Wednesday, November 25, 2026

 യക്ഷിയും മാലാഖയും 

===================

നാദക്ഷപുരമെന്ന രാജ്യത്തെ  രാജാവിന് തന്റെ വെളുത്ത കുതിരയെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ പെട്ടെന്നൊരുദിവസം  അവൻ  എന്തോ ദീനം വന്ന് ആകെ അവശനിലയിലായി. കൊട്ടാരത്തിലെ മൃഗപരിചരണവിദഗ്ദ്ധർക്കൊന്നും അവന്റെ അസുഖം മാറ്റാനായില്ല. തന്റെ കുതിരയെ രക്ഷപ്പെടുത്തുന്നവർക്ക് ആയിരം സ്വർണ്ണനാണയം വാഗ്ദാനം ചെയ്തുകൊണ്ട് രാജാവ് വിളംബരം പുറപ്പെടുവിച്ചു. 


രാജ്യത്തിൻറെ തെരുവുകളിലെ നൽക്കവലകളിൽ ഭടന്മാർ പെരുമ്പറകൊട്ടി വിളംബരം അറിയിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അയൽരാജ്യത്തെ രാജാവിന്റെ കുതിരയുടെ പരിചാരകനായ റാംബൂ  കുറച്ചുദൂരെയുള്ള നദിക്കരയിൽ  മാത്രം വളരുന്ന ചില ഔഷധസസ്യങ്ങൾ ശേഖരിക്കാനായി അതുവഴി വന്നത്. വിളംബരം കേട്ടയുടനെ റാംബൂ കൊട്ടാരത്തിലേക്കു വെച്ചുപിടിച്ചു. രാജാവിനെ മുഖംകാണിച്ച് കുതിരയുടെ ദീനം താൻ മാറ്റിക്കൊള്ളാമെന്നു വാക്കുകൊടുത്തു. രാജാവിനു വളരെ ആശ്വാസമായി. 

പക്ഷേ റാംബുവിനും അതിനുള്ള മരുന്നുകൾ അറിയുമായിരുന്നില്ല.  പണം കിട്ടുമല്ലോ എന്നോർത്ത് ചാടിപ്പുറപ്പെട്ടതാണ്.  കാട്ടിൽപോയി മരുന്നുമായി വരാമെന്നുപറഞ്ഞു റാംബു യാത്രയായി. മരുന്നു കിട്ടിയില്ലെങ്കിൽ രാജാവ് തന്നെ തുറുങ്കിലടയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യുമെന്നയാൾ ഭയന്നു. തന്റെ രാജ്യത്ത്  ജ്ഞാനിയായ  ഒരു വൃദ്ധസന്യാസിയുള്ളത് റാംബുവിനറിയാമായിരുന്നു. അയാൾ ഓടി സന്യാസിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. അദ്ദേഹം റാംബുവിനു മരുന്നു പറഞ്ഞുകൊടുക്കാമെന്നേറ്റു. പക്ഷേ ഒരു വ്യവസ്ഥയും മുന്നോട്ടുവെച്ചു. 'ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്ത്' എന്ന ചോദ്യത്തിന്  ഉത്തരം നൽകണമത്രേ. 


റാംബു ആകെ വിഷണ്ണനായി. അവൻ  തന്റെ അറിവിലുള്ള  പല പണ്ഡിതന്മാരോടും ചോദിച്ചു. ഉത്തരം  ആർക്കുമറിയില്ല. ഒടുവിൽ നിരാശനായി ക്ഷേത്രത്തിലെത്തി ദേവിയോട് പ്രാർത്ഥിച്ചു. പക്ഷേ പ്രാർത്ഥന ഉറക്കെയായിരുന്നതുകൊണ്ടു പൂജാരി അതൊക്കെ കേട്ടു. അദ്ദേഹം ഒരു പോംവഴി പറഞ്ഞു. രാജ്യാതിർത്തിയിലെ   വനത്തിലൂടെ ഒഴുകുന്ന നദിയുടെ കരയിലെ താരിവൃക്ഷച്ചുവട്ടിലെ വള്ളിക്കുടിലിൽ ഹാരിനി  എന്നൊരു  മന്ത്രവാദിനി  താമസമുണ്ടെന്നും അവൾക്കു റാംബുവിനെ സഹായിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.    അയാൾ പെട്ടെന്നുതന്നെ അവിടേക്കു പുറപ്പെട്ടു. 


