Tuesday, May 31, 2016

നമ്മുടെ കവികള്‍ -5 / കെ ജി ശങ്കരപ്പിള്ള

നമ്മുടെ  കവികള്‍ -5 /    കെ ജി ശങ്കരപ്പിള്ള
=====================================



ആധുനിക കവിതകളേക്കുറിച്ചു പറയുമ്പോള്‍ ഗദ്യകവിതകളുടെ പ്രസക്തി ഒന്നു വേറെതന്നെയാണ് . വൃത്ത താളങ്ങളുടെയൊന്നും പിന്‍ബലമില്ലാതെ, ആശയങ്ങളുടെ കാര്‍ക്കശ്യത്തെ ഉള്‍ക്കൊള്ളാവാവും വിധം പരുക്കന്‍ വാക്കുകളാല്‍ തീര്‍ത്തെടുക്കുന്ന കാവ്യസഞ്ചയങ്ങള്‍ . അതാണ് പ്രൊഫസ്സര്‍ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍. 1970 കളില്‍ ബംഗാളെന്ന കവിതയോടെയായിരുന്നു അദ്ദേഹം പ്രശസ്തിയിലേയ്ക്കു കുതിച്ചത്. മഹാഭാരതത്തിന്റെ കൈപിടിച്ച് സമകാലീന വ്യവസ്ഥാദുരന്തങ്ങളെ കവിതയിലേയ്ക്കാവാഹിച്ച ഈ പുതുമയാര്‍ന്ന അവതരണം കാവ്യാസവാദകരുടെ മനം കവര്‍ന്നതില്‍ അതിശയിക്കാനില്ല. അതിദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട കീഴാളന്മാരുടെ തടുക്കാനവാത്ത മുന്നേറ്റത്തെ ഭീതിയോടെ കാണുന്ന വരേണ്യവര്‍ഗ്ഗത്തെ നമുക്കവിടെ കാണാം .

കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍ മറ്റേതൊരു ആധുനികകവിതയ്ല്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത് അതിലെ ഘടനാവിശേഷവും വാക്കുകളുടെ സ്പഷ്ടവും  മെരുങ്ങാത്തതുമായ പ്രയോഗ രീതികള്‍ കൊണ്ടുമാണ്.
കൃത്യമായ തുടക്കം.കൃത്യമായ ഒടുക്കം.കിറുകൃത്യമായ കാവ്യശില്‍പം.അമിതമായ കൃത്യതാബോധത്തെ പ്രതിനിധീകരിക്കുന്ന വഴക്കമില്ലാത്ത്ത ഭാഷയുടെ  ചുവടുകള്‍. പദസംഘാതങ്ങളുടെ സ്ഥിരം കസര്‍ത്ത് രീതികള്‍..ആണെങ്കിലും അതിലും അസാമാന്യമായൊരു ചാരുത .”ഒറ്റവെട്ടിന്‌ തീരുമായിരുന്നില്ലെ……പിന്നെയെന്തിനാണ്‌ ഇത്രയേറെ….” ഇത് അദ്ദേഹത്തിന്റെ വരികളാണ്.

