Wednesday, May 25, 2016

നമ്മുടെ കവികള്‍ - 2/ കടമ്മനിട്ട രാമകൃഷ്ണന്‍

നമ്മുടെ കവികള്‍ - 2
...........................................
കടമ്മനിട്ട രാമകൃഷ്ണന്‍
=========================

പടയണിത്താളത്തില്‍   മലയാളകവിതയ്ക്ക് പുത്തനുണര്‍വ്വും  ഉന്മേഷവും  നല്കി പുതിയൊരു ആലാപന വഴിയില്‍ കവിതയെ എത്തിച്ച കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ .നിലനിന്നു പോന്ന പ്രകൃതി  വര്‍ണ്ണനയില്‍  നിന്നു വ്യതിചലിച്ച് യഥാര്‍ത്ഥ    മനുഷ്യ   ജീവിതത്തെ  കേന്ദ്രീകരിച്ചായിരുന്നു  കടമ്മനിട്ട കവിതകള്‍ രൂപപ്പെട്ടത് എന്നത് ആ കവിതകളെ വളരെ വേഗം ആസ്വാദകമനസ്സുകളിലേയ്ക്ക് അടുപ്പിക്കാന്‍ ഇടയാക്കി . നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രീയ രംഗത്തെ അപചയങ്ങള്‍ ഇടതുപക്ഷചിന്താഗതിക്കാരനായിരുന്ന കവിയെ തന്റെ രചനയില്‍ സ്വാധീനിച്ചത് സ്വാഭാവികം മാത്രം. അടിയന്തരാവസ്ഥക്കാലത്ത്,  അദ്ദേഹമെഴുതിയ 'ശാന്ത' , കുറത്തി, കാട്ടാളന്‍ തുടങ്ങിയ കവിതകളൊക്കെ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട രചനയായിരുന്നു.


രചനകള്‍ ആധുനികരൂപം  കൈക്കൊണ്ടവയായിരുന്നെങ്കിലും ഭാഷയും ഭാവവും ആത്മാവും  തികച്ചും  ഗ്രാമീണതയെ വിളിച്ചോതിയെന്നതാണ് കടമ്മനിട്ട കവിതകളുടെ എടുത്തു പറയാവുന്ന പ്രത്യേകത. തികച്ചും ജനകീയമായിരുന്നു ആ ആധുനികത . പച്ചയായ മനുഷ്യജീവിതത്തിന്റെ കഥയും കഥയില്ലായ്മയും വരച്ചുകാട്ടിയ കവിതകളായിരുന്നു കടമ്മനിട്ടയുടേത്. കവിതയെ പുസ്തകങ്ങളില്‍ കൂടി മാത്രമല്ല ശബ്ദരൂപത്തിലും ആസ്വാദകനിലേയ്ക്കെത്തിക്കാം എന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹം ആലപിച്ച സ്വന്തം കവിതകളുടെ  കസെറ്റ്  റെക്കോഡുകള്‍ .  കവിതകള്‍ക്ക് പുതിയൊരു ശബ്ദസംസ്കാരം തന്നെ ഉരുത്തിരിയുകയായിരുന്നു അദ്ദേഹത്തിന്റെ റെക്കോഡ് ചെയ്ത കവിതകളും കവിയരങ്ങുകളും. മലയാളത്തിന്റെ കാവ്യപ്രപഞ്ചത്തെ നാദപ്രപഞ്ചത്തിലേയ്ക്ക് രൂപമാറ്റം നല്‍കിയ മന്ത്രിക വിദ്യയുമായെത്തിയ മായാജാലക്കാരനായ കവിയുടെ ശബ്ദം കേരളം മുഴുവന്‍ മുഴങ്ങി   . കുറത്തിയും കാട്ടാളനും കടിഞ്ഞൂല്‍ പൊട്ടനും കോഴിയും പരാതിയും ദേവീസ്തവവും    ... അങ്ങനെയങ്ങനെ ഒട്ടേറെ കവിതകള്‍ ആ മുഴങ്ങുന്ന  പരുക്കന്‍ ശബ്ദത്തില്‍ തന്നെ മലയാളിയുടെ മനസ്സില്‍ കയറിപ്പറ്റി, ഇറങ്ങിപ്പോകാത്തവണ്ണം അതവിടെ സ്ഥാനമുറപ്പിച്ചു. ബുദ്ധിജീവികളും വിദ്യാര്‍ത്ഥികളും നാട്ടുമ്പുറത്തുകരായ സാധാരണക്കാരും തൊഴിലാളികളും അതാസ്വദിച്ചു.  ഒരു കാലഘട്ടത്തില്‍ കോളേജ് ക്യാംപസ്സുകളില്‍ അദ്ദേഹത്തിന്റെ വരികളറിയാത്തെ വിദ്യാര്‍ത്ഥികള്‍ തന്നെ ഉണ്ടായിരുന്നില്ല എന്നു പറയാം.

