16.ഹോവാൻ കീം തടാകവും ട്രെയിൻ സ്ട്രീറ്റും
---------------------------------------------------------------
ഉച്ചഭക്ഷണത്തിനുശേഷം ഒരു തടാകം കാണുന്നതിനായുള്ള യാത്രയാണ്. 'ഹോവാൻ കിം തടാകം'. ഹനോയിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ തടാകമാണിത്. റെഡ് റിവർ തന്റെ ഒഴുക്കിന്റെ ഗതി ഇടയ്ക്കിടെ മാറുന്നതനുസരിച്ച് തൻ്റെ പ്രവാഹവീഥികളിൽ തടാകങ്ങളും ചതുപ്പുനിലങ്ങളുമൊക്കെ അവശേഷിപ്പിച്ചു പോകുന്നു. അത്തരത്തിലൊരു സരോവരമാണ് ഗ്രീൻ ലേക്ക് എന്നറിയപ്പെട്ടിരുന്ന ഹോവാൻ കീം. പച്ചനിറമാണ് ഈ തടാകത്തിലെ ജലത്തിന്. ഈ തടാകത്തെക്കുറിച്ച് കൗതുകം തോന്നുന്ന ഒരു ഐതിഹ്യകഥയുണ്ട്.
വിയറ്റ്നാം ചക്രവർത്തിയായിരുന്ന ലി ലോയി 1428-ൽ ചൈനീസ് മിംഗ് രാജവംശത്തെ പരാജയപ്പെടുത്തി. അതിനുശേഷം ഒരുദിവസം അദ്ദേഹം ഈ തടാകത്തിൽ തോണിയാത്ര നടത്തവേ 'കിം ക്യൂയി' എന്നുപേരായ ഒരു സ്വർണ്ണകൂർമ്മം അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ കൈവശമുള്ള മന്ത്രികവാൾ തിരികെനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആ വാൾ മിംഗ് രാജവംശത്തെ പരാജയപ്പെടുത്താനായി അദ്ദേഹത്തിന് അന്നാടിന്റെ ദേവതയായ ഒരു വ്യാളി നൽകിയതായിരുന്നു. ആ വാളാണ് ഇപ്പോൾ ഈ ആമ തിരികെ ആവശ്യപ്പെടുന്നതെന്ന് ചക്രവർത്തിക്ക് മനസ്സിലായി, അത് തിരികെ നൽകുകയും ചെയ്തു. വാൾ കിട്ടിയപാടെ ആമ അപ്രത്യക്ഷമായി. അതിനുശേഷമാണ് തടാകത്തിനു 'ഹോവാൻ കീം' എന്ന് പേര് ലഭിച്ചത്. 'വാൾ മടക്കി നൽകിയ തടാകം' എന്നാണ് ഈ പുതിയ പേരിനർത്ഥം. തടാകമാധ്യത്തിൽ ചെറിയ തുരുത്തിൽ ഒരു സ്തൂപമുണ്ട്. ആമസ്‌തൂപമെന്നാണ് ഇതറിയപ്പെടുന്നത്.
തടാകത്തിൽ താമസിച്ചിരുന്ന യഥാർത്ഥ ആമ സൂര്യസ്നാനത്തിനായി കയറിയിരുന്നത് അവിടെയായിരുന്നു. ഫ്രഞ്ചുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു ഇടനിലക്കാരൻ 1886 ൽ ഈ ചെറിയ ഗോപുരം നിർമ്മിച്ചു. രാജാവ് ലെ ലോയിയെ ബഹുമാനിക്കാൻ താൻ ഒരു ഗോപുരം പണിയുകയാണെന്നായിരുന്നു അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യം , മരിച്ചുപോയ തന്റെ പിതാവിന്റെ അസ്ഥികൾ സ്തൂപത്തിനടിയിൽ കുഴിച്ചിടുക എന്നതായിരുന്നു, സ്വന്തം കുടുംബത്തിന് ഭാഗ്യം കൊണ്ടുവരുന്നതിന്, ഫെങ് ഷൂയിയിലെ ഒരു തന്ത്രമാണിത്. എന്നാൽ തദ്ദേശീയരായ ജോലിക്കാർ രഹസ്യമായി ആ ഭൗതികാവശിഷ്ടങ്ങൾ അവിടെനിന്നു നീക്കം ചെയ്തു. ഫ്രഞ്ചുകാർക്ക് ഹിതകരമായ എന്തെങ്കിലും ചെയ്യാൻ അവരാരും തയ്യാറായിരുന്നില്ല. വ്യക്തമായ മാതൃകയില്ലാത്ത മൂന്ന് നിലകളുള്ള ഈ ഗോപുരം നഗരത്തിന്റെ ഒരു പ്രതീകസ്മാരകമായി നിലനിൽക്കുന്നു.
