കിഴക്കനേഷ്യൻ മരതകമണികൾ - 17
==============================
17.ഹലോങ് ബേ
--------------------
ഇന്ന് ഈ യാത്രയുടെ ഏഴാംദിവസമാണ്. രാവിലെ ഉണർന്നപ്പോൾ രണ്ടുപേർക്കും പനിയും ശരീരവേദനയുമൊക്കെയാണ്. പ്രഭാതഭക്ഷണത്തിനുശേഷം മരുന്നുകൾ കഴിച്ചു. എട്ടുമണിയായപ്പോൾ ഹോട്ടലിനോട് വിടപറഞ്ഞു ബസ്സിൽ യാത്രതുടങ്ങി. ഏതാണ്ടെല്ലാവരുടെയും ആരോഗ്യസ്ഥിതി അത്ര നല്ലതായിരുന്നില്ല. ചിലരൊക്കെ മരുന്നുകഴിക്കില്ല എന്ന് ദുർവാശിയുമായിരിക്കുന്നുണ്ടായിരുന്നു. ഇത്തരം യാത്രകളിൽ ഈവക ദുർവാശികൾ നന്നല്ല. അസുഖം രൂക്ഷമായാൽ അത് മറ്റുള്ളവരെയും ബാധിക്കുമെന്ന സാമാന്യതത്വം ഓർമ്മിക്കേണ്ടതല്ലേ.
ഇന്ന് ഹലോങ് ബേയിലേക്കാണ് പോകേണ്ടത്. അവിടേക്ക് മൂന്നുമണിക്കൂർ യാത്രയുണ്ട്. വിയറ്റ്നാമിന്റെ ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിയിടങ്ങളും നദികളും പുഴകളുമൊക്കെക്കടന്നു ബസ്സ് ഓടിക്കൊണ്ടിരുന്നു. ഹലോങ് ബേ ഏറെ സവിശേഷതകളുള്ള ഒരുൾക്കടൽഭാഗമാണ്. യുനെസ്കോയുടെ ലോകപൈതൃക സ്ഥലമാണിത്. ഗൾഫ് ഓഫ് ടോങ്കിനിൽ ചിതറി കിടക്കുന്ന ആയിരത്തിഅഞ്ഞൂറോളം കൊച്ചു കൊച്ചു ദ്വീപുകളാണ് ഇവിടത്തെ കാഴ്ച. വിയറ്റ്നാമിന്റെ വടക്കുകിഴക്കു ഭാഗത്തായി നീലകാശത്തിന് കീഴെ ഉൾക്കടലിലെ ഗഹനമായ ജലപ്പരപ്പിൽ ചിതറികിടക്കുന്ന ഹരിതകഞ്ചുകമണിഞ്ഞ ചുണ്ണാമ്പുപാറമലകൾ. പച്ച തുരുത്തുകൾക് താഴെ പ്രകൃതി ഒരുക്കിയ നിഗൂഢമായ ഗുഹകൾ. ആരുടെയും ഹൃദയം കവരുന്ന, വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗികൾക്കു പേർപെറ്റ ഈ ഉൾക്കടൽപ്രദേശത്ത് ഒരു ക്രൂസ് ഷിപ്പിൽ ഒരു ദിവസം തങ്ങണം. ഈ പാറമലകൾക്കിടയിലൂടെ സഞ്ചരിച്ച് ഈ അദ്‌ഭുതങ്ങൾകണ്ടു മനസ്സുനിറയണം.
