Monday, January 10, 2022

യാത്രകളിലെ കാഴ്ചകൾ - മെട്രോ മിറർ ജനുവരി ലക്കം

 2022 പിറന്നിരിക്കുകയാണ്. മഹാമാരിയുടെ ഭീതി ഇരുട്ടിലാഴ്ത്തിയ ഒരുവർഷംകൂടി എങ്ങനെയൊക്കെയോ കടന്നുപോയിരിക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗവും പുതുവകഭേദങ്ങളും വലിയൊരു ഭീഷണിയുമായി മനുഷ്യകുലത്തിനെതിരെ ആഞ്ഞടിച്ചെങ്കിലും പ്രതിരോധകുത്തിവയ്‌പും കാര്യക്ഷമമായ ചികിത്സാവിധികളുമൊക്കെക്കാരണം വളരെമികച്ചരീതിയിൽ നമ്മളതിനെയൊക്കെ നേരിട്ടു. ഇപ്പോഴും മൂന്നാംതരംഗത്തിന്റെ ഭീഷണിയിൽ ഒട്ടും പതറാതെ നമ്മൾ മുന്നേറുന്നുമുണ്ട്. 

ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ് സാധാരണജനങ്ങളുടെ  ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ നമുക്ക് വായിച്ചെടുക്കാൻ കഴിയും. ശബ്ദായമാനമായ ലോകത്തെ എത്രവേഗമാണ് നിശ്ശബ്ദതയുടെ കുടക്കീഴിലേക്കു  മാറ്റിയിരുത്താൻ നന്ഗ്നനേത്രങ്ങൾക്കു ഗോചരമല്ലാത്ത  ഒരു  കുഞ്ഞൻ വൈറസിന് കഴിഞ്ഞത് എന്നത് അല്പമൊരു തമാശകലർന്ന അദ്‌ഭുതത്തോടെയല്ലേ നമുക്കോർക്കാനാവൂ. ലോകത്തിന്റെ ചലനാത്മകതയെ  എത്രവേഗമാണ് ഈ വൈറസ് കടിഞ്ഞാണിട്ട് നിർത്തിയത്! അതിബുദ്ധിമാനായ  മനുഷ്യന്റെ എല്ലാ  കണക്കുകൂട്ടലുകളും വെറും മിഥ്യയെന്നു കാട്ടിത്തരാൻ വളരെ കുറഞ്ഞ ദിവസങ്ങളെ വേണ്ടിവന്നുള്ളൂ. 


ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും തോറ്റുപിന്മാറുന്ന ചരിത്രം മനുഷ്യനില്ല. ഒന്നുപകച്ചുപോയെന്നുള്ളത് ശരിയാണെങ്കിലും കുതിച്ചുമുന്നേറിയെ മതിയാകൂ. സാധാരണമനുഷ്യർ തങ്ങളുടെ പ്രവൃത്തിമേഖലകളിലേക്കു മടങ്ങിയെത്തുകയും അധികാരകേന്ദ്രങ്ങളിലുള്ളവർ തങ്ങളുടെ കർമ്മപഥങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒന്നാം തരംഗകാലത്തും രണ്ടാം തരംഗകാലത്തും സംഭവിച്ചുപോയ പിഴവുകളൊന്നും ഈ മൂന്നാംതരംഗകാലത്ത് അവർത്തിക്കുകയില്ലെന്ന ദൃഢനിശ്ചയം എല്ലാവരും എടുത്തിട്ടുണ്ടെന്നും നമുക്ക് പ്രത്യാശിക്കാം. 