തടാകം കരയിൽനിന്നു കണ്ടശേഷം നോക് സാൻ ക്ഷേത്രം സന്ദർശിക്കാൻ അതിലുള്ള പ്രസിദ്ധമായ 'ചുവന്ന ചായമടിച്ച മരപ്പാലം' കയറുന്നതിനായി നടന്നു. ഈ പാലത്തിനുമുണ്ട് പറയാൻ ഒരുപിടി കഥകൾ. ഹക് ബ്രിഡ്ജ് എന്നാണ് ഈ മനോഹരമായ പാലത്തിന്റെ പേര്. തു ഡുക് ചക്രവർത്തി 1865 ൽ നിർമ്മിച്ചതാണ് ഈ പാലം. ഉദിച്ചുയരുന്ന സൂര്യൻ എന്നാണ് ഹക് എന്ന പേരിനർത്ഥം. ജീവിതത്തിന്റെ ഉയർച്ചയെ പ്രതീകവത്കരിക്കുകയാണ് ഈ നാമം. ഇതിന്റെ ചുവപ്പ്‌നിറം ഭാഗ്യസൂചകമാണ്. 32 മരത്തൂണുകളിൽ നിലകൊള്ളുന്ന പാലത്തിനു 15 കമാനങ്ങളാണുള്ളത്. 1897 , ൽ ഈ പാലം തകരുകയും പുനർനിർമിക്കുകയും ചെയ്തിരുന്നു. പിന്നീട് 1952 ൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ചുണ്ടായ ജനത്തിരക്കിൽ പാലം തകരുകയും പുനർനിർമ്മാണം നടക്കുകയുമുണ്ടായി.ഹാനോയിയുടെ പൗരാണികതയെയും ആധുനികതയെയും കൂട്ടിയിണക്കുന്ന ഈ പാലത്തിൽ സന്ദർശകരുടെ തിരക്കൊഴിയാറില്ല.
.നോക് സാൻ ക്ഷേത്രം, പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന മൂന്ന് പ്രധാന മംഗോളിയൻ അധിനിവേശങ്ങളിൽ രണ്ടെണ്ണത്തെ പരാജയപ്പെടുത്തിയ സൈനിക കമാൻഡർ ട്രാൻ ഹങ് ദാവോയ്ക്ക് (വിയറ്റ്നാമിന്റെ 14 ദേശീയ വീരന്മാരിൽ ഒരാൾ) സമർപ്പിച്ചിരിക്കുന്നു . ക്ഷേത്രം സ്ഥിതിചെയ്യുന്ന തുരുത്തിനെ ജേഡ് ദ്വീപ് എന്ന് വിളിക്കുന്നു. ജേഡ് പോലെ നല്ല പച്ചനിറമാണ് ഈ കുഞ്ഞുദ്വീപിന്.
വെൻചാങ്, ലുസു എന്നീ താവോദേവന്മാർക്കൊപ്പം ഗുവാൻ യു എന്ന , മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് സൈനിക ജനറലിന്റെയും പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ. കാവൽദൈവമായി ആരാധിച്ചുപോരുന്ന ഗുവാൻ യുവിന്റെ
ഛായാചിത്രങ്ങളോ പ്രതിമകളോ ഇന്നാട്ടുകാർ വീടിന്റെ പ്രധാനവാതിലിൽ സ്ഥാപിക്കാറുണ്ട്.
