Monday, May 30, 2016

നമ്മുടെ കവികള്‍-4/ ആറ്റൂര്‍ രവിവര്‍മ്മനമ്മുടെ കവികള്‍-4/  ആറ്റൂര്‍ രവിവര്‍മ്മ
=================================
പേപ്പര്‍  വെയിറ്റ് ആകുന്നതിനേക്കാള്‍   പേപ്പറായി പറന്നു നടക്കുകയാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ കവിയാണ് മലയാള സാഹിത്യത്തിന് ആറ്റിക്കുറുക്കിയ കവിതകള്‍ സമ്മാനിച്ച ശ്രീ  ആറ്റൂര്‍  രവിവര്‍മ്മ.അമ്പത്തഞ്ചുവര്‍ഷം നീളുന്ന കാവ്യസപര്യയില്‍ അദ്ദേഹം എഴുതിയത് ഏതാണ്ട് നൂറ്റിനാല്‍പതോളം കവിതകള്‍ മാത്രം!  നിരൂപകര്‍ ഉദാഹരണങ്ങള്‍ ഏറെ നിരത്തി മുന്നോട്ടു വെയ്ക്കുന്നൊരു വാദമാണ്  ആറ്റൂര്‍ , ക്ലാസ്സിസത്തേയും ആധുനികതയേയും കൂട്ടിയിണക്കുന്ന കവിയെന്നത് . എങ്കിലും വായനയിലൂടെ കിട്ടുന്ന തെളിവ് സമകാലീന കവികളില്‍ നിന്ന് വളരെ ദൂരെയാണ് ഈ കവി എന്നതാണ്.

പണ്ടു നാം മൊട്ടയും  വിക്കനും കൂറ്റനും
കോലനും കൂടി മലയ്ക്കു പോകുമ്പോള്‍
അവിടം മുഴുവന്‍ വിളഞ്ഞു നില്‍ക്കുന്നു
മൌനവും പാട്ടും തണലും വെളിച്ചവും
രസമുള്ള പേടിയും സ്വാതന്ത്ര്യവും ..
ഒരു കാലഘട്ടത്തിന്റെ മിഴിവാര്‍ന്ന ചിത്രം ഏതാനും വാക്കുകളില്‍ വരച്ചിട്ടിരിക്കുന്ന ഈ ലാളിത്യവും ഗഹനതയുമാണ്  ആറ്റൂര്‍ കവിതകളിലെ അന്യാദൃശമായ ഉള്‍ക്കരുത്ത്. വാക്കുകള്‍ ഏറ്റവും കുറച്ചു പറയുക, കൂടുതല്‍ ധ്വനിപ്പിക്കുക എന്ന രീതികൊണ്ട് വേറിട്ടുനിന്ന കവിതകളാണ് അദ്ദേഹത്തിന്റെ രചനകളില്‍ ഏറെയും ."വേഗം നടക്കുന്നോരാളുകളെല്ലാരും ഞാനൊരമാന്തക്കൊടിമരമല്ലോ' (സ്വകാര്യം) എന്നാണ്  കവി സ്വയം  രേഖപ്പെടുത്തിയിട്ടുള്ളത്. 1957 ല്‍ രചന നിര്‍വ്വഹിച്ച് 'കവിത' പുസ്തകരൂപത്തില്‍ പുറത്തുബരുന്നത് രണ്ടു ദശാബ്ദത്തിനു ശേഷമാണ് എന്ന വസ്തുത ഈ അമാന്തത്തിനു നല്ലൊരുദാഹരണം മാത്രം .  

""ഞാന്‍ കുറച്ചേ എഴുതിയിട്ടുള്ളൂ. വിഷംപോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്. സദ്യപോലെയല്ല. എന്നിട്ടും അത് സ്വീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്'' എന്ന് ആറ്റൂര്‍ പറയും. കാരണം, തന്റെ കവിത ജനകീയമല്ല, താനത്ര ജനപ്രിയനല്ല, അങ്ങനെ ആവേണ്ടതുമില്ല എന്നുതന്നെ അദ്ദേഹം കരുതുന്നു. ""ഞാനൊരു "സെല്ലി'ല്‍ സംസാരിക്കുന്നവനാണ്, പൊതുയോഗത്തെ അഭിമുഖീകരിക്കുന്നവനല്ല'' എന്നും കവിയുടെ വാക്കുകള്‍. 


തൃശ്ശൂർ ജില്ലയിലെ ആറ്റൂരിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണി-യമ്മയുടെയും മകനായി ജനനം. ചെറുതുരുത്തി, ചേലക്കര, ചാലക്കുടി, ഷോര്‍ണൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന്‍ ഉന്നത വിദ്യാഭ്യാസം. മലയാളത്തില്‍ എം.എ ബിരുദം. സര്‍ക്കാര്‍ കോളേജുകളില്‍ ജോലി ചെയ്തു വിരമിച്ചു. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.

ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ നിന്ന് ഒരുപാടു ദൂരം വഴിമാറി സഞ്ചരിച്ചയാളാണ് കവി . മലഞ്ചെരുവിലെ കൊച്ചു ഗ്രാമത്തില്‍ ഉത്സവങ്ങളും തോരാമഴയും പാതിരാവരെ നീളുന്ന കൊയ്ത്തും മെതിയും ആഘോഷമായ് കഴിഞ്ഞ ബല്യകൗമാരങ്ങള്‍ . അന്നു നിലനിന്നു പോന്ന ഫ്യൂഡല്‍ വ്യവസ്ഥിതി അങ്ങേയറ്റം അന്ധവും ക്രൂരവുമായി  അടിയും കുടിയൊഴിപ്പിക്കലും അയിത്തവും ആയി വളര്‍ന്നെത്തിയ കാലം.   മുതിര്‍ന്നവര്‍ക്കൊപ്പം പുതിയൊരാശയത്തിന്റെ ലോകത്തിലേയ്ക്ക്  കൗമാരക്കാരായ കവിയും കൂട്ടരും അറിയാതെ എത്തപ്പെടുകയായിരുന്നു . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കുള്ള ആകര്‍ഷണം അങ്ങനെയായിരുന്നു . പഠനശേഷമുള്ള യാത്രകളും ചിന്തകളില്‍ പുരോഗമനം വെളിച്ചം പകര്‍ന്നുകൊടുത്തു.

കവിത, കേരള കവിതാഗ്രന്ഥവരി, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം1, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം2, ആറ്റൂര്‍ കവിതകള്‍ എന്നിവയാണ് കവിതാസമാഹാരങ്ങള്‍. ജെ.ജെ ചില കുറിപ്പുകൾ (നോവൽ , സുന്ദര രാമസ്വാമി),ഒരു പുളിമരത്തിന്റെ കഥ (നോവൽ, സുന്ദര രാമസ്വാമി), രണ്ടാം യാമങ്ങളുടെ കഥ (നോവൽ, സെൽമ), നാളെ മറ്റൊരു നാൾ മാത്രം (നോവൽ, ജി.നാഗരാജൻ), പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകൾ), ഭക്തികാവ്യം (നായനാർമാരുടെയും ആഴ്വാർമാരുടെയും വിവർത്തനങ്ങൾ) എന്നിവ തമിഴില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പുതുമൊഴി വഴികൾ എന്ന പേരില്‍ യുവകവികളുടെ കവിതകള്‍ എഡിറ്റ്‌ ചെയ്ത് അവതരിപ്പിച്ചു. എഴുത്തച്ഛൻ പുരസ്കാരം (2012), പ്രേംജി പുരസ്‌കാരം (2008), കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം, പി.കുഞ്ഞിരാമൻ നായർ പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും വിവർത്തനത്തിനുള്ള പുരസ്കാരങ്ങൾ, ഇ.കെ.ദിവാകരൻ പോറ്റി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീ ആറ്റൂർ രവിവർമ്മ ഒരു സഞ്ചാരപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാട്ടുംപുറത്തു ജനിച്ചുവളർന്ന ഒരാൾക്കാവും പുറം ലോകത്തേക്ക് പോകുവാൻ ഏറെ ആഗ്രഹം. ഓരോ യാത്രയും കാറ്റ് പോലെയും മഴ പോലെയുമാണ്. അവയൊക്കെ തന്നെ ഓരോ പുസ്തകങ്ങൾ വായിക്കുന്ന അനുഭവവും. അനേകം തമിഴ് കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് .ആധുനിക തമിഴ് സാഹിത്യം മലയാളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലൂടെ അദ്ദേഹം ചെയ്തത് ഒരു ഭാഷയുടെ മൊഴിമാറ്റമായിരുന്നില്ല ഒരു സംസ്കാരത്തിന്റെ വിവർത്തനമായിരുന്നു. മറ്റു ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റത്തേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടതും തമിഴില്‍ നിന്നുള്ളതായിരുന്നു.


