Saturday, January 15, 2022

രാജസ്ഥാൻ 15- കുംഭാൽഘർ

 മൗണ്ട് അബുവിലെ ദിൽവരാക്ഷേത്രസമുച്ചയം  സന്ദർശിച്ചശേഷമാണ് ആ പട്ടണത്തോട് വിടപറഞ്ഞത്. 

ഇനി പോകുന്നത് കുംഭാൽഗർ  എന്ന മറ്റൊരുചരിത്രവിസ്മയത്തിലേക്കാണ്. ഒരുപക്ഷേ അത്രയധികമൊന്നും സഞ്ചാരികൾ ചെന്നെത്തിയിട്ടില്ലാത്ത ഒരു ചരിത്രസ്മാരകംകൂടിയാണത്. 

മൗണ്ട് അബുവിൽനിന്നു നാലുമണിക്കൂറിലധികം യാത്രയുണ്ടായിരുന്നു   കുംഭാൽഗറിലേക്ക്. പകുതിയിലധികംദൂരം അതിമനോഹരമായ നാഷണൽ ഹൈവേയിലൂടെയായിരുന്നു യാത്ര. പക്ഷേ പിന്നീട് അതൊരു സാധാരണ റോഡിലേക്ക് കയറിയായി. നിറയെ കൃഷിയിടങ്ങളും വലുതും ചെറുതുമായ തടാകങ്ങളും ഉപ്പുണങ്ങിക്കിടക്കുന്ന തടാകതീരങ്ങളും പാഴ്മരങ്ങളും കള്ളിച്ചെടികളും വളർന്നുകിടക്കുന്ന  വെളിമ്പറമ്പുകളുമൊക്കെയുള്ള ഭൂപ്രദേശത്തിലൂടെ നീണ്ടുപോകുന്ന നാട്ടുപാതയിലൂടെ കടന്നുപോകുമ്പോൾ അപൂർവ്വമായെങ്കിലും സാരഥിക്ക്‌ വഴിതെറ്റുകയും ചില സ്ഥലങ്ങളിൽ വിഘ്നങ്ങളുണ്ടാവുകയുമൊക്കെയുണ്ടായി. എങ്കിലും ആ ഗ്രാമയാത്ര രസകരമായിരുന്നു. കണ്ടിട്ടുള്ളതും അല്ലാത്തതുമായ  ധാരാളം പക്ഷികളും കന്നുകാലിക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും കണ്ണുകൾക്ക് വിരുന്നൊരുക്കി. റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളെ ഹോണടിച്ചു ഭയപ്പെടുത്താതെ വാഹങ്ങൾ നിർത്തിയിടുന്നതും ഏറെ ആഹ്ലാദം നല്കിയിരു അനുഭവമായിരുന്നു.  ഇടയ്ക്ക് പട്ടാളക്കാരുടെ യൂണിഫോമിട്ടപോലെ തോന്നുന്ന  ബ്രൗൺ നിറത്തിൽ വെള്ള പുള്ളികളുള്ള ചില ആടുകളും കൗതുകക്കാഴ്ചയായി. സിരോഹികോലാട് എന്നാണവ അറിയപ്പെടുന്നത്.      അപ്രതീക്ഷിതവിഘ്‌നങ്ങളൊന്നും  സംഭവിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ മൂന്നരമണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തേണ്ടതാണ്.   കുംഭാൽഗർ വിനോദസഞ്ചാരഭൂപടത്തിൽ ഇടംപിടിച്ചിട്ട്  അത്രയധികമൊന്നുമായിട്ടില്ല. അതിനാലാവാം അങ്ങോട്ടുള്ള പാതകൾ അത്രയൊന്നും വികസനം പ്രാപിക്കാതിരുന്നതും. 2013 ലാണ് യുനെസ്‌കോ ഈ കോട്ടയെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 


