Wednesday, May 25, 2016

നമ്മുടെ കവികള്‍ - 1 : ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബാലചന്ദ്രന്‍ ചുള്ളിക്കാട്
=====================

125 ല്‍ താഴെ കവിതകളേ എഴുതിയിട്ടുള്ളുവെങ്കിലും മലയാളിയുടെ മനസ്സില്‍ കവിതയുടെ വസന്തം വിരിയിച്ച   ബാലചന്ദ്രന്‍ ചുള്ളിക്കാട് എണ്‍പതുകളില്‍ യുവജനതയുടെ ആവേശമായിരുന്നു. നൂതനമായ പ്രമേയാവിഷ്ക്കാരം, പാരമ്പര്യത്തിന്റെ താളത്തുടിപ്പില്‍ സമ്മോഹന പദവിന്യാസങ്ങളോടെ, അന്യാദൃശമായ ബിംബാവിഷ്കാരങ്ങളോടെ കവിതകളായി പുറത്തു വന്നപ്പോള്‍ പുതുമ തേടുന്ന   യുവാക്കള്‍  അതു സഹര്‍ഷം  നെഞ്ചേറ്റിയതില്‍ അത്ഭുതപ്പെടാനില്ല. ക്ഷുഭിതയൗവ്വനത്തിന്റെ ഹൃദയ സ്പന്ദനങ്ങളായി അവ പ്രതിധ്വനിച്ചു.  സ്വന്തം ആശയഗതികളില്‍ ഉറച്ചു നിന്നുകൊണ്ട്, സുരക്ഷിതമായ ജീവിത സാഹചര്യങ്ങളെ നിര്‍ഭയം ഉപേക്ഷിച്ച് അരക്ഷിതത്വത്തിന്റെ കയ്പ്പുനീര്‍ സ്വയം ഏറ്റുവാങ്ങിയ ഒരു ചെറുപ്പക്കാരന്റെ ജീവിതപന്ഥാവിലെ ദുരന്തങ്ങളൊക്കെ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ജീവനേകി. ആ അക്ഷരക്കൂട്ടുകളാണ് അദ്ദേഹത്തിന്റെ ജീവിതഗതി തന്നെ മാറ്റി എഴുതിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'കവി എന്ന ലേബല്‍ ‘തെണ്ടിജീവിത”ത്തിനു മാന്യതയും കാല്‍പനിക പരിവേഷവും നല്‍കുകയായിരുന്നു.

1987 ല്‍ രചിച്ച 'ഗസല്‍' എന്ന കവിതയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയതരമെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒട്ടനവധി വേദികളില്‍ ആ കവിത അദ്ദേഹം ആലപിക്കുകയുണ്ടായി. പാക്കിസ്ഥാന്‍ പൌരനായ ഗുലാം അലിക്ക് ബോംബെയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ തോന്നിയ ദുഃഖവും പ്രതിഷേധവും ആണ് ആ കവിതയ്ക്കു നിമിത്തമായത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ ,  പതിനെട്ടു കവിതകള്‍, ഡ്രാക്കുള, അമാവാസി, മാനസാന്തരം, പ്രതിനായകന്‍,  തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ  മറ്റു പ്രധാന കൃതികള്‍.
 
1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു.തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്.   കവിതകള്‍ ,  ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും  തർജമ ചെയ്യപ്പെട്ടു .ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘ചിദംബരസ്മരണ”യും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

 സാഹിത്യത്തിന്റെ പേരിൽ ഒരവാർഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും 1990 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള 20,000 രൂപയുടെ സംസ്കൃതി അവാർഡും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതിക്ക് 2001-ൽ  ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും നിരസിക്കുകയാണുണ്ടായത് .പതിനെട്ടു കവിതകള്‍, ഡ്രാക്കുള, അമാവാസി, മാനസാന്തരം, പ്രതിനായകന്‍, ഗസല്‍ തുടങ്ങിയവയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മറ്റു പ്രധാന കൃതികള്‍.    ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു. അഭിനയമാണ് തനിക്കേറ്റവും സംതൃപ്തി നല്‍കിയ തൊഴില്‍ എന്നു സമ്മതിക്കാനും കവിക്കു മടിയില്ല.  ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.

ഒപ്പം ചേര്‍ക്കുന്നു കവിയുടെ ഏറ്റവും പ്രിയപ്പെട്ട രചന.
 .
ഗസല്‍
======
ഡിസംബര്‍ മുപ്പത്തൊന്ന്, രാത്രി സത്രത്തിന്‍
ഗാനശാലയില്‍ ഗുലാമലി പാടുന്നു.

നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍ ..
വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടോരീ പാത താണ്ടുമ്പോള്‍
ദൂരെ മാളികയുടെ കിളിവാതിലിന്‍ തിരശീല പാളിയോ ?..

കുളിര്‍കാറ്റോ, കനകാംഗുലികളോ,
എന്റെ നിഴലിന്‍ നെറുകയില്‍ വീണത്
നിശാദീപം ചൊരിയും കിരണമോ, നിന്റെ കണ്‍ വെളിച്ചമോ ?
ശാഖയും ഇലകളും പൂക്കളും ഇല്ലാത്തൊരു
ജീവിത തമോ വൃക്ഷം വിണ്ടു വാര്‍ന്നൊലിക്കുന്ന
ചൂടെഴും ചറം പോലെ..

വിരഹാര്‍ത്ഥിയും ആര്‍ദ്ര ഗംഭീരമലിയുടെ നാദവും
ഉറുദുവും ഉരുകിചേരും ഗാന ലായനിയൊഴുകുമ്പോള്‍
ചിര ബന്ധിതമേതോ രാഗ സന്താപം, ഹാര്‍‍ -
മോണിയത്തിന്‍ ചകിത വാതായനം ഭേദിക്കുന്നു..

ഹൃദയാന്തരം ഋതു ശൂന്യമാം വര്‍ഷങ്ങള്‍ തന്‍
തബല ധിമി ധിമിക്കുന്നു; ഭൂത തംബുരുവിന്റെ
ശ്രുതിയില്‍ ഗുലാം അലി പാടുമ്പോള്‍ പിന്‍ ഭിത്തിയില്‍
ആര് തൂക്കിയതാണീ കലണ്ടര്‍..?

കലണ്ടറില്‍ നിത്യ ജീവിതത്തിന്‍ ദുഷ്കര പദപ്രശ്നം
പലിശ, പറ്റു പടി വൈദ്യനും വാടകകയും പകുത്തെടുത്ത
പല കള്ളികള്‍ ഋണ ധന ഗണിതത്തിന്റെ
രസ ഹീനമാം ദുര്‍നാടകം.
ഗണിതമല്ലോ താളം; താളമാകുന്നു കാലം..
കാലമോ സംഗീതമായ്‌, പാടുന്നു ഗുലാം അലി !

ഒരു മാത്ര തന്‍ സര്‍വ കാല സംഗ്രഹ
ക്ഷണ പ്രഭയില്‍ മായാപ്പടം മാറ്റുക മനോഹരീ..
സ്ഥിര ബന്ധിതം നിന്റെ ഗോപുര കവാടത്തി-
ന്നരികില്‍ പ്രവാസി ഞാന്‍ നിഷ്ഫലം സ്മരണ തന്‍
താരകാവലി ദീപ്തി ചൊരിയും നിശ തോറും
പ്രാണ സഞ്ചാരം ഹാര്‍മോണിയത്തില്‍ പകരുന്നു..

തബലയില്‍ ആയിരം ദേശാടക പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകി
അലിയുടെ അന്തരാളത്തില്‍ നിന്നുമൊഴുകി
വൈഷാദിക വൈഖരി.ശരം നദി..
നദിയില്‍ ബിംബിക്കയാണാദിമ നിശാമുഖം..

ഉദയാസ്തമയങ്ങള്‍ ഷഡ്ജ
ധൈവതങ്ങളാം ഗഗനമ ഹാ രാഗം..
ശ്രുതിയോ പുരാതന ജന ജീവിതത്തിന്റെ
ഹരിതാരുണ ജ്വാല പടരും നദീ തടം

ദ്രുത ഗാന്ധാര ഗ്രാമ വീഥികള്‍ ജ്വലിക്കുന്നു
അലിയും ഞാനും ഗാന ശാലയും ദാഹിക്കുന്നു..
ജ്വാലയില്‍ ദാഹിപ്പീല കലണ്ടര്‍ ‍..
ജ്വാലയില്‍ ദാഹിപ്പീല കലണ്ടര്‍ ‍..

കലണ്ടറില്‍ കാപ്പിരി ചോര
ചെണ്ട കൊട്ടുന്ന കൊല നിലം
കാട്ടുരാത്രിയില്‍ ആദിവാസി തന്‍ കനലാട്ടം
ദേവ ദാരുവിന്‍ കുരിശേന്തിയ നിരാലംബ
ജ്ഞാദികളുടെ മഹാ പ്രസ്ഥാനം..
ആത്മാവിന്‍ അമ്ല ഭാഷ നഷ്ടപ്പെട്ടൊരു
മൂക ഗോത്രങ്ങളുടെ മുഖ ഖോഷ്ടികള്‍ ..