'ലാ റെജീന' എന്നു പേരായ ക്രൂസ് ഷിപ്പിലാണ് ഞങ്ങളുടെ യാത്രയും താമസവും ഏർപ്പാടാക്കിയിരിക്കുന്നത്. പതിനൊന്നുമണിയോടെ 'തുവാൻ ചാവു മറീന' എന്ന പോർട്ടിലെത്തി. അവിടെനിന്നു സ്പീഡ്ബോട്ടിലാണ് ഷിപ്പിലെത്തിക്കുന്നത്. പന്ത്രണ്ടുമണികഴിഞ്ഞപ്പോൾ ക്രൂസിൽ ചെക്ക് ഇൻ ചെയ്തു. ഒന്നാം നിലയിലായിരുന്നു ഞങ്ങളുടെ മുറി. വിശാലമായ മുറിയും ബാത്ത് ഏരിയയും പിന്നെ ഒരു ഓപ്പൺ ബാൽക്കണിയും. ബാല്കണിയിലേക്കിറങ്ങിയാൽ ജലപ്പരപ്പിലൂടെ ഒഴുകിനടക്കുന്ന കച്ചവടബോട്ടുകൾ അടുത്തേക്കുവരും. പഴങ്ങളും സ്‌നാക്‌സും വെള്ളവും പിന്നെ വേറെയും എന്തൊക്കെയോ സാധങ്ങൾ അവരുടെപക്കൽ വിൽക്കാനുണ്ട്. വാങ്ങാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. നല്ല തണുപ്പുണ്ടായിരുന്നതുകൊണ്ടു വേഗം അകത്തുകയറി വാതിലടച്ചു. മുഴുവൻ ഗ്ലാസ് ആയതുകൊണ്ട് പുറംകാഴ്ചകൾ വളരെ വ്യക്തമായി കാണാം. അവിടെനിന്നു 'ലാൻ ഹാ ബേ'യിലേക്ക് യാത്രതുടങ്ങി. ഉച്ചഭക്ഷണവും ക്രൂസിൽ തയ്യാറാക്കിയിരുന്നു. രണ്ടാം നിലയിലെ 'ലാ കൊറോണ' എന്ന വലിയ ഭക്ഷണശാലയിൽ വിയറ്റ്നാമിന്റെ തനിമയാർന്ന ഭക്ഷണവിഭവങ്ങളെല്ലാം നിരത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ഇന്ത്യൻ വിഭവങ്ങളും.
പിന്നീട് ചെറിയ ബോട്ടുകളിൽ പാറമലകൾക്കിടയിലൂടെ ഒരു യാത്ര. ഇത് ഭൂമിയിൽത്തന്നെയാണോ എന്നു തോന്നിപ്പോകും. മരതകവർണ്ണത്തിലെ ജലപ്പരപ്പും അതിനുമീതെ ഉയർന്നുനിൽക്കുന്ന കൽമേടുകളും പാറകളിൽ യുഗയുഗാന്തന്തരങ്ങളായി ജലമൊഴുകിയുണ്ടായ ഗുഹകളും കമാനങ്ങളുമൊക്കെ എത്രമാത്രം വിസ്മയജനകമെന്നു വാക്കുകളിൽ വർണ്ണിക്കാനാവുന്നില്ല. 'ഡാർക്ക് ആൻഡ് ബ്രൈറ്റ് കേവ്സ്' എന്നറിയപ്പെടുന്ന ചില ഗുഹകൾ വലിയചുണ്ണാമ്പുപാറകളിൽ തിരമാലകളടിച്ചു തേയ്മാനം സംഭവിച്ചു തുരങ്കംപോലെ രൂപംവന്നവയാണ്. അവയുടെ ആകൃതിയും അതിവിശേഷം. അതിലൂടെ ബോട്ടുകൾ കടന്നുവരുന്നത് വ്യത്യസ്തമായൊരനുഭവമാണ്. പ്രകൃതിയിലെ ഈ അദ്‌ഭുതസൃഷ്ടിയെക്കുറിച്ച് ഇന്നാട്ടുകാർക്കിടയിൽ ഒരു കഥ പ്രചരിക്കുന്നുണ്ട്.
