Thursday, November 18, 2021

രാജസ്ഥാൻ - 6

സോനാ കിലാ (Golden Fort )

========================

 


മരുഭൂമിയിലെ സൂര്യോദയം അതിമനോഹരമാണ്. അതുകാണാൻ വളരെമുമ്പേതന്നെ ഉറക്കമുണർന്നു പ്രഭാതകൃത്യങ്ങളൊക്കെ നടത്തി ഒരുങ്ങിയിറങ്ങി. കുറേസമയം കാത്തുനിൽക്കേണ്ടിവന്നു സൂര്യഭഗവാന്റെ വരവുകാണാൻ. പിന്നെ പ്രഭാതഭക്ഷണം കഴിച്ച് ബസ്സിലേക്ക് നടന്നു.  ജയ്‌സല്‍മേര്‍ കോട്ട, ബടാ ബാഗ്, പത്വന്‍ കി ഹവേലി, സാം സാന്‍ഡ് ഡ്യൂണ്‍സ്, ഥാര്‍ ഹെറിറ്റേജ് മ്യൂസിയം, ഗഡിസ്‌കര്‍ തടാകം, സില്‍ക്ക് റൂട്ട് ആര്‍ട്ട് ഗാലറി, ഡെസെര്‍ട്ട് നാഷണല്‍ പാര്‍ക്ക്, നിരവധി കൊട്ടാരങ്ങൾ, മാളികകൾ  ഇങ്ങനെ ഒട്ടനവധി ദൃശ്യാനുഭൂതികൾ  നമ്മെക്കാത്തിരിക്കുന്നു. രാവിലത്തെ കാഴ്ചകൾക്കുശേഷം വീണ്ടും ഹോട്ടലിലെത്തി, ഉച്ചഭക്ഷണം ഇവിടെനിന്നു  കഴിച്ചശേഷമേ ഹോട്ടലിനോട് യാത്ര പറയുന്നുള്ളു. 


 ജയ്സൽമേറിലെ ഓരോ കാഴ്ചകളും അനുഭവങ്ങളും നമ്മെ വിസ്മയഭരിതരാക്കും.    അതിസൂക്ഷ്മങ്ങളായ കൊത്തുപണികളാൽ  സമ്പന്നമായ, സ്വർണ്ണംപോലെ വെട്ടിത്തിളങ്ങുന്ന , മഞ്ഞമണൽക്കൽനിർമ്മിതികൾ ഇന്നാട്ടുകാരുടെ  സൗന്ദര്യബോധത്തിന്റെയും ശില്പചാതുരിയുടെയും മാത്രമല്ല, ക്ഷമയുടെയും സഹനത്തിന്റെയുംകൂടി നിതാന്തനിദർശനങ്ങളാണ്. പ്രകൃതി കഠിനവും വിരസവുമാണെങ്കിലും അതിനെ അതിജീവിക്കാനെന്നവണ്ണം കാലദേവതയുടെ അനുഗ്രഹം അവർക്കു വേണ്ടുവോളം ലഭിച്ചിരിക്കുന്നു.  സംഗീതവും നൃത്തവും ചിത്രകലയും ശില്പകലയുമൊക്കെ ഇന്നാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു.


 




 




 






ആദ്യം പോയത് കോട്ടയിലേക്കാണ് പട്ടണത്തിന്റെ  ഹൃദയഭാഗത്തായാണ് ത്രികൂടക്കുന്നിന്മുകളിലെ   സോനാ കിലാ (Golden Fort ) എന്നറിയപ്പെടുന്ന  ജയ്‌സല്‍മേര്‍കോട്ട. പന്ത്രണ്ടാം നൂറ്റാണ്ടിൽ  ഭാട്ടിരജപുത്രരാജാവായിരുന്ന  ജയ്സൽസിങ്   പണികഴിപ്പിച്ച ഈ കോട്ട , ലോകത്തിലെതന്നെ അപൂർവ്വം ജനവാസമുള്ള ചരിത്രസ്മാരകങ്ങളിൽ  ഒന്നാണ്. 250 അടി ഉയരമുള്ള കോട്ടയ്ക്ക് 1500 അടി നീളവും 750 അടി വീതിയുമുണ്ട് . നാലായിരത്തിലധികം ജനങ്ങൾ ഈ കോട്ടയിൽ സർവ്വസ്വതന്ത്രമായി വസിക്കുന്നു.  അതുകൊണ്ടുതന്നെ 'ജീവനുള്ള കോട്ട ' (Living Fort ) എന്നാണ് ഈ കോട്ട അറിയപ്പെടുന്നത്. ബ്രാഹ്മണരും ക്ഷത്രിയരുമാണ് ഇവിടെ താമസിക്കുന്നത്.  പരമ്പരാഗതമായി അവർക്കു കൈവന്ന അവകാശമാണത്.  ടൂറിസവും അതിനോടനുബന്ധമായ പ്രവർത്തനങ്ങളുമാണ് ഇവരുടെ ജീവിതമാർഗ്ഗം. അതികൊണ്ടുതന്നെ വിനോദസഞ്ചാരികൾ എത്താത്ത നാളുകൾ ഇവരുടെ ദുരിതകാലവുമാണ്.  





