കിഴക്കനേഷ്യൻ മരതകമണികൾ - 15
15. ഹോ ചി മിൻ ജനിച്ച വീട്ടിലേക്ക്
=========================
ഹാനോയിലെ ആദ്യയാത്ര, വിയറ്റ്നാമിന്റെ രാഷ്ട്രപിതാവായ ഹോ ചി മിൻ- ന്റെ അന്ത്യനിദ്രാകുടീരത്തിലേക്കാണ്. ഇവിടെ വിയറ്റ്നാമിന്റെ വിപ്ലവനേതാവായ ആ മഹാത്മാവിന്റെ ഭൗതികശരീരം നശിക്കാതെ സൂക്ഷിച്ചിരിക്കുന്നുണ്ട്. വിയറ്റ്നാം സന്ദർശിക്കുന്ന സഞ്ചാരികൾ ഇവിടെയൊന്നു സന്ദർശിക്കാത്ത മടങ്ങാറില്ല.
അങ്ങോട്ടുപോകുന്നവഴിയിൽ കാണുന്ന നദികളും കുറുകേയുള്ള പാലങ്ങളുമൊക്കെ വിസ്മയദൃശ്യങ്ങളാണ്. പാതകളൊക്കെ വളരെ മനോഹരമാണ്. കുറെദൂരംപോയശേഷം ധാരാളം ചരിത്രപ്രാധാന്യമായുള്ള സൗധങ്ങളുള്ള ഒരുഭാഗത്താണ് യാത്ര അവസാനിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെയും വിയറ്റ്നാമിന്റെ ദേശീയപതാകയായ ചെങ്കൊടി പാറിക്കളിക്കുന്ന നാഷണൽ അസ്സംബ്ലി മന്ദിരത്തിന്റെയും സമീപത്താണ് ഹോ ചി മിൻ മുസോളിയം സ്ഥിതിചെയ്യുന്നത്. മുകളിൽ പ്രസിഡന്റ് ഹോ ചി മിൻ എന്നെഴുതിയിട്ടുണ്ട്. നീളത്തിലുള്ള ബോർഡ് പോലെയൊരു ബാനറിൽ 'Nước Cộng hòa Xã hội Chủ nghĩa Việt Nam muôn năm ' (സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാം നീണാൾ വാഴട്ടെ) എന്നും എഴുതിയിട്ടുണ്ട്. ചെറിയൊരു കൽക്കെട്ടിടമാണെങ്കിലും പുൽത്തകിടികൾനിറഞ്ഞ വളരെ വിശാലമായൊരു മൈതാനം കടന്നുവേണം അവിടെയെത്താൻ. ബാ ഡീൻ സ്‌ക്വയർ എന്നാണിവിടം അറിയപ്പെടുന്നത്. ഈ മൈതാനത്താണ് പ്രധാനപ്പെട്ട പരേഡുകൾ അരങ്ങേറുന്നത്. ഞങ്ങളെത്തുമ്പോഴും കുറെ സൈനികർ മാർച്ച് ചെയ്തുപോകുന്നുണ്ടായിരുന്നു. അതുകഴിയാൻ ഞങ്ങൾ കാത്തുനിന്നു.
രാവിലെ ഏഴരമുതൽ പത്തുമണിവരെ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ടിക്കറ്റ് ഒന്നുമില്ലെങ്കിലും കർശനമായ സുരക്ഷാപരിശോധനകളൊക്കെയുണ്ട്. ബാഗ്, പ്ലാസ്റ്റിക്, ഭക്ഷണസാധനങ്ങൾ എന്നിവയ്ക്കൊക്കെ വിലക്കുണ്ട്. ക്യാമറയുമായി അതിനുള്ളിൽ പ്രവേശിക്കാനാവില്ല. ഫോട്ടോഗ്രാഫി ഒട്ടുംതന്നെ പാടില്ല .