വിയറ്റ്നാം എന്നരാജ്യം പിറവിയെടുത്തകാലത്ത് കടൽമാർഗം വന്ന് അയൽരാജ്യങ്ങൾ നിരന്തരം ആക്രമിക്കുകയും ജനങ്ങളുടെ സ്വൈര്യജീവിതംതന്നെ അതിനാൽ ധ്വംസിക്കപ്പെടുകയും ചെയ്തു. ഈ ദുർഗ്ഗതിയിൽനിന്നു തങ്ങളെ രക്ഷിക്കണമെന്ന് ചക്രവർത്തിയും ജനങ്ങളും ഒന്നായി ഇഷ്ടദൈവങ്ങളോടു പ്രാർത്ഥിച്ചു. തന്റെ ഭക്തരുടെ ദൈന്യസ്ഥിതി മനസ്സിലാക്കിയ ദൈവം ഒരു വ്യാളീമാതാവിനെയും അവരുടെ സന്താനങ്ങളെയും ഭൂമിയിലേക്കയച്ചു. ശത്രുക്കളുടെ കപ്പലുകൾ വരുന്നതുകൊണ്ട് ഈ വ്യാളികൾ തീ തുപ്പുകയും അവയെ ചുട്ടെരിക്കുകയും ചെയ്തു. വീണ്ടും ശത്രുക്കളുടെ കപ്പലുകൾ തീരത്തേക്കടുക്കാതിരിക്കാനായി വ്യാളികൾ മറ്റൊരു വിദ്യയാണ് പ്രയോഗിച്ചത്. അഗ്നിക്കുപകരം ധാരാളം മരതകക്കല്ലുകളും വൈഡൂര്യങ്ങളുമൊക്കെയാണ് വാർഷിച്ചത്. അവയൊക്കെ കടലിൽപതിച്ചശേഷം വളർന്നുയർന്നു പാറമലകളായിമാറി. അവയ്ക്കിടയിലൂടെ ശത്രുക്കളുടെ ജലയാനങ്ങൾക്കു കടന്നുവരാണാത്തവിധം ഒരു മതിൽക്കെട്ടുപോലെ ഈ മലകൾ നിലകൊണ്ടു. അപ്പോഴേക്കും ഈ സുന്ദരമായ സമുദ്രഭാഗത്തോട് അമ്മവ്യാളിക്ക് വല്ലാത്തൊരഭിനിവേശമായി. അവൾ അവിടെത്തന്നെ സ്ഥിരവസമാക്കുകയും ചെയ്തു. ഹാ ലോങ്ങ് എന്ന വിയറ്റ്നാം പദങ്ങൾക്കർത്ഥം വ്യാളി ഇറങ്ങിയയിടം എന്നാണ്. ( ഫ്രഞ്ചുകാർ ഇവിടെ ഭരിച്ചിരുന്നകാലത്ത് പലപ്പോഴായി കടൽത്തീരത്ത് ഡ്രാഗണുകളെ കണ്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ വാസ്തവം തെളിയിക്കപ്പെട്ടിട്ടില്ല)
ബോട്ട് യാത്രകഴിഞ്ഞു വീണ്ടും ക്രൂസിലെത്തി കുറച്ചു വിശ്രമിച്ചശേഷം ഏറ്റവും മുകൾനിലയിൽ ഡെക്കിലെത്തി. അതിഥികൾക്ക് ഇഷ്ടപാനീയങ്ങളുമായി ഒരു 'happy hour session ' നടന്നുകൊണ്ടിരിക്കുന്നു. കപ്പൽ ഓടിക്കൊണ്ടിരിക്കുമ്പോൾ , ചുറ്റുപാടുമുള്ള കാഴ്ചകളൊക്കെ ആസ്വദിച്ച് എത്രനേരംവെണമെങ്കിലും അവിടെനിൽക്കാൻ തോന്നും. വേറെയും ഒരുപാടു ക്രൂസ് ഷിപ്പുകളുണ്ട്, ബോട്ടുകളും. കുറേസമയം കാഴ്ചകണ്ടിരുന്നപ്പോൾ അവിടെയൊരു മേശയും കുറച്ചു പാത്രങ്ങളും എന്തൊക്കെയോ ചില പാചകസാമഗ്രികളുമൊക്കെ സജ്ജമാക്കുന്നതുകണ്ടു. വിദേശികൾക്കായി വിയറ്റ്നാമീസ് ഭക്ഷണത്തിന്റെ ഒരു പാചകപരിശീലനത്തിനുള്ള തയ്യാറെടുപ്പാണ്. ആർക്കുവേണമെങ്കിലും അതിൽ പങ്കുചേരാം. ക്രൂസ് ആക്ടിവിറ്റികളിൽ ഉൾപ്പെട്ടതാണിതൊക്കെ.
