Wednesday, June 8, 2016

നമ്മുടെ കവികള്‍ -8 / ഡി വിനയചന്ദ്രന്‍

നമ്മുടെ കവികള്‍ -8 / ഡി വിനയചന്ദ്രന്‍
-----------------------------------------------------------

എന്നും 'സഞ്ചാരി' ആയിരുന്ന, ഒരു സഞ്ചിയും തൊപ്പിയുമായി ,  വിഭവങ്ങളൊരുക്കാത്ത 'പാഥേയ'ങ്ങളുമായി വഴിനടന്ന ഒരാള്‍ . അതായിരുന്നു കവി ഡി വിനയചന്ദ്രന്‍ . 'അമ്മയുടെ ഗര്‍ഭാശയത്തില്‍ കിടന്നുതന്നെ ഞാന്‍ കവിത ആലപിച്ചിരിക്കാം.'  എന്നു പറഞ്ഞ തികച്ചും വ്യത്യസ്തമായൊരു പ്രതിഭാവിലാസം. നാട്ടുവഴക്കങ്ങളുടെ ചേലും ചാരുതയും ദൃഢമായി കൂട്ടിയിണക്കിയ വിനയചന്ദ്രന്‍ കവിതകള്‍ ആധുനിക മലയാള കവിതയില്‍ ഒരു നിറവസന്തം തന്നെ ഒരുക്കിയിട്ടുണ്ട്. മലയാണ്മയുടെ കാടും മേടും പുഴയും കടലും പച്ചപ്പും കവിതക്ളിലേയ്ക്കാവാഹിച്ചിരുന്ന വിനയചന്ദ്രന്‍ മലയാളിക്കൊരുക്കിത്തന്നത് പ്രപഞ്ച താളത്തിന്റെ, പ്രകൃതി താളത്തിന്റെ സംഗീതം കൂടിയാണ് . എണ്‍പതുകളില്‍ കാംപസ്സുകളില്‍ നിറഞ്ഞു നിന്നിരുന്നു വിനയചന്ദ്രന്റെ കവിതകള്‍ ശബ്ദരൂപമാര്‍ന്ന് . കടമ്മനിട്ട രാമകൃഷ്ണന് ശേഷം മലയാള കവിതാലോകത്ത് തന്നെ ഈ രീതിയില്‍ നിറഞ്ഞുനിന്ന കവിയായിരുന്നു വിനയചന്ദ്രന്‍.

 1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ കൊട്ടാരത്തില്‍ വീട്ടില്‍ ദാമോദരന്‍ പിള്ളയുടേയും ഭാര്‍ഗവിയമ്മയുടേയും മകനായി  ജനനം. മൂന്നു സഹോദരിമാരും ഒരു സഹോദരനും . ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു വിനയചന്ദ്രൻ.

താന്‍ കണ്ടെത്തിയ ജീവിതവീഥിയില്‍ ഏറ്റവും സ്വാധീനമായി നിന്നത് സ്നേഹമയിയായ അമ്മയെന്ന് അദ്ദേഹം പറയുകയുണ്ടായി.
'ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്, നീ വരാതെങ്ങനെ മുഴുവനാകും.' എന്നെഴുതിയെങ്കിലും തന്നിലെ പ്രണയം നഷ്ടമാകാതിരിക്കാന്‍ ഒരിക്കലും വിവാഹത്തിലേയ്ക്കു കടന്നില്ല. അത്രമേല്‍ പ്രണയാതുരനായിരുന്നു വിനയചന്ദ്രന്‍ . ഒരുപക്ഷേ തന്റെ ഏറ്റവും  അഗാധമായ പ്രണയം കാടിനോടായിരുന്നു എന്ന് പറയാതെ പറയുകയാണ് ,  'കാടിനു ഞാനെന്തു പേരിടും' എന്നുള്ള ആവര്‍ത്തിച്ചുവരുന്ന ചോദ്യത്തിനുത്തരമായി കവി  'കാടിനു ഞാനെന്റെ പേരിടും' എന്ന് സ്വയം പ്രഖ്യാപിക്കുന്നതിലൂടെ . കേരളീയതയുടെ സാംസ്കാരികസത്തയെയും സ്വത്വത്തെയും പ്രതിനിധാനം ചെയ്യുംവിധം വനശോഭയെ കവിതയില്‍ ലയിപ്പിച്ച കവിയ്ക്ക് വനയാത്രകള്‍ എന്നും ലഹരിയായിരുന്നു. വീട്ടിന്റെ പടിയിറങ്ങി, കായലും കടല്‍ത്തീരവും താണ്ടി നാട്ടുവഴികളെ ഒരുപാടു പിന്നിലാക്കി  ഹിമാലയത്തിലേയ്ക്കും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേയ്ക്കും  ആഫ്രിക്കയിലേയ്ക്കും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയ്ക്കും ആ യാത്ര ചെന്നെത്തിയിട്ടും പിന്നെയും വീട്ടിലേയ്ക്കുള്ള വഴിതിരഞ്ഞു കവി .    യാത്രകളിൽ ഊറിക്കൂടിയ ലഹരിയുടെ മുന്തിരിച്ചാറു കൊണ്ട്‌ കവിതയുടെ ചഷകം നിറച്ചു. അനുഭവങ്ങളെ ആശയങ്ങൾക്ക്‌ അടിയറവെയ്ക്കാതെ  വാക്കുകൾക്ക്‌ ബലി നൽകിയ കവിയായിരുന്നു വിനയചന്ദ്രന്‍