വേറെയും ഒന്നുരണ്ടുക്ഷേത്രങ്ങൾകൂടി കണ്ടിരുന്നു. പക്ഷേ അവയെക്കുറിച്ചൊന്നും ഗൈഡ് കൂടുതലായി പറഞ്ഞില്ല. അവിടെനിന്നു ഹാനോയിയുടെ ഓൾഡ് ക്വാർട്ടർ എന്ന ഭാഗത്തേക്കാണ് ഇനി പോകേണ്ടത്. അതിനായി അവിടുത്തെ സൈക്ലോ എന്ന് വിളിക്കപ്പെടുന്ന സൈക്കിൾ റിക്ഷയിലാണ് പോകുന്നത് . ഇത് നമ്മുടെ സൈക്കിൾ റിക്ഷ പോലെയല്ല. മുൻഭാഗത്ത് വീൽചെയർ പോലൊരു ഭാഗവും പിന്നിൽ ഡ്രൈവറുടെ സീറ്റും ഒരു വീലുമാണ്. മടക്കിയും നിവർത്തിയും വയ്ക്കാവുന്ന കുടപോലൊരു ഭാഗം വീല്ചെയറിനു മുകളിലുണ്ട്. അതിലിരുന്നു സഞ്ചരിച്ചാൽ മുമ്പിലുള്ള കാഴ്ചകൾ വ്യക്തമാണ്. ഞങ്ങൾ കയറിയയുടനെ മഴ ചാറാൻ തുടങ്ങി. അതിനാൽ മുകളിലെ കുട നിവർത്തി. പിന്നിലിരുന്നു ഡ്രൈവർ ഉച്ചത്തിൽ ചുമയ്ക്കുകയും തുമ്മുകയും കാറിത്തുപ്പുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു യാത്ര അത്ര സുഖകരമായില്ല.
യാത്ര അവസാനിപ്പിച്ച് ഒരു മാർക്കറ്റ് ഭാഗത്തേക്കാണ് പോയത്. തുണികളും ബാഗുകളും വാച്ചുകളും ചെരുപ്പുകളും എന്നുവേണ്ട നമുക്കാവശ്യമുള്ളതൊക്കെ വാങ്ങാൻ കിട്ടുന്ന കടകളാണ് തെരുവുകൾക്കിരുവശവും. ഷോപ്പിംഗിനു താല്പര്യമില്ലാത്തതുകൊണ്ടു ഒക്കെ കണ്ടുനടന്നതേയുള്ളു. ഇവിടെ കച്ചവടക്കാർ കൂടുതലും സ്ത്രീകളാണ്. കുടുംബത്തിനുവേണ്ടി സ്ത്രീകളാണ് ഇന്നാട്ടിൽ കഠിനപ്രയത്നം നടത്തുന്നത്. യുദ്ധങ്ങളിൽപോലും സ്ത്രീകളുടെ പങ്ക് വളരെ ശ്രദ്ധേയമാണ്. കണ്ടുകണ്ടു നടക്കുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നുകണ്ടു. മക്കഡേമിയ നട്ട്സ് . ലോകത്തിലെ ഏറ്റവും വിലയുള്ള നട്ട് ആണിതെന്നു കേട്ടിട്ടുണ്ട്. അതിന്റെ തൊണ്ടു തുറക്കാൻ ഒരു ചാവിയും ഉണ്ടാകുമത്രേ! അരകിലോയുടെ കുപ്പികൾ രണ്ടുമൂന്നെണ്ണം വാങ്ങി. 1350 ഇന്ത്യൻ രൂപയായിരുന്നു അരക്കിലോയുടെ വില. അണ്ടിപ്പരിപ്പിനും ഏതാണ്ട് അതേ വിലയാണ്. നമ്മുടെ നാട്ടിലെ കശുവണ്ടിയേക്കാൾ നല്ല സ്വാദുണ്ട് ഇവിടെ കിട്ടുന്നതിന്. അതും വാങ്ങി. ഇവിടെ ധാരാളം കശുമാന്തോട്ടങ്ങൾ യാത്രകൾക്കിടയിൽ കണ്ടിരുന്നു.
