Thursday, January 22, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 14

 14. ഹോ ചി മിന്റെ നാട്ടിൽ 

==================

ലാവോസിന്റെ തലസ്ഥാനമായ  വിയന്റെയിനിലെ വാട്ടേയ് ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു 7 . 45 നുള്ള VN920 ഫ്ലൈറ്റിലാണ് ഞങ്ങൾ വിയറ്റ്നാമിന്റെ തലസ്ഥാനമായ  ഹാനോയിനഗരത്തിലെ നോയ്‌ബൈ എയർപോർട്ടിൽ വന്നിറങ്ങിയത്. വാട്ടേയ് എയർപോർട്ട് വളരെ  ചെറിയൊരു എയർപോർട്ടായിരുന്നുവെങ്കിൽ  നോയ്‌ബൈ വളരെ  വലുതും ധാരാളം വിമാനങ്ങൾ വന്നുംപോയുമിരിക്കുന്നതുമാണ്. എല്ലാവിധ ആധുനികസൗകര്യങ്ങളുമുണ്ട്. വിയറ്റ്നാമിലേക്കുള്ള ഇ-വിസ നേരത്തെതന്നെ ലഭിച്ചിട്ടുണ്ടായിരുന്നു. അതുകാണിച്ച് മററൗദ്യോഗികനടപടികൾ പൂർത്തിയാക്കിയശേഷം ഞങ്ങൾ പുറത്തുകടന്നപ്പോഴേക്കും ഗൈഡ് ഞങ്ങളെ സ്വീകരിക്കാൻ 'സഞ്ചാരം' എന്ന പ്ലാക്കാർഡുമായി നില്പുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം, പുറത്ത്  ഞങ്ങളെ കാത്തുകിടന്നിരുന്ന ബസ്സിൽ യാത്രയായി. ഇടയ്ക്കൊരു റെസ്റ്ററന്റിൽനിന്നു ഇന്ത്യൻ ഭക്ഷണവും കഴിച്ചശേഷമാണ് താമസമൊരുക്കിയിരിക്കുന്ന ഹോട്ടലിലേക്ക് പോയത്. സമയം നന്നേ  വൈകിയിരുന്നതുകൊണ്ടു വേഗം ഉറങ്ങാൻ കിടന്നു. 


രാവിലെ പ്രഭാതഭക്ഷണം കഴിച്ചശേഷം ഹാനോയിലെ കാഴ്ചകൾക്കുവേണ്ടിയുള്ള യാത്രതുടങ്ങി. രാജ്യത്തിൻറെ വടക്കുഭാഗത്തുള്ള ഒരു നഗരമാണ് രാജ്യതലസ്ഥാനമായ ഹാനോയ്.  ഗൈഡ് തന്റെ രാജ്യത്തെക്കുറിച്ച് തുടക്കത്തിൽത്തന്നെ നല്ലൊരു പ്രസംഗം നടത്തി. ഫ്രഞ്ച് , ജപ്പാൻ , അമേരിക്ക എന്നീ  ശക്തികളൊക്കെ  വിയറ്റ്നാമിനെ കീഴടക്കാൻ ശ്രമിച്ചിരുന്നു.   നീണ്ടകാലത്തെ യുദ്ധങ്ങളുടെയും ദുരിതങ്ങളുടേയുമൊക്കെ വേദനാജനകമായ കഥകൾ. അതൊക്കെ അവർ എത്ര ധീരതയോടെയാണ് നേരിട്ടതെന്നും അതിന് ഹോ ചി മിൻ എന്ന മഹാപുരുഷൻ അവരെ ഗറില്ലാ യുദ്ധത്തിന് സജ്ജമാക്കിയെടുത്തതിനെക്കുറിച്ചും അങ്ങനെ അവർ കരുത്തരായ അമേരിക്കയെവരെ തറപറ്റിച്ച വിജയഗാഥയുമൊക്കെ അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. 


ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു ഹോ ചി മിൻ. ഫ്രഞ്ച് പട്ടാളം മടങ്ങിയെത്തി രാജ്യം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോയുടെ നേതൃത്വത്തില്‍ എട്ടുവര്‍ഷമാണ് അവരോട് ഏറ്റുമുട്ടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബലത്തില്‍ ഹോയുടെ അധികാരത്തിലുള്ള വടക്കന്‍ വിയറ്റ്‌നാമും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ തെക്കന്‍ വിയറ്റ്‌നാമും പോരിനിറങ്ങിയപ്പോള്‍ ഹോചിമിന്റെ ഉജ്ജ്വലപോരാട്ടം തന്നെയാണ് ജന്മ നാടിനെ തിരിച്ചുപിടിക്കാന്‍ സഹായിച്ചത്. പോരാട്ടത്തിനിടയില്‍ 79-ാം വയസ്സില്‍ അന്തരിച്ചപ്പോഴും ഗറില്ല പോരാളികള്‍ക്കിടയില്‍ ഹോയുടെ സ്വാധീനം അവസാനിച്ചിരുന്നില്ല.


ഹോ ചി മിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. വളരെ രസകരമായാണ് അയാൾ ആ പേരുച്ചരിക്കുന്നത്.  വിയറ്റ്നാമിലെ ഭാഷയ്ക്ക് ലിപി ഇല്ല. ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ചാണ് അവർ എഴുതുന്നത്. പക്‌ഷേ ഉച്ചാരണമനുസരിച്ച് ചില കുനിപ്പുകളും കുത്തും  വരയുമൊക്കെ അതിലുപയോഗിക്കും. ഹോ ചി മിൻ എഴുതുന്നത്   Hồ Chí Minh എന്നാണ് O യുടെ മുകളിലുള്ള കുനിപ്പനുസരിച്ച് ഓ ശബ്ദത്തിനു ആദ്യം ഒരാരോഹണവും പിന്നെ ഒരവരോഹണവും ഉണ്ട്. i യുടെ മുകളിലെ കുനിപ്പനുസരിച്ച് ഒരു ആരോഹണം മാത്രമേയുള്ളു. ഇന്നാട്ടുകാരുടെ  ഉച്ചാരണത്തിൽ ഇതൊക്കെ കൃത്യമായി വന്നിരിക്കും 


ഭൂപടത്തിൽ നോക്കിയാൽ താഴേക്ക് അല്പം വലിച്ചുനീട്ടിയ S പോലെയാണ് വിയറ്റ്നാമിന്റെ ആകൃതി. വടക്കുമുതൽ തെക്കുവരെ 1650 കി മി നീളവും ഏറ്റവും കുറഞ്ഞ വീതി 50 കി മി . മാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥയിൽ വളരെ വൈവിധ്യം ഇവിടെയുണ്ട്.  കംബോഡിയ, ചൈന , ലാവോസ് എന്നീ രാജ്യങ്ങളുമായും   ദക്ഷിണ ചൈനാ കടലുമായും അതിർത്തി പങ്കിടുന്നു. കിഴക്കനതിർത്തി ഏതാണ്ട്  പൂർണ്ണമായും കടൽത്തീരമാണ്.  ഏകദേശം 3,444 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുണ്ട്   ഇന്ത്യയുടെ പത്തിലൊന്നു വലുപ്പമേ ഈ രാജ്യത്തിനുള്ളു. ഇവരുടെ ദേശീയപുഷ്പം താമരയാണ്. കേരളവുമായും ചില സാമ്യങ്ങൾ  വിയറ്റ്നാമിനുണ്ട്.      ലാവോസിനെപ്പോലെ ഇതും ഒരു കമ്മ്യുണിസ്റ്റ് രാജ്യമാണ്.  ഭൂപ്രകൃതിയും ഏകദേശം കേരളംപോലെതന്നെ.  മറ്റൊരു സാമ്യം ഐതിഹ്യപരമായി  അവരുടെ തേത് (Tet) എന്ന ദേശീയോത്സവവും നമ്മുടെ ഓണവും തമ്മിലുള്ളതാണ്. 


