കിഴക്കനേഷ്യൻ മരതകമണികൾ - 18 . ഡാനാങിലേക്ക്
==============================
നോയ്‌ബായ് എയർപോർട്ടിൽ ഉദ്യോഗസ്ഥരുടെ മട്ടും ഭാവവും നമ്മുടെ നാട്ടിലെ ചില സർക്കാർഓഫിസുകളെ ഓർമ്മപ്പെടുത്തി. 'സാ'മട്ടില് ഇരിപ്പും വെള്ളക്കുപ്പി തുറക്കുന്നതും മെല്ലേ വെള്ളം കുടിക്കുന്നതും അതിനു ശേഷമുള്ള അൽപവിശ്രമവും പിന്നെ എന്താ കാര്യമെന്ന അന്വേഷണവും ഒക്കെ നമ്മുടെ നാട്ടിലേതുപോലെതന്നെ. ബോഡിങ്ങിനു സമയമേറെ ബാക്കിയുണ്ട്. ഒന്നേകാൽ മണിക്കൂർ യാത്രയാണ് ഡാനാങിലേക്ക്.
ഇവിടെ പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമൊക്കെ താമരപ്പൂക്കൾകൊണ്ട് പൂപ്പാലികകൾ അലങ്കരിച്ചുവെച്ചിരിക്കുന്നതുകാണാം. എയർപോർട്ടിലും ധാരാളമായി ഇങ്ങനെയുള്ള അലങ്കാരം കാണാം. ദേശീയപുഷ്പമായ താമരപ്പൂവിന് ഇന്നാട്ടിൽ വലിയ പ്രാധാന്യമാണ്. അത് അവരുടെ സംസ്കാരത്തിന്റെ അന്തഃസത്തയാണെന്നുതന്നെ പറയാം. ചെളിയിൽ വേരുകളൂന്നുന്ന താമരച്ചെടിയുടെ പൂവ് ജലത്തിൽ സ്നാനംചെയ്തു ശുദ്ധിവരുത്തിയാണ് വായുവിൽ വിടർന്നു നിൽക്കുന്നത്. ഈ പൂവ് അശുദ്ധിക്കും ഇരുട്ടിനുമിടയിലും വേറിട്ടുനിൽക്കാൻ കഴിയുന്ന ദിവ്യസൗന്ദര്യത്തെ പ്രതീകപ്പെടുത്തുന്നു. കൂടാതെ, ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള വിയറ്റ്നാമീസ് ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയും സ്ഥിരോത്സാഹത്തെയും പ്രതിനിധീകരിക്കുന്നു.
വിയറ്റ്നാമിലെ ഒരു പ്രമുഖമതമായ ബുദ്ധമതത്തിന്റെയും പ്രതീകമാണ് താമര. ബുദ്ധമതത്തിൽ, താമര ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. താമരപ്പൂവിന്റെ സാന്നിദ്ധ്യം ശുഭകരമായ ഊർജ്ജത്തെ പ്രദാനംചെയ്യുന്നുവെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ പൂവിന്റെ നിറമനുസരിച്ച് വിശ്വാസങ്ങളുടെ അർത്ഥതലങ്ങൾക്കും വകഭേദം വരുന്നുമുണ്ട്. രാജ്യത്തെ പുരാതനവും ആധുനികവുമായ പല നിർമ്മിതികൾക്കും താമരപ്പൂവിന്റെ സ്വാധീനമുണ്ടെന്നും കാണാൻ കഴിയും. നേരത്തെ കണ്ട വൺ പില്ലർ പഗോഡയും രൂപമെടുത്തിരിക്കുന്നത് ജലത്തിൽനിന്നുയർന്നുവരുന്ന തണ്ടും താമരമൊട്ടുമാണ്.