ഈ ദിവസങ്ങളിൽ കഠിനമായ തണുപ്പുണ്ടായിരുന്നു. ഞങ്ങൾ ജാക്കറ്റ് എടുത്തിരുന്നുമില്ല. അതുകൊണ്ടു രണ്ടുപേർക്കും ജാക്കറ്റും വാങ്ങി. നമ്മുടെ നാട്ടിലെ വിലയൊക്കെയേ അവിടെയുമുള്ളൂ. എന്തായാലും അത് വളരെ ഉപകരിച്ചു. അടുത്തദിവസങ്ങളിൽ തണുപ്പ് അതികഠിനമായിരുന്നു. അവിടെനിന്നുപോയത് ഇവിടുത്തെ പ്രസിദ്ധമായ ട്രെയിൻ സ്ട്രീറ്റിലേക്കാണ്. അഞ്ചരമണിക്ക് ട്രെയിൻ വരുമെന്നാണ് ഗൈഡ് പറഞ്ഞത്. പക്ഷേ ആ സമയത്ത് ട്രെയിൻ ഉണ്ടായിരുന്നില്ല. അതിനാൽ വീണ്ടും അടുത്തുള്ള ഷോപ്പിംഗ് സൗകര്യങ്ങൾനോക്കി എല്ലാവരും പോയി. ഏഴേമുക്കാലിന് ട്രെയിൻ വരുമെന്ന് പറഞ്ഞതുകൊണ്ട് സമയമായപ്പോൾ എല്ലാവരും റെയിൽവേപാളത്തിൽ എത്തിയിരുന്നു. ട്രാക്കിനിരുവശവും ഭക്ഷണശാലകളും മറ്റു കടകളുമൊക്കെയാണ്. പാളത്തോടു ചേർന്നാണ് കസേരകളും ബെഞ്ചും മേശയുമൊക്കെ നിരത്തിയിരിക്കുന്നത്. അവിടെയിരുന്നു സഞ്ചാരികൾ ബിയറും കാപ്പിയും ചായയും വളരെ വിശേഷപ്പെട്ട മുട്ടക്കാപ്പിയുമൊക്കെ നുണഞ്ഞു സംസാരിക്കുന്നു. പക്ഷേ ട്രെയിൻ വരുന്ന നേരമാകുമ്പോൾ എല്ലാം അവിടെനിന്നു നീക്കി ട്രെയിൻയാത്ര സുഗമമാക്കും.
ആയിരക്കണക്കിനു വിദേശസഞ്ചാരികൾ ആ ട്രെയിനൊന്നു പോകുന്നതുകാണാൻ ഇവിടെയെത്തിയിട്ടുണ്ട്. മുംബൈയിലെ ട്രെയിൻയാത്രകൾ ധാരാളം കണ്ടിരിക്കുന്ന നമുക്ക് ഇതത്ര വലിയ സംഭവമാണെന്നൊന്നും തോന്നുന്നില്ല. പക്ഷേ ഇവിടുത്തെ വൃത്തിയും ഞങ്ങളുടെ അച്ചടക്കവും നമ്മേ വിസ്മയത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിക്കും. മദ്യപിക്കുന്നവർ ഒന്നുറക്കെ സംസാരിക്കുന്നുപോലുമില്ല. ആരും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു പരിസരം മലിനമാക്കുന്നില്ല.
1902 മുതൽ ഈ ട്രാക്കിൽ ട്രെയിൻ ഓടുന്നുണ്ട്. ഫ്രഞ്ചുകാരാണ് ട്രാക്ക് നിർമ്മിച്ചതെങ്കിലും ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങൾ തദ്ദേശീയർ നിർമ്മിച്ചതാണ്. തലമുറകളായി താമസിക്കുന്നവരും ഇവിടെയുണ്ട്. 350 മീറ്റർ നീളമുണ്ട് ഈ തെരുവിന്. ട്രാക്കിലൂടെ കുറേദൂരം ഞങ്ങളും നടന്നു. പിന്നെ ഒരുകടയുടെ രണ്ടാംനിലയിലെ കഫെയുടെ കസേരകളിൽ സ്ഥാനംപിടിച്ചു കോഫി ഓർഡർ ചെയ്തു. അപ്പോഴേക്കും ചൂളംവിളിച്ചു ട്രെയിനെത്തി. കുതിച്ചുപാഞ്ഞൊന്നുമല്ല. സാവധാനം തന്നെ. ചാറ്റൽമഴ പെയ്തുകൊണ്ടേയിരുന്നു. അതുകഠിനമായ തണുപ്പിലും ഈ ട്രെയിൻയാത്ര കാണാൻ മൊബൈലും കാമറയുമായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൗതുകകരമായ ഈ ട്രെയിൻ യാത്ര ആസ്വദിച്ചശേഷം ഹോട്ടലിലേക്ക് മടങ്ങി. അത്താഴവും കഴിച്ചു കിടന്നു. അപ്പോഴേക്കും ജലദോഷം കലശലായി ആക്രമിച്ചിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുകൾ കഴിച്ചു. സുഖമായുറങ്ങി.
No comments:
Post a Comment