കെട്ടും
അതിന്മേല്‍ കരിപിടിച്ചൊരു ചെരാതും മാത്രം
പൂത്തുലഞ്ഞ വസന്തവനംപോലൊരു മരം
എരിഞ്ഞുകത്തിനിന്നൊരു ജ്വാല
വിശ്വസിക്കുമോ?
വിശ്വസിക്കുമോ അതൊക്കെയും?
.
ഇതുംകൂടി/ റോസ് മേരി
====================

ജീവിച്ചിരിക്കുന്നവരെക്കാള്‍
എനിക്കു മമത
മണ്‍മറഞ്ഞവരോടാണ്.
സായാഹ്നങ്ങളില്‍
പുരുഷാരത്തോടൊപ്പമിരുന്ന്
കടല്‍ത്തിരകളുടെ
സീല്‍ക്കാരം
കേള്‍ക്കുന്നതിനേക്കാള്‍
സെമിത്തേരി വൃക്ഷങ്ങളുടെ
ചുവട്ടിലിരുന്ന്
ആത്മാക്കളുടെ
ഗൂഢഭാഷണങ്ങള്‍ക്ക്
കാതോര്‍ക്കുവാനാണ്
എനിക്കിഷ്ടം.
അപരാധങ്ങളുടെ
പട്ടികയില്‍
ഇതും കൂടി ചേര്‍ത്തു കൊള്‍ക;
"മൃതരെ ചുംബിക്കുന്നവള്‍,
ശവകുടീരങ്ങ-
ളിലലയുന്നവള്‍,
ഇരവുകള്‍ തോറും
ഉറങ്ങാതിരിപ്പവള്‍,
തനിയെ
നടപ്പവള്‍,
ഭ്രാന്തി,
രാത്രിഞ്ചരിയിവള്‍!"

No comments:

Post a Comment