വളരെ ദൈർഘ്യമുള്ള ഒരു നടപ്പാതയിലൂടെ നടന്നുവേണം മുസോളിയത്തിന്റെ കവാടഭാഗത്തെത്താൻ. വളരെ മനോഹരമായൊരു ജലധാരയും കാണാം. ഞങ്ങളെക്കൂടാതെ നിരവധി സന്ദർശകർ അവിടെയെത്തിയിട്ടുണ്ടായിരുന്നു. അവരിൽ നല്ലൊരുഭാഗം സ്‌കൂൾ വിദ്യാർത്ഥികളായിരുന്നുവെന്നത് കൗതുകമായി. എല്ലാവരും വളരെ അച്ചടക്കത്തോടെയാണ് ചലിക്കുന്നത്. പലയിടത്തും പട്ടാളക്കാർ ആദരവോടെ, എന്നാൽ അങ്ങേയറ്റം ശ്രദ്ധയോടെ നിലകൊള്ളുന്നതുകാണാം. ചതുരാകൃതിയിലുള്ള കൽമന്ദിരത്തിന്റെ ഏറ്റവും ഉള്ളിലായി സ്ഫടികപേടകത്തിലാണ് ഹോ ചി മിന്റെ ശരീരം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്നത്. മെഴുകുപോലെതോന്നും. വർഷത്തിലൊരിക്കൽ ഈ ശരീരം റഷ്യയിലേക്ക് കൊണ്ടുപോയി മിനുക്കുപണികളൊക്കെ നടത്താറുണ്ടത്രേ! സാധാരണ ഒക്ടോബർ - നവംബർ മാസങ്ങളിലാണ് ഇത് ചെയ്യുന്നത്.
അവിടെനിന്നിറങ്ങി പിന്നീട് തൊട്ടടുത്തുതന്നെയുള്ള, ഹോ ചി മിന്റെ വാസസ്ഥലമായിരുന്ന പ്രെസിഡൻഷ്യൽ പാലസും അദ്ദേഹത്തിന്റെ ഓഫിസും ഒക്കെ സന്ദർശിക്കാനാണയാണ് പോയത്. അവിടം ഇപ്പോൾ ഒരു മ്യൂസിയമാക്കി സംരക്ഷിക്കുകയാണ്. വിയറ്റ്നാമിന്റെ ചരിത്രത്തിൽ ഹോ അങ്കിളിനുള്ള പ്രാധാന്യം എത്രയെന്നു കാട്ടിത്തരുന്നവിധം ഈ മ്യൂസിയം ഒരുക്കിവെച്ചിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന കാറുകളൊക്കെ നന്നായി തിളങ്ങിത്തന്നെ അവിടെ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ കട്ടിൽ, മേശ, നിത്യോപയോഗത്തിലുണ്ടായിരുന്ന മറ്റു വസ്തുക്കൾ ഒക്കെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമായുള്ള ചിത്രങ്ങളും പത്രവാർത്തകളുമൊക്കെ അവിടെ ചുവരുകളിൽ കാണാം.
പ്രെസിഡൻഷ്യൽ പാലസ് ഫ്രഞ്ചുകാർ നിർമ്മിച്ച ഒരു മന്ദിരമാണ്. ഇത് ഇൻഡോ ചൈനയുടെ ഫ്രഞ്ച് ഗവർണർ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. കമ്മ്യൂണിസ്റ്റുഭരണം നിലവിൽവന്നപ്പോൾ അത് പ്രസിഡന്റ് ആയ ഹോ ചി മിനു താമസിക്കാൻ ഔദ്യോഗികമായി നൽകിയെങ്കിലും അദ്ദേഹം അവിടെയായിരുന്നില്ല താമസിച്ചത്. എന്നാൽ ഹോ സന്ദർശകരെ, വിശിഷ്യാ, രാഷ്ട്രത്തലവന്മാരെയും നേതാക്കളെയുമൊക്കെ, സ്വീകരിക്കുന്നതൊക്കെ അവിടെവെച്ചായിരുന്നു. ഇപ്പോഴും വിദേശഭരണാധികാരികൾ സന്ദർശനത്തിനെത്തുമ്പോൾ ഈ മഞ്ഞനിറത്തിലെ കൊട്ടാരത്തിലാണ് താമസിക്കുന്നത്. അവിടെനിന്നു പുറത്തേക്കുപോകുന്ന വഴിയിൽ ഒരു ചിത്രപ്രദർശനം കണ്ടിരുന്നു. നയനമനോഹരങ്ങളായ നിരവധിചിത്രങ്ങൾ സ്റ്റാൻഡുകളിൽ നിരത്തിയിട്ടുണ്ട്. അവയിലധികവും താമരപ്പൂവിന്റെതാണ്. വിറ്റ്നാമിന്റെ ദേശീയപുഷ്പമാണ് താമര.