പരിശീലക വന്ന് ഒരു ബർണറിൽ എണ്ണ പകർന്ന ചീനച്ചട്ടി വെച്ചു. പാചകത്തിനുള്ള സാമഗ്രികൾ, പരിശീലിക്കാൻ വന്നവരുടെയൊക്കെ കൈകളിൽ കൊടുത്തു. നേർത്ത വെർമിസെല്ലി പോലെ എന്തോ ഒരു വസ്തുവും പച്ചക്കറികളും മാസവും സോസുകളും ഒക്കെയുണ്ട്. ചതുരക്കഷണങ്ങളായി മുറിച്ച ബട്ടർപേപ്പർപോലിരിക്കുന്ന റൈസ് പേപ്പറിൽ (അരിപ്പൊടിയും മരച്ചീനിപ്പശയും ചേർത്തുണ്ടാക്കുന്ന നേർത്ത ഷീറ്റ്), സൊസിൽമുക്കിയ മറ്റുസാധനങ്ങൾ കുറേശ്ശെയായി വെച്ചു പൊതിഞ്ഞു റോൾ ആക്കി തിളയ്ക്കുന്ന എണ്ണയിൽ വറുത്തുകോറും. അത്രയേ ഉള്ളൂ. പക്ഷേ സായിപ്പുമാരും മദാമ്മമാരും അതൊക്കെ നന്നായി ആസ്വദിച്ചു. വിദേശസഞ്ചാരികളെ ആകർഷിക്കാൻ നമ്മുടെ നാട്ടിലും കൊഴുക്കട്ടയുണ്ടാക്കാനും ഇടിയപ്പമുണ്ടാക്കാനും ദോശ ചുടാനുമൊക്കെ ക്‌ളാസ്സ് എടുക്കാവുന്നതല്ലേ എന്നായി എന്റെ ചിന്ത.
ക്‌ളാസ് കഴിഞ്ഞു ഉണ്ടാക്കിയ വിഭവങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. പിന്നെ രണ്ടാംനിലയിലെ റെസ്റ്ററന്റിൽപോയി വിഭവസമൃദ്ധമായ ഡിന്നർ കഴിച്ചു. അതിനുശേഷം ഒരു ചൂണ്ടയിടലും എന്തൊക്കെയോ കളികളുമൊക്കെയുണ്ടായിരുന്നു. ചൂണ്ടയിട്ടിട്ട് അധികമാർക്കും മത്സ്യങ്ങളെ കിട്ടിയതുമില്ല. ഉറങ്ങാൻകിടന്നപ്പോൾ നന്നേ വൈകിയിരുന്നു. രാവിലെ ഉണർന്നത് ഉൾക്കടലിന്റെ മറ്റേതോ ഭാഗത്തായിരുന്നു. അതിരാവിലെതന്നെ ഒരു യാത്രയുണ്ട്. അതിരാവിലെയായതുകൊണ്ടു പ്രഭാതഭക്ഷണം വളരെ ലളിതമായിരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അവിടെ വിഭവങ്ങൾ സമൃദ്ധമായിത്തന്നെ കരുതിയിരുന്നു.