നേരമിരുണ്ടശേഷമാണ് ഞങ്ങളുടെ അന്നത്തെ അഭയകേന്ദ്രമായ 'കുംഭാൽഗർ സഫാരി ക്യാമ്പ്' എന്ന സുന്ദരമായ റിസോർട്ടിൽ എത്തിച്ചേർന്നത്. വർണ്ണവെളിച്ചത്തിൽ ആറാടിനിൽക്കുന്ന പാതകളും കുന്നിന്മുകളിലേക്കു വളർന്നുകയറിയിരിക്കുന്ന റിസോർട്ടിലെ കോട്ടേജുകളും ഒരദ്‌ഭുതക്കാഴചയായിരുന്നു. സ്വാഗതപാനീയം നൽകി സ്വീകരിച്ചശേഷം ഞങ്ങളെ കൂടാരത്തിന്റെ മാതൃകയിൽ സജ്ജമാക്കിയിരിക്കുന്ന കോട്ടേജുകളിലേക്കു എത്തിച്ചു. അത്താഴശേഷം നാടോടിക്കലാരൂപങ്ങളും നൂൽപ്പാവനൃത്തവും ഒക്കെ ഡൈനിങ്ങ്ഹാളിനു മുമ്പിലുള്ള പുൽമൈതാനത്ത് സജ്ജമാക്കിയ ചെറിയ സ്റ്റേജിൽ  അവതരിപ്പിക്കപ്പെട്ടിരുന്നു. നല്ല തണുപ്പുണ്ടായിരുന്നിട്ടും അതിഥികൾ എല്ലാവരും അതൊക്കെ നന്നായി ആസ്വദിച്ചു. തിരികെ കോട്ടേജിലെത്തി നന്നായി ഉറങ്ങി. അതിരാവിലെയുണർന്നു സൂര്യോദയത്തിനായി കാത്തുനിന്നു. അവർണ്ണനീയമായിരുന്നു ആ കുന്നിന്മുകളിൽനിന്നു കണ്ട ദൃശ്യവിസ്മയം. പിന്നെ പ്രാതൽകഴിച്ച് കുംഭാൽഗർകോട്ടയിലേക്ക് യാത്രയായി. ആറുകിലോമീറ്റർ ദൂരമാണ് അവിടേക്ക്. 


ആരാവലിപർവ്വതനിരകളിൽ ജൻമംകൊണ്ടതാണ്  ഏറെ സാരഗർഭമായ കുംഭാൽഗർകോട്ട. ഇപ്പോഴത്തെ  രാജ്‌സമന്ദ് ജില്ലയിൽ ആണ് ഈ കോട്ട   . ഇന്ത്യയിലെ 'ചൈനീസ് വന്‍മതില്‍' എന്നാണ് ഈ കോട്ട  വിശേഷിപ്പിക്കപ്പെടുന്നത്‌. 13 മലനിരകളിലായി പരന്നുകിടക്കുന്ന ഈ കോട്ടമതിൽ  ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ഏറ്റവും നീളംകൂടിയതാണ് എന്നതിനാലാണ് ഈ വിശേഷണം. 36 കിലോമീറ്ററാണ് മേവാറിന്റെ മാർവാറിൽനിന്ന് വേർതിരിക്കുന്ന, ഏഴുമീറ്ററോളം  വീതിയുള്ള    ഈ കോട്ടമതിലിന്റെ ദൈർഘ്യം. പതിനഞ്ചാംനൂറ്റാണ്ടിലാണ്  ഇന്ന് കാണുന്ന കോട്ടയുടെ നിർമ്മാണം നടന്നതെങ്കിലും ഇതിന്റെ മൂലരൂപം പിറവിയെടുത്തത് അശോകചക്രവർത്തിയുടെ പേരക്കുട്ടിയായിരുന്ന സമ്പ്രാതിയുടെ കാലത്താണെന്നും വിശ്വസിക്കപ്പെടുന്നു. ബി സി മൂന്നാംനൂറ്റാണ്ടിലാണ് സമ്പ്രാതി ഭരണത്തിൽ ഉണ്ടായിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ  അതിപ്രശസ്തനായ രജപുത്ര രാജാവ്  മഹാറാണാപ്രതാപ്‌സിംഗ് ജന്മംകൊണ്ടത് ഈ കോട്ടയിൽവെച്ചാണ്. 