ശ്രീ അറ്റൂർ രവിവർമ്മ കേരളത്തിലെ പല കോളേജുകളിലും ഭാഷാ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . വിമർശന സാഹിത്യം പഠിപ്പിക്കുവാനായിരുന്നു അദ്ദേഹത്തിന് ഏറെ താല്പര്യം. അതും പാശ്ചാത്യ വിമർശന സാഹിത്യം. ഒരു പക്ഷെ അത് വളരെ വിപുലവും, കാലത്തിനനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതും ആയിരുന്നതിനാലാവണം. ഏതൊരു നല്ല അദ്ധ്യാപകനും ഒരു നല്ല വിദ്യാർത് ഥിയാണ്. അവർ പഠിക്കുകയാണ്, പഠിക്കുന്നത് വിദ്യാർത്ഥികൾക്ക് പകരുകയാണ് അവർ ചെയ് യുന്നത്. പലപ്പോഴും ഒരാശയം തന്നെ നാല്പതോ അൺപതോ കുട്ടികളിൽ എത്തിക്കണമെങ്കിൽ നടനായും, വെളിച്ചപ്പാടായും, കഥാകാരനായുമൊക്കെ മാറാൻ കഴിഞ്ഞാൽ മാത്രമെ ഒരു സാധാരണ ക്ലാസ്സിൽ ഒരാൾ ഒരു യഥാർത്ഥ അദ്ധ്യാപകനാകുകയുള്ളു എന്നദ്ദേഹം വിശ്വസിച്ചിരുന്നു.ഏതൊരു അദ്ധ്യാപകനും ഭാഷാപാടവം ഉണ്ടായിരിക്കണം,എങ്കിൽ മാത്രമെ പറഞ്ഞു മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ.അതിൽ വിജയിച്ച ഒരദ്ധ്യാപകനായിരുന്നു ശ്രീ ആറ്റൂർ. നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ശ്രീ ആറ്റൂര്‍ രവിവര്‍മ്മയെന്ന അദ്ധ്യാപന്റെ ശിഷ്യഗണത്തില്‍ പെടുന്നു.മുന്‍മന്ത്രി കെ ബാലന്‍, പാട്യം ഗോപാലന്‍ എന്നിവരൊക്കെ ഈ ഗണത്തിലുള്ളവര്‍
കവിത പഠിപ്പിക്കുവാൻ അദേഹത്തിന് ഏറെ താല്പര്യം ഇല്ലായിരുന്നു. കവിത ആർക്കും പഠിപ്പിക്കുവാൻ കഴിയില്ല, അത് അനുഭവിക്കാനെ  കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഒരഭിമുഖത്തില്‍ തനിക്കേറ്റവും ഇഷ്ടമുള്ള കവിത എന്നു പറഞ്ഞ് അദ്ദേഹം ആലപിച്ചത് 'പാരമ്പര്യം ' എന്ന കവിതയാണ് .
'മുത്തച്ഛന്നു പഥ്യം
വരകളും കുറികളുമുള്ള ബ്രിട്ടീഷ് കൊടി
അദ്ദേഹം അംശം അധികാരിയായിരുന്നു .
അച്ഛന്റെ കയ്യില്‍ മൂന്നു നിറമുള്ള കൊടി
അദ്ദേഹം സ്വാതന്ത്ര്യസമര ഭടനായിരുന്നു .
ഞാന്‍ പിടിച്ചതു ചെങ്കൊടി .
എന്റെ പേരന്റെ കയ്യില്‍
അമ്പതു നക്ഷത്രങ്ങളുള്ള
അമേരിക്കന്‍ ഐക്യ നാടു കൊടി . 

ശ്രീ ആറ്റൂർ രവിവർമ്മയെക്കുറിച്ച് അനവർ അലി സംവിധാനം ചെയ്ത ഡോക്യുമെന്ററിയായ 'മറുവിളി' 2016 ഏപ്രിൽ 2 ന് പട്ടാമ്പി കോളേജിൽ വച്ചു നടക്കുന്ന 'കവിതയുടെ കാർണിവലിൽ' പ്രദർശിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറ്റൊരു കവിത . 

മേഘരൂപന്‍ , ആറ്റൂര്‍ രവിവര്‍മ്മ.
---------------------------------------------
 ആറ്റൂര്‍‌ രവിവര്‍മ്മയുടെ കവിതകള്‍
സഹ്യനെക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ന്ദ്രത
ഇണങ്ങിനിന്നില്‍; സല്‍‌പുത്ര-
ന്മാരില്‍ പൈതൃകമിങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസുകള്‍

ഇടുങ്ങിയ നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടുനീ
ഉന്നതങ്ങളില്‍ മേഘങ്ങ-
ളൊത്തുമേയുന്ന വേളയില്‍

പൊന്‍‌കോലം കേറ്റുവാന്‍ കുമ്പി-
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാ‍ല്‍ ബന്ധിക്ക-
പ്പെട്ടീലല്ലോ പദങ്ങളും

ഉന്നം തെറ്റാത്ത തോക്കിന്നു-
മായീലാ നിന്നെ വീഴ്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടം പിടിച്ചൂ നീ

നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ-
ട്ടലയും ഭ്രഷ്ടകാമുകന്‍

അണുധൂളിപ്രസാരത്തി-
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ്വ-
പുണ്യത്തിന്‍ കയങ്ങളില്‍

നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യാമാം തേങ്ങല്‍ !
പൌര്‍ണ്ണമിക്കുള്ള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊ‌മ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം

3 comments:

  1. ആറ്റൂര്‍ രവിവര്‍മ്മയെ കുറിച്ചുള്ള ലേഖനം നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  2. ആറ്റൂരിന്റെ വിവര്‍ത്തന കൃതി പുതുനാനൂറ് എവിടെ കിട്ടുമെന്ന് അറിയുമോ?

    ReplyDelete