ഔദ്യോഗികനടപടികളൊക്കെ പൂർത്തിയാക്കി ഞങ്ങൾ ബോഡിങ്ങിനായി കാത്തിരുന്നു. ഞങ്ങളുടെ ടിക്കറ്റ് നമ്പർ 17 E , 17 G എന്നാണ്. എനിക്കതൊരു കൗതുകമായി. അടുത്തടുത്ത സീറ്റിനായി മുമ്പേതന്നെ പ്രത്യേകം പണം നൽകിയിരുന്നതാണ്. എന്നിട്ടും ഒന്നിടവിട്ട സീറ്റാണല്ലോ എന്നോർത്ത് ചെറിയൊരു വിഷമവും തോന്നി. പക്ഷേ വിമാനത്തിൽ ഇരിപ്പിടങ്ങൾ അടുത്തടുത്തായിരുന്നു. അപ്പോൾ F ന് എന്തുപറ്റി എന്നായി എന്റെ ചിന്ത. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് F, J, W, Z എന്നീ അക്ഷരങ്ങളുടെ ശബ്ദമുള്ള അക്ഷരങ്ങൾ വിയറ്റ്നാമീസ് ഭാഷയിൽ ഇല്ല. അതുകൊണ്ടു തദ്ദേശ്ശീയരിൽ അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഈ അക്ഷരങ്ങൾ അവർ ഒഴിവാക്കുന്നു എന്നാണ്.
ആറുമണിയായപ്പോൾ വിമാനം ഉയർന്നുപൊങ്ങി. താഴെയുള്ള കാഴ്ചകൾ കൂടുതലും കടലിന്റേതായിരുന്നു. പിന്നെ മേഘങ്ങളും. ഏഴരയായപ്പോൾ ഡനാങ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഞങ്ങൾ എത്തി. ബാഗേജ് കിട്ടാൻ അല്പം വൈകി. സംഘത്തിലെ ഒരാളുടെ ഒരു ബാഗ് കീറി നാശമായിരിക്കുന്നു. അതിന്റെ ക്ലെയിമിനായി അദ്ദേഹവും മറ്റുരണ്ടുപേരുംകൂടി പോയി. അവർ വരാൻ വളരെവൈകി. എങ്കിലും 13 ഡോളർ ക്ലെയിമായി കിട്ടി. ബാഗിന്റെ നാട്ടിലെ വിലയേക്കാൾ കൂടുതലായിരുന്നത്രേ അത്! ഗൈഡിനൊപ്പം ഞങ്ങളെക്കാത്തുകിടന്ന ബസ്സിൽകയറി ഒരിന്ത്യൻ റെസ്റ്ററന്റിലേക്കാണ് ആദ്യം പോയത്. അത്താഴം കഴിഞ്ഞശേഷമാണ് താമസം തരപ്പെടുത്തിയിരിക്കുന്ന 'ഹിൽട്ടൺ ഗാർഡൻ ഇൻ' എന്ന ഹോട്ടലിലേക്ക് പോയത്. ഹോട്ടലിൽനിന്ന് ഏകദേശം അമ്പതു മീറ്റർ ദൂരമേ കാണൂ ഡാനാങ്ങിലെ പ്രസിദ്ധമായ 'മൈ ഖേ ബീച്ചി'ലിക്ക്. ഞങ്ങളുടെ മുറി പതിനേഴാം നിലയിലാണ്. മുറിയുടെ ചാവി സ്കാൻ ചെയ്താലേ ലിഫ്റ്റ് പ്രവർത്തിക്കൂ. ഇതറിയാതെ ഞങ്ങളോടൊപ്പം എട്ടാം നിലയിൽ താമസിക്കുന്ന ഒരു സ്ത്രീയും ലിഫ്റ്റിൽ കയറിയിരുന്നു. ചാവി അവരുടെ ഭർത്താവിന്റെ കൈവശവും. മൊബൈലിൽ കുറേ വിളിച്ചിട്ടും അദ്ദേഹം എടുക്കുന്നുമില്ല. പിന്നെ അവരെയുംകൊണ്ട് റിസെപ്ഷനിൽ പോയി സ്പെയർ കീ വാങ്ങി മുറിയിൽ എത്തിച്ചശേഷമാണ് ഞങ്ങൾ മുറിയിലേക്ക് പോയത്.