1935 മാർച്ച്‌ 22ന്‌ ആണ്  പത്തനംതിട്ട കടമ്മനിട്ടയിൽ,  പടയണി ആചാര്യനായിരുന്ന മേലേത്തറയിൽ രാമൻ നായരുടേയും  കുട്ടിയമ്മയുടേയും മകനായി എം ആർ രാമകൃഷ്ണപ്പണിക്കർ എന്ന കടമ്മനിട്ടയുടെ   ജനനം . കുടിപ്പള്ളിക്കൂടത്തിലായിരുന്നു വിദ്യാഭ്യാസം തുടങ്ങിയത് . കടമ്മനിട്ട ഗവര്‍മെണ്ട് മിഡില്‍ സ്കൂളില്‍ നിന്ന് മലയാളം ഏഴാം ക്ലാസ് പരീക്ഷ പാസായി. തുടര്‍ന്ന് പത്തനംതിട്ട ചുട്ടിപ്പാറ ഗവര്‍മെണ്ട് ഹൈസ്കൂളില്‍ സെക്കന്റ് ഫോറത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് മൈലപ്ര സേക്രഡ് ഹാര്‍ട് ഹൈസ്കൂള്‍‍. കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളിലായി ഹൈസ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി. കോട്ടയം സി എം എസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്. ചങ്ങനാശ്ശേരി എന്‍ എസ് എസ്സ് കോളേജില്‍ നിന്ന് 1957ല്‍ ബി എ.  കോളജ്‌ പഠനത്തിനുശേഷം ഏരെ കഴിയും മുമ്പ്  ഉപജീവന മാര്‍ഗ്ഗം തേടി കൊൽക്കത്തയ്ക്ക്ക്  പോയി.      1959 ല്‍  തപാൽ വകുപ്പിൽ ഓഡിറ്റ്‌ വിഭാഗത്തിൽ ജോലി ലഭിച്ചതിനെത്തുടർന്ന്‌ ചെന്നൈയില്‍ .  പിന്നീട്‌  1967 മുതൽ 1992 വരെ തിരുവനന്തപുരത്ത്‌ താമസമാക്കി.

കൊല്‍ക്കത്തയിലെ അഭയാര്‍ത്ഥിപ്രവാഹവും അവരുടെ ജീവിതദുരന്തങ്ങളും ഹൃദയത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവ് നല്‍കിയ നോവുകളാണ് കത്തിയെരിഞ്ഞ് കവിതാരചനയ്ക്ക് ഇന്ധനമായി ഭവിച്ചത്.  1965 ല്‍ ആണ് ആദ്യമായി 'ഞാന്‍ ' എന്ന  കവിത പ്രസിദ്ധീകരിക്കുന്നത് . 1976 ല്‍ ആദ്യ പുസ്തകം പ്രസിദ്ധീകൃതമായി. മലയാളത്തിലെ കാവ്യാസ്വാദകരുടെ ഭാവുകത്വത്തില്‍ കൊടുങ്കാറ്റു വിതച്ച 'കുറത്തി' പ്രസിദ്ധീകരിച്ചത് 'ബോധി' എന്ന മാസികയിലായിരുന്നു, 1978ല്‍ . പിന്നീട് 75 ലേറെ പുസ്തകങ്ങള്‍ പലപ്പോഴായി അദ്ദേഹം മലയാളസാഹിത്യത്തിനു സമ്മാനിച്ചു. കുറത്തി, കടമ്മനിട്ട, കിരാതവൃത്തം, ശാന്ത, കണ്ണൂർകോട്ട, പുരുഷസൂക്തം, കടമ്മനിട്ടയുടെ കവിതകൾ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂൽ പൊട്ടൻ, മിശ്രതാളം, വെളളിവെളിച്ചം എന്നിവയാണ്‌ പ്രധാന കവിതാഗ്രന്ഥങ്ങൾ. ഗോദായെ കാത്ത്‌, സൂര്യശില എന്നീ വിവർത്തന കൃതികളും എഴുതിയിട്ടുണ്ട്‌. കടമ്മനിട്ടക്കവിതകളുടെ നാല് വാള്യം കാസറ്റുകളും പുറത്തുവന്നിട്ടുണ്ട്. കവിതകളുടെ കാസറ്റ് പുറത്തിറക്കുന്ന സമ്പ്രദായം ഇതോടെയാണ് മലയാളത്തില്‍ വ്യാപകമാവുന്നത്.
‘കടമ്മനിട്ടയുടെ കവിതകൾ’ എന്ന സമാഹാരത്തിന്‌ 1982-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്‌, ആശാൻ പുരസ്കാരം എന്നിവ ലഭിച്ചു. അബുദാബി മലയാളം സമാജം അവാർഡ്‌, ന്യൂയോർക്ക്‌ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ അവാർഡ്‌, മസ്ക്കറ്റ്‌ കേരള സാംസ്കാരിക കേന്ദ്രം അവാർഡ്‌ എന്നീ ബഹുമതികളും ലഭിച്ചു.

