Friday, November 7, 2025

കിഴക്കനേഷ്യൻ മരതകമണികൾ - 1

കിഴക്കനേഷ്യൻ മരതകമണികൾ 

 1 .വെള്ളാനകളുടെ നാട്ടിൽ


=====================================================


.''ഈ വിശ്വം ഒരു ഗ്രന്ഥമാണ്. സഞ്ചരിക്കാത്തവർ അതിൽ ഒരേടുമാത്രമേ  വായിക്കുന്നുള്ളു''  ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന  സെയിന്റ് അഗസ്റ്റിന്റെ വാക്കുകളാണ്.


ഓരോ യാത്രകളും നമുക്കു നൽകുന്നത് ഒരായിരം അറിവുകളുടെ അക്ഷയഖനികളാണ്,  വിജ്ഞാനത്തിന്റെ വെളിച്ചത്തുരുത്തുകളാണ്. യാത്രകൾ നമ്മളെ  ഉദ്ബോധിപ്പിക്കുന്നത് ഈ പ്രപഞ്ചത്തിലെ നമ്മുടെ സ്ഥാനം എത്ര സൂക്ഷ്മമാണെന്നാണ്. ആ അറിവ് നമ്മെ കൂടുതൽക്കൂടുതൽ വിനയാന്വിതരാക്കും. സഹജീവികളെ സ്നേഹിക്കാൻ മനസ്സിന് കൂടുതൽ വ്യാപ്തിനൽകും.


2025   ഫെബ്രുവരി 13 നാണു കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി ഒരു യാത്രപുറപ്പെട്ടത്.


ലോകസഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ 'സഞ്ചാരം' യാത്രാസംഘത്തിലായിരുന്നു ഞങ്ങളുടെ യാത്ര. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെ കാത്തിരുന്നൊരു യാത്രയായിരുന്നു. ഏതാനുംദിവസംമുമ്പ് ഒരു സൂംമീറ്റിങ് നടത്തി സന്തോഷ് സാറും അദ്ദേഹത്തിന്റെ മകളും മാനേജിങ് ഡിറക്ടർമാരിൽ ഒരാളുമായ ശാരിക, ടൂർ മാനേജർ എന്നിവരും ചേർന്നു യാത്രികർക്ക് വേണ്ട നിർദ്ദേശങ്ങൾ  നൽകിയിരുന്നു.  


ഞങ്ങളിരുവരും 33 സഹയാത്രികരും ടൂർമാനേജരും ചേർന്ന യാത്രാസംഘം നെടുമ്പാശ്ശേരി എയർപോർട്ടിലെ എട്ടാംനമ്പർ പില്ലറിനടുത്ത്‌ വൈകുന്നേരം എട്ടുമണിക്ക് ഒത്തുചേർന്നു. രാത്രി  11.50 നു ബാങ്കോക്കിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണ് ഞങ്ങൾ യാത്ര ആരംഭിക്കുന്നത്. യാത്രാരേഖകളും അനുബന്ധമായ  മറ്റ്‌ ഔദ്യോഗികസംഗതികളും ടൂർമാനേജരുടെ കൈവശമായിരുന്നു. അതൊക്കെ എല്ലാവർക്കും കൈമാറി. അവയും  പാസ്‌പോർട്ടുമായി എല്ലാവരും എയർപോർട്ടിനുള്ളിലേക്കു കടന്നു. ചെക്ക്-ഇൻ,  ബാഗേജ് ഡ്രോപ്പ്,   സെക്യൂരിറ്റി ചെക്ക് ,  ഇമ്മിഗ്രേഷൻ ഒക്കെ കഴിഞ്ഞു ബോർഡിങ് പാസ്സുമായി വിമാനത്തിൽ കയറാൻ തയ്യാറെടുത്തിരുന്നു. വിമാനം  അരമണിക്കൂർ വൈകിയെങ്കിലും  യാത്ര സുഖകരമായിരുന്നു. നാലുമണിക്കൂർ പറന്നശേഷം വെള്ളാനകളുടെ മണ്ണിൽ ഞങ്ങൾ കാലുകുത്തി. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ വിമാത്താവളങ്ങളിലൊന്നായ  ഡോൺ മിയാങ് അന്തർദേശീയ വിമാനത്താവളത്തിലാണ് (Don Mueang International എയർപോർട്ട് -DMK ) ഞങ്ങൾ വിമാനമിറങ്ങിയിരിക്കുന്നത്. 1914 ൽ പ്രവർത്തനമാരംഭിച്ച DMK വളരെ തിരക്കുള്ളൊരു വിമാനത്താവളമാണ്. കുറഞ്ഞ നിരക്കുള്ള  യാത്രാവിമാനങ്ങളാണ് ഇവിടെ കൂടുതൽ യാത്രകൾ നടത്തുന്നത്. എന്നാൽ   ബാങ്കോക്ക് നഗരത്തിലെ പ്രധാന അന്തർദ്ദേശീയവിമാനത്താവളം 2006 സെപ്റ്റംബർ 28 നു പ്രവർത്തനമാരംഭിച്ച  'സുവർണ്ണഭൂമി അന്തർദ്ദേശീയ വിമാനത്താവളം'ആണ്.  




ഏതാനും ദിവസത്തേക്ക്   ഇവിടേക്കു  വരാൻ ഓൺലൈൻ വിസ സൗകര്യമുണ്ട്. കൂടാതെ വിസ ഓൺ അറൈവലും. ഞങ്ങൾക്ക് ടൂർ ഗ്രൂപ്പ് തന്നെ വിസയുടെ കാര്യങ്ങളൊക്കെ ചെയ്തിരുന്നു. അതിനാൽ  അതിന്റെതായ ബുദ്ധിമുട്ടുകളൊന്നും അറിയേണ്ടിവന്നില്ല.      


നമ്മുടെ സമയത്തേക്കാൾ ഒന്നരമണിക്കൂർ മുന്നിലാണ് ഞങ്ങൾ സന്ദർശിക്കുന്ന നാലുരാജ്യങ്ങളുടെയും സമയം. ലാൻഡിംഗ്  തായ്‌ലൻഡ് സമയം ആറുമണികഴിഞ്ഞിരുന്നു. ഏതാണ്ട്  ഒരേ സമയം പല ഫ്ലൈറ്റുകളും ഇവിടെ ലാൻഡ് ചെയ്യുന്നുവെന്നതിനാൽ    ഇമ്മിഗ്രേഷനും മറ്റുമായി പ്രതീക്ഷിച്ചതിൽകൂടുതൽ സമയമെടുത്തു പുറത്തുകടക്കാൻ. ഒന്നരമണിക്കൂർ നഷ്ടമായി.  സഹയാത്രികരെ  കാത്തിരിക്കുന്ന സമയത്ത് അവിടുത്തെ വൃത്തിയാക്കൽ പ്രവൃത്തി നോക്കിയിരുന്നു. മനുഷ്യസഹായമില്ലാതെ ഒരു യന്ത്രം കൃത്യമായി തന്റെ ജോലിചെയ്തുകൊണ്ടിരുന്നു. തറയൊക്കെ വെട്ടിത്തിളങ്ങുന്നുണ്ട്. മറ്റൊരുഭാഗത്ത് പെൺകുട്ടികൾ കൂടിച്ചേർന്നിരുന്നു മേക്കപ്പ് ചെയ്യുന്നതും കണ്ടു. മുഖത്തൊക്കെ കുറെയധികം ക്രീമുകളും മറ്റും തേച്ച് സുന്ദരമാക്കി ഒരു വിഗ്ഗും എടുത്തുവെച്ചുകഴിഞ്ഞാൽ ആദ്യം കണ്ട ആളേ അല്ലാതാവുന്ന ഇന്ദ്രജാലം എനിക്കു നന്നേ ഇഷ്ടമായി.




എല്ലാവരും എത്തിയശേഷം ഞങ്ങൾ പുറത്തേക്കു  കടന്നു.   അവിടെ ആനി എന്നുപേരുള്ള മാലാഖയെപ്പോലൊരു പെൺകുട്ടി സഞ്ചാരത്തിന്റെ കൊടിയുമായി ഞങ്ങളെക്കാത്തു നിന്നിരുന്നു. ഒന്നരമണിക്കൂറോളം  വൈകിയത് യാത്രയുടെ കാര്യക്രമത്തിൽ വളരെ മാറ്റങ്ങളുണ്ടാക്കി. ഞങ്ങൾക്കായി കാത്തുകിടന്ന ബസ്സിൽ ലഗ്ഗേജ് കയറ്റിയശേഷം  സുന്ദരമായ പാതയിൽക്കൂടി ഞങ്ങളെ വഹിച്ചുകൊണ്ട് ബസ്സ്‌ ഓടിത്തുടങ്ങി. അല്പസമയത്തിനുള്ളിൽ  പ്രഭാതകൃത്യങ്ങൾക്കായി  എല്ലാവർക്കും മുറികൾ തരപ്പെടുത്തിയിരുന്ന ഹോട്ടൽ സിയാനിൽ  എത്തി. പക്ഷേ സമയം വൈകിയതിനാൽ കുളിക്കാനുള്ള സാവകാശം കിട്ടിയില്ല. പ്രഭാതഭക്ഷണം കഴിച്ച് വീണ്ടും ബസ്സിൽ. പാതയ്ക്കിരുവശവും സുന്ദരമായ പട്ടണക്കാഴ്ചകൾ. പല സ്ഥാപനങ്ങളുടെയും  പേരുകൾക്കും ഇന്ത്യൻപേരുകളുമായി സാമ്യം തോന്നിയിരുന്നു.



