Monday, November 15, 2021

രാജസ്ഥാൻ 5

 ജയ്സൽമീർ - മണലാരണ്യത്തിലെ  സുവർണ്ണനഗരംघोड़ा कीजे काठ का,
पग कीजे पाषाण।।
बख्तर कीजे लोह का,
जद पहूॅचे जैसाण।।
( ഒരു    മരക്കുതിരയും - പുല്ലും വെള്ളവും ഒന്നും വേണ്ടാത്തത് , കല്ലിൽ തീർത്ത കാലുകളും ഇരുമ്പിൽ തീർത്ത ഉടലുമുണ്ടെങ്കിൽ   ജെയ്‌സല്മീറി ലെത്താം) എന്നൊരു രാജസ്ഥാനിചൊല്ലുണ്ട് . കാരണം ഇതൊരു മരുഭൂനഗരമെന്നതുതന്നെ. രാജസ്ഥാന്റെ പടിഞ്ഞാറേ അറ്റത്ത് പാകിസ്ഥാന്റെ അതിർത്തിയോടു ചേർന്നുകിടക്കുന്ന,   ഥാർമരുഭൂയിൽപ്പെട്ട  ഒരു പ്രദേശമാണിത്. നഗരമെന്നു  പറയാനാവില്ല. ഒരുലക്ഷത്തിൽത്താഴെമാത്രം ജനസംഖ്യയുള്ളൊരു ചെറുപട്ടണം മാത്രമാണ് ജയ്സൽമീർ. 12 )o നൂറ്റാണ്ടിലെ രാജാവായിരുന്ന  റാവൽ  ജയ്സാലിന്റെ  പേരിലാണ് ഇന്നിതെറിയപ്പെടുന്നത്.  എടുത്തുപറയത്തക്കതായ അനവധി സവിശേഷതകളുള്ളൊരു പട്ടണമാണിത്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നാണിത് സ്ഥിതി ചെയ്യുന്നത്.  ഥാർമരുഭൂമിയുടെ ഹൃദയഭാഗത്തായാണ് ഈ പട്ടണം . രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയും ഇന്ത്യയിലെ മൂന്നാമത്തെ വലിയ ജില്ലയുമാണ് ജയ്സൽമേർ. പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ ദൈർഘ്യം അതിർത്തി പങ്കിടുന്ന ജില്ലയും ഇതുതന്നെ. ഏഴോ എട്ടോ ശതാബ്ദങ്ങൾക്കപ്പുറം ഭാരതത്തെ അറേബ്യൻ നാടുമായും ഈജിപ്തുമായുമൊക്കെ വ്യാപാരവാണിജ്യബന്ധത്തിലേക്കു നയിച്ചിരുന്ന കരമാർഗ്ഗമുള്ള പാതയിലെ ഒരു പ്രധാനസങ്കേതമായിരുന്നു ജയ്സൽമേർ. ഡൽഹിയിലേക്കുപോകുന്ന വ്യാപാരസംഘങ്ങളിൽനിന്നു പിരിക്കുന്ന നികുതിയിലൂടെ  ഇന്നാട്  സ്വന്തം