ഹോചിമിൻ സായാഹ്‌നനടത്തത്തിനിറങ്ങിയ 'മംഗോ റോഡ്', ഇരുവശവും നിരന്നുനിൽകുന്ന മാവുകളുടെ നിഴലിൽ നീണ്ടുകിടക്കുന്നു. സാമാന്യം വലിയൊരു തടാകവുമുണ്ട്. അതിൽ ധാരാളം മീനുകളും. നമ്മളൊന്നു കൈകൊട്ടിയാൽ എന്തോ പ്രതീക്ഷിച്ച് അവയൊക്കെ ജലപ്പരപ്പിലേക്ക് ഉയർന്നുപൊന്തിവരുന്നതുകാണാം. അതിനടുത്തുകൂടി നടക്കുമ്പോൾ വിചിത്രമായൊരു കാഴ്ചകണ്ടു. ഒരു മരത്തിന്റെ(ബുദ്ധാ ട്രീ എന്നാണ് ഗൈഡ് അതിന്റെ പേരുപറഞ്ഞത്) ചുവട്ടിലാകെ മുകളിലേക്ക് മുളച്ചുപൊന്തിവരുന്ന കുറെയധികം വേരുകൾ. ബ്രീത്തിങ് റൂട്സ് എന്നാണീ വേരുകൾ അറിയപ്പെടുന്നത്. ജലാംശം കൂടുതലുള്ള മണ്ണിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. അപ്പോൾ മണ്ണിൽനിന്നുയർന്നുനിൽക്കുന്ന ഈ വേരുകൾ അന്തരീക്ഷത്തിൽനിന്നു ആവശ്യത്തിനുള്ള ഓക്സിജൻ ആഗീരണം ചെയ്തുകൊള്ളും.
വലിയൊരു പ്രെസിഡൻഷ്യൽ പാലസ് ഉണ്ടായിരുന്നെങ്കിലും ഹോ ചി മിൻ അവിടെ താമസിക്കാൻ തയ്യാറായില്ല. അദ്ദേഹം താമസിച്ചിരുന്നത് തന്റെ രാജ്യത്തെ സാധാരണക്കാർ താമസിച്ചിരുന്നതുപോലുള്ള തൂണുകൾക്കുമേലുള്ള ഒരു ചെറിയ ഭവനത്തിലാണ്. 1958 മുതൽ 1969 വരെ അദ്ദേഹം ലാളിത്യത്തിന്റെ പര്യയംപോലെയുള്ള ആ രണ്ടുനിലവീട്ടിലായിരുന്നു താമസിച്ചതും ജോലിചെയ്തതും. താഴത്തെ നിലയിലെ ഒറ്റമുറിയിൽ ഒരു വലിയ മേശയും കുറെ കസേരകളുമുണ്ട്. അവിടെയായിരുന്നു അതിഥികളെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നത്. മുകളിലെ നിലയിലേക്ക് ഒരു തടിഗോവണിയുണ്ട്. അതിലൂടെ കയറിച്ചെന്നാൽ ചെറിയ രണ്ടുമുറികളാണുള്ളത്. ജോലിചെയ്യാനും വിശ്രമിക്കാനുമുള്ളവയായിരുന്നു ആ മുറികൾ. അവിടെയൊന്നും ആഡംബരത്തിന്റെ ഒരംശംപോലും നമുക്കു കാണാൻ കഴിയില്ല. പക്ഷെ ഈ വീടിനോടുചേർന്ന് ഒരു ചെറിയ കുളവും ധാരാളം പൂച്ചെടികളും ഓറഞ്ചുമരങ്ങളുമൊക്കെ കാണാം. വൃത്തിയോടെ, വളരെ മനോഹരമായി പരിസരം സംരക്ഷിക്കുന്നുമുണ്ട്. ചുറ്റുമുള്ള ചെമ്പരത്തിവേലി അദ്ദേഹത്തിന്റെ ജന്മനാട്ടിലെ വീടിന്റെ പ്രതിച്ഛായ കൊണ്ടുവരാൻ സഹായകമാകുന്നു. 2016 ൽ ഒബാമ വിയറ്റ്നാം സന്ദർശിച്ചപ്പോൾ ഇവിടെയെത്തി കുളത്തിലെ മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുത്തത് അന്ന് വാർത്തയായിരുന്നു.