1995-ൽ ആറന്മുള എംഎൽഎ ആയി നിയമസഭയിൽ എത്തി. 1996-ൽ കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്‌. ‘കേരള കവിത’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു. ‘രക്താർബുദ’ത്തെ തുടർന്ന്‌ 2008 മാർച്ച്‌ 31 ന്  ഈ മഹാനുഭാവന്‍ കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു .

പരാതി -  (കടമ്മനിട്ട)
.
പറയൂ പരാ‍തി നീ കൃഷ്ണേ...
പറയൂ പരാ‍തി നീ കൃഷ്ണേ...
നിന്റെ വിറയാർന്ന ചുണ്ടുമായ്
നിറയുന്ന കണ്ണുമായ്
പറയൂ പരാ‍തി നീ കൃഷ്ണേ
പറയൂ പരാ‍തി നീ കൃഷ്ണേ

അവിടെ നീ അങ്ങനിരിക്കൂ
മുടിക്കതിരുകൾ അല്‍പ്പമൊതുക്കൂ..
നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ
നിഴലുപോലെന്നെ ഞാൻ കാണ്മൂ..
നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ
നിഴലുപോലെന്നെ ഞാൻ കാണ്മൂ..
അടരാൻ മടിക്കുന്ന തൂമണി കത്തുന്ന
തുടർവെളിച്ചത്തിൽ ഞാൻ കാണ്മൂ...
കാണാൻ കൊതിച്ചിന്നുമാകാതെ ദാഹിച്ചു,
വിടവാങ്ങി നിന്നൊരെൻ മോഹം...
ഇടനെഞ്ചുയർന്നുതാണുലയുന്ന സ്പന്ദമെൻ,
തുടരുന്ന ജീവന്റെ ബോധം...
അതുനിലപ്പിക്കരുത് അതിവേഗമോരോന്ന്..
പറയൂ പരാ‍തി നീ കൃഷ്ണേ...
പറയൂ പരാ‍തി നീ കൃഷ്ണേ...
എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും,
പുതിയാതായിത്തോന്നും...
എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും ,
പുതിയാതായിത്തോന്നും...
അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങൾ,
ഉള്ളതൊരിത്തിരി ദുഃഖം...
അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങൾ,
ഉള്ളതൊരിത്തിരി ദുഃഖം...
മിഴികോർത്തു നിന്നു നീ പറയുന്ന മാത്ര ഞാൻ
കേൽക്കുന്ന മാത്രകൾ അതിൽ മാത്രമാണ് നാം
അന്വേന്യമുണ്ടെന്ന് അറിയുന്നെതിന്നായ് പറയൂ..

“പറയൂ പരാതി നി കൃഷ്ണേ..“

ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻ മൊഴി..
ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻ മൊഴി..

“ഒച്ചയടഞ്ഞുവോ..?“

നിശ്ചലം ചുണ്ടുകൾ, നിറയാത്തകണ്ണുകൾ
നിറയാത്തകൺകളിൽ കൃഷ്ണമണികളിൽ..
നിഴലില്ല, ഞാനില്ല ഞാനില്ല..
.......