1949 ലാണ് സയാം എന്ന രാജ്യം തായ്‌ലൻഡ് എന്ന പേരു സ്വീകരിച്ചത്. “തായ്” എന്ന വാക്കിന് സ്വാതന്ത്യം എന്നാണ് അർത്ഥം.   ഞങ്ങൾ സന്ദർശിക്കുന്ന നാലുരാജ്യങ്ങളിൽ  യൂറോപ്യൻ അധിനിവേശത്തിനു വിധേയമാകാത്ത ഏകരാജ്യമാണ് തായ്‌ലൻഡ്.  സ്വാതന്ത്ര്യത്തിന്റെ നാട് എന്നർത്ഥമുള്ള തായ്-ലാൻഡ് എന്ന പേരുനൽകിയത് അതിനാലാവാം. പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പംതന്നെ നൂതനാശയങ്ങളോടും ആധുനികജീവിതചര്യകളോടും  നിഷേധാത്മകമാകാതെ  തുറന്ന സമീപനമാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. എല്ലാ  അർത്ഥത്തിലും ഇവിടെ ലഭിക്കുന്ന  സ്വാതന്ത്ര്യത്തിന് ഈ രാജ്യം എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നത് ഈ രാജ്യത്തിന് ലഭിച്ചിട്ടുള്ള ദുഷ്പ്പേരിനും ഒരർത്ഥത്തിൽ കാരണമാകുന്നുണ്ട്. അതിനാൽത്തന്നെ  മുമ്പൊക്കെ ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ് എന്നിവിടങ്ങളിലേക്കൊക്കെ  പോകുന്നവരെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നില്ല ആളുകൾക്ക്.  പക്ഷേ ഇപ്പോൾ ആ അഭിപ്രായങ്ങളൊക്കെ മാറിവരുന്നുണ്ട്.


സയാം എന്ന രാജ്യത്തെക്കുറിച്ച് നമ്മളറിയുന്നത് 'വെള്ളാനകളുടെ നാട്' എന്നുകൂടിയാണല്ലോ. അതിനാൽത്തന്നെ വെള്ളാനകളെ കാണാനുള്ള ആഗ്രഹവും ഒട്ടും കുറവായിരുന്നില്ല.  വെള്ളാനകൾ പവിത്രവും രാജകീയപദവിയുടെ പ്രതീകവുമാണ്. എന്നാൽ മറ്റാനകളെക്കൊണ്ടുള്ളതുപോലെ ഇവയെക്കൊണ്ട് ഒരു പ്രായോജനവുമില്ലാതാനും. ഇവയെ പോറ്റാനാണെങ്കിൽ വളരെയധികം പണച്ചെലവും . അതിനാലാണ് പണച്ചെലവേറിയതും എന്നാൽ ഉപയോഗശൂന്യവുമായതിനെ വെള്ളാനകൾ എന്നുവിളിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ നാടും തീർച്ചയായും  'വെള്ളാനകളുടെ നാടു' തന്നെ!


 ഈ രാജ്യവുമായി ബന്ധപ്പെട്ട് നമുക്ക് പരിചിതമായ മറ്റൊരു പ്രയോഗം  'സയാമീസ് ഇരട്ടകൾ' എന്നതാണല്ലോ. 1811 ൽ തായ്‌ലൻഡിൽ  ജനിച്ച ചാങ് ബങ്കർ , എങ് ബങ്കർ എന്നിവരായിരുന്നു ആദ്യമായി ആധുനികസമൂഹം കണ്ട  സംയോജിത ഇരട്ടകൾ എന്നതാണ് അതിനു കാരണം. പക്ഷേ ഇന്ന് ഈ പ്രയോഗം കാലഹരണപ്പെട്ടു  എന്നുതന്നെയല്ല, കുറ്റകരവുമാണ്.


ബസ്സ് ഏതാണ്ട് അരമണിക്കൂറിലധികം ഓടിഎത്തിയത്  ' ടൈഗർ ടോപിയ' എന്ന കടുവസംരക്ഷണകേന്ദ്രത്തിലേക്കാണ്.  അവിടെ കടുവയോട് അടുത്തിടപെടുകയും  കടുവയുമൊത്തുള്ള ചിത്രമെടുക്കുകയുമാണ് ലക്‌ഷ്യം.

Wednesday, November 5, 2025

ലുവാങ് പ്രബാങിലെ ഒരിക്കലും മറക്കാത്ത ഒരു പ്രഭാതം (മുംബൈ മലയാളി)

     ലുവാങ് പ്രബാങിലെ ഒരിക്കലും മറക്കാത്ത ഒരു  പ്രഭാതം 


===============================


തായ്‌ലാൻഡും മ്യാന്മറും ചൈനയും  വിയറ്റ്നാമും കമ്പോഡിയും ചേർന്ന് പൂർണ്ണമായും  അതിർത്തികൾ പങ്കിടുന്ന ഒരു കൊച്ചു രാജ്യമാണ് ലാവോസ്. കടല്‍ത്തീരമില്ലെങ്കിലും    മലകളും  കാടുകളും  മരങ്ങളും പുഴകളുമെല്ലാം   ധാരാളമുള്ള സുന്ദരമായ  നാടാണിത്. പ്രധാന നദിയായ മീകോങ് നദിയിലും കൈവഴികളിലുമായി ധാരാളം ദ്വീപുകളുമുണ്ട്.


ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ൽ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാ‍പങ്ങൾക്കു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിഅധികാരത്തിലെത്തി. ഇന്ന്  ലോകത്ത് നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളിലൊന്നാണ് ലാവോസിലേത്. ചൈന, വിയറ്റ്‌നാം, ക്യൂബ, വടക്കന്‍ കൊറിയ എന്നിവരുടെ കൂട്ടത്തിലാണ് ലാവോസിന്റേയും സ്ഥാനം. 'ലാവോ പീപിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്' എന്നാണ് ലാവോസിന്റെ ഔദ്യോഗികമായ പേര്. ഈ മനോഹരമായ മണ്ണിൽ രണ്ടേരണ്ടു ദിവസങ്ങൾ മാത്രമാണ് എനിക്കു ചെലവിടാനായത്. എങ്കിലും അവിടെക്കഴിച്ചുകൂട്ടിയ  ഓരോ നിമിഷങ്ങളും ഓർമ്മയുടെ അക്ഷയഖനികളിൽ സ്ഥാനം പിടിച്ചവയാണ്. 




ഫെബ്രുവരി മാസത്തിലെ ഒരു സായംസന്ധ്യയിലാണ് ലാവോസിലെ  ലുവാങ് പ്രബാങ്‌ എന്ന പൈതൃകനഗരത്തിൽ വിമാനമിറങ്ങിയത്.  1975-ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ എത്തുന്നതുവരെ ലാവോസ് സാമ്രാജ്യത്തിന്റെ രാജകീയ ആസ്ഥാനവും ഭരണ സിരാകേന്ദ്രവുമായിരുന്നു ലുവാങ് പ്രബാങ്.  ഈ  വിമാനത്താവളം കണ്ടാൽ നമ്മുടെ നാട്ടിലെ ഒരു  ബസ്സ്റ്റാൻഡ് പോലെയേ  തോന്നുകയുള്ളൂ.  അവിടെനിന്നു താമസമേർപ്പാടാക്കിയിരിക്കുന്ന റിസോർട്ടിലേക്കുള്ള പൊടിപറക്കുന്ന  പാതയിലൂടെയുള്ള യാത്ര അരനൂറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടിലെ ഏതോ ഒരു കുഗ്രാമത്തിലൂടെയുള്ള സഞ്ചാരത്തെയാണ് ഓർമ്മിപ്പിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ  ഇരുവശവും ചെറിയ പെട്ടിക്കടകളും   പുല്ലും ഓടും മേഞ്ഞ   കൊച്ചുകൊച്ചു വീടുകളും പുഷ്പഫലസമ്പന്നമായ സസ്യലതാദികൾ നിറഞ്ഞ  തൊടികളുമൊക്കയാണ്.  കണിക്കൊന്നയും   മാവുമൊക്കെ ഇലകൾപോലും കാണാൻ കഴിയാതെ  നിറയെ പൂക്കളുമായി എല്ലായിടത്തും  ഐശ്വര്യത്തോടെ നിൽക്കുന്നു. ചെറിയ  തൈമാവുകൾപോലും പൂക്കാലം ശിരസ്സിലേന്തിനിൽക്കുന്ന കാഴ്ച!  ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ,  നീണ്ടുപോകുന്ന പാതയുടെ അങ്ങേയറ്റത്തായി ഇരുളിന്നഗാധതയിലേക്കു മുങ്ങിത്താഴാനായി ചുവപ്പിൽക്കുളിച്ചുനിൽക്കുന്ന അസ്തമയസൂര്യൻ. 


 


ഒരു ദീർഘയാത്രയുടെ ക്ഷീണമുണ്ടായിരുന്നതുകൊണ്ടു നേരത്തെതന്നെ ഉറങ്ങിയിരുന്നു.  രാവിലെ നാലുമണിക്കുതന്നെ ഉണർന്നു. ഒരു കാഴ്ചകാണാൻ പോവുകയാണ്. ഈ തണുത്ത വെളുപ്പാൻകാലത്ത് ആരോഗ്യപ്രശ്നങ്ങളെയൊന്നും വകവയ്ക്കാതെ ചുറുചുറുക്കോടെ വാൻ പോലെയുള്ളൊരു  വാഹനത്തിൽ   കയറി. റോഡിൽ പൊടി നിറഞ്ഞിട്ടുണ്ടെങ്കിലും  വണ്ടികളൊക്കെ ഇപ്പോൾ ഷോറൂമിൽനിന്നു കൊണ്ടുവന്നതാണെന്നു തോന്നിപ്പോകുന്നതുപോലെ വെട്ടിത്തിളങ്ങി മനോഹരമായിരിക്കുന്നു. 'തക് ബാത്' എന്നൊരാചാരം എല്ലാദിവസവും പുലർകാലത്ത് ഇവിടെ അരങ്ങേറുന്നുണ്ട് . അതിനു സാക്ഷ്യംവഹിക്കാനും തരപ്പെട്ടാൽ അതിൽ  ഭാഗഭാക്കാകാനുമാണ്  ഇപ്പോഴത്തെ യാത്ര.  ആറരയോടെ ചടങ്ങവസാനിക്കും.  