1948ല്‍ ചവറയിലാണ്  ലാണ് കവിയുടെ ജനനം . കൊല്ലം എസ് എന്‍ കോളജ്, കേരള സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  1971 ല്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. ആ ജീവിതം 2002 ല്‍ ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ വിവിധ കലാലയങ്ങളിലായി  തുടര്‍ന്നു പോന്നു. എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായിരിക്കേയാണ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഈ മഹാനുഭാവാന്‍ പടിയിറങ്ങുന്നത് . അതിനിടയില്‍ ഒരുപിടി ശ്രദ്ധേയമായ രചനകളും  പുസ്തകങ്ങളും ഒട്ടനവധി പുരസാകാരങ്ങളും . ഇദ്ദേഹത്തിന്റെ രചനകള്‍ പലതും ചൈനീസ് , ഫ്രഞ്ച് , ജര്‍മ്മന്‍ , ഇംഗ്ലീഷ്, സിന്‍ഹള തുടങ്ങി പലഭാഷകളി ലേയ്ക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ഭാഷകളിലെ ഒട്ടനവധി കൃതികള്‍ അദ്ദേഹം മലയാളത്തിലേയ്ക്കും വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്  . പ്രസക്തി, സമകാലീന കവിത തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു പ്രൊഫ . ശങ്കരപിള്ള 1998ല്‍  കേരള സാഹിത്യ അക്കാഡമി അവാർഡും  2002ല്‍  കേന്ദ്ര സാഹിത്യ അക്കഡമി അവാർഡും ലഭിക്കുകയുണ്ടായി. കൊച്ചിയിലെ വൃക്ഷങ്ങള്‍ (1994), കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍ (1997), കെ ജി എസ്സ് കവിതകള്‍ (2008) എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കവിതാ സമാഹാരങ്ങള്‍ .കെ.ജി. ശങ്കരപ്പിള്ള 1969 മുതൽ1996 വരെ രചിച്ച കവിതകളുടെ സമാഹാരമാണ് കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ. ഈ കൃതിക്ക് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. നാടകരംഗം പ്രതിപാദ്യമായുള്ള വിവിധരചനകളുടെ ഒരു സമാഹാരം സംവിധായക സങ്കല്പം എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലും അദ്ദേഹം ഉണ്ടായിരുന്നു . 'ജനനീതി'യുടെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു .
മിത്തുകളില്‍ നിന്നുദിച്ച മനസുള്ള ജോണ്‍ എബ്രഹാം, പ്രാണിപ്രപഞ്ചത്തിന്റെ സ്‌നേഹവുമായെത്തിയ ബഷീര്‍, വാക്കും വാഴ്‌വും രണ്ടല്ലാത്ത പ്രേംജി, പതിവു ചിട്ടകളെ തട്ടിമാറ്റിയ അയ്യപ്പപ്പണിക്കര്‍, നാടിന്റെ നടനായ മുരളി, ക്രുദ്ധദയാലുവായ ഒ വി വിജയന്‍, മുഴുവന്‍ ലാറ്റിനമേരിക്കയുടേയും ഹൃദയമായ നെരൂദ എന്നിങ്ങനെ ഒരു പിടി ആളുകളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന കെ ജി ശങ്കരപ്പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് 'മരിച്ചവരുടെ മേട് '.രിച്ചവരുടെ മേട്ടില്‍ നിന്ന് ഓര്‍മ്മയുടെ താഴ്‌വാരത്തിലേയ്ക്ക് പുനര്‍ജ്ജനിക്കുന്ന ഓര്‍മ്മയുടെ 25 കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.



.
ഒരുപ്പൂ / കെ.ജി.ശങ്കരപ്പിള്ള
=========================
പൊന്നണിഞ്ഞു നീ തുടുത്ത നാൾ
കൊയ്തെടുത്ത് കെട്ടിയതല്ലേ
നിന്നെ അവൻ ?
മെതിച്ചതല്ലേ
കൊഴിച്ചതല്ലേ
ചെമ്പ് കുട്ടകത്തിൽ പുഴുങ്ങിയതല്ലേ
പൊരിവെയിലിലുറക്കിയതല്ലേ
കുത്തിക്കുത്തി ഉള്ളെടുത്തതല്ലേ
കൊന്നോർക്കും വെന്നോർക്കുമെല്ലാം
അന്നമാക്കി വിളമ്പിയതുമല്ലേ
നിന്നെ അവൻ

എന്നിട്ടുമെന്തിനാ സീതേ
അവൻ വീണ്ടും വരുമ്പോൾ
പ്രിയം നടിക്കുമ്പോൾ
നിലമൊരുക്കുമ്പോൾ
സമ്മതം തൊട്ടു നോക്കുമ്പോൾ
തൊഴിച്ചകറ്റാതെ നീയവനെ
ചിരിച്ചേൽക്കുന്നെ ?

ചിരിയല്ലാതൊരു ക്യഷിയെന്തെൻ ചേച്ചീ
എനിക്കെൻ
കണ്ണീർപ്പാടത്തിനി
വൈകീയറിയാൻ
വല്ലോരുടെയായെൻ വയലെന്ന്

തെരുവ് വിളക്കിൻ കാലുകൾ പോലെ
നെല്ലിൻ ത്ണ്ടുകൾ കിളരും
കതിരുകൾ വിളയും
വയലേലകളിപ്പോഴുമുണ്ടെൻ കനവിൽ
പാലക്കാട്ടും പായിപ്പാട്ടും ത്യശ്ശൂരും...
ഭാഗ്യം
കനവിൽ ഇരുപ്പൂ മുപ്പൂ
വിളവുണ്ടിന്നും
===============================================

1 comment:

  1. കെ.ജി.ശങ്കരപ്പിള്ളയുടെ കവിത ചേര്‍ത്തതും,പരിചയപ്പെടുത്തലും നന്നായി.
    ആശംസകള്‍

    ReplyDelete