Sunday, January 30, 2022

രാജസ്ഥാൻ 16 - ഉദയ്പൂർ - പിഛോല തടാകം

 ഒക്ടോബർ 24 )o തീയതി പുലർന്നു. യാത്രയിലെ പത്താംദിനം 

ഉദയ്ബാഗ് റിസോർട്ടിലെ പ്രഭാതം അതിസുന്ദരമായിരുന്നു. പക്ഷികളുടെ കളകൂജനങ്ങൾകേട്ട് അതിരാവിലെതന്നെ ഞങ്ങൾ ചുറ്റുപാടും നടന്നു. പേരമരങ്ങളിലും നെല്ലിമരങ്ങളിലുമൊക്കെ നിറയെ ഫലങ്ങൾ. കുറച്ചു ഞങ്ങൾ പറിച്ചെടുക്കുകയുംചെയ്തു. വിശാലമായ ഗേറ്റുകടന്നു നാട്ടുവഴിയിലൂടെ കുറേദൂരം നടന്നു. ആ നടത്തിയിലാണ് ഉദയ്പൂറിലെ സൂര്യോദയം ഞങ്ങൾ കണ്ടത്. ഗേറ്റിന്റെ മറുഭാഗത്തേക്കു നടന്നപ്പോൾ ഒരു റെയിൽവേലൈനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന കണ്ടു. വഴി അത്ര നന്നല്ലാത്തതുകൊണ്ടു അവിടെനിന്നു മടങ്ങി. 

 ഉദയ്‌പൂർനഗരത്തിന്റെ അദ്‌ഭുതക്കാഴ്ചകളിലേക്കാണ് ഇന്നത്തെ യാത്ര. 

ഒരുപക്ഷേ രാജസ്ഥാനിലെ ഏറ്റവും സുന്ദരമായ നഗരം ഉദയ്പൂർ ആയിരിക്കും. ആരാവലിമലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ നഗരം തടാകങ്ങളുടെ നഗരമെന്നാണറിയപ്പെടുന്നത്. ഇവിടയുള്ള അഴകാർന്ന  കൊട്ടാരങ്ങളും സ്ഫടികസമാനമായ തടാകങ്ങളും സഞ്ചാരികളെ  ഹഠാദാകർഷിക്കുന്ന വിസ്മയദൃശ്യങ്ങൾതന്നെ. ഒരുകാലത്തു മേവാഡിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഉദയ്പൂർ. സൂര്യവംശി-സിസോദിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ‘ചിത്തോഢ്ഗഢ്’ അക്ബര്‍ പിടിച്ചടക്കിയപ്പോള്‍ 1558ല്‍ മഹാറാണാ ഉദയ്‌സിംഗ് രണ്ടാമനാണ് ആരാവലിതാഴ്‌വരയിലെ ഈ സുന്ദരഭൂമിയെ തങ്ങളുടെ നിവാസകേന്ദ്രമാക്കിയത്. 

ആദ്യം പോകുന്നത് പിഛോല തടാകത്തെ അടുത്തറിയാനാണ്. 

പിഛോല തടാകം 

റുഡ്യാഡ് കിപ്ലിംഗ് തന്റെ  Letters of Marque (1899) ൽ ഇങ്ങനെ  പറഞ്ഞിരിക്കുന്നു  "If the Venetian owned the Pichola Lake, he might say with justice, `see it and die'".  ഉദയ്പൂരിലെ, മാസ്മരികസൗന്ദര്യത്തിന്റെ നേർചിത്രമായ  പിഛോലതടാകത്തെകുറിച്ചാണ്  അദ്ദേഹത്തിന്റെ ഈ വാക്കുകൾ. 

ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട, ആകാശനീലിമ ഹൃദയത്തിലാവാഹിച്ച, സ്ഫടികസമാനമായ ജലംനിറഞ്ഞ അതിസുന്ദരമായ തടാകം. അതിനുമദ്ധ്യത്തിൽ മഞ്ഞുകട്ട പൊന്തിക്കിടക്കുംപോലെ  തൂവെള്ളനിറത്തിൽ ഒരു കൊട്ടാരം. ഈ കാഴ്ച എങ്ങനെയാണു ഹൃദയത്തിൽനിന്നു മഞ്ഞുപോവുക! അത്രസുന്ദരമാണ് ആ ദൃശ്യം. 