ഇതെന്താണെന്നല്ലേ ? പറയാം.


 


ഇന്നാട്ടിലെ മൊണാസ്ട്രികളിലും ബുദ്ധവിഹാരങ്ങളിലുമൊക്കെയുള്ള ബുദ്ധസന്യാസിമാർ അതിരാവിലെ ഭിക്ഷാടനത്തിനിറങ്ങുന്ന ചടങ്ങാണിത്. എല്ലാദിവസവും ഉദയത്തിനുമുന്നേതന്നെ  വഴിയോരത്ത് തങ്ങൾക്കു നൽകാൻ കഴിയുന്നതിൽ ഏറ്റവുംനല്ല  ഭക്ഷണവുമായി നാട്ടുകാർ ഭക്ത്യാദരങ്ങളോടെ കാത്തിരിക്കും. നിരനിരയായി നടന്നുവരുന്ന കഷായവസ്ത്രധാരികളായ  ഭിക്ഷുക്കൾ ഭക്ഷണം സ്വീകരിച്ച് തങ്ങളുടെ തോളിൽ തൂക്കിയിട്ടിരിക്കുന്ന  പാത്രങ്ങളിൽ  ശേഖരിച്ചു മടങ്ങിപ്പോകും.  യുട്യൂബിലൊക്കെ ഇതിനെക്കുറിച്ചുള്ള വ്‌ളോഗുകൾ പലതും കണ്ടിട്ടുണ്ടെകിലും ഇപ്പോൾ ഇത് നേരിൽക്കാണാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു.


 മതപരവും ആത്മീയസ്വഭാവമുള്ളതുമായൊരു ചടങ്ങായതുകൊണ്ടു  ശരീരം നന്നായി മറയുന്നവിധത്തിൽ  വസ്ത്രം ധരിക്കണമെന്നു നിർദ്ദേശമുണ്ടായിരുന്നു.   


 തേരവാദ  ബുദ്ധിസം (പരമ്പരാഗത ബുദ്ധമതതത്വങ്ങങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന   യാഥാസ്ഥികബുദ്ധമതവിഭാഗം) ലാവോസിൽ പ്രചാരത്തിലായ  പതിനാലാം നൂറ്റാണ്ടുമുതൽ ഈ ചടങ്ങു നടക്കുന്നു എന്നാണ് ചരിത്രഭാഷ്യം. ഈ വിഭാഗത്തിൽ സന്യാസിമാരും സാധാരണക്കാരും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇത് പരസ്പരപിന്തുണയുടെ  മാർഗ്ഗമാണ്. സന്യാസിമാർ അറിവും ബുദ്ധതത്വങ്ങളും  ആത്മീയദർശനങ്ങളും ജനങ്ങൾക്ക് പകർന്നുനൽകുന്നു. സാധാരണജങ്ങളാകട്ടെ, സന്ന്യാസിമാർക്ക്  അവർക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റുവസ്തുക്കളും നിറഞ്ഞമനസ്സോടെ തങ്ങളുടെ അവകാശമെന്ന രീതിയിൽ നൽകുന്നു.  ശ്രീബുദ്ധനോടുള്ള ആരാധനയും ബുദ്ധമതതത്വങ്ങളോടുള്ള  ആദരവും  അഭിനിവേശവുമൊക്കെയാണ് തദ്ദേശീയരെ ഇത്തരമൊരു പുണ്യപ്രവൃത്തിയിലേക്കു പ്രേരിപ്പിക്കുന്നത്. അതുചെയ്യുന്നതാവട്ടെ അങ്ങേയറ്റം ആത്മസമർപ്പണത്തോടെയാണെന്നും മനസ്സിലാക്കാനാവും.


 


മീകോങ് നദീതീരത്തോടുചേർന്നുള്ള ചെറിയമലഞ്ചെരുവിലെ ചുരംപോലുള്ള പാതയുടെ താഴെഭാഗത്താണ് വാഹനങ്ങൾ പാർക്കുചെയ്തത് ഞങ്ങൾ മുകളിലേക്കുനടന്ന് മൊണാസ്ട്രിയും ക്ഷേത്രങ്ങളുമൊക്കെയുള്ള തെരുവിലാണ് നിലയുറപ്പിച്ചത്. വളരെ  വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പാതയുടെ വശത്തെ നടപ്പാതയിൽ കാർപ്പറ്റ് വിരിച്ചതിനുമേൽ  നിരവധി  ചെറിയ സ്റ്റൂളുകൾ നിരത്തിയിരിക്കുന്നു. അതിൽ ഇരുന്നുവേണം ദാനധർമ്മം നടത്തേണ്ടത്.  സഞ്ചാരികളായി  അവിടെവന്നിരിക്കുന്ന വിദേശികൾക്കും ഈ ചടങ്ങിൽ പങ്കുചേരാം.


 


ദാനം ചെയ്യാനുള്ള ചോറും പലഹാരങ്ങളും  പഴങ്ങളുമൊക്കെ അടങ്ങിയ  കൂടകൾ വിൽക്കാനായി കുറച്ചുപേർ നിൽക്കുന്നുണ്ട്. ഒരെണ്ണം വാങ്ങി, പാദരക്ഷകൾ ഊരിവെച്ച് ഒരു സ്റ്റൂളിൽ ഇരിക്കാം. സന്യാസിമാർ വരുമ്പോൾ ഓരോരുത്തരുടെയും കൈയിലുള്ള പാത്രത്തിലോ  സഞ്ചിയിലോ അല്പാല്പമായി  അത് നിക്ഷേപിച്ചാൽ മതി.


 ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നവരിൽ ചിലരും തക് ബാത്തിൽ പങ്കുചേരാൻ ഭക്ഷണക്കൂടയും  വാങ്ങി സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു. ഈ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തുന്നവർ തികഞ്ഞ നിശ്ശബ്ദത പാലിച്ച് അച്ചടക്കത്തോടെ നിൽക്കേണ്ടതുണ്ട്. ഫോട്ടോയും  വീഡിയോയും എടുക്കാം. പക്ഷേ ഫ്ലാഷ്ലൈറ്റ് പാടില്ല.


 


സമയം കടന്നുപോകുന്നു. തെരുവുനിറയെ സഞ്ചാരികളെക്കൊണ്ടു  നിറഞ്ഞു. നിൽക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥ. സന്യാസിമാരെ സ്പർശിക്കാതിരിക്കാൻ തെരുവിൽ  കയറുകൊണ്ട്  ഒരു അതിർത്തിരേഖ സൃഷ്ടിച്ചിരുന്നു. അങ്ങനെയിരിക്കെ അതാ കുങ്കുമനിറത്തിലെ വസ്ത്രം ധരിച്ച് നഗ്നപാദരായി പലപ്രായത്തിലുള്ള  സന്യാസിമാർ നിശ്ശബ്ദരായി നടന്നുവരുന്നു. മുഖത്തു ശാന്തതയുടെ അവരണമണിഞ്ഞ നേർത്ത മന്ദസ്മിതം. ഓരോരുത്തരിൽനിന്നായി ഭിക്ഷ സ്വീകരിച്ച് വണങ്ങി അവർ കടന്നുപോകുന്നു. ശ്വാസമടക്കി എല്ലാവരും അത് കണ്ടുനിന്നു. ഒടുവിലത്തെ സന്യാസിയും ഭക്ഷവാങ്ങി നടന്നുമറഞ്ഞപ്പോൾ ഞങ്ങളും പതിയെ ക്ഷേത്രങ്ങളും മൊണാസ്ട്രിയുമൊക്കെ ഒന്ന് കണ്ടുവരാമെന്നു കരുതി നടന്നു. നാടിൻറെ വാസ്തുവൈദഗ്ധ്യം പ്രകടമാക്കുന്നവിധമായിരുന്നു അവയുടെയൊക്കെ  നിർമ്മിതി. 


കുറേസമയം  നടന്നശേഷം  മറ്റൊരു ദൃശ്യവിസ്മയം അനുഭവേദ്യമാക്കുന്നതിനായി മുന്നോട്ടു നടന്നു.  ലക്‌ഷ്യം ഇവിടുത്തെ  മോർണിംഗ് മാർക്കറ്റ് ആണ്. ഈ ചന്ത, വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്രദം. രാവിലെ അഞ്ചുമണിമുതൽ പതിനൊന്നുതുമണിവരെയാണ് ഈ ചന്ത പ്രവർത്തിക്കുന്നത്.  തദ്ദേശീയരുടെ കൃഷിയിടങ്ങളിൽ വിളയുന്ന പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും പിന്നെ  മത്സ്യമാംസാദികളും  പലചരക്കുസാധനങ്ങളും കൗതുകവസ്തുക്കളും കരകൗശലോത്പന്നങ്ങളും ഒക്കെ ഇവിടെ നമുക്ക് വാങ്ങാനാവും. തെരുവോരങ്ങളിൽ അവയൊക്കെ നിരത്തിയിരിക്കുകയാണ്.  നമ്മുടെ നാട്ടിൽ കാണുന്ന മിക്കവാറും പഴങ്ങളും പച്ചക്കറികളും ഇവിടെയുമുണ്ട്. നമുക്ക് പരിചിതമല്ലാത്ത ധാരാളം ഇനങ്ങളും ധാരാളമുണ്ട്. വെളുത്തുള്ളി, സവാള,  ഇഞ്ചി, തക്കാളി ഒക്കെ   വളരെ വലുപ്പമുള്ളവയാണ്. കാന്താരിയും നല്ല നീളമുള്ളവയാണ്. പുറന്തൊലി ചെത്തിക്കളഞ്ഞു കഷണങ്ങളാക്കിവെച്ചിരിക്കുന്ന ഇടിഞ്ചക്കയും വില്പനയ്ക്കുണ്ട്.  കോഴികളെ കൊന്നു തൂവലൊക്കെ കളഞ്ഞു  കാലുൾപ്പെടെ നിരത്തിവെച്ചിരിക്കുന്നതുകണ്ടു. കോഴിക്കാൽ ഇട്ട് സൂപ്പുണ്ടാക്കുമത്രേ!  മീകോങ് നദിയിലെ മത്സ്യങ്ങളുൾപ്പെടെ  പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വാങ്ങാനെത്തുന്നവർക്ക് അത് ചൂടോടെ കഴിക്കാനാവും. നടന്നിട്ടും നടന്നിട്ടും തീരാത്തതുപോലെ വഴികൾപിരിഞ്ഞു ചന്തയിങ്ങനെ നീണ്ടുപോവുകയാണ്. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ഞങ്ങളും നടന്നുമുന്നേറുന്നു.























