Monday, November 15, 2021

രാജസ്ഥാൻ 4

 രാജസ്ഥാനിൽ ഒരുരാത്രികൂടി ഉറങ്ങിയുണർന്നു. എട്ടുമണിക്കുതന്നെ ഹോട്ടൽ സാഗറിനോട് ഞങ്ങൾ വിടചൊല്ലി. ഇനി ഒരു നീണ്ട യാത്രയാണ് - സുവർണ്ണനഗരം എന്നറിയപ്പെടുന്ന ജയ്സാൽമീറിലേക്ക്. 330 കിലോമീറ്ററിലധികം യാത്രയുണ്ട്   ജയ്സാൽമീറിൽ എത്തിച്ചേരാൻ. കുറഞ്ഞത് ആറുമണിക്കൂറെങ്കിലുമെടുക്കും. പാതയാണെകിൽ വിരസമായ മരുഭൂമിയിൽക്കൂടിയും.   ഓർത്തപ്പോൾ ചെറിയൊരു മടുപ്പുതോന്നാതിരുന്നില്ല. പക്ഷേ എല്ലാ മുൻവിധികളെയും മാറ്റിമറിച്ച് ഏറെ ആസ്വാദ്യപ്രദമായൊരു ഉല്ലാസയാത്രയായിരുന്നു അത്. അതിമനോഹരമായ റോഡുകൾ. ബസ്സിലാണ് യാത്രയെന്നുപോലും തോന്നിപ്പിക്കാത്ത രീതിയിൽ അതിവേഗത്തിൽ ഒഴുകിപ്പോകുന്നതുപോലെ ഓടിക്കൊണ്ടിരുന്നു ബസ്സ്.     ഇരുവശത്തും വൈവിധ്യമാർന്ന കാഴ്ചകൾ. തൂക്കണാംകുരുവിക്കൂടുകൾ തൂങ്ങിക്കിടക്കുന്ന മരങ്ങൾ കാണാൻ എന്തുരസമാണ്!  ഇടയ്ക്കിടെ കാണുന്ന തൊങ്ങൽചാർത്തിയ  ഒട്ടകവണ്ടികളും  ഒരു കൗതുകദൃശ്യമാണ്. എപ്പോഴോ ഒറ്റക്കഴുത  വലിച്ചുകൊണ്ടുപോകുന്ന  ഒരു കഴുതവണ്ടിയും കണ്ടിരുന്നു.  ഒരിടത്തും ഹോണടിശബ്ദം കാതുകളെ മുറിപ്പെടുത്തുന്നില്ല. ഇടയ്ക്കൊക്കെ പശുക്കളോ ആടുകളോ റോഡ് മുറിച്ചുകടക്കുന്നുണ്ടാകും. അപ്പോഴും അവരെ ഹോണടിച്ചുഭയപ്പെടുത്താതെ വാഹനങ്ങൾ  നിർത്തി ക്ഷമയോടെ കാത്തുകിടക്കും. മൃഗങ്ങൾ കടന്നുപോയശേഷം മാത്രമേ വാഹനം യാത്ര തുടരൂ. തിരക്കുള്ള പട്ടണപ്രദേശത്തുപോലും   എവിടെയും  സിഗ്നൽ  കാത്തുകിടക്കേണ്ടതില്ല. ആവശ്യമുള്ളിടത്തൊക്കെ ഫ്ലൈഓവറുകളും ട്രാഫിക് സർക്കിളുകളും സർവീസ് റോഡുകളും ഉള്ളത് അനായാസയാത്രയ്ക്ക്  ഏറെ ഗുണപ്രദമാകുന്നു.  
റോഡിനിരുവശവും മരുഭൂമിയുടെ പരുക്കൻ പ്രകൃതിയെ കാണാനാവുന്നുണ്ടെങ്കിലും ധാരാളമായി പച്ചപ്പും കാണാൻ കഴിഞ്ഞു. കാരണം  കഴിഞ്ഞ അഞ്ചുവർഷമായി രാജസ്ഥാനിൽ ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്നുണ്ടത്രേ! അതിനാൽ  കൃഷിയും നന്നായി നടത്താൻ കഴിയുന്നു. രാജസ്ഥാൻ ജനതയ്ക്ക് കഠിനാദ്ധ്വാനത്തിനു മടിയുമില്ല.
 രണ്ടുമണിക്കൂർ യാത്രകഴിഞ്ഞപ്പോൾ ബാബ് എന്നൊരു   ഗ്രാമത്തിൽ ബസ്സ് നിർത്തി. സാരഥികൾക്കും യാത്രികർക്കും അല്പം വിശ്രമം ആവശ്യമാണ്. ഉന്മേഷം വീണ്ടെടുക്കാനായി ലഘുഭക്ഷണപാനീയങ്ങൾ കഴിക്കുകയുമാവാം.