ഈ  കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. 1433 മുതൽ 1468 വരെ  മേവാറിന്റെ ഭരണാധികാരിയായിരുന്ന മഹാറാണാകുംഭാ 1448 ൽ  ഇവിടെ ഒരു കോട്ട നിർമ്മിക്കാൻ തുടക്കമിട്ടപ്പോൾ മുതൽ വിഘ്നങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ഒരു സന്യാസി അവിടെയെത്തി പരിഹാരമായി അറിയിച്ചത്  സ്വച്ഛന്ദനരബലി നടത്തണമെന്നായിരുന്നു. ആരും അതിനായി മുന്നോട്ടുവരാത്തതിനാൽ  അദ്ദേഹം സ്വയം  ആ നരബലിക്കു സന്നദ്ധനായി. ശിരസ്സറുത്ത്, കബന്ധം നടന്നു കുറേദൂരം മുമ്പോട്ട് പോയി.  ശിരസ്സ് വീണിടവും കബന്ധം വീണിടവും പാവനമായിത്തന്നെ സംരക്ഷിക്കപ്പെടുന്നു. 15വർഷമെടുത്തു പണി പൂർത്തീകരിക്കാൻ. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ  ഏറ്റവും പ്രസക്തമായത് ഈ കോട്ടയും. മണ്ഡൻ  എന്നയാളായിരുന്നു ഈ കോട്ടയുടെ വാസ്തുശില്പി.

 പല ശക്തികളുടെയും സൈനികാക്രമണങ്ങൾ കോട്ടയ്ക്കുനേരെ ഉണ്ടായെങ്കിലും മഹാറാണാകുംഭാ എല്ലാറ്റിലും വിജയം വരിക്കുകയാണുണ്ടായത്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ  മൂത്തപുത്രനായ ഉദയ്‌കിരൺസിംഗ്,  രാജ്യാവകാശം വേഗം ലഭിക്കുന്നതിനായി പിതാവിനെ വധിക്കുകയുണ്ടായി. രാജാവിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രൻ തന്നെക്കാൾ ശക്തനെന്നു മനസ്സിലാക്കി, പിതാവ് അയാളെ കിരീടാവകാശിയാക്കിയെങ്കിലോ എന്ന ശങ്കയിലാണ് ഇത്തരമൊരു ക്രൂരകൃത്യത്തിനു ഉദയ്‌സിംഗ് തയ്യാറായത്. കർമ്മഫലമോ മറ്റോ, അധികനാൾ കഴിയുംമുമ്പ്   ഉദയ്‌സിംഗ് ഇടിമിന്നലേറ്റ് മരണപ്പെട്ടു. അതല്ല, സ്വന്തം സഹോദരൻതന്നെ പിതാവിനെ കൊന്നതിന്റെ പ്രതികാരമായി അയാളെ വധിച്ചതാണെന്നും ചില അഭിപ്രായം നിലനിൽക്കുന്നു. 

'അരിത് പോൽ'   'ഹനുമാൻ പോൽ' എന്നീ കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് ഏരിയയിലാണ് ബസ്സ് ഞങ്ങളെ എത്തിച്ചത്. മണ്ഡോറിൽനിന്നു നിന്നുകൊണ്ടുവെന്ന ഹനുമാൻ  ഹനുമാൻപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇവിടെയാണ്.   അവിടെ നിന്ന് ടിക്കറ്റ് എടുത്തുവേണം അടുത്ത കവാടമായ ഹല്ലാ പോൽ കടന്നു  3600 അടി ഉയരമുള്ള  കുന്നിന്മുകളിലെ കോട്ടഭാഗത്തേക്ക്  കയറാൻ. സ്വദേശികൾക്ക് പത്തുരൂപയും വിദേശികൾക്ക് നൂറുരൂപയുമാണ് പ്രവേശനഫീസ്. ചുരംപോലെ വളവുകളും തിരിവുകളുമായി കിടക്കുന്ന ചെരിഞ്ഞ പാതയിലൂടെ  മുകളിലേക്ക് കയറുമ്പോൾത്തന്നെ ദൂരെയായി ഇരുഭാഗങ്ങളിലേക്കും നീണ്ടുകിടക്കുന്ന വലിയ കോട്ടമതിൽ ദൃശ്യമാകും.  ഈ കോട്ടമതിൽ ഭേദിച്ച് ഇവിടേക്കെത്തുക ദുഷ്കരമായിരുന്നു. അതിനാൽ ആദ്യകാലത്ത് ഈ കോട്ട അറിയപ്പെട്ടിരുന്നത് അജയ്ഗഡ്‌ എന്നായിരുന്നു. പല മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഈ വന്മതിൽ വ്യാപാരിക്കുന്നത്. ഈ വനപ്രദേശം ഒരു വന്യമൃഗസംരക്ഷണകേന്ദ്രംകൂടിയാണിന്ന്. റാം പോൽ എന്ന പ്രധാനകവാടം.  കടന്നാണ്  അകത്തേക്ക് പ്രവേശിക്കുന്നത്. കടാർഗഡ് എന്നറിയപ്പെടുന്ന  ഈ ചെറിയ കോട്ടയ്ക്കുള്ളിൽ   കുന്നിൻനെറുകയിൽ  ബാദൽമഹൽ, കുംഭാമഹൽ  എന്നീ  സുന്ദരമായ കൊട്ടാരഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. റാം പോൽ കടന്നാൽ   അവിടെ അല്പം മാറി ചുവന്ന അടയാളത്തിൽ ഒരു കല്ല് കാണാം. അവിടെയായിരുന്നു സന്യാസിയുടെ ശിരസ്സ് പതിച്ചത്.  