Friday, October 17, 2025

കിഴക്കനേഷ്യൻ മരതകമണികൾ - 3

 

അപ്സരനൃത്തവും ആനക്കളിയും 

********************************

കഥകളൊക്കെ കേട്ട്,  നൂങ് നൂച്ച് ഗ്രാമത്തിലേക്കെത്തിയത് അറിഞ്ഞതേയില്ല. സമയം ഏറെ വൈകിയിരുന്നതുകൊണ്ട്‌ ഉച്ചഭക്ഷണം കഴിക്കാനായാണ് ആദ്യം പോയത്. അതിനുശേഷം ഒരു ക്ലാസിക്കൽ ഡാൻസ് ഷോ കാണാനാണ് പോകേണ്ടത്. പക്ഷേ അതിനു അല്പം സമയംകൂടിയുള്ളതിനാൽ റോഡിനെതിർവശത്തുള്ള പഴം-പച്ചക്കറി ചന്തയിലേക്കൊന്നു പോയിവരാൻ ഗൈഡ് നിർദ്ദേശംതന്നു. ഞങ്ങളെല്ലാവരും അങ്ങോട്ടേക്കുപോയി. നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ ധാരാളം പഴങ്ങളും പച്ചക്കറികളും അവകൊണ്ടുള്ള വിഭവങ്ങളുമൊക്കെ അവിടെ ധാരാളമായി വില്പനക്ക് വെച്ചിട്ടുണ്ട്. ദുര്യൻ എന്ന പഴവും ഉണ്ടായിരുന്നു. അതൊന്നും രുചിച്ചുനോക്കാനായി കുറച്ചു വാങ്ങിനോക്കി. അരിപ്പൊടിയും പഞ്ചസ്സാരയും സവാളയും വെളുത്തുള്ളിയും ചേർത്ത് അരച്ചെടുത്ത് കഴിച്ചാലെന്നപോലരു സ്വാദുള്ള വസ്തു. അതൊക്കെച്ചേർന്ന രൂക്ഷമായൊരു ഗന്ധവും. അതുകഴിച്ച ആർക്കുംതന്നെ ആ സ്വാദും ഗന്ധവും  ഇഷ്ടമായില്ല.   എങ്കിലും അതിന്റെ കുരു ഞാൻ കൈയിലെടുത്തു. നാട്ടിൽകൊണ്ടുവന്നു നട്ടുപിടിപ്പിക്കാൻ. ഒരാവശ്യവുമില്ലാത്തകാര്യം! അപ്പോഴേക്കും നൃത്തത്തിന്റെ സമയമായി. ഗൈഡ് തന്ന ടിക്കറ്റുമായി ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. പെട്ടെന്ന് കടത്തിവിടുന്ന സ്ത്രീ ഉച്ചത്തിൽ ആക്രോശിച്ചു 'നിങ്ങളുടെ കൈയിൽ ദുര്യനുണ്ടോ, എങ്കിൽ വേഗം പുറത്തുപോകൂ' എന്നു. ഞങ്ങൾവേഗം പുറത്തിറങ്ങി ആ കുരു മാലിന്യക്കുട്ടയിൽ നിക്ഷേപിച്ച് കൈകഴുകിച്ചെന്നപ്പോൾ ടിക്കറ്റ് വാങ്ങി അകത്തുകടത്തി. ദുര്യന്റെ രൂക്ഷഗന്ധം അന്നാട്ടിലെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാമെങ്കിലും മറ്റുള്ളവർക്ക് പൊതുവേ അത് സ്വീകാര്യമല്ല. അതിനാൽ വിമാനത്തിലോ മാളുകളിലോ മറ്റു പൊതുവേദികളിലോ   ഒന്നും  ദുര്യനു  പ്രവേശനമില്ല. ധാരാളം വിദേശികൾ വരുന്ന സ്ഥലമായതിനാലാണ് അവർ ഞങ്ങളെ പുറത്താക്കിയത്. 




ഹിന്ദുപുരാണേതിഹാസങ്ങളുമായി ബന്ധപ്പെട്ട കഥകളുടെ പശ്ചാത്തലമുള്ളതാണ് അവതരിപ്പിക്കപ്പെട്ട നൃത്തങ്ങൾ. അപ്സരനൃത്തമാണ് അതിൽ പ്രധാനം.   വർണ്ണാഭമായ  വേഷഭൂഷാദികൾ വളരെ ആകർഷകമാണ്. നർത്തകിമാരുടെ കൈവിരലുകൾക്ക് നല്ലനീളവും അസാമാന്യമായ വഴക്കവുമുണ്ട്. നീണ്ടനഖങ്ങളുംകൂടിയാവുമ്പോൾ വിരലുകളുടെ ചലനങ്ങൾ മനോഹരമാണ്.  ശരീരചലനങ്ങളെക്കാൾ കൈകളുടെയും  വിരലുകളുടെയും  ചലനങ്ങൾക്കാണ് മുൻ‌തൂക്കം. പുരുഷനർത്തകൾ ആയോധനകലകളും ചേർത്താണ് നൃത്തങ്ങൾ അവതരിപ്പിക്കുന്നത്. അവരുടെ ഹനുമാന് നമ്മുടെ ഹനുമാനുമായി ഒരു സാമ്യവുമില്ല. ആകെക്കൂടി  നോക്കിയാൽ  നൃത്തങ്ങൾ  അത്ര ഗംഭീരമെന്നൊന്നും എനിക്ക് തോന്നിയില്ല. വിദേശസഞ്ചാരികളെ ഒന്നു പിടിച്ചിരുത്താനുള്ളൊരു തട്ടിക്കൂട്ടുപരിപാടിയാണ് എന്നുതോന്നുന്നു.  നമ്മുടെ  കഥകളിക്കും ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനുമൊന്നും ഏഴയലത്തെത്തില്ല ഇതൊന്നും.  രാജസ്ഥാനിലും ഗുജറാത്തിലുമൊക്കെയുണ്ട്  സഞ്ചാരികളെ ആകർഷിക്കാനുള്ള ഇത്തരം നൃത്തപരിപാടികൾ. 


നൃത്തപരിപാടിക്കുശേഷം ആനകളുടെ പ്രകടനം കാണാനുള്ള ടിക്കറ്റ് ആണ് കിട്ടിയത്.  ഒരു വലിയ വേദിക്കു ചുറ്റുമായി മൂന്നുവശത്തും തട്ടുകളായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നിറയെ കാണികൾ. സമയമായപ്പോൾ വലിയ ആനകളും കുട്ടിയാനകളും ചേർന്ന് ഒരു സംഘം അതാ ഘോഷയാത്രയായി വരുന്നു. മുന്നിൽപോകുന്ന ആനയുടെ വാലിൽ പിന്നാലെവരുന്നആനയുടെ തുമ്പിക്കൈ കോർത്താണ് ഈ പരേഡ്. വേദിക്കുചുറ്റുമായി ഈ ഘോഷയാത്രകടന്നുപോകുന്ന കാഴ്ച രോമാഞ്ചജനകംതന്നെ! പരേഡ് കഴിഞ്ഞപ്പോൾ ബലൂൺപൊട്ടിക്കലായി. ഒരു വലിയ ഫ്രെയിമിൽ പിടിപ്പിച്ചിരിക്കുന്ന വീർത്തബലൂണുകൾ ഓരോ ആനകളായിവന്ന് തുമ്പിക്കൈകൊണ്ട് ഒരടിയോളം നീളമുള്ളൊരു വടിയെറിഞ്ഞു പൊട്ടിക്കുകയാണ് ചെയ്യുന്നത്. ചിലതൊക്കെ പൊട്ടും ചിലത് പൊട്ടില്ല. 


പിന്നീട് ആനകളുടെ തുമ്പിക്കൈയിൽ വലിയൊരു വളയം ഇട്ടുകൊടുത്തു. അതുകറക്കിക്കൊണ്ടുള്ള ആനകളുടെ നൃത്തമായിരുന്നു. അതിനുശേഷം ആനകളുടെ ചിത്രകലാപ്രകടനം. തുമ്പിക്കൈയിൽ ബ്രഷ് പിടിച്ച്  നിറങ്ങൾകൊണ്ട്   കാൻവാസിൽ മരങ്ങൾ വരച്ചായിരുന്നു അത്. പിന്നീട് ആനകളുടെ ബാസ്കറ്റ് ബോൾ കളിയായിരുന്നു. വലിയ ആനകൾ ദൂരെനിന്നും കുഞ്ഞാനകൾ ബാസ്കറ്റിനടുത്തുപോയിനിന്നുമാണ് ബോൾ ഇടുന്നത്.  അവർ ഭംഗിയായി കളിച്ചു. പക്ഷേ ഒറ്റയൊരു പന്തുപോലും ബാസ്കറ്റിൽ വീണില്ല. ഒടുവിൽ ഒരാനക്കുട്ടി ബാസ്കറ്റിനടുത്തേക്കുചെന്നു പന്ത് അതിലേക്കിട്ടു. കാണികൾ കരഘോഷം മുഴക്കി.