ഇവിടെയടുത്തുതന്നെയുള്ള മറ്റൊരു ചരിത്രപ്രാധാന്യമുള്ള സന്ദർശകാകർഷണമാണ്
'വൺ പില്ലർ പഗോഡ'. പേരുസൂചിപ്പിക്കുന്നതുപോലെ ഒറ്റതുത്തൂണിൽ നിർമ്മിച്ചിരിക്കുന്നൊരു പഗോഡയാണിത്. പഗോഡയുടെ യഥാർത്ഥ പേര് 'ദീൻ ഹുവു ടു' എന്നാണ്. 'ദീർഘകാലം നിലനിൽക്കുന്ന സന്തോഷവും ഭാഗ്യവും' എന്നാണ് അർത്ഥമാക്കുന്നത്. 'ഏഷ്യയിലെ ഏറ്റവും സവിശേഷമായ പഗോഡ' എന്നറിയപ്പെടുന്ന ഈ സ്തംഭപഗോഡയിൽ സവിശേഷമായ വാസ്തുവിദ്യാ ഘടനയുണ്ട്. വിയറ്റ്നാമിന്റെ ദേശീയ പുഷ്പമായ താമരപ്പൂവ് പോലെയാണ് പഗോഡ കാണപ്പെടുന്നത്. 1028 മുതൽ 1054 വരെ ഭരിച്ചിരുന്ന ലി തായ് ടോങ് ചക്രവർത്തിയാണ് ഇതു നിർമ്മിച്ചത്. അനപത്യദുഃഖത്താൽ നീറിക്കഴിഞ്ഞിരുന്ന ചക്രവർത്തി ഒരുദിവസം ബോധിസത്വൻ അവലോകിതേശ്വരനെ കണ്ടുമുട്ടിയതായി സ്വപ്നം കണ്ടു. ഒരു താമരപ്പൂവിൽ ഉപവിഷ്ടനായിരുന്ന ബോധിസത്വൻ ലി തായ് ടോങിന് ഒരു കുഞ്ഞിനെ കൈമാറിയത്രേ! തുടർന്ന് ലി തായ് ടോങ് താൻ കണ്ടുമുട്ടിയ ഒരു കർഷകപെൺകുട്ടിയെ വിവാഹം കഴിച്ചു. അധികം വൈകാതെ അവർക്ക് ഒരു പുത്രൻ ജനിച്ചു. ഇതിനുള്ള നന്ദിസൂചകമായി 1049-ൽ ചക്രവർത്തി ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കുകയും, തിയെൻ ടുങ് എന്ന സന്യാസിയുടെ നിർദ്ദേശപ്രകാരം സ്വപ്നത്തിൽ കണ്ടതിന് സമാനമായ ഒരു താമരക്കുളത്തിന്റെ നടുവിൽ ഒരു സ്തംഭം സ്ഥാപിച്ച് പഗോഡ നിർക്കിക്കുകയും ചെയ്തു. പതിമൂന്നു പടവുകളാണ് പഗോഡയിലേക്കു കയറാനുള്ളത്. കിഴക്കനേഷ്യയിൽ പതിമൂന്ന് എന്ന സംഖ്യ ഐശ്വര്യത്തിന്റെയും വംശവർദ്ധനയുടേയുമൊക്കെ പ്രതീകമാണ്. താമരപ്പൂവിൽ ഇരിക്കുന്ന ബുദ്ധന്റെ പ്രതിഷ്ഠയാണ് ശ്രീകോവിൽ കാണുന്നത്.