കബന്ധം വീണിടത്തും ഒരു സ്മാരകകുടീരം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഗണേഷ് പോൽ, വിജയ് പോൽ, ഭൈരവ് പോൽ, നിംബു പോൽ, ചൗഗാൻ പോൽ, പഗഡ് പോൽ,  എന്നിങ്ങനെ ഒമ്പതു പ്രധാനകവാടങ്ങളാണ് കടന്നുപോകേണ്ടത്. മനോഹരമായ വാസ്തുശില്പസങ്കേതങ്ങളാണ് ഇവിടെയൊക്കെ നമ്മൾ കാണുന്ന കൊട്ടാരഭാഗങ്ങളും ക്ഷേത്രങ്ങളുമൊക്കെ. കൊട്ടാരക്കെട്ടിലേക്കുള്ള പാതയുടെ തുടക്കംകുറിക്കുന്ന  ഗണേഷ്പോലിനോട് ചേർന്നുതന്നെ   പൊതുജനങ്ങളുടെ ആരാധനയ്ക്കായി  റാണാകുംഭാ നിർമ്മിച്ച ഒരു ഗണേശക്ഷേത്രണ്ട്. അദ്ദേഹംതന്നെ സ്ഥാപിച്ച  ദുർഗ്ഗാക്ഷേത്രത്തിൽ വണങ്ങിയശേഷമാണ്  യുദ്ധങ്ങൾക്കുംമറ്റും പുറപ്പെട്ടിരുന്നത്.  ആയുധശേഖരത്തിനായി മാറ്റിവെച്ചിരിക്കുന്നിടത്ത് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നതുകാണാം.  കോട്ടയ്ക്കുള്ളിൽ  ജലസംഭരണിയും ധാന്യസംഭരണിയും തടവറയും ഒക്കെ സജ്ജീകരിച്ചിരുന്നു . ആക്രമണകാലത്തെ ഒളിത്താവളമായി മാത്രമാണ് ഇവിടം കണക്കാക്കിയിരുന്നത്. സ്ഥിരവാസം ഉണ്ടയിരുന്നില്ല. എങ്കിലും വലിയൊരു ജലസംഭരണി കോട്ടയ്ക്കുള്ളിലും താഴ്‌വാരത്ത് നീരൊഴുക്കിൽ  അണക്കെട്ടുകെട്ടി മറ്റൊരു ജലസംഭരണിയും  പ്രദേശവാസികളുടെ ദൈനംദിന, കൃഷി ആവശ്യങ്ങൾക്കായി സജ്ജമാക്കിയിരുന്നു. 