ഒന്നരവർഷത്തിലധികമായി കൊറോണ കടിഞ്ഞാണിട്ടിരുന്ന എന്റെ  യാത്രകൾ പുനരാരംഭിച്ചത്  കഴിഞ്ഞ ഒക്ടോബറിലാണ് . ഓഗസ്റ്റ്മാസത്തിൽ നാട്ടിലേക്കൊരു യാത്ര തീരുമാനിച്ചിരുന്നെങ്കിലും ക്വാറന്റൈൻ, RT -PCR ഒക്കെ നിർബ്ബന്ധമായിരുന്നതുകൊണ്ടു പിന്മാറുകയായിരുന്നു. പിന്നെ ഒരു യാത്രപോയത് രാജസ്ഥാനിലേക്കാണ് . അങ്ങോട്ടുപോകാൻ ആകെ ആവശ്യമായിരുന്നത് വാക്‌സിനേഷൻ സെർട്ടിഫിക്കറ്റ് മാത്രമായിരുന്നു. മുംബൈ, ജയ്പുർ എയർപോർട്ടുകളിൽ ശരീരോഷ്മാവും നോക്കിയിരുന്നു. രാജസ്ഥാനിലെ പ്രതിദിനരോഗികളുടെ എണ്ണം അക്കാലത്തു ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്തായാലും രാജസ്ഥാനിലിലെ വിവിധപ്രദേശങ്ങളിലൂടെ പതിനഞ്ചുദിവസം നീണ്ട യാത്രയിൽ മനസ്സിലായതും കൊറോണ അവിടുത്തെ ജനങ്ങളുടെ അത്രയൊന്നും ഭയപ്പെടുത്തിയിരുന്നില്ല എന്നാണ്. ഗ്രാമപ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നവർ നന്നേ ചുരുക്കം. പക്ഷേ കൊറോണ അവരുടെ ജീവിതതാളം ഏതാണ്ട് നിശ്ചലമാക്കി എന്നുതന്നെ പറയാം. ലോക് ഡൗൺ മൂലം   വിനോദസഞ്ചാരികൾ എത്താതിരുന്നതുകൊണ്ട്  രാജസ്ഥാൻ തികച്ചും  ഒറ്റപ്പെട്ടുപോയിരുന്നു. സംസ്ഥാനത്തിന്റെ അധികഭൂഭാഗവും മരുഭൂമിയായതുകൊണ്ടു കൃഷിയെ പൂർണ്ണമായി ആശ്രയിക്കാനാവാത്ത പരിതഃസ്ഥിതിയാണിവിടെ.  എന്നിട്ടും എങ്ങനെയാണവർ ഇത്തരമൊരു ദുരിതപർവ്വം കടന്നുപോന്നതെന്ന് ആശ്ചര്യം തോന്നി. ലോക് ഡൗൺ തുടങ്ങിയ കാലത്തെന്നോ, ഭക്ഷണം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്ന സഹജീവികളുടെ ദുഃഖമറിഞ്ഞു ഭക്ഷണമെത്തിക്കാൻ റാം നിവാസ് മന്ദൻ എന്ന ഒരു ജോധ്പൂർകാരൻ    തന്റെ ആജന്മസമ്പാദ്യമായ അൻപതുലക്ഷം രൂപ നൽകിയതായി വാർത്തവന്നതോർക്കുന്നു.  നൂറോളം ഗ്രാമപ്പഞ്ചായത്തുകളിലായി ഒട്ടനവധി കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ഈ തുകകൊണ്ട്  കഴിഞ്ഞിരുന്നത്രേ! അതേത്തുടർന്ന് മറ്റുധാരാളം മനുഷ്യസ്നേഹികളും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മുന്നോട്ടു വന്നിരുന്നു. സർക്കാർ സംവിധാനങ്ങളും സഹായഹസ്തവുമായി ഉണ്ടായിരുന്നു.  എങ്കിലും നീണ്ടകാലത്തെ ലോക്ക് ഡൌൺ സാധാരണക്കാരായ ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയായിരുന്നു. 


രാജസ്ഥാനിലെ യാത്രയ്ക്കിടയിൽ ഹൃദയത്തിലിടംനേടിയ ചിലകാര്യങ്ങളുണ്ട്. അന്നാട്ടിലുടനീളം സഞ്ചരിച്ച അതിമനോഹരമായ റോഡുകൾ മാത്രമല്ല,  മനുഷ്യൻ മനുഷ്യനാകുന്നതെങ്ങനെയെന്നും പ്രകൃതിയുമായി എങ്ങനെയാണു മനുഷ്യജീവിതത്തെ ചേർത്തുനിർത്തേണ്ടതെന്നും നമ്മെ പഠിപ്പിച്ചുതരുന്ന കാര്യങ്ങൾ.  