കാലപ്പഴക്കത്താലോ ശത്രുക്കളുടെ ആക്രമണത്താലോ പലതവണ ഈ പഗോഡയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും പുനർനിർമ്മാണം നടക്കുകയും ചെയ്തിട്ടുണ്ട്. 1954-ൽ ഹനോയ് വിടുന്നതിനുമുമ്പ് ഫ്രഞ്ചുകാർ അവസാനമായി ചെയ്ത പ്രവൃത്തികളിൽ ഒന്ന് യഥാർത്ഥ വൺ പില്ലർ പഗോഡ നശിപ്പിക്കുക എന്നതായിരുന്നു. പുതിയ സർക്കാർ ഈ ഘടന പുനർനിർമ്മിച്ചു. ഒരേസമയം ഈ വാസ്തുവിദ്യാവിസ്മയം തിരക്കേറിയ ഒരു തീർത്ഥാടനകേന്ദ്രവും ഒരു വിനോദസഞ്ചാരകേന്ദ്രവുമാണിന്ന്. ബുദ്ധപ്രതിഷ്ഠയ്ക്കുമുന്നിൽ കത്തിയെരിഞ്ഞു സുഗന്ധംപരത്തുന്ന ചന്ദനത്തിരികളിൽ ഒരിക്കൽക്കൂടി മനസ്സുകൊരുത്തശേഷം അവിടെനിന്നു മടങ്ങി.
ഇനി ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമായ 'ടെംപിൾ ഓഫ് ലിറ്ററേച്ചർ' ആണ് ലക്ഷ്യമാക്കുന്നത്. തദ്ദേശഭാഷയിൽ വാൻ മിയോ , ചാവോ ഹാൻ എന്നൊക്കെയും ഈ ക്ഷേത്രം അറിയപ്പെടുന്നു. സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്ന കൺഫ്യൂഷ്യസിനും അദ്ദേഹത്തിന്റെ നാല് മികച്ച ശിഷ്യന്മാരായ ഋഷിമാർക്കും മറ്റു പണ്ഡിതന്മാർക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന വിയറ്റ്നാമിലെ നിരവധി ക്ഷേത്രങ്ങളിൽ ഒന്നാണ് വാൻ മിയു. ചൈനയുടെ സാംസ്കാരികസാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ആദരവു നേടിയിട്ടുള്ളതും രണ്ടായിരത്തിഅഞ്ഞുറുവർഷം ജീവിച്ചിരുന്ന ഇദ്ദേഹമാണ്. .സഞ്ചാരികൾക്ക് കൺഫ്യുഷ്യസിന്റെ 'യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല, നിർത്താതെ തുടരുക.' എന്ന പ്രചോദനവാക്കുകൾ എന്നും ഊർജ്ജദായകമാണ്.