പിഛോല തടാകം  മനുഷ്യനിർമ്മിതമാണ്. 1362 എ.ഡിയില്‍ മഹാറാണാ ലഖയുടെ ഭരണകാലത്ത് പിഛോ ബഞ്ജാര എന്ന നാടോടിസമൂഹം   ജലസേചത്തിനും മറ്റുമായി ഒരു  അണക്കെട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ടതാണ്  പിഛോലതടാകം. പിഛോളി എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ഉദയ്പൂരിലെ ഏറ്റവും പുരാതനവും  വലുതുമാണ് ഈ തടാകം. റാണാ ഉദയ്‌സിംഗ്, മേവാറിന്റെ ഭരണാധികാരിയായിരിക്കെ തലസ്ഥാനമായ ചിറ്റോർഗഡിന് നിരന്തരമായ മുഗളാക്രമണഭീഷണി നിലനിന്നിരുന്നു.    തലസ്ഥാനം മാറ്റിസ്ഥാപിക്കാൻ നിർബ്ബന്ധിതനായ രാജാവ് അനുയോജ്യമായൊരു സ്ഥലമന്വേഷിക്കേ ഈ  തടാകത്തിന്റെയും പരിസരത്തിന്റെയും അഭൗമസൗന്ദര്യത്തിൽ ആകൃഷ്ടനായി ഇവിടെത്തന്നെ കൊട്ടാരം നിർമ്മിക്കാൻ ആഗ്രഹിച്ചു. കൂടാതെ, മൃഗയാവിനോദത്തിനായി ഈ പ്രദേശത്തെത്തിയ റാണാ തടാകത്തിനഭിമുഖമായി ധ്യാനിച്ചിരിക്കുന്ന ഒരു മുനിയെ കാണാനിടയായി. റാണയുടെ സാമീപ്യമറിഞ്ഞ മുനി അദ്ദേഹത്തെ ആശീർവദിക്കുകയും ഇവിടെത്തന്നെ പുതിയ തലസ്ഥാനനഗരം പടുത്തുയർത്തണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്രേ! 1559ൽ നഗരനിർമ്മാണത്തിനു തുടക്കംകുറിക്കുകയും ചെയ്തു  അങ്ങനെയാണ് തടാകത്തിനുചുറ്റുമായി ഉദയ്പൂർ എന്ന സുന്ദരനഗരംതന്നെ രൂപപ്പെട്ടത്. 1568 ൽ അക്ബർ ചിറ്റോർ പിടിച്ചടക്കിയപ്പോൾ റാണാ ഉദയ്‌സിംഗ് തന്റെ ആസ്ഥാനം  പൂർണ്ണമായും ഉദയ്പൂരിലേക്കു മാറ്റുകയുംചെയ്തു. ഉദയസിംഗാണ്‌ ശിലാനിർമ്മിതമായ  മറ്റൊരു ജലസംഭരണികൂടി നിർമ്മിച്ച്  തടാകത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചതും. 696 ഹെക്ടര്‍ വിസ്തീര്‍ണവും 8.5 മീറ്റര്‍വരെ ആഴവുമുള്ള തടാകത്തിന്റെ ചുറ്റും ധാരാളം രമ്യഹർമ്യങ്ങളും ക്ഷേത്രങ്ങളും പലകാലങ്ങളിലായി നിർമ്മിക്കപ്പെട്ടു. 


ഈ നീലജലാശയത്തിലെ ഒരു തോണിയാത്ര ആരാണാഗ്രഹിക്കാത്തത്! ഞങ്ങളും അതിനുള്ള യാത്രയിലായിരുന്നു. സിറ്റിപാലസിന്റെ ഇടതുഭാഗത്തെ പാതയിലൂടെ നടന്നു  തടാകതീരത്തെ ഒരു കവാടം കടന്നുവേണം ബോട്ടിനടുത്തെത്താൻ. ആളുകളുടെ എണ്ണവും ബോട്ടിന്റെ വലുപ്പവും യാത്രയുടെ സ്വഭാവവും അനുസരിച്ചാണ് യാത്രാനിരക്ക്. വെയിലിന്റെ കാഠിന്യത്തിൽനിന്നു രക്ഷപ്പെടാൻ രാവിലെയുള്ള ബോട്ട്യാത്രയാണുചിതം. അസ്തമയം കാണണമെങ്കിൽ വൈകുന്നേരവും. 