സാമ്പത്തികനില ഭദ്രമാക്കുന്നതോടൊപ്പം   വിവിധസംസ്കാരങ്ങളുടെ   ഒരു സമ്മേളനവേദി ആവുകയും ചെയ്തു. ഇവിടുത്തെ ഹവേലികളുടെയും മറ്റും നിർമ്മാണത്തിൽ വൈവിധ്യമാർന്ന വാസ്തുശില്പിരീതികളുടെ സമന്വയം നമുക്ക് കണ്ടെത്താനാവും. (ജയ്സൽമേർ കാഴ്ചകൾ 'ദയ' എന്ന സിനിമയിലൂടെ നമുക്ക് വളരെ പരിചിതങ്ങളാണ് )  മരുഭൂമി ആയതുകൊണ്ടു വർഷമേഘങ്ങളുടെ   കാരുണ്യകടാക്ഷം വർഷങ്ങളോളം ചിലപ്പോൾ ലഭിക്കാറുമില്ലിവിടെ. പക്ഷേ കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥിരമായി മഴമേഘങ്ങൾ കനിവുകാട്ടുന്നുണ്ട്.  വരണ്ടുണങ്ങിക്കിടക്കുന്ന മഞ്ഞനിറത്തിലെ മണൽഭൂമിയും മഞ്ഞനിറത്തിലെ മണൽക്കല്ലുകളിൽ മെനെഞ്ഞെടുത്തിരിക്കുന്ന സൗധങ്ങളും ചേർന്ന് ഈ പട്ടണത്തിനൊരു സ്വർണ്ണപ്പൊലിമ നൽകിയിട്ടുണ്ട്. സുവർണ്ണനഗരമെന്ന വിളിപ്പേരും അങ്ങനെ ലഭിച്ചതാണ്. (അപൂർവ്വമായി ലഭിക്കുന്ന  മഴയിൽകുളിച്ച്  ഈ നഗരം  ഈറനായി നിൽക്കുമ്പോൾ തെളിയുന്ന വെയിലിൽ ഈ മഞ്ഞക്കൽസൗധങ്ങൾ തങ്കം പോലെ വെട്ടിത്തിളങ്ങുമത്രേ!) ജലദൗര്ലഭ്യമുണ്ടെങ്കിലും ഹോട്ടലുകളും ഭക്ഷണശാലകളുമൊക്കെ നല്ല വൃത്തിയും ശുചിത്വവുമുള്ളവയാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്   . നല്ല നിലവാരമുള്ള റോഡുകളും നഗരത്തെ സുന്ദരമാക്കുന്നതിൽ നല്ല പങ്കുവഹിക്കുന്നു. എല്ലാറ്റിലുമുപരിയായി സത്യസന്ധതയും  വിനയവും മര്യാദയുമുള്ള അന്നാട്ടിലെ ജനങ്ങളും നമ്മുടെ ഹൃദയം കവരും. ഭാരതമൊട്ടാകെ സഞ്ചരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും രാജസ്ഥാനിൽ കണ്ടുമുട്ടിയ ജനങ്ങളെപ്പോലെ നല്ലവരായ ജനങ്ങൾ മറ്റെവിടെയുമില്ലായിരുന്നു എന്നതുമോർക്കുന്നു.