കൺഫ്യൂഷ്യസിന്റെ ജന്മസ്ഥലമായ ഷാൻഡോങ്ങിലെ കുഫുവിലെ ക്ഷേത്രത്തിന്റേതിന് സമാനമാണ് ക്ഷേത്രത്തിന്റെ രൂപരേഖ . വാൻ തടാകം, ഗിയാം പാർക്ക്, ഇഷ്ടികമതിലിനാൽ ചുറ്റപ്പെട്ട ഉൾഭാഗത്തെ മുറ്റങ്ങൾ എന്നിവയുൾപ്പെടെ 54,000 ചതുരശ്ര മീറ്ററിലധികം (580,000 ചതുരശ്ര അടി) വിസ്തൃതിയുള്ള ക്ഷേത്രമാണിത് . ഇവിടയുള്ള നാല് ഉയരമുള്ള തൂണുകളിൽ ഉയർന്നുനിൽക്കുന്ന ഹ്യു വാൻ പവലിയൻറെ ചിത്രം , വിയറ്റ്നാം കറെൻസിയായ ഡോങ് ഒരുലക്ഷത്തിന്റെ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. വിയറ്റ്നാമിലെ ആദ്യത്തെ ദേശീയ സർവകലാശാലയായ ഈ ക്ഷേത്രം ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല; വിയറ്റ്നാമിന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രത്തിന്റെ ജീവിക്കുന്ന ഉദാഹരണം തന്നെ.
മുപ്പതിനായിരം ഡോങ് (ഏകദേശം നൂറു രൂപ.)ആണ് ടിക്കറ്റ് ചാർജ്ജ്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ സന്ദർശകർ മാന്യമായി വസ്ത്രം ധരിക്കണം. ശബ്ദകോലാഹലങ്ങൾ ഒഴിവാക്കുകയുംവേണം. പരീക്ഷകൾക്കു മുമ്പ് ഉന്നതവിജയം ലഭിക്കുന്നതിനുള്ള ഭാഗ്യത്തിനായി പ്രാർത്ഥിക്കാൻ നിരവധി വിദ്യാർത്ഥികൾ ഇവിടെയെത്തുന്നു. ആദ്യകവാടം കടന്നു ചെന്നാൽ വളരെ വിശാലമായൊരു അങ്കണമാണ്. പൊയ്കകളും വൃക്ഷങ്ങളും പുൽത്തകിടികളും പൂച്ചെടികളുമൊക്കെയുള്ള മനോഹരമായൊരു ഉദ്യാനഭാഗം. ഇവിടെയായിരുന്നത്രേ വിദ്യാർത്ഥികളെ മറ്റുള്ളവരോട് ആദരപൂർവ്വം പെരുമാറാനുള്ള സാമാന്യമര്യാദകൾ പഠിപ്പിച്ചിരുന്നത്. പുല്തകിടികൾക്കിടയിലൂടെയുള്ള ഇഷ്ടികപതിപ്പിച്ച നടപ്പാതയിലൂടെ നടന്നു രണ്ടാമത്തെ കവാടമായ ഗ്രേറ്റ് മിഡിൽ ഗേറ്റിലൂടെ കടന്നുചെല്ലുമ്പോൾ ദി ഗ്രേറ്റ് സെൻട്രൽ കോർട്ട് യാർഡ് എന്നറിയപ്പെടുന്ന അങ്കണമാണ്. അതുകഴിഞ്ഞെത്തുന്നതാണ് ഹ്യു വാൻ പവലിയൻ. അതുകടന്നെത്തുന്നത് മൂന്നാമത്തെ അങ്കണത്തിലേക്കാണ്. അവിടെ വലിയൊരു കുളവും ചുറ്റും കെട്ടിടങ്ങളും. അവിടെയായിരുന്നു അറിവിന്റെ നിധിശേഖരങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടെ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ശിലകൾ ആമയുടെ ശിലാശില്പങ്ങൾക്കു പുറത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അവരുടെ വിശ്വാസപ്രകാരം അമ്മ ജ്ഞാനത്തിന്റെയും ദീർഘായുസ്സിന്റെയും പ്രതീകമായ പവിത്രമൃഗമാണ്.