എട്ടു നൂറ്റാണ്ടുകളിലൂടെ വിവിധഭാരണാധികാരികളുടെ കൂട്ടിച്ചേർക്കലുകൾക്കുശേഷമാണ് ഇന്ന് നമ്മൾകാണുന്ന കോട്ട രൂപപ്പെട്ടത്.  യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയിട്ടുമുണ്ട് ഈ കോട്ട. കോട്ടയെന്നതിനപ്പുറം കല്ലിൽകൊത്തിയ അതിമനോഹരമായൊരു കവിതയെന്നിതിനെ വിളിക്കാം.   മൂന്നു നിരകളിലായി വിന്യസിച്ചിരിക്കുന്നരീതിയിലാണ് കോട്ടയുടെ നിർമ്മാണരീതി.   കല്ലുകളും ചരലുകളും കളിമണ്ണും  കൊണ്ടാണ് ഏറ്റവും പുറമെയുള്ള നിര നിർമ്മിച്ചിരിക്കുന്നത്. രണ്ടാമത്തെ നിര ചുറ്റുമതിൽപോലെയാണ്  .  മൂന്നാമത്തെ നിരയിലെ ഉയരത്തിലുള്ള  കൊത്തളത്തിൽ നിന്നാണ് യുദ്ധകാലത്ത് ഭടന്മാർ തിളപ്പിച്ച  വെള്ളവും എണ്ണയും ശത്രുവിനുനേരേ പ്രയോഗിച്ചിരുന്നത്. ഭീമാകാരങ്ങളായ പീരങ്കികളും മറ്റും  ഇന്നും നമുക്കവിടെ കാണാനാവും. കോട്ടയിൽ പ്രവേശിക്കുന്നതിന് ഫീസൊന്നുമില്ല. പക്ഷേ അകത്തെ  മ്യൂസിയം കാണാൻ ടിക്കറ്റ് എടുക്കണം. കൊട്ടാരക്കെട്ടുകളുടെ അതിമനോഹരമായ  അകത്തളങ്ങളും പ്രതാപശാലികളായ രാജാക്കന്മാരും അവരുടെ കുടുംബങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കളും പടക്കോപ്പുകളും ആരാധനാലയങ്ങളുമൊക്കെ മ്യൂസിയത്തിൽ നമുക്കുകാണാം. ഇടുങ്ങിയ പാതകൾ ദുർഗ്രഹമായതുകൊണ്ടു  ഒരു ഗൈഡിന്റെ സഹായമില്ലാതെ കോട്ട സന്ദർശിച്ചുവരാൻ പ്രയാസമാണ്. ജനവാസമുള്ളയിടങ്ങളിൽ സഞ്ചാരികൾക്കു പ്രവേശനമുണ്ടാകില്ല. കോട്ടയ്ക്കുള്ളിൽ സമാനമായ ധാരാളം  പാതകളുള്ളതുകൊണ്ടു വഴിതെറ്റാനും സാധ്യതയുണ്ട്.