ബസ്സ് യാത്ര അവസാനിച്ചത് പട്ടണത്തിരക്കുകൾക്കു  നടുവിലെ ഗഡ്‌സീസർ എന്നൊരു കൃത്രിമതടാകത്തിനടുത്താണ്. ജയ്സൽ സിംഗ് നിർമ്മിച്ചതാണ് ഈ തടാകവും. പതിനാലാം നൂറ്റാണ്ടിൽ രാജാവായിരുന്ന ഗഡ്‌സീ സിംഗ് അത് പുനർനിർമ്മാണം നടത്തുകയുണ്ടായി.  മഴവെള്ളം ശേഖരിച്ചുണ്ടായ ജലസംഭരണിയായിരുന്നു ആദ്യകാലങ്ങളിൽ ഇത്. നാട്ടിലെ ഏക ജലസ്രോതസ്സും ഇതായിരുന്നത്രേ!(* ഇന്ദിരാഗാന്ധി കനാലിൽനിന്നു എല്ലാക്കാലത്തും തടാകത്തിൽ ജലമെത്തുന്നു).


 തടാകത്തിനുചുറ്റുമായി മഞ്ഞക്കല്ലിൽതീർത്ത  ധാരാളം ക്ഷേത്രങ്ങളും മാളികകളുമൊക്കെയുണ്ട്. ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനം അതിഗംഭീരമായ പടിപ്പുരയും (തിലോൻ കി പോളി ) അതിനോടുചേർന്നുള്ള   വിഷ്ണുക്ഷേത്രവുമാണ്. അതിനുപിന്നിൽ ഒരു കഥയുമുണ്ട്. പതിനാലാം നൂറ്റാണ്ടിൽ അവിടെയുണ്ടായിരുന്ന തിലോൻ എന്നു പേരായ  ഒരു വേശ്യാസ്ത്രീയായിരുന്നത്രേ  ആ പടിപ്പുരനിർമ്മാണത്തിനു ബീജാവാപം ചെയ്തത്. അന്നത്തെ റാവൽ പക്ഷേ ഒരു വേശ്യ നിർമ്മിക്കുന്ന പടിപ്പുര കടക്കാൻ വിസമ്മതിച്ചതുകൊണ്ടു അതിനനുമതി കൊടുത്തില്ല. എന്നാൽ  അവർ അത് നിർമ്മിക്കുകയും മുകളിൽ ഒരു ക്ഷത്രം പണിതുചേർക്കുകയും ചെയ്തു. അപ്പോൾ റാവലിനു  പടിപ്പുര നശിപ്പിക്കാൻ കഴിയാതെവന്നു.  അതിമനോഹരമായ ശില്പവൈഭവം എല്ലായിടത്തും കണ്ടറിയാം.  തടാകമദ്ധ്യേ സൗന്ദര്യത്തിനു പര്യായമായ, താഴികക്കുടമുള്ള   ഒരു കൽമണ്ഡപവും സ്ഥാപിതമായിട്ടുണ്ട്. വൈവിധ്യമാർന്ന   ദേശാടനപ്പക്ഷികളുടെ  വിഹാരരംഗവുമാണീ തടാകവും പരിസരവും.


തടാകത്തിലെ ബോട്ടുയാത്രയും  അസ്തമയദർശനവുമൊക്കെയാണ്  ഞങ്ങളുടെ ലക്ഷ്യം. ഇരുപതുവർഷം മുമ്പ് ഞാൻ കണ്ട ഗെഡിസർ തടാകത്തിൽനിന്ന് ഇന്നുകാണുന്ന തടാകത്തിനു ഏറെ വ്യത്യസ്തത വന്നതുപോലെ തോന്നി. അന്ന്  തടാകത്തിൽ വളരെക്കുറച്ചു വെള്ളം മാത്രം ഉണ്ടായിരുന്നെങ്കിൽ ഇന്ന് തടാകം നിറഞ്ഞുതുളുമ്പിക്കിടക്കുന്നു.  അന്ന് തടാകപരിസരം  വളരെ ശാന്തസുന്ദരമായിരുന്നു. ഇന്നാകട്ടെ നിറയെ ആൾത്തിരക്കും ബഹളവും. പരിസരമാകെ വൃത്തിഹീനമായിരിക്കുന്നു. ജലം അത്യപൂർവ്വമായ വസ്തുവായിരുന്നതുകൊണ്ടു പണ്ടുകാലങ്ങളിൽ  തടാകത്തിനു ഒരു ദൈവികപരിവേഷം ചാർത്തിക്കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ അങ്ങേയറ്റം ശ്രദ്ധയോടെ പരിപാലിക്കപ്പെടുകയും ചെയ്തിരുന്നു.    ഒരുകാലത്ത് ഈ നാടിൻറെമുഴുവൻ ദാഹമാറ്റിയിരുന്ന ഈ തണ്ണീർത്തടാകം ഇന്ന് മലിനജലംകൊണ്ടു നിറഞ്ഞിരിക്കുന്നു. അതിനെക്കുറിച്ചു പറഞ്ഞപ്പോൾ വൃദ്ധനായ തോണിക്കാരൻ വേദനകലർന്ന ചിരിയോടെ പറഞ്ഞു 'ഇപ്പോൾ ഈ വെള്ളം ആരും കുടിക്കില്ല.' ചരിത്രത്തോടുമാത്രമല്ല, ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ പ്രഫുല്ലമായ ഇന്നുകളോടുമുള്ള അധികൃതരുടെ കടുത്ത അവഗണനയായാണ് തടാകത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് എനിക്ക് തോന്നിയത്. 