അടുത്തതായി കാണികളിൽ  ചിലരെ ആനകളുടെ തുമ്പികൈകൾ ചേർത്തുപിടിച്ച് അതിൽ ഇരുത്തുന്ന ഒരു കളിയാണ്. ധൈര്യശാലികളായ ചിലർ അതിനു പങ്കെടുത്തു. ആനകൾ  തുമ്പിക്കൈയിൽ  കോരിയെടുക്കുന്നുമുണ്ട്.  പിന്നീട് ആനകളുടെ ചവുട്ടിതിരുമ്മലാണ്. കൂടുതൽ ധൈര്യമുള്ളവർ താഴെ നിലത്തുവിരിച്ച പായയിൽ കിടന്നു മറ്റൊരു ഷീറ്റുകൊണ്ടു പുതയ്ക്കും. ആ പുതപ്പിനുമേലാണ് ആന  കാലുകൊണ്ട് തിരുമ്മുന്നതും തുമ്പിക്കൈയുടെ തുമ്പുകൊണ്ട് തലോടുന്നതും. ചിലരുടെ മുകളിൽക്കൂടി ആനകൾ  കവച്ചുകടക്കുന്നുമുണ്ട്. പണ്ടൊക്കെ ഉത്സവപ്പറമ്പുകളിൽ, കുട്ടികളുടെ പേടിമാറ്റാൻ ആനയുടെ കാലിനിടയിലൂടെ അവരെയെടുത്തു മറികടക്കുന്ന കാഴ്ച എനിക്കോർമ്മവന്നു. 


 ഇടയ്ക്ക് ആനകൾ കാണികൾക്കുനേരെ തുമ്പികൈയ്യുമായിവരും. അവിടെയുള്ള പഴക്കച്ചവടക്കാരിൽനിന്നു പഴംവാങ്ങി നമുക്ക് കൊടുക്കുകയുമാവാം. പിന്നീട് പാട്ടിനൊത്തുള്ള ആനനൃത്തവും അങ്ങനെ ചില പ്രകടനങ്ങളും. എല്ലാവരും അതൊക്കെ നന്നായി ആസ്വദിച്ചു.  സയാം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന വെള്ളാനകൾ ഒന്നുപോലുമില്ലായിരുന്നു ഇക്കൂട്ടത്തിൽ. ഗൈഡിനോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്  രാജ്യത്തുതന്നെ വെള്ളാനകൾ ഇല്ലെന്നാണ്. പക്ഷേ അതത്ര ശരിയാണെന്നു എനിക്ക് തോന്നിയില്ല. ഗൂഗിളിലെ അന്വേഷണങ്ങളിൽ തായ്‌ലണ്ടിന്റെ വടക്കുഭാഗങ്ങളിലുള്ള ആനസംരക്ഷണകേന്ദ്രങ്ങളിൽ വെള്ളാനകൾ ഉണ്ടെന്നാണ് കാണുന്നത്. അതുപോലെ ഫുക്കറ്റിലും ഉണ്ടത്രേ!  


 ഈ ആനക്കളികളൊക്കെ നടന്നത് ഉയരത്തിൽ മേൽക്കൂരയുള്ള വലിയൊരു ഹാളിലാണ്. വെയിൽകൊണ്ടു വിഷമിക്കണ്ട കാര്യം ഇവിടുത്തെ ആനകൾക്കില്ല. അതുപോലെ പരിശീലകരും ആനകളോട് സൗമ്യവും സ്നേഹപൂർണ്ണവുമായ പെരുമാറ്റമാണ് കാഴ്ചവെക്കുന്നത്. സമയാസമയങ്ങളിൽ ഭക്ഷണപാനീയങ്ങൾ നൽകി അവയെ സംരക്ഷിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിലെ ആനകളോട് നമ്മളെന്തിനാണിത്ര ക്രൂരത കാട്ടുന്നതെന്ന് ഓർക്കാതിരുക്കുന്നതെങ്ങനെ! (ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ ഈ ആനകളോട് ക്രൂരതകാട്ടുന്നു എന്നുപറഞ്ഞു 2019 ലോ മറ്റോ വലിയ പ്രക്ഷോഭങ്ങളൊക്കെ നടന്നിരുന്നു. ഒരാനയെ പ്രസവസമയത്ത് കാലുകൾ ബന്ധിച്ചിട്ടിരിക്കുന്ന വിഡിയോയും ഫോട്ടോയുമൊക്കെ   പൊതുമാധ്യമങ്ങളിൽ പൊതുജനശ്രദ്ധയാകർഷിച്ചിരുന്നതുമാണ്. കൂടാതെ ഒരുദിവസംതന്നെ നിരവധി പ്രദർശനങ്ങളുള്ളതിനാൽ ആനകൾക്ക് വളരെയേറെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്നതും അതുമൂലം അവ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അരക്ഷിതത്വവുമൊക്കെ പരാതികൾക്ക് കാരണമായി. അതിനുശേഷം ആനകളോടുള്ള സമീപനങ്ങൾക്കു വളരെയേറെ മാറ്റം വന്നുവെന്നാണ് പറയപ്പെടുന്നത്.)


Thursday, October 16, 2025

കിഴക്കനേഷ്യൻ മരതകമണികൾ - 2

 2 . കടുവയെ കിടുവ പിടിച്ചാൽ 

============================

മുമ്പ്  സയാം എന്നറിയപ്പെട്ടിരുന്ന തായ്‌ലൻഡിലെ കാഴ്ചകളിലേക്കാണ് ഞങ്ങൾ ഇറങ്ങുന്നത് .   ആദ്യംപോകുന്നത് 'ശ്രീരാച്ച  ടൈഗർ ടോപിയ' എന്ന കടുവസംരക്ഷണകേന്ദ്രത്തിലേക്കാണ്.  'ശ്രീരാച്ച ടൈഗർ സൂ' എന്നാണിത് മുമ്പറിയപ്പെട്ടിരുന്നത്.  ബസ്സിൽ ഏകദേശം അരമണിക്കൂറോളം യാത്രചെയ്താണ് അവിടെയെത്തിയത്.  പ്രധാനോദ്ദേശ്യം കടുവയോടൊപ്പം ഫോട്ടോ എടുക്കുക എന്നതാണ്. അതിനു  ടിക്കറ്റ് എടുക്കേണ്ടതുണ്ട്‌. വേണമെങ്കിൽ സിംഹത്തോടൊപ്പമോ മുതലയോടൊപ്പമോ ഒക്കെയാവാം. പക്ഷേ ഞങ്ങളുടെ ടിക്കറ്റ് കടുവയ്‌ക്കൊപ്പമായുള്ളതാണ്. ഒരുമുറിയിൽ ഉയർത്തിക്കെട്ടിയ പ്ലാറ്റ്ഫോമിൽ ഒരു വലിയ ബംഗാൾകടുവയെ ചങ്ങലയുമായി ബന്ധിച്ചു കിടത്തിയിട്ടുണ്ട്. അവനെ (അതോ അവളെയോ) തൊട്ടുതലോടാം, കെട്ടിപ്പിടിക്കും, വാലിൽപിടിക്കാം, അതൊക്കെ ചിത്രങ്ങളോ വിഡിയോയോ ആക്കി എടുക്കുകയും ചെയ്യാം.  മൊബൈൽ കൊടുത്താൽ  കടുവകൾക്കൊപ്പംനിൽക്കുന്ന  മൃഗശാലാജോലിക്കാർ അതൊക്കെ ചെയ്തോളും.  ഞങ്ങളിരുവരും  ഊഴമെത്തിയപ്പോൾ ഒന്നിച്ചുതന്നെ ഉള്ളിൽക്കയറി. ഒരു തടിയൻ ബംഗാൾ കടുവയുടെ പുറത്തുതലോടുന്നതും അവന്റെ വലിൽപ്പിടിക്കുന്നതുമൊക്കെയായായി ജോലിക്കാർ ഫോട്ടോയും വിഡിയോയും എടുത്തുതന്നു. തലയിൽ തൊടരുതെന്നു മുന്നറിയിപ്പും തന്നിരുന്നു. ആക്രമണകാരികളായ വ്യാഘ്രങ്ങളെ എങ്ങനെയാണിങ്ങനെ ശാന്തരാക്കിവെച്ചിരിക്കുന്നതെന്നു അതിശയം തോന്നും. അധികസമയമൊന്നും അതിനുള്ളിൽ നില്ക്കാൻ അനുവദിക്കില്ല. വേഗംതന്നെ പുറത്തേക്കു വിടും. അടുത്ത സന്ദർശകർ തിരക്കുകൂട്ടി നിൽക്കുന്നുണ്ടാവും. 


രാവിലെ 9  മണിമുതൽ   വളരെ തിരക്കുള്ളതിനാൽ ആദ്യംതന്നെ ടിക്കെറ്റ് എടുത്തില്ലെങ്കിൽ പിന്നീട് ഒരുപാട്സമയം കാത്തുനിൽക്കേണ്ടിവരും. ഞങ്ങൾക്ക് സമയം വളരെക്കുറവാണ്. അതിനാൽ ആദ്യംതന്നെ എടുത്തിരുന്നു. എങ്കിലും അവിടെ അപ്പോൾത്തന്നെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു.  ഈ ഫോട്ടോ സെഷൻ  അല്ലാതെ മറ്റുപല കാര്യങ്ങളും ഇവിടെ ചെയ്യാനുണ്ട്. സിംഹത്തോടൊപ്പവും ഫോട്ടോ എടുക്കാം. കടുവ, സിംഹം, മുതല മുതലായ മൃഗങ്ങൾക്കു തീറ്റ കൊടുക്കൽ, മൃഗങ്ങളുടെ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവയ്ക്കു പാലുകൊടുക്കലും താലോലിക്കലും, മൃഗങ്ങളോടൊപ്പമുള്ള നടത്തം, ആനപ്പുറത്തുകയറിയുള്ള യാത്ര. എന്നിങ്ങനെ ഈ പട്ടിക നീളുന്നു. കൂടാതെ പരിശീലനം നേടിയ  മൃഗങ്ങളുടെയും പക്ഷികളുടെയും  വ്യത്യസ്തപ്രകടനങ്ങളുമുണ്ട്. നമ്മൾ എന്തൊക്കെ ചെയ്യുന്നു എന്നതിനനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ. ഒന്ന് ചുറ്റിനടന്നു കാണുകയുമാവാം. 