ഓടിയും കിതച്ചുമൊക്കെ ഒരുതരത്തിൽ റാംബു ഹാരിനിയുടെ കുടിലിനുമുന്നിലെത്തി. 

പക്ഷേ വള്ളിക്കുടിലിനു വാതിലൊന്നും ഉള്ളതായി റാംബുവിനു തോന്നിയില്ല. അതിനാൽ അവൻ കുടിലിനടുത്തുപോയി മെല്ലേ ചോദിച്ചു.

"ഇവിടെയാരുമില്ലേ?"

കുടിലിൽനിന്നു പുറത്തുവന്ന സുന്ദരിയായ സ്ത്രീയില്നിന്നു 

"ഞാൻ- ഹാരിനി, ഇവിടെയുണ്ടല്ലോ" എന്ന മറുപടിയും ലഭിച്ചു. 

"ദയവായി എന്നെ രക്ഷിക്കണം" അവൻ കാര്യങ്ങളൊക്കെ വിശദമായി  പറഞ്ഞു.

"തീർച്ചയായും ഞാൻ സഹായിക്കാം. പക്ഷേ നിങ്ങളെന്നെ വിവാഹം കഴിക്കണം "

മരുന്നു കിട്ടിയില്ലെങ്കിൽ മരണമായിരിക്കും തന്നെ കാത്തിരിക്കുന്നത്. അതിനേക്കാൾഭേദം ഇവളെ വിവാഹം കഴിച്ചേക്കാമെന്നു റാംബു തീരുമാനിച്ചു. വിവാഹം കഴിഞ്ഞയുടനെ  ഹാരിനി പറഞ്ഞു. 

"ഞാൻ ദിവസത്തിൽ പന്ത്രണ്ടുമണിക്കൂർ സുന്ദരിയായൊരു മാലാഖയായും  പന്ത്രണ്ടുമണിക്കൂർ യക്ഷിയുടെ  രൂപത്തിലുമായിരിക്കും. നിങ്ങൾക്കു തീരുമാനിക്കാം രാത്രിയിൽ ഏതുരൂപം വേണമെന്നും പകൽ ഏതുരൂപം വേണമെന്നും."

പകൽ സുന്ദരിയാണെങ്കിലും രാത്രിയിൽ ഈ യക്ഷയുടെകൂടെ എങ്ങനെ കഴിയും! ഇനി രാത്രിയിൽ  സുന്ദരിയാകണമെന്നു പറഞ്ഞാൽ പകൽമുഴുവൻ ഈ യക്ഷിയെ കാണേണ്ടിവരും. എന്തായാലും തന്റെ കാര്യം കഷ്ടത്തിലായി. 

"അത് നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളൂ" റാംബു മറുപടി പറഞ്ഞു. 

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഹാരിനി അവനോടു പറഞ്ഞു. 

"നിങ്ങൾ എന്റെ ഇഷ്ടമനുസരിച്ചു ചെയ്തുകൊള്ളാൻ പറഞ്ഞല്ലോ. എനിക്ക് വളരെ സന്തോഷമായി. ഞാൻ  എപ്പോഴും  സുന്ദരിയായ  മാലാഖയായിത്തന്നെ നിങ്ങളോടൊപ്പം ജീവിക്കും. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരവും അതുതന്നെ. ഒരു സ്ത്രീ എപ്പോഴും അവളുടെ ഇച്ഛാനുസരണം പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. സ്വന്തം ഇഷ്ടാനുസരണം ജീവിക്കുമ്പോൾ അവൾ ഒരു മാലാഖയാണ്. അല്ലാതെവന്നാൽ അവളൊരു യക്ഷിയാകും."

അവർ ഇരുവരുംചേർന്നു സന്യാസിവര്യനെക്കാണാൻ പോയി. അദ്ദേഹത്തിന്റെ ചോദ്യത്തിനുത്തരം  നൽകി, പകരം കുതിരയുടെ ദീനം മാറ്റാനുള്ള മരുന്നും സ്വീകരിച്ച് നാദക്ഷപുരത്തെത്തി. തന്റെ കുതിരയെ രക്ഷപ്പെടുത്തിയ റാംബൂവിനു രാജാവ് ആയിരം സ്വർണ്ണനാണയവും ഹാരിനിക്ക് ഒരു പേടകം നിറയെ വിലപിടിപ്പുള്ള ആഭരണങ്ങൾ സമ്മാനമായും നൽകി. 



 




No comments:

Post a Comment