ബോട്ട് യാത്രയ്ക്കുള്ള നീണ്ട ക്യൂവും രൂപപ്പെട്ടിരുന്നു. കുറേനേരം ഞങ്ങളും ക്യൂവിൽ നിന്ന ശേഷം  ബോട്ട് തരപ്പെട്ടു. സംഘത്തിലെ ആദ്യട്രിപ്പ് ആയിരുന്നു . ആറോ ഏഴോ പേർ കയറാവുന്ന ചെറിയ ബോട്ടുകളാണ് .  ഒരു തുഴക്കാരനും കൂടെയുണ്ടാകും. തടാകത്തിൽ കുറേസമയം ബോട്ടിൽ ചിലവഴിച്ച് അസ്തമയവും കണ്ടശേഷം മടങ്ങി തടാകത്തിനു പുറത്തുകടന്നു. ഇനി ബാക്കിയുള്ളവർകൂടി എത്തേണ്ടതുണ്ട് . ഞങ്ങൾക്ക് കുറച്ചു മരുന്നുകൾ അത്യാവശ്യമായി വാങ്ങേണ്ടിയിരുന്നു. ടൂർ മാനേജരോട് പറഞ്ഞശേഷം മരുന്നുകട തിരക്കി ഞങ്ങൾ പട്ടണത്തിലേക്കിറങ്ങി. ഒരുപാട്‌നടന്നശേഷമാണ് ഒരു മരുന്നുകട കാണാനായത്. അവിടെയാകട്ടെ അത് ലഭ്യവുമായിരുന്നില്ല. കടയുടമയുടെ നിർദ്ദേശപ്രകാരം പട്ടണത്തിന്റെ മറ്റൊരുഭാഗത്തേക്കു പോകേണ്ടിവന്നു. മൂന്നാമതൊരു കടയിൽക്കൂടിപ്പോയശേഷമാണു ഞങ്ങൾക്കുവേണ്ട മരുന്ന് ലഭിച്ചത്. എവിടെനോക്കിയാലും വൈൻഷോപ്പുകൾ കാണാനാവും ആ പട്ടണത്തിൽ. പക്ഷേ മെഡിക്കൽസ്റ്റോറുകൾ വളരെ ദുർലഭം. 


മരുന്നുമായി തിരികെയെത്തിയപ്പോൾ ബസ്സ് വഴിയോരത്ത്  കിടന്നിരുന്നു. എട്ടുമണിക്ക് ഒരു പാവകളി അവിടുത്തെ കൾച്ചറൽ സെന്ററിൽ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. എല്ലാവരും അവിടേക്കു പോയിരുന്നു. ഗൈഡ് ഞങ്ങളെയും കൾച്ചറൽ സെന്ററിന്റെ മുമ്പിലെത്തിച്ചു. അല്പം വൈകിയെങ്കിലും ഞങ്ങളും ബാക്കിസമയത്തെ പാവകളിക്കു സാക്ഷ്യംവഹിച്ചു. വലിയൊരു ഹാളും വലിയ സ്റ്റേജും ആണെന്നതൊഴിച്ചാൽ മണ്ടവയിലെ റിസോർട്ടിൽ കണ്ട പാവകളിയിൽനിന്നു അത്ര വ്യത്യസ്തതയൊന്നും ഉണ്ടായിരുന്നില്ല. അന്നാട്ടുകാരനായ ഒരദ്ധ്യാപകൻ അന്യംനിന്നുപോകുന്ന  നാടോടിക്കലകളെ പുനരുദ്ധരിക്കാനായി തുടങ്ങിയതാണ് ആ കൾച്ചറൽ സെന്റർ. വിനോദസഞ്ചാരികൾക്ക് അത് പ്രയോജനപ്പെടുത്തുകവഴി ഒരുപരിധിവരെ സാമ്പത്തികനേട്ടം കൈവരിക്കാനുമാകുന്നു. അത് തീർച്ചയായും ആ കലാകാരന്മാർക്ക് സഹായകവുമാണ്. അവിടെത്തന്നെ  ഇത്തരം  കലാരൂപങ്ങളുമായി ബന്ധപ്പെട്ട ചെറിയൊരു   മ്യൂസിയവും കൗതുകവസ്തുക്കളുടെ വില്പനകേന്ദ്രവുമുണ്ട് . ചെറിയൊരു വരുമാനം അങ്ങനെയും ലഭിക്കുന്നു. വളരെ നല്ലൊരു സംരഭമായിത്തോന്നി എനിക്കത്. 