ആ കഥ ഇങ്ങനെ:-


പണ്ടുപണ്ട്, വിയറ്റ് രാജ്യം  സർവ്വൈശ്വര്യത്തിലും സമ്പത്സമൃദ്ധിയിലും കളിയാടിയിരുന്നൊരുകാലം. ജനങ്ങളൊക്കെ വളരെ സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞുകൂടിയിരുന്നു. അങ്ങനെയിരിക്കെ മാരാ എന്നുപേരുള്ള 

ഒരു ദുർദ്ദേവത  ജനങ്ങളെ പലവിധത്തിൽ ദ്രോഹിക്കാൻതുടങ്ങി. തന്ത്രശാലിയും ദുഷ്ടബുദ്ധിയുമായ  അവൾക്കെതിരെ ഒന്നുംചെയ്യാൻ രാജാവിനും സൈന്യത്തിനും കഴിഞ്ഞതുമില്ല. സഹികെട്ട ജനങ്ങൾ ബുദ്ധനോട് പരാതിപറയുകയും രക്ഷയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ജനങ്ങളുടെ ദുരിതങ്ങൾ ബുദ്ധനെ വളരെ ദുഃഖിതനാക്കി. അദ്ദേഹം മാരായെക്കണ്ടു സംസാരിച്ച് ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻതന്നെ തീരുമാനിച്ചു. 


അദ്ദേഹം അവളോട് ഇപ്രകാരം പറഞ്ഞു. 


"ഹേ മാരാ, നിനക്ക് ഞങ്ങളുടെ രാജ്യം സ്വന്തമായെടുക്കാം, അവിടെ നിനക്കിഷ്ടമുള്ളതു ചെയ്യാം. പക്ഷേ അതിൽ ഒരുതുണ്ടു ഭൂമി   അതിരുതിരിച്ച് ഞങ്ങൾക്കായിത്തരണം. അവിടെ ഞങ്ങൾ സ്വസ്ഥമായി കഴിഞ്ഞുകൊള്ളാം. അവിടെ ഞങ്ങളെ  നീ ശല്യംചെയ്യാൻ വരരുത്."


"എത്ര സ്ഥലം വേണം നിങ്ങൾക്ക്?" മാരാ ചോദിച്ചു. 


"എന്റെ കുപ്പായം വിരിച്ചിട്ടാൽ കിട്ടുന്ന അത്രയും" ബുദ്ധൻ പറഞ്ഞു. 


ഒരു കുപ്പായം കിടക്കുന്ന സ്ഥലമല്ലേയുള്ളൂ, അത് കൊടുത്തേക്കാമെന്നു മാരാ വിചാരിച്ചു. അവൾ സമ്മതംമൂളി.  


ബുദ്ധൻ തന്റെ കുപ്പായം വിരിച്ചിട്ടു.  വിരിക്കുംതോറും അതിങ്ങനെ വലുതായി വലുതായി രാജ്യമാകെ വ്യാപിച്ചു. മനുഷ്യരും മൃഗങ്ങളും പാർപ്പിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം ബുദ്ധന്റെ കുപ്പായത്തിന്റെ സംരക്ഷണകവചത്തിലായി. ഇതുകണ്ട് മാരാ ഭയന്നുവിറച്ചു. അവൾ എവിടേക്കോ ഓടിമറഞ്ഞു. 


ഇതൊക്കെ കണ്ടുനിന്നിരുന്ന എല്ലാവരോടും തങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു മുള നട്ടുവളർത്താൻ ബുദ്ധൻ ഉപദേശം നൽകി.  എല്ലാ  വർഷാരംഭത്തിലും  ഈ മുളയിൽ ഒരു മഞ്ഞക്കുപ്പായം തൂക്കിയിടാനും അദ്ദേഹം അവരോടാവശ്യപ്പെട്ടു. എപ്പോഴെങ്കിലും മാരാ മടങ്ങിവന്നാൽ ഇത് ബുദ്ധന്റെ മണ്ണാണെന്നു അവൾക്കു ഈ കുപ്പായം ഓർമ്മപ്പെടുത്തിക്കൊടുക്കുമല്ലോ. 


നമ്മുടെ മഹാബലിയുടെയും വാമനന്റെയും കഥയുമായി ഈ കഥയ്ക്കും എന്തൊക്കെയോ   സാമ്യം തോന്നുന്നില്ലേ !

No comments:

Post a Comment