ജഗ് നിവാസ്, ജഗ്മന്ദിര്‍, മോഹന്‍ മന്ദിര്‍, അര്‍സി വിലാസ് എന്നിങ്ങനെ നാല് ദ്വീപുകളാണ് തടാകത്തിലുള്ളത്. തൂവെള്ളനിറത്തിൽകാണുന്ന  ലോകപ്രശസ്തമായ ലേക്ക്പാലസ് സ്ഥിതിചെയ്യുന്നത് നലേക്കറോളം വിസ്തൃതിയുള്ള ജഗ് നിവാസിലാണ്. ജലാശയത്തിൽ പൊങ്ങിക്കിടക്കുകയാണോ എന്ന് തോന്നിക്കുംവിധമാണ് ഇതിന്റെ നിർമ്മിതി.  1971 ൽ താജ്ഗ്രൂപ്പ് കൊട്ടാരമേറ്റെടുത്ത് ഒരു ലക്ഷ്വറിഹോട്ടലാക്കി പ്രവർത്തനം നടത്തിവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ മേവാർ രാജാവായിരുന്ന  മഹാറാണാ ജഗത്‌സിംഗ്  രണ്ടാമന്റെ കാലത്തതാണ് ഈ വെണ്ണക്കൽസൗധം വിരചിതമായത്.  


ജഗ് മന്ദിറില്‍ അതേ പേരില്‍ തന്നെയുള്ള കൊട്ടാരവുമുണ്ട്. The Lake Garden Palace എന്നും ഈ കൊട്ടാരം അറിയപ്പെടുന്നു. മോഹന്‍ മന്ദിറിലെ മണ്ഡപത്തിലിരുന്നാണ്  രാജാവ്  ഗംഗൗര്‍ഘട്ടിൽ നടന്നിരുന്ന  ഉത്സവം  കണ്ടിരുന്നത്.  അര്‍സി വിലാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലാണ് പട്ടാളത്തിനായുള്ള പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നത്.  ചാന്ദ്പോൽ  എന്നൊരു പാലം ഈ തടാകത്തെ സ്വരൂപ്‌സാഗർ എന്ന തടാകത്തിൽനിന്നു വേർതിരിക്കുന്നു.


തടാകമധ്യത്തിൽ അല്പമുയർന്നുനിൽക്കുന്ന .നതിനി ചബൂത്ര'എന്നൊരു  വേദികയുമുണ്ട്.  അതേക്കുറിച്ചൊരു കഥയും പറഞ്ഞുകേട്ടു. 

ഒരിക്കൽ മഹാറാണ ജവാൻ സിംഗ് (1828-38) മദ്യലഹരിയിൽ ഗ്രാമത്തിലെ ഒരു  നർത്തകിക്ക് ഒരു വാഗ്ദാനം നടത്തിയത്രേ! തടാകത്തിനു കുറുകെ കെട്ടിയ ഞാണിൽക്കൂടി  നടന്നു മറുകരയെത്തിയാൽ തന്റെ രാജ്യത്തിൻറെ പകുതി നൽകാമെന്നായിരുന്നു വാക്ക്. നർത്തകി അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. എന്നാൽ കിഴക്കേതീരത്തുനിന്നു യാത്രതുടങ്ങിയ നർത്തകി പടിഞ്ഞാറേക്കരയിലുള്ള സിറ്റിപാലസിനടുത്തെത്താറായപ്പോൾ കയർ മുറിച്ചുകളഞ്ഞത്രേ. തടാകത്തിൽപതിച്ച  പെൺകുട്ടി തൻ വഞ്ചിക്കപ്പെട്ടുവെന്നു മനസ്സിലാക്കുകയും മുങ്ങിമരിക്കുംമുമ്പ് 'രാജവംശത്തിന് അനന്തരാവകാശികള്‍ ഉണ്ടാകാതിരിക്കട്ടേ'യെന്ന്' രാജാവിനെ ശപിക്കുകയും ചെയ്തു. ഈ ശാപഫലമായിരിക്കാം ജവന്‍സിംഗിന് ശേഷം രാജ്യം ഭരിച്ച ഏഴുപരില്‍ ആറു പേര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരുന്നതന്ന് വിശ്വസിക്കപ്പെടുന്നു. 