 ഗ്രാമങ്ങളെന്നോ പട്ടണങ്ങളെന്നോ വ്യത്യാസമില്ലാതെ അന്നാട്ടിലെ ജനങ്ങൾ കാത്തുസൂക്ഷിക്കുന്ന സത്യസന്ധതയാണ് ഏറ്റവുമധികം മനസ്സിൽ തൊട്ടത്. പലകാര്യങ്ങൾക്കും വിനോദസഞ്ചാരികളിൽനിന്നു കൂടുതൽ പണം അവർക്ക്  ഈടാക്കാനാവും. പക്ഷേ ആരുംതന്നെ അങ്ങനെ ചെയ്തതായി തോന്നിയില്ല.   സഞ്ചാരികൾക്ക് ചിത്രപുസ്തകങ്ങൾ വിൽക്കാൻ നടന്നിരുന്ന, എല്ലുംതോലുംമാത്രമുള്ള ഒരു പയ്യനോട്  "പണം തരാം, പുസ്തകം വേണ്ടാ" എന്നുപറഞ്ഞപ്പോൾ അവനതു വാങ്ങാൻ തയ്യാറായില്ല. "എനിക്ക് നന്നായി വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ  നിങ്ങൾ ഈ പുസ്തകം വാങ്ങി എന്നെ സഹായിക്കൂ." എന്നാണവർ പറഞ്ഞത്.  പന്ത്രണ്ടോ പതിമൂന്നോ വയസ്സ് പ്രായമുള്ള ആ കുഞ്ഞിന്റെ ആത്മാഭിമാനബോധം അനല്പമല്ലാത്തവിധം അമ്പരപ്പിച്ചു. എന്നുവെച്ചു ഭിക്ഷക്കാർ ഇല്ലെന്നല്ല. ജോലിക്കുള്ള അവസരമില്ലെങ്കിൽ വിശപ്പകറ്റാൻ വേറെ എന്തുചെയ്യാനാകും!


വഴിയോരങ്ങളിൽ വാസസ്ഥലങ്ങളുടെയടുത്തും കൃഷിയിടങ്ങളിലും വെളിമ്പറമ്പുകളിലുമൊക്കെ വൃക്ഷശിഖരങ്ങളിലും തൂണുകളിലുമൊക്കെയായി മൺചട്ടികൾ പോലെതോന്നുന്ന  ചില പത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നതുകണ്ടിരുന്നു.  അവ ചെടിച്ചട്ടികളല്ല എന്ന് മനസ്സിലായി. എന്താണെന്നറിയാനൊരു കൗതുകംതോന്നി അന്വേഷിച്ചപ്പോഴാണ് അവയിൽ പക്ഷികൾക്കുള്ള ആഹാരവും ഭക്ഷണവുമാണെന്നു മനസ്സിലായത്. മരുഭൂമിയായതുകൊണ്ടു സ്വാഭാവികമായുള്ള ജലദൗർലഭ്യമുണ്ടല്ലോ. പക്ഷികൾക്ക്  ദാഹജലംകിട്ടാതെ ജീവനാശം വന്നുപോകാതിരിക്കാനുള്ള മുൻകരുതലാണിത്. എത്ര ഉദാത്തമായ മാനവികത! ദുരിതങ്ങളും ദുഖങ്ങളും അനുഭവിക്കുന്നവർക്കേ സഹജീവിയുടെ ദുഃഖംകാണാൻ കഴിയൂ. 