2013 ഫെബ്രുവരി 11 നു ,  അഷ്ടമുടിക്കായലും മറ്റും  കവിതകളില്‍ പുതിയ സൌന്ദര്യശാസ്ത്രം കണ്ടെത്തിയ, തീരപ്രദേശമായ കൊല്ലത്തിന്റെ സൌന്ദര്യശീലുകള്‍  കവിതയില്‍ ആവാഹിച്ച,  ചൊല്‍ക്കവിതയുടെ ഗാട്ടുകാരന്‍ തന്റെ അവസാനശീലുകളും പാടി കാലത്തിന്റെ  തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു.

നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണു പ്രധാന കൃതികള്‍ . യൂണിവേഴ്സിറ്റി കോളെജ് കവിതകൾ, കർപ്പൂരമഴ (പി.യുടെ കവിതകൾ), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ എന്നീ കൃതികള്‍ എഡിറ്റ് ചെയ്യുകയുമുണ്ടായി.

1992 ല്‍  ‘നരകം ഒരു പ്രേമകഥയെഴുതുന്നു’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 2003 ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചു. റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്കു പരിചയപ്പെടുത്തുന്നതിന് വഹിച്ച സംഭാവനകള്‍ പരിഗണിച്ച് റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ  സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡിനു ഡി. വിനയചന്ദ്രന്‍ അര്‍ഹനായിരുന്നു.







സൗഹൃദം -ഡി.വിനയചന്ദ്രന്‍
=============
ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
ഇരുളില്‍ നിന്‍ സ്നേഹസുഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും
വെറുതേ വെറുതെ നീ കിനാവില്‍ കുളിരാതെ
കതിരുകളെങ്ങനെ പവിഴമാകും
പ്രണയമേ നിന്‍ ചിലമ്പണിയാതെയെങ്ങനെ
കടലേഴു തിരകളാല്‍ കഥകളാടും
പ്രിയതമേ നിന്‍ സ്പര്‍ശമില്ലാതെ യെങ്ങനെന്‍
വ്യഥിതമാം ജീവന്‍ ഇന്നമൃതമാകും
ഹരിതമാണെന്റെ മനസ്സില്‍ നീ വാസന്ത
സുരഭിയാം തെന്നലായ് വീശിടുമ്പോള്‍
സരളമാമൊരുഗാനമാകുമീ ഭൂമിയാ -
മരണവുമതു കേട്ട് നില്‍ക്കുമല്ലോ
ഹൃദയമേ നീ പുണര്‍ന്നീ നിഴല്‍ക്കുത്തിനെ
നിറ ജീവദീപമാണദീപ്തമാക്കൂ.
ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി.
-------------------------------------------------------

1 comment:

  1. കവി ഡി.വിനയചന്ദ്രനെ കുറിച്ചുള്ള വിവരണം നന്നായി
    ആശംസള്‍

    ReplyDelete