മനുഷ്യരെക്കയറ്റിയ തോണികൾക്കൊപ്പം  തടാകത്തിൽ ധാരാളം ജലപക്ഷികളും നീന്തിനടക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള  കരയിൽ സിറ്റിപാലസും ചെറുകൊട്ടാരങ്ങളായ ഹവേലികളും മറ്റു മന്ദിരങ്ങളും ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും  രജപുത്രരാജാക്കന്മാരുടെ  ധീരതയുടെയും പ്രതാപത്തിന്റെയും ചരിത്രഗാഥകളുടെ വർണ്ണപ്പകിട്ടാർന്ന   പ്രൗഢിയോടെ നിലകൊള്ളുന്നു. ലീലാഗ്രൂപ്പിന്റെ ഹോട്ടലുകളും ഒബ്‌റോയ്ഗ്രൂപ്പിന്റെ ഹോട്ടലുകളുമൊക്കെ തടാകക്കരയിൽ കാണാം.   ബോട്ട് യാത്ര അവസാനിച്ചത് ജഗ് മന്ദിറിലാണ്. ഇവിടെ  1551-ൽ മഹാറാണാ അമർ സിംഗ് ആരംഭിച്ച കൊട്ടാരനിർമ്മാണം  മഹാറാണാ കരൺ സിംഗ് (1620-1628) തുടരുകയും   മഹാറാണാ ജഗത് സിംഗ് ഒന്നാമൻ (1628-1652) പൂർത്തിയാക്കുകയുംചെയ്തു . ഈ  കൊട്ടാരത്തിന്റെ ഭാഗമായ ഗുൽമഹലിൽ    മുഗൾരാജകുമാരനായിരുന്ന ഖുറം(ഷാജഹാൻ ചക്രവർത്തി), പിതാവ് ജഹാംഗീറുമായുള്ള കലഹത്തിലാവുകയും പ്രാണരക്ഷാർത്ഥം ഇവിടെ മുംതാസ്മഹലിനും പുത്രന്മാർക്കുമൊപ്പം  ഒളിവിൽപാർക്കുകയും ചെയ്തത്രേ. ഷാജഹാന്റെ മാതാവ് ഒരു രാജപുത്രവനിതയായിരുന്നു എന്നതും യാദൃച്ഛികം. ഗുൽമഹലിന്റെ രൂപഭംഗിയാണ് താജ്മഹൽ നിർമ്മാണത്തിന് ഷാജഹാനെ സ്വാധീനിച്ചതെന്നും പറയപ്പെടുന്നു.  


ജഗ് മന്ദിറിൽ വിവാഹമുൾപ്പെടെയുള്ള ആഢംബരചടങ്ങുകൾ നടത്താറുണ്ടിപ്പോൾ. അതിസമ്പന്നർക്കുമാത്രമേ അതൊക്കെ സാധ്യമാകൂ എന്ന് മാത്രം. നൂറുപേർ പങ്കെടുക്കുന്ന ഒരു വിവാഹത്തിനുപോലും  ഏറ്റവും കുറഞ്ഞത് ഇരുപതുലക്ഷംരൂപയെങ്കിലുമാകും.  മനോഹരമായ ഉദ്യാനവും കൊട്ടാരഭാഗങ്ങളും മ്യൂസിയവുമൊക്കെയാണ് ഇവിടക്കാനാണുള്ളത്.    ഇവയൊക്കെ വളരെ നന്നായി പരിപാലിക്കപ്പെടുന്നു എന്നത് എടുത്തുപറയേണ്ട കാര്യംതന്നെ  വളരെ നന്നായി പരിപാലിക്കപ്പെടുന്നു എന്നത് എടുത്തുപറയേണ്ട കാര്യംതന്നെ . ചെറുപ്രാവുകൾ യഥേഷ്ടം വിഹരിക്കുന്ന   അവിടുത്തെ വിശാലമായ  ഉദ്യാനത്തിലും രാജഭരണകാലത്തെ ദീപ്തസ്മരണകളുടെ ആത്മാവുപേറുന്ന  ചെറിയ മ്യൂസിയത്തിലുമൊക്കെ ചുറ്റിനടന്നശേഷം തിരികെ തീരത്തേക്ക് മടക്കയാത്ര. ജഗ്മന്ദിറിനെ പിന്നിലാക്കി തോണി മുമ്പോട്ടുനീങ്ങുമ്പോൾ വെറുതെയെങ്കിലും ഒരു നഷ്ടബോധം മനസ്സിന്റെ നഭസ്സിൽ കരിമേഘം പടർത്തും. ഇനി കാണാൻ പോകേണ്ടത് ഉദയ്പൂരിന്റെ തിലകക്കുറിയായ സിറ്റി പാലസിലേക്കാണ്. 





No comments:

Post a Comment