മനസ്സിൻറെ കുളിർമ്മ നൽകിയൊരു കാഴ്ചയായിരുന്നു ബിക്കാനീർ പട്ടണത്തിലേക്കുള്ള പാതയരികിൽക്കണ്ട ഗോശാല. നമ്മുടെ നാട്ടിലും ചില ക്ഷേത്രങ്ങളോടുചേർന്നു ഗോശാലകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് തികച്ചും വ്യത്യസ്തമാണ്. മരുപ്രദേശമാണെങ്കിലും  രാജസ്ഥാനിൽ ധാരാളം പശുക്കളും പശുപാലകരുമൊക്കെയുണ്ട്. എന്നാൽ  പ്രായാധിക്യം വന്ന പശുക്കളെയും കാളകളെയുമൊക്കെ തീറ്റിപ്പോറ്റാൻ അവയുടെ  ദരിദ്രരായ ഉടമകൾക്ക്  കഴിയാതെവരുന്നു. അവർ ഉപേക്ഷിക്കുന്ന  മൃഗങ്ങളെ പട്ടിണിമരണത്തിൽനിന്നും ഇറച്ചിവെട്ടുകാരിൽനിന്നും സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്നതാണ് ഈ ഗോശാല. ഭക്ഷണവും പരിചരണങ്ങളും നൽകി  അവിടെ സംരക്ഷിക്കപ്പെടുന്ന  ഈ നാൽക്കാലികൾ  ശ്രേഷ്ഠതരമായ മനുഷ്യസ്‌നേഹത്തിന്റെ ഗുണഭോക്താക്കളാണല്ലേ! രാജസ്ഥാനിൽ ഇത്തരം നൂറുകണക്കിന് ഗോശാലകളുണ്ട്. ആയിരക്കണക്കിന് ഗോക്കളും. നമുക്കും വേണമെങ്കിൽ ഈ ഗോശാലകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യാം. പ്രധാനപട്ടണങ്ങളിൽപോലും മെഡിക്കൽഷോപ്പുകൾ വളരെക്കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടൊരു കാര്യമാണ്. ഒരത്യാവശ്യമരുന്നിനായി ജയ്സാൽമീർ പട്ടണത്തിൽ കുറെയധികം അലയേണ്ടിവന്നു. അതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അന്നാട്ടുകാരുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഏറെ മതിപ്പുതോന്നിയത്. അവിടെ ആളുകൾക്ക്  രോഗങ്ങൾ വരുന്നത് വളരെ അപൂർവ്വമാണത്രേ! അതുകൊണ്ടുതന്നെ ആശുപത്രിസൗകര്യങ്ങളും മരുന്നുകടകളും  വളരെക്കുറവ്. പക്ഷേ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഏതുസമയത്തും  തുറന്നുവെച്ചിരിക്കുന്ന മദ്യക്കടകൾ അനവധിയായാണ്.  എന്നുവെച്ചു തിക്കിത്തിരക്കോ ബഹളമോ ഒന്നും എവിടെയുമില്ല. മാത്രവുമല്ല, മദ്യം സുലഭമാണെങ്കിലും  മദ്യപിച്ചു ബോധംനഷ്ടപ്പെട്ടു വഴിയോരത്തും പൊതുസ്ഥലങ്ങളിലും കിടക്കുന്നവരെയും ബഹളമുണ്ടാക്കുന്നവരെയുമൊന്നും എവിടെയും  കാണാനില്ല. അങ്ങനെയൊരു പതിവും ഇവിടുത്തുകാർക്കില്ലത്രേ! 


