Sunday, November 14, 2021

രാജസ്ഥാൻ 3 - ബിക്കാനീർ മൂഷികക്ഷേത്രം

  

  ബിക്കാനീർ മൂഷികക്ഷേത്രം 

============================

പലപ്പോഴും ഈശ്വരാധിഷ്ഠിതമായ  മതചിന്തകൾ സങ്കുചിതമായ ജീവിതചര്യകളിലേക്കു മാനവിതകയെ നയിക്കുന്നുണ്ടെങ്കിലും അവ നൽകുന്ന ഉൾക്കാഴ്ചകൾ അതിവിശാലമാണെന്നു പല ഉദാഹരണങ്ങളും കാട്ടി സമർത്ഥിക്കാൻ കഴിയും. ഹിന്ദുമതത്തിൽത്തന്നെ വസുധൈവകുടുംബകം എത്ര സുവ്യക്തതയോടെ  നമ്മൾ ഉൾക്കൊള്ളുന്നു! ശിവനോടൊപ്പം നന്ദിയെയും കൃഷ്ണനൊപ്പം ഗോക്കളെയും ഗണനായകനൊപ്പം മൂഷികനെയും കാർത്തികേയനൊപ്പം മയൂരത്തെയും അയ്യപ്പസ്വാമിക്കൊപ്പം പുലിയെയുമൊക്കെ നമ്മൾ എത്ര ഭകതിപാരാവശ്യത്തോടെയാണ്  ആരാധിക്കുന്നത്! തുളസിയും കരിമ്പും അരയാലുമൊക്കെപ്പോലെ  നമ്മൾ ഏറെ ആദരിക്കുന്ന സസ്യവർഗ്ഗങ്ങളും  ഒട്ടും കുറവല്ല.  ബിക്കാനീറിലെ കർണ്ണിമാതാ ക്ഷേത്രം അത്തരമൊരു ഉത്കൃഷ്ടവീക്ഷണത്തിന് ഉത്തമോദാഹരണമാണ്. മൂലപ്രതിഷ്ഠ ദുർഗ്ഗയുടേതാണെങ്കിലും  ഇവിടെ ആരാധിക്കപ്പെടുന്നത്  തലങ്ങും വിലങ്ങും ഓടിനടക്കുന്ന ആയിരക്കണക്കിന് എലികളെയാണ്.  മറ്റേതൊരു വൈചിത്ര്യത്തിനുമെന്നതുപോലെ ഈ വിചിത്രാരാധനയ്ക്കുപിന്നിലും കൗതുകകരമായൊരു കഥയുണ്ട് . 



ബിക്കാനീറിൽനിന്ന് ഏകദേശം മുപ്പതുകിലോമീറ്റർ അകലെയുള്ളഒരു ഗ്രാമമാണ് ദേശ്‌നോക്ക്. പതിനാലാം നൂറ്റാണ്ടിൽ അവിടെ ജീവിച്ചിരുന്ന  ഹിന്ദു സന്യാസിനിയായിരുന്ന കർണ്ണി മാതാ ജോധ്പുരിലെ സ്വരൂപ് ഗ്രാമത്തിലെ  ചരൺ രാജ്പുത് കുലത്തിൽ പിറന്ന ഏഴാമത്തെ കന്യകയായിരുന്നു.   മാതാപിതാക്കൾ നൽകിയ പേര് ഋതുഭായി.  ബാല്യത്തിൽ ആത്മീയകാര്യങ്ങളിൽ തല്പരയായിരുന്ന ഋതുഭായി  ചില അദ്‌ഭുതങ്ങളൊക്കെ കാട്ടിയതായി പറയപ്പെടുന്നു . വിവാഹപ്രായമെത്തിയപ്പോൾ സാതികഗ്രാമത്തിലെ ദീപോജി ചരൺ എന്നയാളുമായി  വിവാഹം നടത്തിയെങ്കിലും അധികകാലം കഴിയുംമുമ്പ്  സ്വന്തം സഹോദരിയെ ഭർത്താവിനെക്കൊണ്ട്  വിവാഹം  ചെയ്യിച്ച് ഋതുഭായി വീടുപേക്ഷിച്ച്  പ്രാർത്ഥനകളും ധ്യാനവുമായി പലയിടങ്ങളിലും സഞ്ചരിച്ചു. ഒപ്പമുണ്ടായിരുന്ന അനുയായികളുമായി ദേശ്‌നോക്കിൽ എത്തിയപ്പോൾ അവിടെ സ്ഥിരമായി കഴിയാൻ തീരുമാനിച്ചു. അപ്പോഴേക്കും കർണ്ണി മാതാ എന്നപേരിൽ അവർ അറിയപ്പെടാൻ തുടങ്ങി. കർണ്ണി മാതായുടെ സഹോദരിയുടെ പുത്രൻ ലക്ഷ്മണ്  ഒരിക്കൽ കപിൽ സരോവർ എന്ന തടാകത്തിൽനിന്നു ജലപാനത്തിനു ശ്രമിക്കവേ കാൽവഴുതിവീണ് ജീവഹാനി സംഭവിച്ചു.  ദുഖിതയായ കർണ്ണി മാതാ യമദേവനോട് തന്റെ പ്രിയപുത്രനെ തിരികെനൽകാൻ കേണപേക്ഷിച്ചു. പക്ഷേ അപ്പോഴേക്കും  കൂട്ടിയുടെ ആത്മാവ് ഒരു എലിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. അതിനാൽ കുട്ടിയെ തിരികെത്തരാനാവില്ലെന്നും  കുട്ടിയുടെ ആത്മാവ് സന്നിവേശിച്ച എലിയെ നൽകാമെന്നും   യമദേവൻ അരുളിച്ചെയ്തു. എങ്കിൽ തന്റെ വംശത്തിലുള്ളവർ ഇനി  എലികളായി പിറക്കണമെന്നും മാതാ അനുഗ്രഹം തേടി. ഇന്ന് ക്ഷേത്രത്തിൽകാണുന്ന എലികളെല്ലാം കർണ്ണി മാതായുടെ പിന്മുറക്കാർ ആണെന്നാണ് വിശ്വാസം. 