അരമുക്കാൽ മണിക്കൂർ ഒരു ബോട്ടിൽ യാത്രചെയ്തശേഷം ജിയാ ലുവാൻ എന്നൊരു തുറമുഖഭാഗത്തെത്തി. ഇവിടെനിന്നാണ് പത്തുകിലോമീറ്റർ ദൂരെയുള്ള ക്യാറ്റ് ബാ എന്ന ദ്വീപിലേക്ക് പോകേണ്ടത്. സ്ത്രീകളുടെ ദ്വീപെന്നാണ് ഈ പേരിനർത്ഥം. വടക്കൻ വിയറ്റ്നാമിലെ ലാൻ ഹാ ബേയുടെ തെക്കുകിഴക്കൻ അറ്റത്തായി ഈ ദ്വീപസമൂഹം രൂപംകൊണ്ടിരിക്കുന്ന ഈ ദ്വീപസമൂഹത്തിലെ 367 ദ്വീപുകളിൽ ഏറ്റവുംവലുതാണിത്. ഇതിന്റെ ഏകദേശം പകുതിയോളം പ്രദേശം കാറ്റ് ബാ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ട്രൂങ് ട്രാങ് ഗുഹാസമുച്ചയമാണ് ഞങ്ങളുടെ ലക്‌ഷ്യം.
ബോട്ടിൽനിന്നിറങ്ങി അല്പദൂരംനടന്നുചെന്ന് ഒരു ബസ്സിൽ കയറി. വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെയും ഉഷ്ണമേഖലാമഴക്കാടുകളിലൂടെയും ബസ്സ് ഓടിക്കൊണ്ടിരുന്നു. മനോഹരമായ ഗ്രാമക്കാഴ്ചകളും ഇടയ്ക്കു കണ്ണുകൾക്ക് വിരുന്നായി. ഗ്രാമത്തനിമ നിലനിർത്തുന്ന കൊച്ചുകൊച്ചു വീടുകളും തോടുകളും ലളിതമായ ഗ്രാമജീവിതത്തിന്റെ നേർക്കാഴ്ചകളായി മുന്നിൽത്തെളിയുമ്പോൾ നമ്മുടെ നാടിന്റെ മങ്ങിയ പ്രതിച്ഛായയും ഇവിടെ കാണാൻ കഴിയും. പാതയോരത്തെ തൊടികളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന വൃക്ഷലതാദികളും പൂച്ചെടികളും പച്ചക്കറികളുമൊക്കെ നമ്മുടെ നാടിനെ ഓർമ്മിപ്പിക്കും. മഞ്ഞപ്പൂക്കളുമായി നിൽക്കുന്ന കൈപ്പൻചെടികൾപോലും ഇവിടെ ധാരാളമുണ്ട്. ഒരുമണിക്കൂറിലധികം യാത്രകഴിഞ്ഞാണ് ഗുഹാകവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തിയത്. ഒരുകിലോമീറ്റർ നടക്കാനുണ്ട് ഗുഹയിലേക്ക് കയറാനുള്ള പടവുകൾക്കു സമീപമെത്താൻ. ഞങ്ങളുടെ ടൂർ മാനേജർ സംഘാഗങ്ങളോടൊക്കെ പറഞ്ഞിരുന്നു ഗുഹയിലേക്ക് കയറാൻ നൂറ്റിനാല്പതു പടികളുണ്ടെന്നും ബുദ്ധിമുട്ടുള്ളവർ ക്രൂസിലിരുന്നാൽ മതിയെന്നും. അതുകൊണ്ടു കുറച്ചുപേർ വന്നിരുന്നില്ല. പക്ഷേ കയറാൻ ആർക്കുംതന്നെ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
