Saturday, October 10, 2026

ലേപാക്ഷി ക്ഷേത്രം (വീരഭദ്ര ക്ഷേത്രം)

ലേപാക്ഷി ക്ഷേത്രം (വീരഭദ്ര ക്ഷേത്രം) 


===================================


ആന്ധ്രാപ്രദേശിൽ അനന്തപൂർ ജില്ലയിലെ ലേപാക്ഷി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന, പതിനാറാം നൂറ്റാണ്ടിൽ  നിർമ്മിക്കപ്പെട്ട ഒരു വാസ്തുശിലാവിസ്മയമാണ് ലേപാക്ഷി ക്ഷേത്രം (വീരഭദ്ര ക്ഷേത്രം). ബംഗളുരുവിൽനിന്നു നൂറ്റിരുപതു കിലോമീറ്ററോളം ദൂരെയാണ് ഈ ക്ഷേത്രം. ദക്ഷയാഗത്തിൽ സതീ ദേവി ആത്മാഹുതി ചെയ്തപ്പോൾ, ശിവന്റെ കോപത്തിൽ നിന്ന് ജനിച്ച ഉഗ്രരൂപമാണ് വീരഭദ്രൻ. ഭക്തരുടെ സംരക്ഷകനായി ആരാധിക്കപ്പെടുന്ന  വീരഭദ്രന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ 12 അടി ഉയരമുള്ള  വീരഭദ്രന്റെ കൃഷ്ണശിലാവിഗ്രഹമാണ് . ഈ വിഗ്രഹം വളരെ ശക്തമാണെന്നും വിശ്വാസത്തോടും ഭക്തിയോടും കൂടി പ്രാർത്ഥിക്കുന്ന ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. സാധാരണ ശിവക്ഷേത്രങ്ങളിൽ ആചരിക്കുന്ന പൂജാവിധികൾ ഇവിടെയും അനുവർത്തിക്കപ്പെടുന്നു. ഭക്തർക്ക് വഴിപാടുകൾ നടത്തുനുള്ള സൗകര്യവുമുണ്ട്.  പ്രധാനശ്രീകോവിൽ കൂടാതെ ധാരാളം ഉപപ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. 




വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് (എ.ഡി. 1530) നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം, നിലത്തു മുട്ടാതെ നിൽക്കുന്ന ശിലാസ്തംഭം , ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ ശില്പങ്ങളിലൊന്നായ ലേപാക്ഷി നന്ദി, ഏഴു ഫണങ്ങളുയർത്തി ശിവലിംഗത്തിന്  കുടപിടിച്ചിരിക്കുന്ന ശിലാസർപ്പരൂപം(നാഗലിംഗം)  അതിമനോഹരമായ ചുവർചിത്രങ്ങൾ , പാറയ്ക്കു മുകളിലെ  കൗതുകകരമായ ഊണുമേശ, കല്യാണമണ്ഡപം,  പാറയുടെ പ്രതലത്തിൽ  നനവു മാറാത്ത വലിയൊരു കാൽപാദം,  ഇപ്പോഴും രക്തമൊഴുകുന്നു എന്നു വിശ്വസിക്കപ്പെടുന്ന  ഒരു ദ്വാരം  മുതലായ അദ്‌ഭുതങ്ങളുടെ കേദാരമാണ്.  വിജയനഗര രാജാവായിരുന്ന അച്യുതദേവരായരുടെ ഭരണകാലത്ത്  വിരുപണ്ണ, വീരണ്ണ എന്നീ സഹോദരന്മാരായ വാസ്തുശില്പികളാണ്  ഈ ക്ഷേത്രം നിർമ്മിച്ചത്.




ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിലാണ് ഞാൻ ഈ ക്ഷേത്രം സന്ദർശിച്ചത്. ഒരു ടൂർ ഗ്രൂപ്പിനൊപ്പമായിരുന്നു എന്റെ യാത്ര.  ലേപാക്ഷി എന്ന പേരു കേട്ടപ്പോൾ ഇതൊരു ദേവീക്ഷേത്രമാണെന്നാണ് കരുതിയത്. എന്നാൽ ഈ പേരിനു നിദാനം മറ്റൊന്നാണ്.  രാമായണവുമായി അഭേദ്യബന്ധമുള്ളതാണ് ഈ സ്ഥലം. സീതയെ മോഷ്‌ടിച്ചു പുഷ്പകവിമാനത്തിൽ യാത്ര ചെയ്തിരുന്ന  രാവണനുമായുള്ള യുദ്ധത്തിൽ  വീണ ജടായുവിനോട്, ശ്രീരാമൻ "ലേ പക്ഷീ" (എഴുന്നേൽക്കൂ പക്ഷീ) എന്ന് അരുളിച്ചെയ്ത സ്ഥലമാണ് ഇവിടം എന്നാണ് വിശ്വാസം. ഇതിൽ നിന്നാണ് ലേപാക്ഷി എന്ന പേരുണ്ടായത്. (നമ്മുടെ കേരളനാട്ടിലെ ജടായുപ്പാറയും സമാനമായൊരു കഥയുടെ പശ്ചാത്തലം സ്വായത്തമാക്കിയിട്ടുണ്ടെന്നു തോന്നുന്നു.) സഞ്ചരിച്ചിരുന്ന വാഹനം ക്ഷേത്രത്തോടടുക്കുമ്പോൾ വലിയൊരു പാറയുടെ മുകളിലെ ജടായുശില്പമാണ് ആദ്യം ശ്രദ്ധയിലെത്തിയത് . രാവണനാൽ ചിറകരിയപ്പെട്ട ജടായു ഈ പാറയിലാണത്രേ  പതിച്ചത്. അതിനുമുകളിലേക്കു കയറാൻ ഇരുമ്പുഗോവണിയുമുണ്ട് .




നാഗലിംഗം വിസ്മയിപ്പിക്കുന്നൊരു ദൃശ്യമാണ്. വളരെ വലിയൊരു ശിലയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൊത്തിയെടുത്ത ഒരു നാഗരൂപത്തിൽ ചെറിയൊരു  ശിവലിംഗം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മൂന്നുചുറ്റുള്ള മഹാസർപ്പത്തിന്റെ, വിടർത്തിയിരിക്കുന്ന എഴു ഫണങ്ങളുടെ കീഴിലായിട്ടാണ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത  ശിവലിംഗസ്ഥനം. ഇങ്ങനെയൊരു ശിവലിംഗം സ്ഥാപിക്കുന്നതിന് പിന്നിൽ ഒരു കഥയുണ്ടെന്നു ഗൈഡ് പറഞ്ഞിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടെ പ്രധാനമേൽനോട്ടക്കാരായ  വീരണ്ണ, വിരൂപണ്ണ എന്നീ രണ്ട് സഹോദരന്മാരുടെ മാതാവ്‌, ഭക്ഷണമുണ്ടാക്കുകയുംമറ്റും ചെയ്യുന്ന തിരക്കിനിടയിൽ തനിക്കു ക്ഷേത്രത്തിൽ പോകാൻ സമയം  ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. അമ്മയ്ക്ക് അവിടെത്തന്നെ ആരാധന നടത്താൻ മക്കൾ വളരെവേഗം അവിടെയുണ്ടായിരുന്നൊരു ശിലയിൽ കൊത്തിയെടുത്തതാണത്രേ ഈ വലിയ നാഗരൂപവും ശിവലിംഗവും. അമ്മ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടയിലാണ് അവർ നാഗലിംഗം കൊത്തിയെടുത്തത്, വെറും ഒരു മണിക്കൂറിനുള്ളിൽ അത് പൂർത്തിയാക്കി. നാഗലിംഗം പ്രപഞ്ചശക്തിയുടെയും, ശിവ-ശക്തി ഐക്യത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.