അധികം താമസിക്കാതെ യാത്രതുടർന്നു. വളരെ പ്രശസ്തമായൊരു പട്ടണത്തിലാണ് ഇനി ഉച്ചഭക്ഷണത്തിനായി. ബസ്സ് നിർത്തുക,   അതാണ് പൊഖ്‌റാൻ.  ഥാർ മരുഭൂമിയുടെ ഭാഗമായ പൊഖ്റാനിലാണ് ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്താറുള്ളത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974-ലാണ് പൊഖ്റാനിലെ ആണവപരീക്ഷണ നിലയം സ്ഥാപിതമാകുന്നത്.  'ബുദ്ധൻ ചിരിക്കുന്നു' അഥവാ 'ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ' എന്ന ആദ്യ  ആണവപരീക്ഷണം നടന്നത് 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണികസമയം 08.05-നായിരുന്നു.  8 കിലോടൺ ആയിരുന്നു ബോംബിന്റെ പ്രഹരശേഷി. അന്ന്,  ഐക്യരാഷ്ട്രസഭയിലെ അഞ്ച് സ്‌ഥിരാംഗങ്ങളിൽപെടാത്ത ഒരു   രാജ്യം അണുപരീക്ഷണം നടത്തുന്നത് നടാടെയായിരുന്നു. ഇന്ത്യൻ കരസേനയുടെ കീഴിലാണ് ഈ നിലയം പ്രവർത്തിക്കുന്നത്. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററാണ് പൊഖ്രാൻ ആണവപരീക്ഷണനിലയം സ്ഥാപിക്കാൻ പ്രധാന പങ്കു വഹിച്ചത്. 1998 ലെ  പൊഖ്റാൻ-2 എന്ന രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ്. 

പൊഖ്‌റാനേക്കുറിച്ച് എനിക്കും പഴയൊരു ഭീതിതമായ ഓർമ്മയുണ്ട്. ഇരുപതുവര്ഷം മുമ്പ് നടത്തിയ  രാജസ്ഥാൻസന്ദര്ശനത്തിനിടയിൽ   ജോധ്പുർസന്ദർശനം കഴിഞ്ഞ് ജയ്സല്മേറിലേക്ക് ട്രെയിൻ യാത്രയിലായിരുന്നു. പൊഖ്‌റാനിലെത്തിയപ്പോൾ മണൽക്കാറ്റ് അടിച്ചുകയറി. സെൻറ് ഏ സി കമ്പാർട്മെന്റാണ്. അതിലെങ്ങനെ മണൽ അടിച്ചുകയറുമെന്നോർത്തു  ഭയന്നു. കുറേസമയം ഭീതിയുടെ മുൾമുനയിൽ. പിന്നെ എല്ലാം ശാന്തമായി. ഇപ്പോഴും ആ മണൽക്കാറ്റിന്റെ കാര്യമാർക്കുമ്പോൾ ഭയമാകും. 12 45 ആയപ്പോൾ ഞങ്ങളുടെ ബസ്സ് പൊഖ്‌റാനിലെ ഹൈ വേ കോണിങ് ഹോട്ടലിലെത്തി. അവിടുത്തെ  റസ്റ്ററന്റിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം രണ്ടുമണിയോടെ വീണ്ടും യാത്രതുടർന്നു. പുതിയ ദൃശ്യങ്ങൾക്കും വിസ്മയങ്ങൾക്കും നേരെ മിഴകൾതുറന്നിരിക്കുമ്പോൾ യാത്ര ഒട്ടും വിരസമാകില്ല. അതുകൊണ്ടുതന്നെ സമയം കടന്നുപോകുന്നതും അറിയുകയേയില്ല. എങ്കിലും ചിലപ്പോഴൊക്കെ അനാവശ്യമായി ഉറക്കം കണ്ണുകളെ തഴുകിയടയ്ക്കും. 