രാജ്യഭരണരംഗത്ത് കർണ്ണിമാത രാജാവിനൊരുപാട് സഹായങ്ങൾ ചെയ്തതിന്റെ നന്ദിപൂർവ്വകമായിട്ടാണത്രേ മഹാരാജ ഗംഗാസിങ്  ഈ ക്ഷേത്രം വിപുലമാക്കി നിർമ്മിച്ചത്. . അയൽരാജ്യങ്ങൾ തമ്മിലുള്ള ശത്രുതകൾ മാറ്റിയെടുത്ത് സമാധാനം പുനഃസ്ഥാപിക്കാനും മാതാ നിരന്തരം പരിശ്രമിച്ചിരുന്നു.  ജോധ്പുരിലെയും ബിക്കാനീറിലെയും കോട്ടയ്ക്കു മൂലക്കല്ല് സ്ഥാപിച്ചതും കർണ്ണി മാതാ ആണെന്ന് പറയപ്പെടുന്നു. ശിഷ്യഗണങ്ങളോടൊപ്പം മാതാ ഒരിക്കൽ ബിക്കാനീറിലേയ്ക്ക് യാത്രപോവുകയും ഇടയ്ക്കെവിടെയോ അപ്രത്യക്ഷയാവുകയും ചെയ്തുവെന്നാണ് ഈ കഥ പറഞ്ഞുനിർത്തുന്നത്. പക്ഷേ വിശ്വാസവും ഭക്തിയും പൂർവ്വാധികം ശക്തമായി തുടർന്നുപോകുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ഭക്തർ ഈ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്. ദുർഗ്ഗാക്ഷേത്രങ്ങളിലേതുപോലെ നവരാത്രികാലം ഇവിടെയും ഉത്സവകാലമാണ്. ആ കാലം ഗ്രാമത്തിൽ ഭക്തരുടെ ഒഴുക്കുതന്നെയുണ്ടാകും. 

