Wednesday, November 25, 2026

 അവരും നമ്മളും 

=============


ട്രൂവോങ് സോങ് (Truong Son Mountains) എന്ന മലനിരകളുടെ ഭാഗമാണിത്.  സാധാരണ നമ്മുടെ ഹൈറേഞ്ചിൽ  കാണുന്നതുപോലെയുള്ള മരംകോച്ചുന്ന തണുപ്പും  മൂടൽമഞ്ഞും കോടക്കാറ്റും ചന്നംപിന്നം പെയ്യുന്ന ചാറ്റൽമഴയും   ഇടതൂര്ന്നുവളരുന്ന വൃക്ഷലതാദികളും പൊട്ടിച്ചിരിച്ചൊഴുകുന്ന കാട്ടുചോലകളുമൊക്കെയുള്ള   മലനിരകൾ. എങ്കിലും ബനാ മലകൾ ഏറെ വ്യത്യസ്തമാണ് എന്ന് ഒരിക്കലെങ്കിലും അവിടെയെത്തുന്നവർക്കു മനസ്സിലാകും. കാരണം  ഈ മലനിരകളിലെ കാഴ്ചകൾ അവാച്യമാണ്. കൂടാതെ,    ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള കേബിൾകാർയാത്ര   ഏറ്റവും ദൈർഘ്യമുള്ള സിംഗിൾ കേബിൾ (11,587m), ഏറ്റവും ദൈർഘ്യമേറിയതും ഭാരമേറിയതുമായ കേബിൾ റീൽ (11,587 മീ/141.24 ടൺ), പുറപ്പെടൽ, ലക്ഷ്യസ്ഥാന സ്റ്റേഷനുകൾ തമ്മിലുള്ള ഏറ്റവും ഉയർന്ന ഉയരവ്യത്യാസം (1,369 മീറ്റർ), എന്നീ ലോകറെക്കോർഡുകളും ഇവിടുത്തെ കേബിൾകാറിനുണ്ട്.



 കാലാവസ്ഥാപ്രവചനമനുസരിച്ച്  മഴയുള്ള ദിവസമാണ്.  എങ്കിലും ടിക്കറ്റൊക്കെ നേരത്തെതന്നെ എടുത്തിരിക്കുന്നതുകൊണ്ടു യാത്ര മാറ്റിവയ്ക്കാൻ കഴിയില്ല. കുടയും റെയിൻകോട്ടും ജാക്കറ്റും  ഒക്കെ ഒപ്പം കരുതി ഞങ്ങൾ യാത്രയായി. ബസ്  നഗരത്തിരക്കുകളിലൂടെ കുറേദൂരം പോയശേഷം തിരക്കൊഴിഞ്ഞ ഗ്രാമങ്ങളിലൂടെയായി യാത്ര. അപ്പോഴേക്കും മഴ വരവറിയിച്ചുകഴിഞ്ഞിരുന്നു. മഴയിലൂടെ കുറച്ചുദൂരം പോയശേഷം  ബനാ ഹിൽസിന്റെ അടിവാരത്തിലെത്തി.


 ഇവിടെ നാലുകേബിൾകാർ സ്റ്റേഷനുകളുണ്ട്. അവയിൽ ഹോയ് ആൻ സ്റ്റേഷനിലാണ് ഞങ്ങളെത്തിയിരിക്കുന്നത്.  അവിടെ ബസ്സ് പാർക്കിംഗ്,   ടിക്കറ്റ് കൌണ്ടർ, ഫുഡ് കോർട്ട് , ഷോപ്പിംഗ് ഏരിയ എന്നിവയൊക്കെയുണ്ട്. മുമ്പിൽ  അതിവിശാലമായ വരാന്തപോലൊരുഭാഗവും പിന്നിൽ വിവിധകാര്യാലയങ്ങളുമൊക്കെയാണ്. എല്ലായിടത്തും  ജനത്തിരക്ക്.   ചെക്ക് ഇൻ ചെയ്തു കവാടംകടന്നിറങ്ങുന്നത് 'സൺ വേൾഡ് '  എന്നെഴുതിയ കൂറ്റൻ ബോർഡുള്ള പടിപ്പുരയാണ്. (ഈ കമ്പനിയാണ് ഇവിടുത്തെ എല്ലാ ആക്ടിവിറ്റികളും നടത്തിപ്പോരുന്നത്.)  അതിന്റെ പരിസരമൊക്കെ വെളുത്തനിറത്തിലെ വലിയപൂച്ചട്ടികളിൽ  മനോഹരമായ പൂച്ചെടികൾകൊണ്ട്  അലങ്കരിച്ചിരിക്കുകയാണ്. ട്യൂലിപ് പൂക്കളുടെ  കാലമാണിപ്പോൾ . 2025 ലെ പുഷ്‌പോത്സവം നടക്കുന്ന സന്ദർഭമാണിത്. 