ഫോട്ടോസെഷനുശേഷം ഞങ്ങൾ അവിടെയൊക്കെ ഒന്ന് ചുറ്റിനടന്നു കണ്ടു. സിംഹങ്ങളും മുതലകളും മറ്റു മൃഗങ്ങളും പക്ഷികളും   ഒക്കെയുണ്ട്. കൂടുതൽസമയം അവിടെ ചെലവഴിക്കാൻ കഴിയുമായിരുന്നില്ല. അന്നുതന്നെ പട്ടായ എന്ന പ്രസിദ്ധമായ(അതോ കുപ്രസിദ്ധമോ) നഗരത്തിലേക്ക് പോകേണ്ടതുണ്ട്. പോകുന്നവഴിക്ക് 'നൂങ് നൂച്ച്' എന്നുപേരായ ഒരു ഗ്രാമത്തിലേക്ക് പോകണം. അവിടെനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം കാഴ്ചകൾകണ്ട്‌, അവിടെ അവതരിപ്പിക്കാറുള്ള പരമ്പരാഗതനൃത്തവും ആനകളുടെ പ്രകടനവും പിന്നീട് ഒരു ട്രാം യാത്രയും നടത്തിയശേഷം പാട്ടായയിലേക്കു പോകാനാണ് പദ്ധതി. അവിടെയാണ് രണ്ടുദിവസത്തെ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. 


ഏതാണ്ട് ഒരുമണിക്കൂറോളം യാത്രയുണ്ട് നൂങ് നൂച്ച് ഗ്രാമത്തിലേക്ക്. ഈ യാത്രയിലാണ് ഞങ്ങൾ പരസ്പരം പരിചയപ്പെടുന്നത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവരാണ് സഹയാത്രികർ. കുടുംബമായിവന്നവരും ഒറ്റയ്ക്കുള്ളവരും ഉണ്ട്. ചിത്രകലയിൽ അതിപ്രശസ്തരായ ഫ്രാൻസിസും ഭാര്യ ഷേർളിയും ഇക്കൂടെയുണ്ടായിരുന്നു. ഫ്രാൻസിസ് സാറിന് പറയാൻ ഔദ്യോഗികജീവിതത്തിലെ കഥകളും ഒരുപാടുണ്ടായിരുന്നു. ഞങ്ങളേവരും അതുകേൾക്കാൻ കാതുകൂർപ്പിച്ചിരുന്നു. പിന്നീട് ഗൈഡ് ആനി നൂങ് നൂച്ചിനെക്കുറിച്ച് വാചാലയായി. ഏഷ്യാവൻകരയിലെതന്നെ  ഏറ്റവുംവലിയ  ഉഷ്ണമേഖലാസസ്യോദ്യാനമാണിത്. അറുനൂറേക്കറിലധികം വിസ്തൃതിയുള്ള ഉദ്യാനമാണിത്. അതിന്റെ ചരിത്രം ഇങ്ങനെ:-


1954 ൽ ഖുൻ പിസിറ്റും അദ്ദേഹത്തിന്റെ പത്നി നൂങ് നൂച് ടാന്സാച്ചയും ചേർന്ന് ഫലവൃക്ഷത്തോട്ടം വളർത്തിയെടുക്കാനായി പട്ടായയ്ക്കടുത്തുള്ള ഒരു മലമ്പ്രദേശത്ത്  600 ഏക്കർ സ്ഥലം വാങ്ങി. വിദേശരാജ്യങ്ങലിലൊക്കെ സന്ദർശനത്തിനുപോയപ്പോൾ അവിടെയൊക്കെക്കണ്ട പുഷ്പോദ്യാനങ്ങളും മറ്റും നൂങ് നൂച്ചിനെ ഹഠാദാകർഷിച്ചു.  അതിനാലാവാം തങ്ങളുടെ തീരുമാനം മാറ്റി  അവർ അത്   സസ്യവൈവിധ്യമുള്ളൊരു സുന്ദരോദ്യാനമാക്കി മാറ്റാൻ തീരുമാനിച്ചത്. അതിൽത്തന്നെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പലവിധത്തിലുള്ള സൗകര്യങ്ങളും ഒരുക്കിയെടുത്തു. 1980 ൽ അത് പൊതുജനത്തിനായി തുറന്നുകൊടുക്കുമ്പോൾ ബൃഹത്തായൊരു സസ്യോദ്യാനം എന്നതിനപ്പുറം താമസസൗകര്യവും നീന്തൽക്കുളവും ഭക്ഷണശാലകളും കലാസാംസ്കാരികപ്രവർത്തനങ്ങൾക്കുള്ള വിശാലവേദിയും സെമിനാർഹാളുകളും ഒക്കെ അവിടെ ഒരുങ്ങിയിരുന്നു. പിന്നീട് അവരുടെ പുത്രൻ കാംപോൻ താന്സാച്ച ഈ ഉദ്യാനത്തിന്റെ പ്രവർത്തനത്തിന്റെ ചുക്കാൻ ഏറ്റെടുക്കുകയുണ്ടായി. ഇന്നത് തായ്‌ലൻഡിലെ ഏറ്റവും പൊതുജനശ്രദ്ധയാകർഷിച്ച ഒരുകേന്ദ്രമായി മാറിയിട്ടുണ്ട്. ലോകത്തിലെതന്നെ ഏറ്റവും സുന്ദരമായ പത്തുദ്യാനങ്ങളിൽ ഒന്ന് നൂങ് നൂച്ച് ഉദ്യാനമായിരിക്കും. 


















Thursday, August 14, 2025

ശബളം - ആമുഖം

 ''ശബളം' - പ്രതീക്ഷാഭരിതമായൊരു  സാഹിത്യസംരഭത്തിന്റെ സമയോചിതവും അർത്ഥപൂർണ്ണവുമായൊരു ചുവടുവയ്പ്പ്. വളരെ കുറഞ്ഞൊരു കാലയളവിൽ ലോകത്തിലെതന്നെ നാനാഭാഗങ്ങളിൽനിന്നു  നൂറുകവികളെ കണ്ടെത്തി അവരുടെ കവിതകൾ  സമാഹരിച്ച് ഒരു കവിതാസമാഹാരം എന്നൊരു സ്വപ്നം  സാക്ഷാത്കൃതമാകുമ്പോൾ ഈ ഓണക്കാലത്ത് ഫിലമെന്റ് കലാസാഹിത്യവേദിയുടെ ഇടുക്കിജില്ലാ യുണിറ്റ്  മലയാളസാഹിത്യമുറ്റത്തു തീർക്കുന്ന ശബളാഭമായൊരു കവിതപ്പൂക്കളമായ് മാറുന്നു എന്നത് ഏറെ കൗതുകകരമാകുന്നു. ഇതുകൊണ്ടുതന്നെയാവാം  ഈ കവിതാസമാഹാരത്തിനു നൽകിയിരിക്കുന്ന ശീർഷകം അത്രമേൽ അനുയോജ്യമായതും. 


മലയാളസാഹിത്യത്തെ ഹൃദയത്തോടു ചേർക്കുന്ന ഒരുപിടി എഴുത്തുകാരുടെ സ്വപ്നസാക്ഷാത്‍കാരംകൂടിയാണ് 'ശബളം'. കവിതാസമാഹാരത്തിലെ വിവിധങ്ങളായ സൃഷ്ടികളുടെ ഗുണദോഷവിചിന്തനമല്ല ഈ ആമുഖക്കുറിപ്പിലൂടെ ഞാൻ ലക്ഷ്യമാക്കുന്നത്.  വ്യത്യസ്തമായ ചിന്താസരണികളുടെ, തികച്ചും സ്വതന്ത്രവും സുതാര്യവുമായ ആവിഷ്‌കാരസൗന്ദര്യം വ്യക്തമാക്കുന്ന ഈ കവിതകൾ ഓരോന്നും  സമാഹാരത്തിനു രൂപവും ജീവനും നൽകുമ്പോൾ അത്തരമൊരു സാഹസത്തിനു മുതിരുന്നതുതന്നെ നിരർത്ഥകം. 'ശിശുക്കളെപ്പോലെ ചെറുതാകാനാവാത്തവർക്ക് ദൈവരാജ്യത്തിലെന്നപോലെ കവിതയിലും പ്രവേശനമില്ല' എന്ന മഹദ്വചനം ഇവിടെ വളരെ പ്രസക്തവുമാണ്. 


ആധുനികകവിതാലോകത്തിന്റെ ഒരു പരിച്ഛേദമായെടുക്കാവുന്ന സമാഹാരത്തിലെ  ഈ കവിതകളിൽ ജീവിതമുണ്ട്, മരണമുണ്ട്‌, ആനന്ദവും  പ്രണയവും വിരഹവും അന്തരാത്മാവിലെരിയുന്ന കനലുമുണ്ട്, സമൂഹവും സാമൂഹികപ്രശ്നങ്ങളുമുണ്ട്,   കാലവും പ്രകൃതിയുമുണ്ട്. കവികൾ എല്ലാം നിരീക്ഷിക്കുന്നത് ഒരേസമയം ഐന്ദ്രികവും അതിനതീതമായ ഭാവുകത്വത്തിന്റെ ഹൃദയഭാഷയിലുംകൂടിയാണ്. അവ അക്ഷരങ്ങളിലൂടെ രൂപമെടുത്ത് അനുവാചകഹൃദയങ്ങളിലേക്ക് അനുഭൂതിയുടെ നിലാവൊളി വീശുമ്പോൾ കവിയുടെ ദൗത്യം പൂർണ്ണമാകുന്നു.  