മരുന്നുകടയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ പരക്കംപാച്ചിലിനിടയിൽ ശ്രദ്ധയിൽപ്പെട്ട ഒരുകാര്യം പറയാതിരിക്കാനാവുന്നില്ല. ആകാശത്തു പലദിക്കിലേക്കും പറ്റങ്ങളായി പറന്നുപോകുന്ന വിവിധയിനം പക്ഷികൾ. തത്തകളാണ് കൂടുതലും. കുരുവികളും കൊക്കുകളും പേരറിയാത്ത വേറെന്തൊക്കെയോ പക്ഷികളുമുണ്ട്. ഈ മരുഭൂമിയിൽ എവിടെനിന്നാണ് ഇത്രയധികം പക്ഷികളെത്തുന്നതെന്നു വിസ്മയിച്ചുപോയി. ഹരിതസുന്ദരമായ  നമ്മുടെനാട്ടിലാകട്ടെ  പക്ഷികളെ കാണാനേയില്ല. 


വിദ്യുത്ദീപങ്ങൾ വെളിച്ചം കാട്ടു പട്ടണവീഥികളിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു.  ഹോട്ടലിന്റെ രാത്രിദൃശ്യം സ്വർഗ്ഗീയസുന്ദരമായൊരു അനുഭൂതിവശേഷം പകർന്നുതന്നു.   മുറിയിലെത്തി കുളികഴിഞ്ഞ് മറ്റുള്ളവരോടൊപ്പം   അത്താഴംകഴിച്ച് ആ ദിനം അവസാനിപ്പിച്ചു.

*ഇന്ദിരാഗാന്ധി കനാൽ - ഭാരതത്തിലെ ഏറ്റവും നീളംകൂടിയ കനാലാണിത്. ഥാർമരുഭൂമിയിലെ ജലസേചനം ലക്ഷ്യമാക്കി നിർമ്മിക്കപ്പെട്ട കനൽ 1971 ലാണ് പണി പൂർത്തിയായത്. 650 കിലോമീറ്ററാണ് അകെ നീളം. പഞ്ചാബിലെ സത്‌ലജ്-ബിയാസ് നദികളുടെ സംഗമസ്ഥലത്തിനു സമീപത്തുനിന്ന് ആരംഭിച്ച് രാജസ്ഥാനിലെ ജയ്സാൽമീറിൽ എത്തുന്ന കനാലിനു ആദ്യം നൽകിയ പേര് രാജസ്ഥാൻ കനാൽ എന്നായിരുന്നു. ഇന്ദിരാഗാന്ധിയുടെ വിയോഗത്തിനുശേഷമാണ് ഇന്ദിരാഗാന്ധി കനാൽ എന്ന് പുനർനാമകരണം ചെയ്തത്. 1951 ആരംഭിച്ച കനാൽ നിർമ്മാണം പലവിധകാരണങ്ങളാൽ തീരെ പുരോഗതിയില്ലാതെ, പല അഴിമതിയാരോപണങ്ങളിലുംപെട്ടുകിടക്കുകയായിരുന്നു. 1965ലെയും 1971ലെയും യുദ്ധങ്ങളിൽ ഇന്ത്യൻ ടാങ്ക്‌വ്യൂഹങ്ങൾ പാക്ക് പഞ്ചാബിലേക്കു ദ്രുതഗതിയിൽ ആക്രമിച്ചുകയറുന്നതു ശ്രദ്ധിച്ച ഇന്ദിരാഗാന്ധി മറ്റൊന്നുകൂടി ശ്രദ്ധിച്ചു. നിറയെ നദികളും ഉപനദികളുമുള്ള പഞ്ചാബിലേക്ക് പാക്ക് ടാങ്കുകൾക്കു അനായാസം കടക്കാനാവില്ലെങ്കിലും നദികളില്ലാത്ത രാജസ്ഥാനിലേക്കു വേഗം കടക്കാനാവും. അത് തടയാൻ ഈ കനാൽ ശൃംഖലയ്ക്കു കഴിയുമെന്ന് മനസ്സിലാക്കി രാജ്യസുരക്ഷകൂടി കണക്കിലെടുത്ത് കനാൽനിർമ്മാണം വേഗത്തിൽ നടപ്പിലാക്കുകയായിരുന്നു.     

No comments:

Post a Comment