ദേവീസ്തവം - കടമ്മനിട്ട
.
ഹേ! പാർവ്വതീ! പാർവ്വണേന്ദു പ്രമോദേ,പ്രസന്നേ,
പ്രകാശക്കുതിപ്പിൽ, കിതയ്ക്കുന്ന നിന്നെ
പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-
കുളിർവ്വാത ദാഹാർത്തിയായ്‌ നിന്റ നിശ്വാസെ
വേഗം കുടിക്കാനു, മോമൽത്തടിൽ മേനി
പുൽകിത്തലോടാനുമാഴത്തിലാഴത്തി-
ലാഴ്‌ന്നേറേ നേരം മുഴുകിത്തികഞ്ഞാട-
ലാറ്റാനുമി വിശ്വശക്തി പ്രവാഹക്കുതിപ്പിൻ
കിതപ്പായ്‌ ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ.
ഹേ! ഭാർഗ്ഗവീ, ഗർവ്വഹത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ
നറും പൂവിതൾ നോറ്റു തോറ്റുന്ന ദിവ്യാനു
രാഗത്തുടുപ്പിൻ കരൾകൂമ്പറുത്തും,
ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-
യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,
വിയർക്കുന്ന പുല്ലിന്റെ ഗദ്ഗദം ചോർത്തിക്കുടിച്ചും,
ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും
തിമിർക്കുന്നരക്കൻ,നറുംചോരമോന്തി-
ചിനയ്ക്കുന്നരക്കൻ,ഇരുൾക്കോട്ട കെട്ടി-
മടക്കിക്കപാലാസ്ഥി മാലാവിതാനം
ചമയ്ക്കുന്ന രക്കൻ, ധരിത്രീ വിലാപം
വിറയ്ക്കുന്നു ദിക്‌ പാലരെല്ലാ,മിടിത്തീയിളിക്കുന്നു ചുറ്റും
ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം,
ഹേ! ഭൈരവി, ശോകഹർ ത്രി, യോഗമൂർത്തേ, പ്രചണ്ഡ േ
തൃക്കണ്ണു മൂന്നും തുറന്നാർദ്ദ്രയായിത്തിളയ്ക്കൂ,
കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ
കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ട്ച്ചതയ്ക്കൂ
സഹസ്രാര പത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ
എടുക്കെന്നെ നീ, നിൻ മടിത്തട്ടിലൊട്ടി-
കിടക്കട്ടെ നിൻ പോർ മുലക്കണ്ണു മുട്ടി,
ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ,
ശാരാദാശ സങ്കാശ സൗമ്യേ, ശിവേ!
പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ
പ്രഹർഷേണ വർഷിച്ചു മേയും ഘനങ്ങൾ
ഘനശ്യാമ നീലം, കടക്കണ്ണു ചായും വിലാസം
വികാരോൽബണം വിശ്വഭാവം
സമാകർഷ ചേതോവിതാനം, സരിത്തിൻ
ഹൃദന്താവബോധോദയം, പാരിജാതം.
പ്രേമകല്ലോലിനിലീല, ലാവണ്യ ലാസ്യ-
പ്രകാരം, പ്രസാദം, പ്രകാശം.
ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം
ഇതാണെന്റെ നീയായ സത്യ സ്വരൂപം
ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ!.
.
കടമ്മനിട്ട!
കാളീ, കാളിമയാര്‍ന്നോളേ, യെന്‍
കാമം തീര്‍ക്കാനുണരൂ,
പച്ചമണക്കും നിന്‍തനു പുല്‍കാന്‍
കച്ചയഴിച്ചു കളിക്കാന്‍
നിന്റെ കരിന്തുടയിടയില്‍ ജീവിത-
ഗന്ധം തൂകി നനയ്ക്കാന്‍
നിര്‍ദ്ദയ നൃത്ത വിലാസത്താലെന്‍
ശക്തിയൊഴിച്ചു നിറയ്ക്കാന്‍
ഉല്‍ക്കടമോഹമൊരുക്കിയ മണ്ണില്‍
വിത്തുവിതച്ചു വളര്‍ത്താന്‍
വിത്തിന്നുള്ളില്‍ പുതുമുളയായെന്‍
സ്വത്വം കാട്ടി ജയിക്കാന്‍
കത്തും കാമമെരിക്കുന്നെന്നെ-
ഉണരുണരൂ നീ പെണ്ണേ... !!

2 comments:

 1. ശക്തമായ കവിതകൾ
  നഗ്നമായ കവിതകൾ

  ReplyDelete
 2. പടയണിത്താളത്തില്‍ മലയാളകവിതയ്ക്ക് പുത്തനുണര്‍വ്വും ഉന്മേഷവും നല്കി പുതിയൊരു ആലാപന വഴിയില്‍ കവിതയെ എത്തിച്ച കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ.
  ഇന്നും മൂര്‍ച്ചയോടെ തിളങ്ങുന്ന വരികള്‍
  ആശംസകള്‍

  ReplyDelete