 മുഖമണ്ഡപത്തെ താങ്ങിനിർത്തുന്ന 70 തൂണുകളിൽ ഒന്നായ തൂക്കുസ്തംഭം മറ്റൊരദ്‌ഭുതമാണ്. ഇത് നിലവിതാനത്തിൽ സ്പർശിക്കാതെ വായുവിൽ തൂങ്ങിനില്ക്കുന്ന രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.  തറനിരപ്പിനും തൂണിന്റെ അടിഭാഗത്തിനുമിടയിൽക്കൂടി നേർത്ത വസ്ത്രപാളി കടത്തിയിറക്കാം. ഇതിന്റെ രഹസ്യമറിയാൻ  ശ്രമിച്ച ഒരു ബ്രിട്ടീഷ് എഞ്ചിനീയർ ഈ തൂൺ അഴിച്ചെടുത്തുവെന്നും അയാൾക്കൊന്നും കണ്ടെത്താനായില്ലെന്നും വീണ്ടും സ്ഥാപിച്ചപ്പോൾ സ്തംഭത്തിന്റെ ചെറിയൊരംശം നിലത്തു സ്പർശിച്ചെന്നുമാണ് ഗൈഡ് പറഞ്ഞത്. അതായിരിക്കാം ഇപ്പോൾ വസ്ത്രപാളി പൂർണ്ണമായി കടത്തിയിറക്കാൻ കഴിയുന്നില്ല. (മറ്റൊരാൾ പറഞ്ഞത്, സ്തംഭം ഇളക്കാൻ നോക്കിയപ്പോഴേ എല്ലാ ശിലകളും ഒന്നിച്ച്  ഇളകാൻ തുടങ്ങിയെന്നും ആ ശബ്ദംകേട്ടു  ഭയന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഓടിരക്ഷപ്പെട്ടുവെന്നുമാണ്.)




ക്ഷേത്രത്തിന്റെ ചുമരുകളിലും തൂണുകളിലും വിവിധ ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.   ഇവിടുത്തെ  ഏറ്റവും മനോഹരമായ ആകർഷണങ്ങളിലൊന്ന് ചുവർചിത്രങ്ങളാണ്, ക്ഷേത്രത്തിന്റെ ചുമരുകളും മേൽക്കൂരയും മൂടുന്ന പെയിന്റിംഗുകളാണ് ഇവ. രാമായണം, മഹാഭാരതം, പുരാണങ്ങൾ തുടങ്ങിയ ഹിന്ദു ഇതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങളാണ് ഈ ചിത്രങ്ങൾ . നനഞ്ഞ ചുണ്ണാമ്പ് പ്ലാസ്റ്ററിൽ വെള്ളത്തിൽ കലക്കിയ നിറങ്ങൾ ഉപയോഗിച്ച് വരയ്ക്കുന്ന   ഫ്രെസ്കോരീതിയാലാണ്   ചിത്രങ്ങൾ വരച്ചിരിക്കുന്നത്.  കലാമേന്മയുള്ള ജീവസ്സുറ്റ ഈ ചിത്രങ്ങളുടെ സൂക്ഷ്മാവിഷ്കാരഭംഗി ആരെയും അതിശയിപ്പിക്കും. 