കലണ്ടറിന്‍ ജനലില്‍ കൂടെ കാണാം
സഹസ്ര ദിന ചക്രചാരിയായ്‌
നെറ്റി കണ്ണില്‍ ജ്വലിക്കുമാപല്‍ ദ്യുതിയോടെ.
ലോഹാന്ത ഗര്‍ഭ ശ്രേണി നിറയെ ശവങ്ങളെ
വഹിച്ചു നദികള്‍ , തുരങ്കങ്ങള്‍ ,നാടുകള്‍ , നഗരങ്ങള്‍ ,
മൃന്‍മയ ശതാബ്ദങ്ങള്‍ ഭാഷകള്‍
സംസ്കാരങ്ങള്‍ പിന്നിട്ടു കൂകിപ്പായും തീവണ്ടി..
ജ്ഞാനത്തിനപ്രാപ്യമാണിപ്പോഴും ഗുലാമലി..

ഖേദത്തിന്‍ ഇരുണ്ട ഭൂഖണ്ഡങ്ങള്‍ ..
അവയുടെ മൂക മുക്രയില്‍ കാലത്രയവും ചരാചര
ഗ്രാമവും മുങ്ങിപ്പോകെ ആരുടെ സമാന്തര ബോധം
ഈ ശ്രവണാന്തരാധിയാം നാദ ജ്വാല..

ജാലകമടച്ച് നീ സ്വര്‍ഗ ചന്ദ്രികയുടെ
ഏകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ..
പട ധാരവും ഏക ഗ്രസ്തമായ്‌ മൃതിയുടെ തിമിര
ഗ്രഹത്തിലേ,ക്കെത്രയുണ്ടിനി ദൂരം..
എത്രയുണ്ടിനി നേരം..?

അസ്തമിച്ചുവോ വര്‍ഷം, എപ്പോഴോ പിന്‍ഭിത്തിയില്‍
ദ്വാരപാലകന്‍ വന്നു തൂക്കിയോ
വീണ്ടും പുതു വര്‍ഷത്തിന്‍ കലണ്ടര്‍ ..

അതല്ലോ നാളെയുടെ നരക പട,മെത്ര
ഭീതിതം, വീര ശൈവന്‍ കോല്‍ തൊട്ടു വായിക്കുന്നു.
കഴു മരത്തിന്‍ കനി തിന്ന കന്യകയിത്‌
കടലിന്നടിയിലെ വെങ്കല കാളയിത്
ഇത് നിദ്രയില്‍ നീന്തും കരി നീരാളിയല്ലോ
പ്രാവുകള്‍ പൊരിഞ്ഞു കായ്ക്കുന്ന
വൈദ്യുത വൃക്ഷക്കീഴിലെ ധ്യാനസ്തനാണിത്.

ഒടുവില്‍ ഭ്രമണര്‍ത്തയായ്‌, വികര്‍ഷിതയായ്‌
ബധിരാന്ധകാര ഗര്‍ത്തത്തിലേക്കുരുണ്ടു പോം
ധരയെ വിഴുങ്ങുന്ന കാല സര്‍പ്പമാണിത് ..

നിര്‍ത്തുകീ യമ ലോക ദര്‍ശനം; വായിക്കുവാന്‍
നിത്യവും വരും രക്ത മിറ്റുന്ന ദിനപ്പത്രം
അകലങ്ങളി,ലതി വൃഷ്ടിക,ളത്യുഷ്ണങ്ങള്‍
അഭയാര്‍ഥികളുടെയാര്‍ത്തമാം പ്രവാഹങ്ങള്‍ !

അകലങ്ങളില്‍ അഗ്നി ബാധകള്‍ ; ആഘാതങ്ങള്‍
അണുവിന്‍ സംഹാരൂര്‍ജ്ജ സമ്പുഷ്ട സംഭാരങ്ങള്‍ !
അകലങ്ങളില്‍ മദം, മല്‍സരം, മഹാരോധം
അനധീനമാം ജീവിതേച്ഛ തന്‍ പ്രതിരോധം.
നിര്‍ത്തുക നരലോക ദര്‍ശനം..

ദിനപ്പത്രം ഉള്‍ക്കതകിന്മേല്‍ കുറ്റ-
പത്രമായ്‌ പതിയുമ്പോള്‍ , പ്രസരോപരി ഭസ്മ
പത്ര ശായിയാം മര്‍ത്യ ശിശുവിന്‍ മുഖംസ്വപ്ന
ദൃഷ്ടിയില്‍ തെളിയുന്നു..