ഡനാങ് നഗരം ഹാൻ നദിയുടെ തീരത്തായി വ്യാപാരിച്ചിരിക്കുന്നു. പഴയ പ്രാദേശികഭാഷയിൽ നദീമുഖം എന്നാണ് ഈ പേരിനർത്ഥമെന്നു ചില ഗവേഷകർ പറയുന്നു. വിയറ്റ്നാമിലെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് വളരെ ദൈർഘ്യമുള്ള കടൽത്തീരവുമുണ്ട് . ഇത് വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിൽ ഒന്നാണ്. ഇവിടുത്തെ തുറമുഖത്തിനടുത്തുള്ള കടലിടുക്കിലൂടെയാണ് വിയറ്റ്നാം കീഴടക്കാനുള്ള സ്വപ്നവുമായി അമേരിക്കൻ കപ്പൽപ്പട നുഴഞ്ഞുകയറിയത്. രാജ്യത്തെ ആറ് നേരിട്ടുള്ള നിയന്ത്രിത മുനിസിപ്പാലിറ്റികളിൽ ഒന്നായ ഇത് കേന്ദ്ര സർക്കാരിന്റെ ഭരണത്തിൻ കീഴിലാണ്. ആദ്യകാല ഡായി വിയറ്റ് കുടിയേറ്റകാലത്ത്(പത്താം നൂറ്റാണ്ട്) ഈ നഗരം കോവ ഹാൻ എന്നും ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്ത് ടൂറെയ്ൻ എന്നും അറിയപ്പെട്ടിട്ടിരുന്നു.
അമേരിക്കൻ യുദ്ധത്തിന്റെ അവശേഷിപ്പുകൾ ഇവിടെ ധാരാളമായുണ്ടത്രേ! വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറ്റുപലതും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ നഗരം ഒരുക്കിവെച്ചിട്ടുണ്ട്. ചോര ചിന്നിച്ചിതറിയ പോർക്കെടുതികൾനിറഞ്ഞ ഒരു പ്രദേശത്തുനിന്ന് ഊർജ്ജസ്വലമായ വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം പരിണമിച്ച ഒരു നഗരത്തെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ആഗോളടൂറിസത്തിന്റെ കാലാനുസൃതമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരന്തരം പരിണമിക്കുമ്പോൾതന്നെ ചരിത്രം, സംസ്കാരം, ആധുനികത, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം എന്നിവയുടെ സംഗമസ്ഥാനംകൂടിയാകുന്നു ഈ അദ്‌ഭുതനഗരം.
ഞങ്ങളുടെ മുറിയുടെ ബാൽക്കണിയിൽനിന്നു നോക്കിയാൽ മുൻഭാഗത്തെ റോഡും അതിനപ്പുറത്തെ ബീച്ചും കടലും എതിർവശത്തു പരന്നുകിടക്കുന്ന നഗരഭാഗവുമൊക്കെക്കാണാം. അരണ്ടവെളിച്ചത്തിൽ പതനുരഞ്ഞെത്തുന്ന തിരമാലകൾ തീരത്തെ ചുംബിച്ചു മടങ്ങിപ്പോകുന്ന കാഴ്ച എത്ര മനോഹരമാണ്! രാത്രിയിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന നഗരത്തിന് ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണ്. വലിയ കെട്ടിടങ്ങളൊക്കെ അതിവിശാലമായ ഓരോ ടി വി സ്‌ക്രീൻ പോലെ ചലിക്കുന്ന ചിത്രങ്ങളെക്കൊണ്ടും മാറിവരുന്ന വർണ്ണങ്ങളെക്കൊണ്ടും വിസ്മയിപ്പിക്കുന്നു. കുറേസമയം ആ കഴ്ചകളൊക്കെക്കണ്ടുനിന്നു. പിന്നെ ഉറങ്ങാൻ കിടന്നു. നാളത്തെ പ്രഭാതം വലിയൊരു പ്രതീക്ഷയാണ്. എത്രയോ കാലമായി നേരിൽക്കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വലിയ മനുഷ്യനെ കണ്ടുമുട്ടാൻ പോകുന്നു. അദ്ദേഹവും ഈ ഹോട്ടലിലെ ഏതോ ഒരു മുറിയിൽ ഞങ്ങളെക്കാൾമുന്നേ സ്ഥാനം പിടിച്ചിട്ടുണ്ട്.
No comments:
Post a Comment