ജുനാഗഡ് കോട്ടയിൽനിന്ന് അരമണിക്കൂർ യാത്രയുണ്ട് ക്ഷേത്രത്തിലേക്ക്. ഗ്രാമത്തിലൂടെയുള്ള പാതയുടെ ഇരുവശത്തും ഗ്രാമക്കാഴ്ചകളുടെ സുഭഗസൗന്ദര്യം. പരന്നുകിടക്കുന്ന കൃഷിസ്ഥലങ്ങളിൽ അങ്ങിങ്ങു കർഷകരുടെ പ്രയത്നം. ഇടയ്ക്കിടെ പാഴ്നിലങ്ങൾ. ചെറുമരങ്ങളും ഔഷധികളുമൊക്കെ വളർന്നുനിൽക്കുന്നുടവിടെയും. എവിടെയൊക്കെയോ വളർന്നുനിൽക്കുന്ന കേര സാംഗ്രി മരങ്ങളെ ഗൈഡ് കാട്ടിത്തന്നിരുന്നു. പിന്നെ സവിശേഷമായൊരു ഗോശാലയും വഴിമദ്ധ്യേ കാട്ടിത്തന്നു. വിശാലമായ ഈ ഗോശാല ഉപേക്ഷിക്കപ്പെട്ട ഗോമാതാക്കളെ സംരക്ഷിക്കാനുള്ളതാണ്. ഇത്തരം ഗോശാലകൾ രാജസ്ഥാനിലെ ഗ്രാമങ്ങളിലൊക്കെ കാണാൻ കഴിയുമത്രേ! എത്ര കനിവും സ്നേഹവുമുള്ള ആശയമാണല്ലേ ഈ ഗോശാലകൾ! രാജസ്ഥാനിലെ മരുഭൂമിയിൽ എല്ലാവിധ ഇല്ലായ്മകളോടും പടവെട്ടി ജീവിക്കുന്ന ഈ മനുഷ്യരുടെ നന്മയോർത്ത് ഒരുനിമിഷം ശിരസ്സ് നമിച്ചുപോയി. ദുഃഖമനുഭവിക്കുന്നവർക്കേ സഹജീവികളുടെ ദുഃഖവും അനുഭവേദ്യമാകൂ എന്ന സത്യം ഇവർ നമ്മെ പഠിപ്പിക്കുന്നു.


ഇരുപത്തയ്യായിരത്തിലധികം എലികളുണ്ടിവിടെ. കബ്ബാസ് എന്നാണ് ഈ എലികൾ അറിയപ്പെടുന്നത് . വളരെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ എലികൾ കാലിനടിയിൽപ്പെട്ടുവെന്നുവരാം. അത് മാതാവിന്റെ കോപത്തിനടയാക്‌കും. രോഗദുരിതങ്ങളോ മറ്റു കഷ്ടതകളോ ഒക്കെയാവാം പരിണതഫലം. എലിയുടെ പ്രതിമ നടയ്ക്കുവെച്ചാൽ പരിഹാരവുമായി. കറുത്ത എലികൾക്കിടയിൽ ചില വെളുത്ത എലികളുമുണ്ടാകും. അവയെ കാണുന്നത് ഭാഗ്യമാണത്രേ! എലികൾ നമ്മുടെ ശരീരത്തിൽ കയറിയാലും അത് ഭാഗ്യമാണ് എന്നാണ് വിശ്വാസം. ഭക്തർ കൊണ്ടുവരുന്ന നിവേദ്യമാണ് എലികളുടെ ഭക്ഷണം. പാലും മധുരപലഹാരങ്ങളും  ധാന്യങ്ങളുമൊക്കെ അവിടവിടെ എലികൾക്കായി  ധാരാളമായി  വെച്ചിരിക്കുന്നതുകാണാം. അവ സ്വൈര്യവിഹാരം നടത്തി അവയൊക്കെ അകത്താക്കും.   ഈ നിവേദ്യാവശിഷ്ടങ്ങൾ  കിടന്നുപഴകിയ അസുഖകരമായൊരു ഗന്ധവുമുണ്ട്. പക്ഷേ ഈ എലികൾക്കു ജീവനാശം വന്നാൽ അവയുടെ ജഡം അവിടെക്കിടന്നു ചീഞ്ഞുനാറില്ല എന്നാണ് വിശ്വാസം. എലിക്കുഞ്ഞുങ്ങളെയും ഇവിടെ കാണാൻ കഴിയില്ലെന്നാണ് പറയപ്പെടുന്നത്.  പൂച്ചകളെയും  കാണാൻ കഴിയില്ല. എലികളുടെ ഭക്ഷണത്തിന്റെ ബാക്കിയാണ് ക്ഷേത്രത്തിലെ  പ്രസാദം.  അത് സ്വീകരിക്കുന്നതും  ഭക്ഷിക്കുന്നതും  പുണ്യമായി വിശ്വാസികൾ  കരുതുന്നു. ഭക്തർക്ക് ഏറെ വിശ്വാസവും ഹൃദയബന്ധവുമുള്ളൊരു ക്ഷേത്രമാണിതെന്നു അവിടുത്തെ തദ്ദേശീയരായ വിശ്വാസികളുടെ തിരക്കുകണ്ടാൽ മനസ്സിലാകും. 