മതിയില്‍ മങ്ങി പ്പോകും സ്വപ്ന ദീപിക പോലെ
ധൃതിയില്‍ ഗസലുപസംഹരിക്കയാണലി..
അന്ത്യ ഷദഡ്ജത്തിന്‍ അധോയാന മരണ  മുഹൂര്‍ത്തത്തി-
ലെന്ന പോല്‍ സ്മരണ തന്‍ ത്വരിതാവരോഹണം.

നാദ മൂലതിന്‍ ഭൂത പാതാള ഗമനം, ശ്രുതിയില്‍
ജഗ ലയം, സകലം മരണ ഗ്രസ്തം; ശൂന്യം..

ഞാന്‍ പോകട്ടെ, പാതയില്‍ വിളക്കുകള്‍ ഒക്കെയും കെട്ടു.
പിത്തലാഞ്ചിതം മുഖം, മഞ്ഞള്‍ ചിത്രമായ്‌
ഉദരാന്ധകാരത്തില്‍ വിളയും സുകൃത - ദുഷ്കൃത
യോഗ ഫല ഭാരത്താല്‍ പരിക്ഷീണയായ്‌

ഹൃദിസ്ഥമാം കാലൊച്ച കാതോര്‍ത്തു കൊണ്ട്
ഏകാന്തതയിലേക്ക് ലോകത്തെ വിവര്‍ത്തനം ചെയ്തു കൊണ്ട്
ഇലയും അത്താഴവും നേര്‍ത്ത കണ്‍വിളക്കുമായ്‌
അകലെ കുടുംബിനി കാത്തിരിക്കയാണെന്നെ..

ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി, മിഴിയുപ്പും
മെഴുക്കും വാര്‍ന്നൊട്ടിയ തലയിണ..
ഉള്ളിനീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്‍വ്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്ദമൈഹിക നിദ്ര ..

ദൈവത്തിന്‍ ചിത്രമില്ലാത്ത മുറി, മിഴിയുപ്പും
മെഴുക്കും വാര്‍ന്നൊട്ടിയ തലയിണ..
ഉള്ളിനീര്‍ മണക്കും ഒരുടലിന്‍ വെക്ക
ഉള്ളില്‍ എന്‍ സര്‍വ്വേന്ദ്രീയ സപ്ത തന്‍
മൃത്യുഞ്ജയ സ്പന്ദമൈഹിക നിദ്ര !


സദ്ഗതി
ബാലചന്ദ്രന്‍ ചുള്ളിക്കാട്
______________________
ഒടുവില്‍ അമംഗളദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കും
പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ, നിന്‍ ഹൃദയം..
പരതി പരതി തളര്‍ന്നു പോകെ...
ഒരു നാളും നോക്കാതെ മാറ്റിവച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരുകാണും
അതിലെന്റെ ജീവന്റെ നേരുകാണും..
പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാ,നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകും  നിന്‍ അന്തരംഗം
ക്ഷണികെ ജഗല്‍ സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം
ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും...

പിറക്കാത്ത മകന് (ബാലചന്ദ്രന്‍ ചുള്ളിക്കാട് )ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

.
ആനന്ദധാര
(ബാലചന്ദ്രന്‍ ചുള്ളിക്കാട് )
--------------- --
ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
... ചാറിചുവപ്പിച്ചൊ രെന്‍ പനീര്‍പ്പൂവുകള് ‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറി ച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിന ാല്‍
ഇന്നും നിനക്കായ്ത്തുടി ക്കുമെന്‍ തന്ത്രികള്‍

അന്ധമാം സംവത്സരങ്ങള്‍ക് കുമക്കരെ
അന്തമെഴാത്തതാമോ ര്‍മ്മകള്‍ക്കക് കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമ െനിക്കു നീയോമനേ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ച ുള്ള
ദുഃഖമെന്താനന്ദമ ാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ് യം പകരുന്ന വേദന..
.
ഗൌരി


കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി

തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം

അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൌരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൌരീ തളരുന്ന ഗൌരീ
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി

മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

2 comments:

  1. ഒരിക്കൽ കവിയുടെ ബ്ലോഗിൽ പോയിട്ട് കവി കുഞ്ഞുപിള്ളേരെപ്പോലെ ഒരു കമന്റിന്റെ പിറകെ വഴക്കിനു പോയത് കണ്ട് ഞാൻ തനിയെ ഇരുന്ന് ചിരിച്ചുപോയി

    ReplyDelete
  2. കവിയായി തിളങ്ങിയെങ്കിലും,അഭിനേതാവായി അതു കണ്ടില്ല.
    കവിതകള്‍ ചേര്‍ത്തത് നന്നായി.
    ആശംസകള്‍

    ReplyDelete