ജയ്‌സാൽമീർ എല്ലാ അർത്ഥത്തിലും ഒരദ്‌ഭുതനഗരമാണ്. ഇരുപതുവര്ഷംമുമ്പ് ജയ്സാൽമീറിൽ വന്നകാര്യം ഇന്നലെക്കഴിഞ്ഞതുപോലെയേ തോന്നുന്നുള്ളൂ.  അന്ന് ഞങ്ങളുടെ യാത്രകൾ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.  അദ്‌ഭുതംകൂറുന്ന കണ്ണും മനസ്സുമായി റെയിൽവെസ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾതന്നെ മഞ്ഞമണൽക്കല്ലുകളിൽ പണിതുയർത്തിയിരിക്കുന്ന കെട്ടിടങ്ങൾ നൽകിയ വിസ്മയം വിവരണങ്ങൾക്കതീതം.   നൂറ്റാണ്ടുകൾക്കുപിന്നിലേയ്ക്ക് എത്തപ്പെട്ടതുപോലെതോന്നി .    അന്ന് ഗൈഡ് പറഞ്ഞത് എട്ടുവർഷമായി അവിടെ മഴ പെയ്തിട്ടേയില്ല എന്നാണ്. എന്നാൽ ഞങ്ങൾ അവിടെയെത്തിയതുകൊണ്ടെന്നപോലെ ആ സന്ധ്യയിൽ അവിടുത്തെ ഗെഡിസർ തടാകക്കരയിൽ ഞങ്ങൾ നിൽക്കുമ്പോൾ മഴയുതിർന്നതും ഒരു കുളിരോർമ്മയായി മനസ്സിൽ പെയ്തിറങ്ങുന്നു. 