 കവാടങ്ങളുടെ മുൻഭാഗം ഇടുങ്ങിയതായാണ് കാണപ്പെട്ടത്. കൂടാതെ ചൗഗൻ പോലിന്റെ വാതിലുകളിൽ കൂർത്ത ഇരുമ്പുമുള്ളുകളും പിടിപ്പിച്ചിരിക്കുന്നു. ആനകളുടെ അനായാസആഗമനം തടയുന്നതിനായാണ് ഇത്തരമൊരു സുരക്ഷാസംവിധാനം. പിന്നീടെത്തുന്നത് പഗഡി പോൽ എന്ന കവാടത്തിലാണ്. വിശിഷ്ടാതിഥികളും മറ്റും എത്തുമ്പോൾ തലപ്പാവുവെച്ചു സ്വീകരിക്കുന്ന കവാടമാണത്രേ അത്.  കുന്നിൻമുകളിൽ നിമ്മിച്ചിരിക്കുന്ന രണ്ടുനിലകളുള്ള  ബാദൽമഹലിന്റെ ഉൾവശം, ഭിത്തിയും മുകള്ഭാഗവും എല്ലാം,കടുംനീലയും വെള്ളനിറവും ഉപയോഗിച്ച് വരച്ച  മഴമേഘങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞതാണ്. മഴയില്ലാത്ത നാടായതുകൊണ്ടു മഴയുടെ സാന്നിധ്യം തോന്നിപ്പിക്കാനത്രേ ഇങ്ങനെ ചിത്രങ്ങൾ വരച്ചുചേർത്ത്. ഈ കൊട്ടാരവും അതിനോടുചേർന്ന ഭാഗങ്ങളും രണ്ടു  ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മർദാനമഹലും സനാനാമഹലും. മർദാനമഹൽ ഇപ്പോൾ സന്ദർശകർക്ക് തുറന്നുകൊടുത്തിട്ടില്ല. ചുവരോട് ചേർന്നുള്ള  ചെറിയ ഝരോഖകളിൽകൂടി സ്ത്രീജനങ്ങൾക്ക് പുറംകാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. കാറ്റ് ഉള്ളിൽകടക്കാനുള്ള പ്രത്യേകസംവിധാനങ്ങളും ഈ കൊട്ടാരത്തിന്റെ ഭിത്തികളിൽ സജ്ജീകരിച്ചിരുന്നു. റാണി കി രസോയി എന്നൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചരിക്കുന്നു. ഇരുവശങ്ങളിലുമുള്ള ടെറസ് പോലുള്ള ഭാഗങ്ങളിൽമിന്നു നോക്കിയാൽ ചുറ്റുമുള്ള ഭൂപ്രദേശം മുഴുവൻ വ്യക്തമായി കാണാൻ കഴിയും. ഒരു വശത്തു മാർവാഡും മറുവശത്ത് മേവാറും. ദൂരെ എവിടെയോ കാണുന്ന  ഹൽദിഘാട്ടി എന്നൊരു പ്രദേശത്തെ ഗൈഡ് പരിചയപ്പെടുത്തിയിരുന്നു. മഞ്ഞനിറമാണ് ആ പ്രദേശത്തിന്.  അവിടെവെച്ചാണ് 1576 ൽ   മേവാഡ്- മുഗൾ യുദ്ധം നടന്നത്.    യുദ്ധത്തിൽ മഹാറാണാ പ്രതാപിന്റെ ചേതക് എന്ന കുതിരയ്ക്കു ഗുരുതരമായ ക്ഷതമേൽക്കുകയും അവിടെവച്ച് അത് അന്ത്യശ്വാസംവലിക്കുകയും ചെയ്തു. 

മുകളിലെ കാഴ്ചകൾ കണ്ടു ചുരംപോലുള്ള പാതയിറങ്ങി താഴെയെത്തി. അവിടെനിന്നു വലതുഭാത്തേക്കുള്ള ചുറ്റുമതിലിനു മുകളിലൂടെ കുറേദൂരം നടന്നു. നാലു കുതിരസവാരിക്കാർക്ക് നിരയായി കടന്നുപോകാനുള്ള വീതിയുണ്ട് ആ പാതയ്ക്ക്. താഴെഭാഗത്തായി ഏതാനും ക്ഷേത്രങ്ങളുമുണ്ട്. കാലപ്പഴക്കത്തിൽ വന്ന ജീർണ്ണതകൾ വ്യക്തമാണെങ്കിലും  ശില്പഭംഗിനിറഞ്ഞതാണ് ഓരോ ക്ഷേത്രങ്ങളും. ആദ്യം കാണുന്നത് ജൈനക്ഷേത്രമായ വേദി മന്ദിർ ആണ്. കുറെ  പടവുകൾ കയറിവേണം   മൂന്നുനിലയിലായി പണിതിരിക്കുന്ന ക്ഷേത്രത്തിൽ കടക്കാൻ. അഷ്ടകോൺ ആകൃതിയിലാണ് ക്ഷേത്രനിർമ്മാണം. മുകളിലെ താഴികക്കുടം  മുപ്പത്തിയാറു തൂണുകളിലായാണ് തങ്ങിനിർത്തിയിരിക്കുന്നത്. വേദിമന്ദിറിന്റെ കിഴക്കുവശത്തായി നീലകണ്ഠമഹാദേവക്ഷേത്രമാണ്. അഞ്ചടി ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിലും എത്താൻ ധാരാളം പടവുകൾ കയറണം. പാർശ്വനാഥ് മന്ദിറാണ് മറ്റൊരു ക്ഷേത്രം.  ബാവൻദേവി ക്ഷേത്രത്തിൽ പേര് സൂചിപ്പിക്കുന്നതുപോലെ 52 മൂർത്തികളാണുള്ളത്. വിസ്തൃതമായ ഈ കോട്ടയ്ക്കുള്ളിൽ 300 ജൈനക്ഷേത്രങ്ങളും 60 ഹിന്ദുക്ഷേത്രങ്ങളുമുണ്ട്. ചിലതൊക്കെ അശോകചക്രവർത്തിയുടെ കാലത്തു് നിർമ്മിക്കപ്പെട്ടതാണ്.  വളരെക്കുറച്ചു ക്ഷേത്രങ്ങൾമാത്രമേ ഇന്ന് സജീവമായുള്ളു. 