ക്ഷേത്രാങ്കണത്തിലെ പാറക്കെട്ടിൽ കാണുന്ന വലിയ കാൽപാദങ്ങൾ സീതാദേവിയുടേതാണെന്നു വിശ്വസിക്കപ്പെടുന്നു. ഒരിക്കലും മാഞ്ഞുപോകാത്ത ഈർപ്പവും കുങ്കുമവും ചേർന്ന് ഒരു രക്തച്ഛവി അതിലാകെ പടർന്നിരിക്കുന്നതു കൗതുകം തോന്നിപ്പിക്കുന്നൊരു കാഴ്ചയാണ്.  രാവണൻ തട്ടിക്കൊണ്ടുപോകുന്ന വഴി ജടായു തടഞ്ഞപ്പോൾ പുഷ്പക വിമാനം അവിടെ യാത്ര മുടക്കിയെന്നും  സീതാദേവി പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ    പാദം ഈ പാറയിൽ  പതിഞ്ഞതാണെന്നുമാണ്  ഭക്തരുടെ വിശ്വാസം. ത്രേതായുഗത്തിൽ മനുഷ്യരുടെ വലുപ്പം ഇപ്പോഴത്തെ മനുഷ്യരേക്കാൾ  വളരെ വലുതായിരുന്നുവെന്നാണല്ലോ പറയപ്പെടുന്നത്. യുഗങ്ങൾ കഴിയുന്തോറും മനുഷ്യന്റെ വലുപ്പവും കായബലവും ബുദ്ധിശക്തിയുമൊക്കെ കുറഞ്ഞുവരുമത്രേ! അങ്ങനെ നോക്കുമ്പോൾ ആ വലിയ പാദങ്ങൾ സീതയുടേതാണെന്നു പറയുന്നതിൽ അവിശ്വസനീയതയില്ല. 




ക്ഷേത്രത്തിലെ ഏറ്റവും കൗതുകകരമായ ആകർഷണങ്ങളിലൊന്നാണ് അപൂർണ്ണമായ കല്യാണമണ്ഡപം.  ശിവന്റെയും പാർവതിയുടെയും വിവാഹം നടക്കേണ്ടിയിരുന്ന  വേദി . 38 തൂണുകളും ഒരു താഴികക്കുടവും ഉള്ള  വൃത്താകൃതിയിലുള്ള ഘടനയാണ് കല്യാണമണ്ഡപം. വിവാഹത്തിന്റെ ദൃശ്യങ്ങൾ  തൂണുകളിൽ കൊത്തിയെടുത്തിട്ടുണ്ട്. താഴികക്കുടം താമരയുടെ രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.  ക്ഷേത്രത്തിന്റെ പ്രധാന വാസ്തുശില്പികളായ വീരണ്ണയും വിരൂപണ്ണയും, രാജാവിന്റെ അനുമതിയില്ലാതെ ക്ഷേത്രം നിർമ്മിക്കാൻ ഖജനാവിലെ പണം  ഉപയോഗിച്ചു എന്ന തെറ്റായ ആരോപണത്തെത്തുടർന്ന് അവർ നിർമ്മാണം ഉപേക്ഷിച്ചതിനാൽ കല്യാണമണ്ഡപം അപൂർണ്ണമാണ്.  രാജാവ് ഇതിനെക്കുറിച്ചറിഞ്ഞപ്പോൾ അവരുടെ നേത്രങ്ങൾ  പിഴുതെടുക്കാൻ ഉത്തരവിട്ടു. പക്ഷേ രാജാവിന്റെ കിങ്കരന്മാർ   എത്തുന്നതിനുമുമ്പ്, അവർ ക്ഷേത്രത്തിന്റെ ചുവരുകളിൽ കണ്ണുകൾ പിഴുതെറിഞ്ഞ്  സ്വയം അന്ധത വരിച്ചു.  നേത്രങ്ങൾ പതിച്ചുണ്ടായ  പാടുകൾ  ഇപ്പോഴും രക്തം പടർന്നതുപോലെ   ചുവപ്പുരാശിയുള്ളതായി കാണാം.  . കല്യാണമണ്ഡപം ആ  വാസ്തുശില്പികളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാണ്, കൂടാതെ ക്ഷേത്രത്തിന്റെ പൂർത്തിയാകാത്ത സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തൽകൂടിയാണ്. (നേത്രങ്ങൾ പതിഞ്ഞിരിക്കുന്നതിനാൽ , തെലുങ്കിൽ 'എംബാം ചെയ്ത കണ്ണ്' എന്നർത്ഥം വരുന്ന 'ലേപ അക്ഷി' എന്നതിൽ നിന്നാണ് ക്ഷേത്രത്തിന്റെ  നാമം  ഉത്ഭവിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ട് .)