  മുപ്പതടി    ഉയരമുള്ള   കോട്ടമതിലിന്  ആഖേ  പോല്‍, ഹവാ പോല്‍, സൂരജ് പോല്‍, ഗണേഷ് പോല്‍ എന്നിങ്ങനെ നാലു പ്രധാന  പടിപ്പുരവാതിലുകളും കോട്ടമതിലിനു ചുറ്റുമായി വൃത്താകാരത്തിൽ പുറത്തേക്കു തള്ളിനിൽക്കുന്നവിധത്തിൽ നിർമ്മിച്ചിരിക്കുന്ന  99 നിരീക്ഷണസ്ഥലങ്ങളുമുണ്ട്. ആദ്യത്തെ പടിവാതിലായ ആഖേ പോൽ ആണത്രേ സൂര്യവെളിച്ചം ആദ്യം പതിക്കുന്നിടം , അത്  കടന്നാൽ വലിയൊരു മുറ്റമാണ്. ചുറ്റും കച്ചവടകേന്ദ്രങ്ങൾ സജീവമാണ്. വർണ്ണപ്പൊലിമയുള്ള പാരമ്പര്യവേഷങ്ങളിഞ്ഞ്, ശരീരം മുഴുവൻ ആഭരണങ്ങളിഞ്ഞു,  ശിരോവസ്ത്രംകൊണ്ടു  മുഖം പാതിമറച്ച്,  രാജപുത്രസ്‌ത്രീകളും പെൺകിടാങ്ങളും ആഭരണങ്ങൾ വിൽക്കുന്നു.    ആടയാഭരണങ്ങളും ഒട്ടകത്തോലിൽ നിർമ്മിച്ചിരിക്കുന്ന ബാഗുകളും മറ്റു  കൗതുകവസ്തുക്കളും കട്പുതലിക്കായുള്ള മരപ്പാവകളും കടുംനിറത്തിലുള്ള രാജസ്ഥാനിത്തലപ്പാവുകളും  പുരാവസ്തുക്കളുമൊക്കെ അവിടെ സുലഭം. അവിടെനിന്നാൽ വ്യക്തമാകാത്തരീതിയിലാണ് രണ്ടാമത്തെ വാതിലായ സൂരജ് പോൽ. ശത്രുക്കളെ കുഴപ്പിക്കുന്നതിനായാണ് അങ്ങനെ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. 


 സൂര്യബിംബംകൊത്തിവച്ച, കിഴക്കഭിമുഖമായി നിൽക്കുന്ന കവാടമാണ് സൂരജ് പോൽ ,അതുകടന്നു  അല്പം മുകളിലേക്ക് നടന്നാൽ ഗണേശ് പോൽ എന്ന മൂന്നാമത്തെ കവാടം. അതുകഴിഞ്ഞാൽ ഹവാ പോൽ. ഉള്ളിലേക്ക് കടക്കുംതോറും കോട്ടവാതിലുകളുടെ വിസ്താരം കുറയുന്നതുകാണാം. എങ്കിലും ആനയ്ക്ക് അനായാസം കടക്കാനുള്ള വലുപ്പത്തിലാണ് എല്ലാം നിർമ്മിച്ചിരിക്കുന്നത്. വലിയ മണൽക്കല്ലുകൾ കൃത്യമായ വലുപ്പത്തിലും ആകൃതിയിലും മുറിച്ചെടുത്ത് പരസ്പരം പൂട്ടുന്നരീതിയിലാണ് നിർമ്മാണം. കാരണം ജലദൗർലഭ്യമുള്ള സ്ഥലമായതുകൊണ്ടു നിർമ്മാണത്തിന് ചാന്തുകുഴയ്ക്കാനുംമറ്റും  ജലം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. പകരം ഒരുകല്ലിൽ ദ്വാരവും മറ്റൊന്നിൽ അത്രയുംഭാഗം  പുറത്തേക്കു തള്ളിനിൽക്കുന്നതുപോലെയും  മുറിച്ചെടുത്ത് അവയെ ലോക്ക് ചെയ്യുകയായിരുന്നു. അതാകട്ടെ ഒരു തലനാരിഴ കടന്നുപോകാത്തത്ര ചേർത്തുവച്ചിരിക്കുന്നു .  അതുകൊണ്ടു ഈ കൽഭിത്തികളെ വേഗം തകർക്കാനും സാധിക്കുമായിരുന്നില്ല. 