ക്ഷേത്രങ്ങൾ കണ്ടിറങ്ങുമ്പോൾ അടുത്തുള്ള സ്‌കൂളിലെ കുട്ടികൾ ഇന്റെർവൽ സമയത്ത്  ചുറ്റുവട്ടത്തുള്ള ആത്തമരങ്ങളിൽനിന്നു പറിച്ചെടുത്ത ഫലങ്ങൾ  വിൽക്കാനിരിക്കുന്നതുകണ്ടു. എല്ലാവരും കുട്ടികളുടെ പഴങ്ങൾ വാങ്ങുകയും ചെയ്തു. അടുത്തുള്ളൊരു ലഘുഭക്ഷണശാലയിൽനിന്നു ചായയും ബിസ്കറ്റും കഴിച്ചശേഷം ഞങ്ങൾ ഈ വിസ്‌മയകോട്ടയോടു വിടപറഞ്ഞു. 

തിരികെ റിസോർട്ടിലെത്തിയശേഷം കോട്ടേജിൽനിന്നു ലഗേജെടുത്ത് പതിനൊന്നരയോടെ  ഉദയ്പൂരിലേക്കു യാത്രയായി. രണ്ടുമണിയോടടുത്ത് ഉദയ്പൂരിലെ ഉദയബാഗ് എന്ന  ഹോട്ടലിൽ എത്തി. പ്രധാനപാതയിൽനിന്നു കുറച്ചുള്ളിലേക്കു മാറിയുള്ള  അതിവിശാലമായൊരു റിസോർട് ആണിത്. വിസ്തൃതമായ  പുൽത്തകിടികളും മനോഹരമായ ഉദ്യാനങ്ങളുമൊക്കെയുള്ള ഈ റിസോർട് ട്രൂലി ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ളതാണ്. ഉച്ചഭക്ഷണം അവിടെനിന്നു കഴിച്ച ശേഷം കുറച്ചുനേരത്തെ വിശ്രമം. നാലുമണിയോടെ ചായ, കാപ്പി, സ്നാക്ക്സ് ഒക്കെ കഴിച്ച് 'ഭാരതീയ ലോക് കലാകേന്ദ്ര' എന്നൊരു കലാസ്ഥാപനം നടത്തുന്ന പപ്പറ്റ് ഷോയും നൃത്തപരിപാടികളും കാണാനായി  പോയി. അവിടുത്തെ മ്യൂസിയത്തിലും കുറച്ചുസമയം ചെലവഴിച്ചു. മടങ്ങി റിസോർട്ടിലെത്തിയപ്പോൾ അത്താഴസമയത്തും നാടോടിസംഗീതനൃത്തപരിപാടികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അതിനുശേഷം ബോൺ ഫയറും മറ്റും ഒരുക്കിയിരുന്നെങ്കിലും നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ടു ഞങ്ങൾ അതിൽ പങ്കെടുത്തില്ല. മുറിയിൽവന്നു സുഖമായി ഉറങ്ങി. 



No comments:

Post a Comment