എട്ടാം ക്‌ളാസ്സ് വിദ്യാർത്ഥിമുതൽ എല്ലാ  പ്രായവിഭാഗത്തിലുമുള്ള കവികളുടെ സാന്നിധ്യമാണ് ഈ സമാഹാരത്തിന്റെ മറ്റൊരു സവിശേഷത. കുട്ടികളുടെ   എടുത്തുപറയേണ്ട ചില രചനകൾ പരാമർശിക്കപ്പെടാതെപോയാൽ ഒരു പോരായ്മയുമാകും. ആകാശ് എന്ന എട്ടാംക്ലസ്സുകാരന്റെ 'യാത്ര' എന്ന കവിത വരികൾക്കിടയിലൂടെ വായന ആവശ്യപ്പെടുന്നൊരു   രചനയാണ്‌.  'ഒരു കൊച്ചു സ്വപ്നം' എന്ന കവിതയിലൂടെ   പാർവ്വതി ശ്യാം എന്നൊരു കവിയെ മലയാളഭാഷയ്ക്ക് വാഗ്ദാനമായി ലഭിച്ചിരിക്കുന്നു എന്നതും  ഏറെ അഭിമാനകരം. കൂടാതെ  ആഗ്നസ് സജി, വൈഷ്ണവി ശ്രീശൻ എന്നിവരും  സ്‌കൂൾമുറ്റം കടന്നുപോകാത്ത പ്രതിഭകൾതന്നെ. 


മലയാളകവിതയിൽ കഴിഞ്ഞദശകങ്ങളിൽ വന്നുഭവിച്ചിരിക്കുന്ന രൂപഭാവങ്ങളിലെ പരിണാമങ്ങൾ  ഈ സമാഹാരത്തിലും വളരെ സ്പഷ്ടമാണ്. മാറ്റങ്ങളാണല്ലോ എക്കാലവും പുരോഗതിയിലേക്കുള്ള പാത നിജപ്പെടുത്തുന്നത്. അതോടൊപ്പംതന്നെ ഒരു ദേശത്തിന്റെ, സമൂഹത്തിന്റെ  സംസ്കാരത്തെ നിർണ്ണയിക്കുന്നതിൽ ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പ്രാധാന്യം വളരെ ഗൗരവമുള്ളതുതന്നെ.    ദേശസംസ്കൃതി നിലനിറുത്തുവാൻ സാഹിത്യത്തിന് എത്രവലിയ പങ്കാണുള്ളതെന്നറിയുന്ന, സമകാലികസമൂഹത്തിലെ ഉദാത്തമായ സാംസ്കാരികബോധമുള്ള ഒരുപിടിയാളുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമായ ഈ കൃതി  മലയാളഭാഷാസാഹിത്യഖനിയിലെ ശബളാഭമായൊരു രത്നമാല്യമാകുമെന്നതിൽ സംശയമേതുമില്ല.  

................മിനി മോഹനൻ 


Friday, January 17, 2025

metro mirror January edition

 സ്ത്രീശരീരവും കോലാഹലങ്ങളും 

===========================

ദശകങ്ങൾക്കുമുമ്പ് കേരളത്തിന്റെ ഏതൊരു മുക്കിലും മൂലയിലും പൂവാലന്മാർ എന്നൊരു പ്രത്യേകവിഭാഗത്തിന്റെ അഴിഞ്ഞാട്ടംതന്നെ അരങ്ങേറിയിരുന്നു. പെൺകുട്ടികളും സ്ത്രീകളും ഇവരുടെ 'കമന്റടി'യിൽ വളരെയേറെ മാനസികവിഷമതകൾ അനുഭവിച്ചുപോന്നിരുന്നു. അതിന്റെപേരിൽ നടന്നിട്ടുള്ള കലഹങ്ങൾക്കു  കൈയ്യും കണക്കുമില്ല. വളരെയപൂർവ്വമായെങ്കിലും ആത്മഹത്യകളും- കൊലപാതകങ്ങൾപോലും   നടന്നിട്ടുണ്ട് എന്നത് അതെത്രത്തോളം ജുഗുപ്സാവഹമായൊരു പ്രവൃത്തിയായിരുന്നുവെന്നു നമുക്കു വെളിപ്പെടുത്തിത്തരുന്നു. ബോഡി ഷെയ്മിങ് എന്നു നമ്മളിന്ന് വിളിക്കുന്ന അപകീർത്തിപ്രസ്താവനകളയിരുന്നു അവയിൽ അധികവും. ഇക്കാലത്ത് ആ കലാപരിപാടി കുറച്ചു രൂപമാറ്റത്തോടെ  സോഷ്യൽമീഡിയകളിലേക്കു സ്ഥാനഭ്രംശം ചെയ്യപ്പെട്ടിരിക്കുന്നതായിക്കാണം.  ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവമോ അപര്യാപ്തതയോ ആണ് ഇത്തരത്തിലുള്ള സാംസ്കാരികാപചയത്തിന്റെ മൂലകാരണമെങ്കിലും അതിലൂടെമാത്രം ഇത്തരം പ്രവൃത്തികളെ തുടച്ചുനീക്കാനാവില്ലതന്നെ. ശരീരവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ലൈംഗികത ഇല്ലാതെയാക്കുന്നതിനും, പൂര്‍ണ്ണ വൃക്തിത്വത്തിന്റേയും സ്‌നേഹത്തിന്റേയും പങ്കാളിത്തമുള്ള ലൈംഗികത സ്ഥാപിക്കുന്നതിനും കഴിയുന്നതിലൂടെയേ ഈ ചിത്രത്തിന് മാറ്റമുണ്ടാവൂ. 


മറ്റേതൊരു സസ്തനികളെയും പോലെ മനുഷ്യനിലും ആൺ-പെൺ ശരീരങ്ങളിലെ അവയവങ്ങളിൽ- വിശിഷ്യാ പ്രതിയുല്പാദനവുമായി  ബന്ധപ്പെട്ട അവയവങ്ങളിൽ  പ്രകടമായ വ്യത്യാസങ്ങളുണ്ട്. പക്ഷേ മനുഷ്യരിൽ മാത്രം സ്ത്രീശരീരത്തിനും ശരീരാവയവങ്ങൾക്കും എന്തുകൊണ്ടായിരിക്കും തങ്ങളുടെ എതിർലിംഗക്കാരിൽ ലൈംഗികാവശ്യത്തിനു മാത്രമുള്ളൊരു വസ്തുവെന്നപോലൊരു തോന്നലുണ്ടാവാൻ  

കാരണം! സ്ത്രീയുടെ നഗ്നതയും ലൈംഗീകതയും ഒന്നാണെന്നുപോലും പുരുഷൻ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നൊരു തോന്നലുണ്ടാവുന്നു ഇന്നത്തെ പുരുഷന്മാരുടെ, പ്രത്യേകിച്ച് മലയാളികളായ പുരുഷന്മാരുടെ, പല ചെയ്തികളും കാണുമ്പോള്. ചിന്താശക്തിയും ബുദ്ധിശക്തിയുമൊക്കെയുണ്ടെന്നു നാം സ്വയം അഹങ്കരിക്കുമ്പോഴും ഈ ഒരു വിരോധാഭാസത്തെ നമുക്കെങ്ങനെയാണ് ജാള്യം കൂടാതെ നേരിടാനാവുന്നത്! 


സ്ത്രീകൾ തങ്ങളുടെ ശരീരം മൂടിപ്പൊതിഞ്ഞുവെച്ചിരിക്കുന്നതുകൊണ്ടാണ് പുരുഷനിൽ അതു കൂടുതൽ കൗതുകം ജനിപ്പിക്കാൻ ഇടയാക്കുന്നതെന്നൊരു വിശദീകരണം കേൾക്കാറുണ്ട്. പക്ഷേ താരതമ്യം ചെയ്താൽ മനസ്സിലാകുന്നത് സ്ത്രീകളെക്കാൾ കൂടുതൽ മെച്ചമായി  ശരീരം മറച്ചിരിക്കുന്നത് പുരുഷന്മാരാണെന്നാണ്. പക്ഷേ സ്ത്രീകൾ ഒരിക്കലും  പുരുഷന്റെ നഗ്‌നത കണ്ടാൽ നിയന്ത്രണം ഇല്ലാതാവുന്നവരല്ല. ഈ വിഷയത്തിൽ  പഠനങ്ങൾ പലതും നടന്നിട്ടുണ്ടെങ്കിലും  ഇപ്പോഴും വ്യക്തമായൊരു പഠനഫലം പുറത്തുവന്നിട്ടില്ലതന്നെ. പുരുഷനു ലൈംഗികചോദന കണ്ണിലൂടെയും സ്ത്രീക്ക് അത് തലച്ചോറിലൂടയുമാണെന്ന വാദം കേൾക്കാറുണ്ട്. അതൊന്നും ഈ പ്രശ്‌നത്തിന് സാധൂകരണം നൽകുന്നില്ല. വസ്ത്രത്തിനുള്ളിൽ എല്ലാവരും നഗ്നർതന്നെ. അഥവാ വസ്ത്രംതന്നെ സ്വാഭാവികമായ നഗ്നശരീരത്തെ അസ്വാഭാവികമായൊരു കൗതുകവസ്തുവാക്കി മാറ്റുന്നു എന്നു പറയേണ്ടിവരുന്നു. വിവസ്ത്രതയോ നഗ്‌നതയോ ഒക്കെ ലൈഗീകതക്കുവേണ്ടിയാണെന്നുള്ള തെറ്റിദ്ധാരണ സമൂഹത്തിൽത്തന്നെ രൂഢമൂലമാക്കപ്പെട്ടിരിക്കുന്നു. ഏറെ പരിശ്രമിച്ചാൽമാത്രമേ ഈ ഒരു ദുരവസ്ഥയെ നമുക്ക് തരണംചെയ്യാൻ കഴിയുകയുള്ളു. 