ഈ അങ്കണം കടന്നാൽ ക്ഷേത്രത്തിന്റെ ഹൃദയഭാഗത്തെത്താം. അവിടെയാണ് പ്രധാനക്ഷേത്രവും ക്ഷേത്രാങ്കണവും. അവിടെയാണ് കൺഫ്യുഷ്യസിന്റെ പൂർണ്ണകായപ്രതിഷ്ഠ. ഈ അറിവിന്റെ ദേവനെ ആരാധിക്കാൻ തദ്ദേശീയരും അയൽരാജ്യക്കാരും ധാരാളമായി എത്താറുണ്ട്. ആരാധ്യദേവന് അർപ്പിച്ചിരിക്കുന്ന പൂക്കളും പഴങ്ങളും ധൂപങ്ങളും ഒക്കെ അവിടെക്കാണാം. കൂടാതെ ധാരാളം പണവും നേർച്ചയായി ഭക്തർ അർപ്പിക്കുന്നു. അവിടെക്കാണുന്ന ലിഖിതങ്ങൾ ചൈനീസ്ഭാഷയിലാണ്. പതിനേഴാം നൂറ്റാണ്ടുവരെ വിയറ്റ്നാമിൽ ചൈനീസ് ലിപി ഉപയോഗിച്ചിരുന്നു. ശ്രീകോവിലിനു മുന്നിലായി ഇരുവശത്തും രണ്ടുമീറ്ററിലധികം ഉയരമുള്ള കൊക്കിനെപ്പോലെതോന്നുന്ന രണ്ടു പക്ഷിപ്രതിമകൾ കാവലിലെന്നപോലെ നിലകൊള്ളുന്നു. ഈ പക്ഷികളാണത്രേ ഫീനിക്സ് പക്ഷികൾ! എന്റെ സങ്കല്പത്തിലെ ഫീനിക്സ് പക്ഷികൾ പ്രാവിനെപ്പോലെയോ മൈനയെപ്പോലെയോ ഒക്കെയുള്ള വളരെ ചെറിയ പക്ഷിയായിരുന്നു.
ക്ഷേത്രത്തിനപ്പുറമുള്ള മറ്റൊരു അങ്കണത്തിനു ചുറ്റുമായാണ് പാഠശാലകൾ പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്തെ ഗുരുവര്യന്മാരുടെയും ഇങ്ങനെയൊരു പഠനകേന്ദ്രം സ്ഥാപിക്കാനിടയാക്കിയ ഭരണാധികാരികളുടേയുമൊക്കെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും മറ്റും അവിടെയൊക്കെ അർച്ചനനടത്തുന്നതുകാണാം. തുടക്കത്തിലുണ്ടായിരുന്ന കെട്ടിടങ്ങളൊക്കെ ജീർണ്ണിച്ചപോയിരുന്നു. ഇപ്പോൾകാണുന്നത് പുനർനിർമ്മിച്ചവയാണ്. എങ്കിലും പഴമയ്ക്കും പാരമ്പര്യത്തിനും യാതൊരു കോട്ടവും വരുത്താതെയാണ് അവയുടെ നിർമ്മാണം. തടിയാണ് നിർമ്മാണത്തിന്റെ മുഖ്യ അസംസ്കൃതവസ്തു. ലോഹംകൊണ്ടുള്ള ആണികളൊന്നും ഉപയോഗിക്കാതെയാണ് മേൽക്കൂരയുടെ ഭാഗങ്ങളൊക്കെ നിർമ്മിച്ചിരിക്കുന്നത്. നടുമുറ്റം കല്ലുകൾപാകി മനോഹരമാക്കിയിരിക്കുന്നു.
ഒരു ചെറിയ കവാടത്തിലൂടെയാണ് പുറത്തേക്കു കടക്കേണ്ടത്. സമയമേറെയായി. ഇനി ഉച്ചഭക്ഷണം കഴിക്കണം.
No comments:
Post a Comment