ഹവാപോൾ കടന്നെത്തുന്നത് 'ദസറ ചൗക്ക്' എന്ന നടുമുറ്റത്തേക്കാണ്. ഇവിടെയാണ് കോട്ടയിലെ മ്യൂസിയം.  അത് സന്ദർശിക്കാൻ ടിക്കറ്റ്  എടുക്കേണ്ടതുണ്ട്‌. ടൂർ ഗ്രൂപ്പ് ആയതുകൊണ്ട് ഞങ്ങളുടെ ടിക്കറ്റും ഗൈഡും ഒക്കെ ടൂർ മാനേജർമാർ മുൻകൂട്ടി തരപ്പെടുത്തിയിരുന്നു.  നടുമുറ്റതിനുചുറ്റുമുള്ള പ്രൗഢഗംഭീരമായ  കൊട്ടാരക്കെട്ടുകൾ ശില്പഭംഗിയുടെ മകുടോദാഹരണങ്ങളാണ്. ജനാലകളോടുചേർന്നു  ചുവരുകളിൽനിന്ന് മുമ്പോട്ടുതള്ളിനിൽക്കുന്ന 'ഝരോഘ'  എന്നറിയപ്പടുന്ന, ശില്പവേലകളാൽ  മനോഹരമായ  മട്ടുപ്പാവുകൾ ഇവിടെയുള്ള ബഹുനിലമന്ദിരങ്ങളുടെ സവിശേഷതയാണ്. രജപുത്ര, മുഗൾ വാസ്തുശൈലികളിൽ 'ഝരോഘ' വളരെ പ്രധാനമാണ് .   രാജാവിന്റെ വാസസ്ഥലം തുറന്ന സൂക്ഷ്മമായ കൊത്തുപണികളുള്ള  മട്ടുപ്പാവുകളും ഝരോഘകളും ഉള്ളതാണ്. തൊട്ടപ്പുറത്തെ സ്ത്രീകളുടെ അന്തപുരഭാഗം സുഷിരങ്ങൾ  മാത്രമുള്ള ജാലകങ്ങൾ ഉള്ളതാണ്.  അവർക്കു  ജനാലകളിലെ ചെറുദ്വാരങ്ങളിലൂടെ പുറംകാഴ്ച  കാണാൻ കഴിയുമായിരുന്നെങ്കിലും അവരെ ആർക്കും കാണാൻ കഴിയുമായിരുന്നില്ല. ഇത്തരം 'ജാലി'കളും രജപുത്രവസ്തുനിർമ്മാണശൈലിയുടെ പ്രത്യേകതയാണ്. നടുമുറ്റത്തിന്റെ   ഒരുവശത്ത് പടിക്കെട്ടുകൾക്കു മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിംഹാസനത്തിലിരുന്നായിരുന്നു രാജാവ് പ്രജകളുടെ പരാതികൾ കേട്ടിരുന്നത്. മനോഹരമായ ഒരു ചാമുണ്ഡിക്ഷേത്രവും ചേർന്നുതന്നെയുണ്ട്. 


  

അവിടെനിന്നുള്ള റാമ്പ് കയറി ഏറ്റവും മുകളിലത്തെ കൊത്തളത്തിലെത്തിയാൽ ചില യുദ്ധസന്നാഹങ്ങളുടെ അവശേഷിപ്പുകൾ കാണാം.  കോട്ടയ്ക്ക് ചുറ്റുമായാണ് നഗരം രൂപംകൊണ്ടിരിക്കുന്നതെന്നതിനാൽ  ജയ്സാൽമീറിന്റെ വിശാലമായ ദൃശ്യവും ലഭിക്കും. 99 സിറ്റാഡലുകളും ഏഴു ജൈനക്ഷേത്രങ്ങളും  ധാരാളം ഹവേലികളുമൊക്കെ ഈ കോട്ടയിൽ ഉൾപ്പെട്ടതാണ്. ഹവേലികൾ എല്ലാംതന്നെ ഇന്ന് ഹോട്ടലുകളായി പ്രവർത്തിക്കുന്നു. ജൈനക്ഷേത്രങ്ങളിലെ കൊത്തുപണികളും ശില്പവേലകളുമൊക്കെ കാണേണ്ടതുതന്നെ! ഇടുങ്ങിയ ഇടവഴികളുടെ ഇരുവശവും കച്ചവടക്കാരുടെ ബാഹുല്യമാണെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന തെരുവുകളാണ്. 