ക്ഷേത്രത്തിലേക്ക് കയറുന്നതിനുമുമ്പ് നിവേദ്യസാധനങ്ങൾ കടകളിൽത്തന്നെ ചെരുപ്പുകൾ സൂക്ഷിക്കാനും സംവിധാനമുണ്ട് . ഞങ്ങളും അത്തരമൊരു കടയിൽ കയറിയ ശേഷമാണു ദർശനം നടത്തിയത്. വലിയ വെള്ളിക്കവാടം കടന്നു  കുറേസമയം ക്യൂ നിന്നശേഷമാണ്  പ്രധാന ശ്രീകോവിലിലേക്ക് കടക്കാൻ കഴിഞ്ഞത്. നിറപ്പകിട്ടാർന്ന വസ്ത്രങ്ങളും ധാരാളമായി ധരിച്ചിരിക്കുന്ന ആഭരണങ്ങളും ഗ്രാമീണജീവിതത്തിന്റെ ഒരു വർണ്ണപ്പതിപ്പുതന്നെ. പൊതുവേ ഇവിടുത്തെ ജനങ്ങൾ മെലിഞ്ഞ ശരീരപ്രകൃതമുള്ളവരാണെന്നുതോന്നി. സ്ത്രീകൾ നന്നേ കൃശഗാത്രർ. പക്ഷേ അവരുടെ മുഖങ്ങളിൽ സ്ത്രൈണതയേക്കാൾ അല്പം പൗരഷത്തിനു മുൻതൂക്കമുണ്ടോയെന്നും തോന്നാതിരുന്നില്ല. 



 ചില ഉപക്ഷേത്രങ്ങളും ചെറിയ പ്രതിഷ്ഠകളുമൊക്കെയുണ്ട്. എലികളെ ചവിട്ടാതിരിക്കാൻ അതീവശ്രദ്ധയോടെയായിരുന്നു ഓരോ ചുവടുവയ്പുകളും. ദർശനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ചെരുപ്പ് സൂക്ഷിച്ചിരുന്ന കടയിൽ ഞങ്ങൾക്കുള്ള കാപ്പിയും ഭുജിയയുമായി ടൂർ മാനേജർമാരായ രാജേഷും കല്പകും കാത്തുനിന്നിരുന്നു. ഭക്തിഗാനങ്ങളാൽ ക്ഷേത്രാന്തരീക്ഷം ശബ്ദായമാനമാണ്. ചുറ്റുപാടും ധാരാളം കച്ചവടക്കാർ. പൂജാദ്രവ്യങ്ങൾ മാത്രമല്ല, സുവനീറുകളും ആഭരണങ്ങളുമൊക്കെ വിൽക്കുന്ന ധാരാളം കടകൾ നിരനിരയായിക്കാണാം. അവിടെയൊക്കെ ഗ്രാമീണരുടെ തിരക്കുമുണ്ട്. 

 ക്ഷേത്രപരിസരത്തുള്ള ആല്മരങ്ങളിൽ പറ്റംപറ്റമായി വന്നു ചേക്കേറുന്ന നൂറുകണക്കിന്  തത്തകൾ ഒരു വിസ്മയംതന്നെ തീർത്തു. നന്നേ ഇരുട്ടുന്നതുവരെ അവരങ്ങനെ പറന്നുവന്നുകൊണ്ടിരുന്നു.  ഭക്തിഗാനങ്ങൾക്കുമീതെയുയർന്ന  അവരുടെ കലപിലശബ്ദത്തിൽ ക്ഷേത്രപരിസരമാകെ മുഖരിതമായിരുന്നു. ആ സന്ധ്യയിൽ,  ബിക്കാനീറിലെ ഈ ഗ്രാമത്തിൽ, ആകാശമാകെ കുങ്കുമച്ഛവി  പടർത്തി   അങ്ങുദൂരെയെങ്ങോ മറഞ്ഞുപോയ സൂര്യനും വിദ്യുത്ദീപപ്രഭയിൽ കുളിച്ചുനിന്ന കർണ്ണിമാതാ ക്ഷേത്രവും   എലികളും തത്തകളും ചേർന്നൊരുക്കിത്തന്ന വിസ്മയദൃശ്യങ്ങൾ   എങ്ങനെയാണു മറക്കാനാവുക! 



     

No comments:

Post a Comment