പടിപ്പുരകടന്നു കുറേദൂരം നടക്കണം. ചില തോടുകളും  പാലങ്ങളുമൊക്കെ കടന്നു മനോഹരമായ അലങ്കാരങ്ങളുള്ള, മേൽക്കൂരയുള്ള നടപ്പാതയിലൂടെ   ഇരുപതുമിനുട്ടിലധികം നടന്നുവേണം കേബിൾകാർ ബോർഡിങ്ങിലെത്താൻ. മലയുടെ മുകളിലേക്കാണ് കേബിളിലൂടെ  കാർ പോകുന്നത്. മലഞ്ചെരുവുകളിൽ ഘോരവനമാണ്. മുകളിൽനിന്നു കുതിച്ചൊഴുകുന്ന ഒരു കാട്ടുചോലയുടെ ദൃശ്യം മറക്കാൻ കഴിയില്ല. 


20 മിനുട്ട് യാത്ര  കഴിയുമ്പോൾ ഡിബെ സ്റ്റേഷൻ എത്തും. അവിടെനിന്നൽപദൂരം  നടന്നാൽ  വിസ്മയാവഹമായൊരു പാലത്തിലേക്കാണെത്തുന്നത്. മലയുടെ മുകളിലെ  രണ്ടുഭാഗങ്ങളെ ബന്ധപ്പെടുത്തി നിർമ്മിച്ച  ഒരു വളഞ്ഞ വലിയ  പാലം. ഇത് ഗോൾഡൻ ബ്രിഡ്ജ് എന്നാണറിയപ്പെടുന്നത്. ഇതിനെ താങ്ങിനിറുത്തുന്നത്  രണ്ടു ഭീമൻ കൈപ്പത്തികളാണ്. പാലത്തിന്റെ താഴെയും വശങ്ങളിലുമൊക്കെ കൊടുംകാടാണ്. മഴയുള്ളതുകൊണ്ടു കാഴ്ച അത്ര മിഴിവോടെ കിട്ടുന്നില്ല.  


പാലം വിശദമായി കണ്ടുകഴിഞ്ഞാൽ തിരികെനടന്നു പൂക്കളുടെ വിശാലമായ ലോകത്തേക്ക്‌ കടക്കാം. ട്യൂലിപ്, ചൈനീസ് ബോൾസം, ലിലി, സൂര്യകാന്തി, പിന്നെ പേരറിയാത്ത അനവധി പൂക്കളും. ഇവയൊക്കെ വെറുതെ നിരനിരയായി എല്ലായിടത്തും നട്ടുപിടിപ്പിച്ചിരിക്കുകയല്ല. പല ആകൃതിയിലും വലുപ്പത്തിലും വ്യത്യസ്തമായ  തീമുകളിലാണ്  സജ്ജീകരിച്ചിരിക്കുന്നത്.  ആറുമീറ്ററോളം ഉയരത്തിൽ നൃത്തംചെയ്യുന്നൊരു ബാര്ബിപാവയുടെ ആകൃതിയിൽ ഒരു പുഷ്പസംവിധാനമുണ്ട്. അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു.   ഒരു പ്രദേശമാകെ ഈ വലിയ ഉദ്യാനം വ്യാപിച്ചിരിക്കുന്നു. ഇതിലൂടെ  നടന്നുപോകാനുള്ള വഴികളൊക്കെ കല്ലും ടൈൽസും ഒക്കെയിട്ട് സുന്ദരമാക്കിയിരിക്കുന്നു. അവിടെയാകെ ജനസാഗരമാണെങ്കിലും  വളരെ വൃത്തിയിലാണ്  എല്ലായിടവും സംരക്ഷിച്ചിരിക്കുന്നത്. അറപ്പുളവാക്കുന്ന രീതിയിൽ  ചപ്പുചവറുകളോ അഴുക്കുവെള്ളമോ ദുര്ഗ്ഗന്ധമോ  ഒന്നും എവിടെയുമില്ല.   വൈവിധ്യമാർന്ന ശില്പങ്ങൾകൊണ്ട്  എല്ലായിടവും അലങ്കരിക്കാൻ നടത്തിപ്പുകാർ ശ്രദ്ധിച്ചിട്ടുണ്ട്. ഭൂമിൽയിത്തന്നെയാണോ നമ്മൾ നിൽക്കുന്നതെന്നു തോന്നിപ്പോകും. കൂടാതെ സന്ദർശകരുടെ ആവശ്യമറിഞ്ഞു പ്രവർത്തനക്ഷമമായിരിക്കുന്ന     ഭക്ഷണശാലകളും, സുവനീർഷോപ്പുകളുമൊക്കെ യഥേഷ്ടമുണ്ട്. 