ജനവാസമുള്ളതുകൊണ്ട്  മനോഹരമായ കൊട്ടാരങ്ങളും , ക്ഷേത്രങ്ങളും , ബഹുനിലഹവേലി(ധനികവ്യാപാരികളുടെ  സ്വകാര്യവസതി)കളും , വ്യാപാരസ്ഥാപനങ്ങളും ഇന്നും കോട്ടയിൽ സജീവമായി നിലകൊള്ളുന്നു. വിനോദസഞ്ചാരികളുടെ ബാഹുല്യത്തിനു  പുറമെ   അവിടെയുള്ള താമസക്കാരുടെയും കച്ചവടക്കാരുടെയും തിരക്കുമുണ്ട്.  ധാരാളം  പശുക്കളും . നടവഴികളിൽ ഓട്ടോറിക്ഷകളും ബൈക്കുകളും ധാരാളമായുള്ളതുകൊണ്ടു സഞ്ചാരികളുടെ സ്വൈര്യവിഹാരത്തിനു നന്നേ തടസ്സമാകുന്നുമുണ്ട്.   ക്ഷേത്രങ്ങളുടെ സമീപത്തു  സഞ്ചാരികൾക്കു മൈലാഞ്ചിയിട്ടുകൊടുക്കാനും ധാരാളംപേരുണ്ട്. രാജസ്ഥാനിലെ മൈലാഞ്ചി പ്രസിദ്ധമാണ്.അതണിയിക്കുന്ന കരവിരുതും പ്രകീർത്തിക്കപ്പെടേണ്ടതുതന്നെ. ആവശ്യവസ്തുക്കൾകൂടാതെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കൗതുകവസ്തുക്കൾ വിൽക്കാൻ രാജസ്ഥാൻപാരമ്പര്യവേഷവും ശരീരംനിറയെ ആഭരണങ്ങളുമണിഞ്ഞ സ്ത്രീകളും പെൺകുട്ടികളും വഴിയോരത്തു നിരനിരയായി ഇരിക്കുന്നുണ്ട്. ചിലയിടത്തെങ്കിലും രാവൺഹട്ട എന്നുപേരുള്ള സംഗീതോപകരണം മീട്ടി ഗാനങ്ങളാലപിക്കുന്ന കുടുംബങ്ങളെയും കാണാം. അവരുടെ സംഗീതം സുഖകരമായ  ഒരു നേർത്ത തെന്നൽപോലെ നമ്മെ തഴുകിത്തലോടി ഒപ്പംചേരും. നർത്തകിമാരും കുറവല്ല. അവരുടെ നൂപുരധ്വനിക്കൊപ്പം  വേണമെങ്കിൽ നമുക്കും നൃത്തം ചെയ്യാം.   ചിലർ തബല പോലെ ഒരുപകരണവുമായി ഇരിക്കുന്നുണ്ടാവും. പണം കൊടുത്താൽ പത്തുസെക്കൻഡ്നേരത്തേക്ക് ഒന്ന് കൊട്ടും. ഉദരനിമിത്തം ബഹുകൃതവേഷം! 


ചരിത്രസംഭവങ്ങളുടെ അക്ഷയഖനിയാണീ കോട്ട. ഗൈഡുകൾ കഥകൾ ഒന്നൊന്നായി നമുക്ക് വിവരിച്ചുതരും. നിരവധി യുദ്ധങ്ങളെ നേരിടേണ്ടിവന്ന കോട്ട ചിലപ്പോഴെങ്കിലും പരാജയമേറ്റുവാങ്ങിയിട്ടുമുണ്ട്.  അതുകൊണ്ടു മുഗളർ മുതൽ ബ്രിട്ടീഷുകാർ വരെ  വിവധശക്തികളുടെ അധീനതയിലായിരുന്നിട്ടുണ്ട്  ഈ കോട്ട.  സംഗരങ്ങളിൽ പരാജയപ്പെടുന്ന  അവസരങ്ങളിൽ അവിടുത്തെ സ്ത്രീകൾ ശത്രുകരങ്ങളിലെത്തപ്പെടാതിരിക്കാൻ അഗ്നികുണ്ഡമൊരുക്കി കൂട്ടമായി  ആത്മാഹുതി ചെയ്തിരുന്നത്രെ! ജൗഹർ  എന്നാണ് ഇതറിയപ്പെട്ടിരുന്നത്.  പതിമൂന്നാംനൂറ്റാണ്ടിന്റെ അവസാനത്തിൽ  അലാവുദ്ദിൻ ഖൽജിയുമായുള്ള, ഒൻപതുവർഷത്തോളം നീണ്ടുനിന്ന  യുദ്ധത്തിൽ     രജപുത്രസ്‌ത്രീകൾ  ജൗഹർ അനുഷ്ഠിക്കുകയും പുരുഷന്മാർ യുദ്ധഭൂമിയിൽ വീരമൃത്യു വരിക്കുകയും ചെയ്തു.  ശൂന്യമായ  കോട്ട ആൾതാമസമില്ലാത്ത കുറേക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായി. വീണ്ടും ഭാട്ടിബ്രാഹ്മണർ കോട്ടയിൽ കുടിയേറിപ്പാർക്കുകയായിരുന്നു.   പതിനാറാം നൂറ്റാണ്ടിൽ അഫ്ഗാനിലെ  അമീർ അലിയുമായുണ്ടായ യുദ്ധത്തിൽ  സ്ത്രീകൾക്കു ജൗഹർനു സാവകാശം കിട്ടാതിരുന്നതുകൊണ്ടു രാജാവുതന്നെ അവരെയെല്ലാം  കൊന്നൊടുക്കി. പക്ഷേ  ആ  യുദ്ധത്തിൽ രാജപുത്രരാജാവ് വിജയിക്കുകയും ചെയ്തു. 1541 ഹുമയൂൺ അജ്‌മീർ ആക്രമണത്തിനുള്ള യാത്രാമദ്ധ്യേ  ജെയ്‌സമീറിനെ ആക്രമിക്കുകയും പിന്നീട് റാവലുമായി സൗഹൃദത്തിലാവുകയും ചെയ്തത്രേ! തങ്ങളുടെ മക്കൾ പരസ്പരം വിവാഹിതരാകണമെന്നും അവർ തീരുമാനിച്ചുവെച്ചിരുന്നു. വർഷങ്ങൾക്കുശേഷം അക്ബർ ജയ്സാൽമീർരാജകുമാരിയെ വിവാഹം ചെയ്യുകയുമുണ്ടായി എന്ന് ചരിത്രഗാഥ. ജഹാംഗീറും ഇവിടുത്തെ ഒരു രാജകുമാരിയെ വിവാഹം ചെയ്തിരുന്നു. 