മറ്റൊരു ഗൗരവമേറിയപ്രശ്നം കാലാകാലങ്ങളായി സ്ത്രീശരീരത്തെ, സ്ത്രീയെത്തന്നെ, വെറുമൊരു ഉപഭോഗവസ്തുവായിക്കാണുന്ന പുരുഷമനോവൈകല്യമാണ്. പുരുഷശരീരത്തിനില്ലാത്ത ഒരു ലൈംഗികബാധ്യതതന്നെ സ്ത്രീയുടെ ശരീരത്തിൽ അടിച്ചേല്പിക്കപ്പെട്ടിരിക്കുകയാണ്. പെണ്‍ശരീരം ജന്മംമുഴുവന്‍ ലൈംഗികതയുടെ ഭാരവും പേറി നടക്കേണ്ടി വരുന്നു എന്നത് വളരെ ദയനീയമാണ്. മനുഷ്യചരിത്രത്തിന്റെ ആരംഭം മുതൽ വസ്ത്രം ഉണ്ടായിരുന്നിരിക്കില്ലല്ലോ. ചരിത്രവഴികളിലെവിടെയോവെച്ച് പല കാരണങ്ങളാൽ  ശരീരം ഭാഗികമായോ പിന്നീട് മുഴുവനായോ ഒക്കെ വസ്ത്രാവൃതമാക്കപ്പെടുകയായിരുന്നു. പക്ഷേ അപ്പോഴും അത് സ്ത്രീശരീരത്തിനാണ് കൂടുതൽ ഊന്നൽ കൊടുത്തിരുന്നത്. പുരുഷൻ അല്പവസ്ത്രധാരിയാണെങ്കിൽപോലും അതൊരിക്കലും അശ്ലീലമായോ സംസ്കാരശൂന്യതയായോ നമ്മൾ കാണുന്നില്ല. ക്ഷേത്രങ്ങളിലുംമറ്റും പൂജാരിമാർ മേൽവസ്ത്രം ധരിക്കാറില്ലല്ലോ. ദർശനത്തിനെത്തുന്ന പുരുഷന്മാരും മേൽവസ്ത്രം ഉപയോഗിക്കാറില്ല.  (അതും ഇപ്പോൾ ഒരു പ്രധാനചർച്ചാവിഷയമായിരിക്കുന്നു എന്നത് ആശാവഹംതന്നെ). 


മറ്റൊരു കൗതുകകരമായകാര്യം നഗ്നത മാത്രമല്ല,  സ്ത്രീകളുടെ  അടിവസ്ത്രങ്ങൾപോലും പുരുഷനു ഉത്തേജകമാകുന്നു എന്നതാണ്. അത് കഴുകിയുണക്കാൻ പുരുഷന്റെ കൺവെട്ടത്തുനിന്ന് മാറിയുള്ളൊരു സ്ഥലം കണ്ടെത്തേണ്ട ഗതികേടിലാണ് സ്ത്രീകൾ. സ്ത്രീയുടെ സ്വാഭാവികമായ ശരീരചേഷ്ടകള്‍ക്കും അംഗചലനങ്ങള്‍ക്കും വരെ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും നൽകി അവരെ മുൾമുനയിൽ നിലർത്തുന്നു.  നിൽപ്പും ഇരിപ്പും കിടപ്പുമെല്ലാം ദുർവ്യാഖ്യാനംചെയ്തു സ്വൈര്യം കെടുത്തുന്ന വളരെ ദയനീയമായ സ്ഥിതി. ഒരു പുരുഷന്റെ ലൈംഗികാക്രമണത്തിനു സ്ത്രീ വിധേയമാകേണ്ടിവന്നാൽ അതവളുടെ വസ്ത്രധാരണരീതികൊണ്ടോ മറ്റേതെങ്കിലും അപാകതകൊണ്ടാണെന്നു വരുത്തിത്തീർക്കാൻ സ്ത്രീകളുൾപ്പെടെയുള്ള ഭുരിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങും.


 

ഇത്തരം വികലചിന്തകളും പെരുമാറ്റങ്ങളുമൊക്കെ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. പുരാണങ്ങളിൽപോലും സ്ത്രീയുടെ വസ്ത്രത്തിനുള്ള പ്രാധാന്യം മുനിമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഗംഗാദേവിയുടെ വസ്ത്രം കാറ്റിൽപാറി  മാറിയപ്പോൾ ആ നഗ്നത ആസ്വദിച്ചുനിന്ന മഹാഭിഷയും അതിനനുവദിച്ച ഗംഗയും ബ്രഹ്മാവിന്റെ ശാപമേറ്റു ഭൂമിയിൽ ശന്തനുവും ഗംഗാദേവിയുമായി മനുഷ്യരായി പിറന്ന കഥ ഉദാഹരണം.   പാണ്ഡവരെ അവഹേളിക്കാൻ പാണ്ഡുപുത്രന്മാരുടെ വസ്ത്രമല്ല, മറിച്ച് അവരുടെ പത്നിയായ പാഞ്ചാലിയുടെ വസ്ത്രമാണ്  ദുശ്ശാസനന്‍ അഴിച്ചുമാറ്റുന്നത്. വസ്ത്രാക്ഷേപം പുരുഷനെ  സംബന്ധിച്ചിടത്തോളം മനനഷ്ടമുണ്ടാക്കുന്ന കാര്യമേയല്ല. മറിച്ച് സ്ത്രീയുടേതാണെങ്കിൽ അവൾക്കുമാത്രമല്ല, പിതാവ്, സഹോദരൻ, ഭർത്താവ് മുതലായ പുരുഷകുടുംബാങ്ങള്ക്കും അത് മാനഹാനിയുണ്ടാക്കും. അതുകൊണ്ടുതന്നെ അതിനിടയാവാതിരിക്കാനുള്ള ഉത്തരവാദിത്വവും അവരിൽ നിക്ഷിപ്തമായിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അതവർ സൗകര്യപൂർവ്വം മറന്നുപോകുന്നു. 


ശരീരഘടനയിലുള്ള സ്വാഭാവികമായ  ചില സവിശേഷതകൾ കാരണവും പലപ്പോഴും സ്ത്രീകൾ പരസ്യമായി അവഹേളിക്കപെടാറുണ്ട്. അടുത്തകാലത്തെ ചിലസംഭവങ്ങൾതന്നെ ഉത്തമോദാഹരണം. നമ്മുടെ നാട്ടിൽ മാത്രമല്ല, യൂറോപ്പിലും  ഇത്തരം മനോവൈകല്യങ്ങൾ ഉണ്ടെന്നുകാട്ടിത്തരുന്ന ഹൃദയഭേദകമായ  കഥയാണ് സാറ ബാർട്ട്മാൻ എന്ന ആഫ്രിക്കൻ അടിമസ്ത്രീയുടെ ജീവിതം. സ്റ്റെറ്റോപൈജിയ എന്ന അവസ്ഥമൂലം ആ സ്ത്രീയുടെ  നിതംബം അസാധാരണമാംവിധം വലുപ്പമാർജ്ജിച്ചതായിരുന്നു. അവളുടെ ശരീരത്തെ ഒരു കാഴ്ചവസ്തുവാക്കിമാറ്റി ധനസമ്പാദനത്തിനുപയോഗിച്ചത് വിദ്യാസമ്പന്നനായ ഒരു ഡോക്ടർ ആയിരുന്നു എന്നത് എത്ര ലജ്‌ജാവാഹമാണ്! ശരീരാവയവങ്ങളുടെ അമിതവളർച്ചയോ  വൈകല്യങ്ങളോ ഒക്കെ പരിഹാസഹേതുവാകുന്നത്  നമ്മുടെ നാട്ടിലും സാധാരണമാണ് . പക്ഷേ  അതൊന്നും പരിഹസിക്കപ്പെടുന്നവരുടെ  തെറ്റല്ല. സംസ്കാരമുള്ള ഒരു മാനസികാവസ്ഥയെ രൂപപ്പെടുത്താൻ ഓരോരുത്തരും  സന്നദ്ധമാവുക മാത്രമാണ് ഇതിനൊരു പരിഹാരം. സ്വന്തം സാമൂഹികപശ്ചാത്തലങ്ങളിൽനിന്നോ വിദ്യാലയങ്ങളില്നിന്നോ അതാർജ്ജിക്കാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും മനോരോഗവിദഗ്ധന്മാരുടെയോ കുറഞ്ഞപക്ഷം ഒരു മനഃശാസ്ത്രജ്ഞന്റെയെങ്കിലും  സേവനം സ്വീകരിക്കേണ്ടതാണ്. അതിനു കഴിയുന്നില്ലെങ്കിൽ ഇനിയും ബൊചേമാരുടെ അപഹസിക്കലുകൾക്ക് ഹണിറോസ്‌മാർ ഇനിയുമിനിയും ഇരകളാകേണ്ടിവരും. 
















Saturday, November 23, 2024

 


സാക്ഷി 

#കാവ്യകേളി 7

പവിത്രമാകുമീ  പ്രപഞ്ചരഥ്യയിൽ 

പ്രാണനീവിധം ഗമിക്കമാത്രയിൽ

പരംപൊരുൾമാഞ്ഞു താമസ്സിലാഴവേ 

പരമഹം ജ്യോതിസ്ത ദസ്മി പ്രഭോ!


#സാക്ഷി

#കാവ്യകേളി -8.

ഔഷധമെന്നും ഹരിക്കുന്നു വ്യാധിയെ. 

അന്നപാനീയങ്ങളകറ്റും പൈദാഹത്തെ. 

അജ്ഞതയാകുമിരുട്ടകറ്റാൻ   വേണം 

സർവ്വേ സുഹൃൽ പുസ്തകം!