മറ്റൊരു വിസ്മയചിത്രം ക്ഷേത്രമുറ്റത്തെ പാറയുടെ തിരശ്ചീനപ്രതലത്തിൽ കൊത്തിവെച്ചിരിക്കുന്ന കള്ളികളോടുകൂടിയ  വലിയ  ഭക്ഷണത്തളികകളാണ്.   ഭക്ഷണശേഷം പാത്രങ്ങൾ കഴുകാനുള്ള അമ്മയുടെ വിഷമം മനസ്സിലാക്കി ശില്പികളായ മക്കൾ പാറയിൽ തളികകൾ  കൊത്തിവയ്‌ക്കുകയായിരുന്നു. നദീജലം അതിലേക്കു ശക്തിയായി ഒഴുക്കി പാത്രങ്ങൾ  വേഗം കഴുകിയെടുക്കാമെന്നത് ഈ തളികകളുടെ പ്രത്യേകതയാണ്. വട്ടത്തിലുള്ള തളികയിൽ ഹോട്ടലുകളിൽ  കാണുമ്പോലെ ചോറും കറികളും വിളമ്പാവുന്ന പ്രത്യേകം കള്ളികളാണ്. ഈ തളികളിൽ  ഒരെണ്ണം മാത്രം വലുപ്പം കൂടിയതാണ്. ഒരുപക്ഷേ രാജാവിനോ അല്ലെങ്കിൽ പ്രധാനശിൽപിക്കോ ഭക്ഷണം കഴിക്കാനുള്ളതാകാം അത്.   അഞ്ഞൂറുവർഷം മുമ്പ്  ഇത്തരം തളികകൾ പ്രചാരത്തിലുണ്ടായിരുന്നുവെന്നത് അതിശയിപ്പിക്കുന്ന കാര്യം തന്നെ. 




ക്ഷേത്രത്തിൽനിന്ന് ഏകദേശം 200 മീറ്റർ അകലെ യായി ബൃഹത്തായൊരു നന്ദിപ്രതിഷ്ഠയുണ്ട് . ക്ഷേത്രത്തിലെ നാഗലിംഗത്തിനു നേരെ ദൃഷ്ടി പതിപ്പിച്ചാണ് നന്ദി നിലകൊള്ളുന്നത്.  ഏകദേശം 27 അടി (8.2 മീറ്റർ) നീളവും 15 അടി (4.5 മീറ്റർ) ഉയരവുമുള്ള ഈ നന്ദിപ്രതിമയാണ് ഇന്ത്യയിലെ (ഒരുപക്ഷേ ലോകത്തിലെതന്നെ  ) ഏറ്റവും വലിയ ഒറ്റക്കൽ നന്ദിപ്രതിമയെന്നു കരുതപ്പെടുന്നു. ജീവൻതുടിക്കുന്ന നന്ദിശില്പത്തിലെ ആഭരണങ്ങളും അലങ്കാരങ്ങളും ചർമ്മത്തിലെ  ചുളിവുകളും പേശീഘടനയുമൊക്കെ  അതിസൂക്ഷ്മമായ ശിൽപ്പകലാവൈഭവത്തിനു   സാക്ഷ്യപത്രമാകുന്നു.


എന്തുകൊണ്ടും ലേപാക്ഷി ക്ഷേത്രദർശനം അസാധാരണമായൊരനുഭവം പ്രദാനം ചെയ്യും. ആത്മീയതയ്‌ക്കൊപ്പം നമ്മുടെ പൂർവ്വികരുടെ കലാവൈഭവത്തിന്റെ ആഭൗമപ്രജ്ഞപ്തി ദർശിച്ചറിയുവാനുള്ളൊരു അപൂർവ്വാവസരംകൂടിയാണിത്‌.















No comments:

Post a Comment