വിശപ്പുമാറാനുള്ള ആഹാരമോ ദാഹമാറ്റാനുള്ള ശുദ്ധജലമോ ലഭിക്കാതെയുംകൂടി  എത്രയോ കലാകാരൻമാർ എത്രയോ വർഷങ്ങൾ കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഇന്ന് നമ്മൾ ഒന്ന് ശ്വാസമെടുക്കാൻ മറന്നു നോക്കിനിന്നുപോകുന്ന ഈ കലാസൃഷ്ടി! പ്രൗഢതയർന്ന ഇവിടുത്തെ വാസസ്ഥലങ്ങൾ കാണുമ്പൊൾ ഈ മരുഭൂമിയിൽ നുറ്റാണ്ടുകൾക്കുമുമ്പുപോലും  ഇവർ എത്ര സമ്പന്നമായ ജീവിതമാണ് നയിച്ചിരുന്നതെന്നു അതിശയിച്ചുപോയി. ജീവിതത്തിന്റെ ഈ രണ്ടുമുഖങ്ങൾ - അങ്ങേയറ്റം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഒരു മുഖം. സർവ്വൈശ്വര്യങ്ങളുടെയും സുഖസമൃദ്ധമായ  ആഡംബരജീവിതത്തിന്റെ മറ്റൊരു മുഖം! എത്ര വിചിത്രമാണല്ലേ മാനവചരിത്രത്തിന്റെ പിന്നിട്ട വഴികൾ ? ചരിത്രത്തിൽ മാത്രമല്ല, വർത്തമാനകാലജീവിതത്തിലും നമുക്കീ അന്തരം വായിച്ചെടുക്കാം.  

 
കാഴ്ചകൾ  കണ്ടുകണ്ട്‌  സമയംപോകുന്നതറിയില്ല.  കോട്ടമുകളിൽനിന്നുള്ള പട്ടണക്കാഴ്ചയും ജൈനക്ഷേത്രത്തിന്റെ മാസ്മരികഭംഗിയും  കണ്ണുകളിലാവാഹിച്ച്   മതിവരാതെ അവിടെനിന്നിറങ്ങി.  ഇടുങ്ങിയ ഇടവഴിയുടെ  ഇരുവശവും കച്ചവടക്കാരുടെ ബാഹുല്യമാണെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന തെരുവുകളാണ്. ഇനി പോകുന്നത്  'പത്വന്‍ കി ഹവേലി' എന്നറിയപ്പെടുന്ന രമിഹർമ്മ്യസമുച്ചയത്തിലേക്കാണ് 




No comments:

Post a Comment