മലയുടെ ഏറ്റവും  മുകളിലുള്ള ഫ്രഞ്ച് വില്ലേജിലേക്ക് അടുത്ത കേബിൾകാർ കയറിവേണം  പോകാൻ. അതിനുള്ള  സ്റ്റേഷനിലേക്ക് ഒരു എസ്കലേറ്റർ കയറിഎത്താം.  വിയറ്റ്നാം ഫ്രഞ്ചുകോളനിയായിരുന്ന കാലത്ത് കാട്ടുവഴകൾ നിറയെ വളർന്നുനിന്നിരുന്ന  ഈ മലകളെ അവർ ഒരു സുഖവാസകേന്ദ്രമാക്കി മാറ്റിയിരുന്നു.   അവരുടെ ഒരു ചെറുപട്ടണംതന്നെ ഇവിടെയുണ്ടായിരുന്നു. ബനാനാ  ഹിൽസ്  എന്നാണ് അവർ ഈ മലനിരകളെ വിളിച്ചിരുന്നത്. അതുലോപിച്ചു ബനാഹിൽസ് ആയി എന്ന് പറയപ്പെടുന്നു.   ഇവിടെ ഇപ്പോൾ നാം കാണുന്നതും ഫ്രാൻസിലെ ഏതോ പുരാതന  പട്ടണമാണെന്നുതോന്നുംവിധം ഒരുക്കിവെച്ചിരിക്കുന്നതാണ്.  കെട്ടിടങ്ങളും  കാസിലുകളും  വീടുകളും വ്യാപാരസ്ഥാപനങ്ങളും     ശില്പങ്ങളുമൊക്കെ ഫ്രാൻസിലേതാണെന്നേ പറയൂ. സൺ വേൾഡ് ബനാഹിൽസിൽ ഒരുല്ലാസകേന്ദ്രം തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ പഴയ ഫ്രഞ്ചുവില്ലേജ് പുനർസൃഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു.   ഒരു ബ്രൂവറിയും അമ്യൂസ്മെന്റ് പാർക്കും, മറ്റുപലതരത്തിലുമുള്ള വിനോദോപാധികളും ഈ മലമുകളിലുണ്ട്. റസ്റ്ററന്റുകൾ   അതിഗംഭീരമാണ്. ഞങ്ങളും അതിലൊന്നിൽനിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. ആയിരക്കണക്കിനാളുകൾ വന്നുപോകുന്നിടമാണെകിലും അവിടുത്തെ വൃത്തിയും വെടിപ്പും പ്രശംസനീയം.  മഴ വളരെ ശക്തിയായിത്തന്നെ പെയ്തുകൊണ്ടിറയ്ക്കുന്നു. അതിഭയങ്കരമായ തണുപ്പും. മഴ  നില്ക്കാൻ ഭാവമില്ലാതിരുന്നതുകൊണ്ടു ഞങ്ങൾ അവിടെനിന്നു മടങ്ങി. 

ഈ കാഴ്ചകളൊക്കെ സഫാരി ചനങ്ങളിലെ 'സഞ്ചാരം' പരിപാടിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംപ്രേഷണം ചെയ്തിരുന്നു. 


ഇനി നമ്മുടെ നാട്ടിലെ ഒരു പുഷ്പമേള കാണാൻ പോയ  ഒരനുഭവത്തെക്കുറിച്ചു പറയാം.