Hotel Desert Palace 

മൂന്നുമണിയോടടുത്ത് ഞങ്ങൾ ജയ്സാൽമീറിലെ 'ഡെസേർട് പാലസ്' എന്ന ഹോട്ടലിലെത്തി. നഗരകേന്ദ്രത്തിൽനിന്നു നാലുകിലോമീറ്റർ അകലെയാണ് ഈ ഹോട്ടൽറിസോർട്. എന്നതുകൊണ്ടുതന്നെ നഗരത്തിരക്കുകൾ ഇവിടെ അനുഭവപ്പെടുന്നതേയില്ല. മണൽക്കാട്ടിൽ  തലയെടുപ്പോടെ നിലകൊണ്ടിരുന്ന ഒരു പഴയ കൊട്ടാരമാണ് ഹോട്ടലാക്കി ഇപ്പോൾ പ്രവർത്തിക്കുന്നത് . മഞ്ഞക്കല്ലിൽ അതിസൂക്ഷ്മമായ കൊത്തുപണികളോടെ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിനു ഒരു സ്വർഗ്ഗീയമായ സൗന്ദര്യമുണ്ട്. ഈ കൊട്ടാരത്തിൽ ഒരുദിവസം അന്തിയുറങ്ങാൻ കഴിയുന്നതും ഒരു ഭാഗ്യമല്ലേ! ജെയ്‌സല്മീരിലെ മികച്ച പത്തുഹോട്ടലുകളിലൊന്നാണിതെന്നതും എടുത്തു പറയേണ്ടകാര്യം . രാജസ്ഥാനിലേയും  ഗുജറാത്തിലെയും  പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആഡംബരഹോട്ടലുകളും റിസോർട്ടുകളും നടത്തുന്ന   Trully India  എന്ന ഹോട്ടൽ  ഗ്രൂപ്പാണ് ഈ ഹോട്ടലിന്റെയും  ഉടമകൾ. പൂന്തോട്ടങ്ങൾ ഹോട്ടലിനുചുറ്റുമുണ്ട്. ആളും ബഹളവുമൊന്നുമില്ലാത്ത ശാന്തമായ അന്തരീക്ഷം. ഹോട്ടൽമുറിയിൽ ചെറിയൊരു വിശ്രമത്തിനുശേഷം ജയ്സാൽമീറിലെ കാഴ്ചകളിലേക്ക് പോകേണ്ടതുണ്ട്. പക്ഷേ ബസ് പുറപ്പെടാൻ ഇനിയും സമയമുണ്ട് . എല്ലാവരും തയ്യാറായി  എത്തുന്നതുവരെ ഞങ്ങൾ ഹോട്ടലിന്റെ   ചുറ്റുപാടുകൾ കാണായി പുറത്തേക്കിറങ്ങി. മുമ്പിൽ ഒരു വിജനമായ പാത നീണ്ടുകിടക്കുന്നു. ഇടതുവശത്തേക്ക് നടന്നപ്പോൾ തൊട്ടടുത്തുതന്നെ മറ്റൊരു ഹോട്ടൽകൂടി കൊട്ടാരമാതൃകയിൽ കണ്ടു. അത് പ്രവർത്തനം തുടങ്ങിയിട്ടില്ല.   അറ്റകുറ്റപ്പണികൾ  നടക്കുന്നതേയുള്ളു. എതിർഭാഗത്ത് ആളും ആരവുമില്ലാതെ ശാന്തമായിക്കിടക്കുന്ന ഒരുദ്യാനം. പിന്നെയും കുറച്ചുകൂടി നടന്നപ്പോൾ ബൃഹത്തായ കോട്ടയുടെ കവാടമെന്നുതോന്നുന്ന ഒരു വലിയ നിർമ്മിതിക്കുമുന്നിലാണെത്തിയത്. പുറത്തു യൂണിഫോമും തലപ്പാവുമൊക്കെയണിഞ്ഞ കാവൽക്കാരനോട് അന്വേഷിച്ചപ്പോൾ അതൊരു ഹോട്ടലാണെന്നു മനസ്സിലായി. മുറി ബുക്ക് ചെയ്തവരെ മാത്രമേ അകത്തേക്ക് കടത്തൂ. അതുകൊണ്ടു ഞങ്ങൾ മടങ്ങി . അപ്പോൾ മനോഹരമായൊരു ക്ഷേത്രം ശ്രദ്ധയിൽപ്പെട്ടു. അതിന്റെ കവാടവും അടഞ്ഞുകിടക്കുന്നു. അവിടെയൊന്നും കയറാമെന്നു കരുതി ഗേറ്റിനടുത്തേക്കു ചെന്നപ്പോൾ അത് രാജാകുടുംബത്തിന്റെവക  ക്ഷേത്രമാണെന്നും അവർക്കുമാത്രേമേ അവിടെ ആരാധനയ്ക്ക് അനുവാദമുള്ളൂ എന്നും കാവൽക്കാരൻ  പറഞ്ഞു. തിരികെനടന്നു ഹോട്ടലിന്റെ മുമ്പിലെത്തിയിട്ടും മറ്റുള്ളവർ എത്തിയിരുന്നില്ല. ഹോട്ടലിന്റെ എതിർവശത്ത് അങ്ങുദൂരെയായി ജയ്സാൽമീർ കോട്ട കാണുന്നുണ്ട്.  വലതുവശത്തുള്ള ഒരിടവഴിയെ നടന്നപ്പോൾ ദൂരെയായി ധാരാളം കാറ്റാടിയന്ത്രങ്ങൾ തലയെടുപ്പോടെ നിൽക്കുന്നതുകണ്ടു. മുമ്പ് ജയ്സാൽമീറിൽ വന്നപ്പോഴും കാറ്റാടിയന്ത്രങ്ങൾ കണ്ടതോർക്കുന്നു. സാം മരുഭൂവിലേക്കുള്ള വഴിയിൽ കണ്ട ഒരു കാറ്റാടിയന്ത്രത്തിന്റെ ചുവട്ടിൽപോയി അന്ന് നോക്കിയിരുന്നു. തിരികെനടന്നു ബിസിനടുത്തെത്തിയപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട് . പ്രസിദ്ധമായ ഗെഡിസർ തടാകത്തിലേക്കാണ് യാത്ര.  

 


2 comments:

 1. മനോഹരമായിട്ടെഴുതി.
  സമയം പോലെ മറ്റുകുറിപ്പുകളും വായിക്കും

  ReplyDelete
  Replies
  1. വായനയ്ക്കും വായനക്കുറിപ്പിനും നന്ദി. സന്തോഷവും സ്നേഹവും അറിയിക്കുന്നു. പേരു വ്യക്തമാക്കിയാൽ കൂടുതൽ സന്തോഷമാകുമായിരുന്നു.

   Delete