പടിക്കെട്ടുകളിൽ ചിലയിടങ്ങളിൽ മലകളുടെയും കാടുകളുടെയും ഭംഗി ആസ്വദിക്കാൻ കഴിയുന്ന വ്യൂ പോയിന്റുകളും ഉണ്ടായിരുന്നു. ഗുഹയിൽ എത്തിയപ്പോൾ, ഞങ്ങളുടെ ഗൈഡ് കർശനമായി ഒരുമിച്ച് നിൽക്കാനും അദ്ദേഹത്തെ പിന്തുടരാനും നിർദ്ദേശിച്ചു. ചില സ്ഥലങ്ങളിൽ പാറകളുടെ വഴുക്കലിനെക്കുറിച്ച് അദ്ദേഹം ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പല സ്ഥലങ്ങളിലും, വഴി വളരെ ഇടുങ്ങിയതും ചെറുതുമായിരുന്നു, അതിനാൽ ഞങ്ങൾ ശ്രദ്ധാപൂർവ്വം നീങ്ങേണ്ടിവന്നു. ചില സ്ഥലങ്ങളിൽ ഗുഹയിൽ വിളക്കുകളും ഉണ്ടായിരുന്നു. സ്റ്റാലക്ടൈറ്റുകളും സ്റ്റാലക്മൈറ്റുകളും ഭീമാകാരങ്ങളായ വ്യത്യസ്തരൂപങ്ങൾ ഗുഹയ്ക്കുള്ളിൽ രൂപപ്പെടുത്തിയിട്ടുണ്ട്. മേഘാലയത്തിലെ മൗസ്മായി ഗുഹകളും ആൻഡമാനിലെ ബാരാതാങ് ദ്വീപിലെ ചുണ്ണാമ്പുകൽ ഗുഹകളുമൊക്കെ ഈ വിധത്തിലുള്ളതാണ്. എന്നാൽ അവയെക്കാളൊക്കെ ഇത് വളരെ വലുതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിനു ഗുഹകൾ ഈ ദ്വീപുസമൂഹത്തിൽ പലയിടത്തായി ഉണ്ടത്രേ! ചില സ്ഥലങ്ങളിൽ, പാറകളുടെ വശങ്ങളിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നത് കാണാൻ കഴിഞ്ഞു, ആയിരക്കണക്കിന് വർഷങ്ങളായി ഈ പാറരൂപങ്ങളുടെ രൂപീകരണത്തിന് കാരണമായ പ്രക്രിയയാണിത്.
ഗുഹയുടെ പുറത്തേക്ക്‌കടക്കാനുള്ള വഴി മറ്റൊരു ഭാഗത്തായിരുന്നു. അവിടെനിന്നു കുറച്ചുദൂരം നടന്നപ്പോൾ ബസ്സ് കാത്തുകിടന്നിരുന്നിടത്തെത്തി. പിന്നെ ജെട്ടിയിലേക്കും അവിടെനിന്നു ക്രൂസിലെക്കും മടക്കയാത്ര. ഒമ്പതര കഴിഞ്ഞപ്പോൾ ക്രൂസിലെത്തി. മുറി വെക്കേറ്റ് ചെയ്തു ലഗേജ് താഴെ റിസപ്ഷനിൽ വെച്ചു. ഗംഭീരമായൊരു ബ്രഞ്ച് കഴിച്ച്, പതിനൊന്നുമണിയോടെ തുവാൻ ചാവു മറീനയിലേക്കു സ്പീഡ്ബോട്ടിൽ യാത്രയായി. അവിടെനിന്നു ഹാനോയിലെ നോയി ബായി എയർപോർട്ടിലേക്കു പോകണം. രണ്ടരമണിക്കൂറോളം യാത്രയുണ്ട്.
വിയറ്റ്നാമിന്റെ വൈവിധ്യമായ ഭൂപ്രദേശങ്ങൾ കടന്നു ബസ് ഓടിക്കൊണ്ടിരുന്നു. നമ്മുടെ നാടുമായി വളരെയേറെ സാമ്യമുണ്ട് കടന്നുപോകുന്ന ഈ പ്രദേശങ്ങൾക്ക്. ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിസ്ഥലങ്ങളും ഉദ്യാനങ്ങളും ആരാധനാലയങ്ങളും ശ്മാശാനങ്ങളുമൊക്കെ കാഴ്ച്ചയിൽ വന്നുമറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കൊക്കെ മാലിന്യങ്ങൾ കത്തിക്കുന്ന കാഴ്ചകളും ഉണ്ടായിരുന്നു.വളരെ നേരത്തെ ബ്രഞ്ച് കഴിച്ചതുകൊണ്ടു പലവിഭവങ്ങളുൾപ്പെടുത്തിയ ഒരു ഹൈ ടീയും വിമാനത്താവളത്തിനടുത്ത് ഏർപ്പാടുചെയ്തിരുന്നു.
No comments:
Post a Comment