ഇവിടുത്തെ ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളുമൊക്കെ വർണ്ണിക്കാൻ  സ്ഥലപരിമിതി അനുവദിക്കില്ല. പക്ഷേ അവയെയൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെ സംരക്ഷിക്കുകയും  പരിപാലിക്കുകയും ചെയ്യുന്ന രാജസ്ഥാൻ ജനതയും  ഭരണസംവിധാനങ്ങളും എന്തുകൊണ്ടും അഭിന്ദനമർഹിക്കുന്നു. ഇവയിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ചരിത്രസ്‌മാരകമാണ് ജോധ്‌പൂരിലെ  രാജകുടുംബവസതിയായ  ഉമൈദ് ഭവൻ പാലസ്. തീർച്ചയായും അതിമനോഹരമായ  ഒരു പ്രൗഢനിർമ്മിതിയാണിത്. എന്നാൽ  347 മുറികളുള്ള  ഈ മണിമാളികയുടെ  ഗാംഭീര്യത്തെക്കാൾ ഇതിന്റെ നിർമ്മാണത്തിനുപിന്നിലുള്ള കാരണമാണ് എന്നെ കൂടുതൽ സ്പർശിച്ചത്. 1920-കളിൽ 3 വർഷം തുടർച്ചയായി ജോധ്പൂരിൽ വരൾച്ചയും പട്ടിണിയും നേരിട്ടു. പട്ടിണി ബാധിച്ച പ്രദേശങ്ങളിലെ കർഷകർ ജോധ്പൂരിലെ അന്നത്തെ രാജാവായിരുന്ന ഉമൈദ് സിംഗ് റാത്തോറിനോട് തങ്ങളുടെ സങ്കടം ഉണർത്തിച്ചു. കർഷകർക്ക് ജോലിനല്കാനായി ഇങ്ങനെയൊരു കൊട്ടാരം നിർമ്മിക്കാൻ രാജാവ് തീരുമാനിക്കുകയായിരുന്നു. 1929-ലാണ് പാലസിനു തറകല്ലിട്ടത്. 2000 മുതൽ 3000 പേർ വരെ കൊട്ടാരനിർമ്മാണജോലിചെയ്തു. ജോലികൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നതുകൊണ്ടു നിർമ്മാണം വളരെ മന്ദഗതിയിലാണ് നീങ്ങിയത്. 1943 ലാണ് പണിപൂർത്തിയായി കൊട്ടാരത്തിൽ താമസം തുടങ്ങിയത്. ഒരുകോടിയിലധികംരൂപ ചെലവിട്ടാണ് കൊട്ടാരം പണിതത്. അക്കാലത്തെ ഭീമമായൊരു തുക!  വേണമെങ്കിൽ രാജാവിന് ആ പണം, ദയനീയാവസ്ഥ മനസ്സിലാക്കി  കർഷകർക്ക് വീതിച്ചു നൽകാമായിരുന്നു. അതുകൊണ്ടു പല ദുരന്തങ്ങളാണുണ്ടാകുമായിരുന്നത്. ഏറ്റവും പ്രധാനം പരിശ്രമശാലികളായ  കർഷകരുടെ ആത്മാഭിമാനത്തെ ഈ ദാനം വ്രണപ്പെടുത്തുമെന്നതുതന്നെ. മറ്റൊന്ന് വെറുതെ കിട്ടുന്ന പണമായതുകൊണ്ടു അത് ധൂർത്തടിക്കാൻ ചിലരെങ്കിലും സന്നദ്ധമായേക്കും. മാത്രമല്ല, പലരെയും അലസന്മാരാക്കാനും അത് കാരണമാകും. എത്ര ദീർഘവീക്ഷണത്തോടെയാണ് രാജാവ് അത്തരമൊരു തീരുമാമെടുത്തത് എന്ന് തോന്നുന്നില്ലേ! 


വ്യക്തിപരമായി എനിക്ക് ഹൃദയസ്പർശിയായ ഒരനുഭവവും ഉണ്ടായി.  രാജസ്ഥാനിലെ യാത്രയുടെ പന്ത്രണ്ടാം ദിനം. രൺതംഭോർ എത്തിയത് രാത്രിയിലാണ്. പട്ടണത്തിൽനിന്നു പത്തുപതിനേഴുകിലോമീറ്റർ ദൂരെയുള്ള ഒരു റിസോർട്ടിലായിരുന്നു താമസം. രാത്രിയിൽ എന്റെ ഭർത്താവിന് തീരെ സുഖമില്ലാതെയായി. വെളുപ്പിന് നാലുമണിയായപ്പോൾ ഒരാശുപത്രിയിൽ  എത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ഡോക്ടർ സാരമായി ഒന്നുമില്ല എന്നുപറഞ്ഞു ഒരു ഇഞ്ചക്ഷനും കൊടുത്തു ഞങ്ങളെ മടക്കി. തത്കാലത്തേക്ക് ഒരാശ്വാസം കിട്ടിയെങ്കിലും  കുറച്ചുകഴിഞ്ഞപ്പോൾ സ്ഥിതി പൂർവ്വാധികം മോശമായി, ഏതാണ്ട്  അബോധാവസ്ഥയിൽ .  ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ട അവസ്ഥ.   എന്നോടൊപ്പം ടൂർ മാനേജർമാരിൽ ഒരാൾകൂടി  വരാൻ തയ്യാറായി.   ആശുപത്രിയിൽ ഞങ്ങളെ  എത്തിച്ച ആംബുലൻസ് ഡ്രൈവർ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും  ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം   എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു.  നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര  നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! 

No comments:

Post a Comment