 മാർച്ച് 28  മുതൽ ഏപ്രിൽ 20 വരെ ഇടുക്കിജില്ലയിൽ നടക്കുന്ന   ഒരു പുഷ്പമേളയെക്കുറിച്ച്  ടി വി വാർത്തയിൽനിന്നാണറിഞ്ഞത്.  ഏപ്രിൽ 19 നു ഞാനും അത് കാണാൻ പോയിരുന്നു. എന്റെ  വീട്ടിൽനിന്നു 45 മിനുട്ട് യാത്രയേ ഉള്ളൂ അവിടേക്ക്. ഹൈറേഞ്ചിൽ ഇപ്പോൾ എവിടെനോക്കിയാലും ധാരാളം പൂക്കളുണ്ട്. അതുകൊണ്ടുതന്നെ പുഷ്പമേളയെന്നൊക്കെ കേട്ടപ്പോൾ ഒരുപാടു പ്രതീക്ഷകളുമായാണ് പോയത്. രാവിലെ 10 മണിക്കാണ് പ്രവേശനം തുടങ്ങുന്നത്. പത്തേകാലായി അവിടെയെത്തിയപ്പോൾ. യൂണിഫോമിട്ടു ഗേറ്ററിനടുത്തു നിന്നിരുന്ന  ആളോട് അന്വേഷിച്ചപ്പോൾ   ടിക്കറ്റ് കൌണ്ടർ എന്നുപറഞ്ഞു രണ്ടു ചതുരദ്വാരം കാണിച്ചുതന്നു. 70  രൂപയാണ് ടിക്കറ്റ് ചാർജ്ജ്. ഞങ്ങളെക്കൂടാതെ രണ്ടുമൂന്നുപേർകൂടി വന്നിട്ടുണ്ട്. 


ടിക്കെറ്റെടുത്ത് അകത്തേക്ക് കയറിയപ്പോൾ വളരെ കുറച്ചുസ്ഥലത്ത് നിറയെ പൂക്കളുമായി  നിൽക്കുന്ന ചൈനീസ് ബോൾസം, ബെന്തി, കാക്കപ്പൂവിന്റെ ഇനത്തിലുള്ള  ചെടികൾ മുതലായവയുടെ    പൂച്ചട്ടികൾ ഒരുക്കിയിട്ടുണ്ട്.  അതിനപ്പുറം കുറച്ചു കസേരകളൊക്കെ നിരത്തിയിട്ടുണ്ട്. ദിവസേനയുള്ള  സ്റ്റേജ് പ്രോഗ്രാമിനോ മറ്റോ ഉള്ളതാണ്. ഏതാനും സ്റ്റാളുകളും കണ്ടു. ഒരുഭാഗത്ത് കുറെ സൂര്യകാന്തിച്ചെടികൾ കരിഞ്ഞുണങ്ങിയ പൂക്കളുമായി നിൽക്കുന്നു. അതുനിൽക്കുന്ന പ്രതലം ആകെ വെള്ളക്കെട്ടാണ്. പച്ചനെറ്റും വിരിച്ചിട്ടുണ്ട്. ചപ്പും ചവറുമൊക്കെ വലിച്ചെറിഞ്ഞു ആകെ വൃത്തികേടായി നോക്കാനറയ്ക്കുന്ന രീതിയിൽ കിടക്കുന്നു. വേറൊരു ഭാഗത്ത് ഏതാനും ബീൻസ്‌വള്ളികളും പടവലവും കക്കിരിവള്ളികളുമൊക്കെ താങ്ങുകൊടുത്തു വളർത്തിയിട്ടുണ്ട്. അതും വെച്ചിരിക്കുന്നിടം മുഴുവൻ വെള്ളംകയറി വൃത്തിഹീനമായാണ് കിടക്കുന്നത്. ഇടയ്ക്കൊരിടത്ത് ഒരു ഉയർന്ന സ്റ്റാന്റിന്റെ  മുകളിൽ ഒരു കഷ്ണം വലിയ  പൈപ്പുവെച്ചിട്ട്  കുറെ പൂചെടികൾ താഴേക്ക്  ജലമൊഴുകുന്നതുപോലെ തോന്നുംവിധം സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെക്കാണുന്ന  പൂക്കൾക്ക് നല്ലഭംഗിയുണ്ടെങ്കിലും വൃത്തിഹീനമായ ചുറ്റുപാട്  ആ മനോഹാരിതയുംകൂടി ഇല്ലാതാക്കും. അതിനും പുറമെ കീടനാശിനികളുംമറ്റും സ്പ്രേ ചെയ്തുകൊണ്ടിരിക്കുന്നതിനാൽ അസഹനീയമായ ദുർഗ്ഗന്ധവും. അഞ്ചുമിനുട്ടുപോലും അതിനുള്ളിൽ നില്ക്കാൻ കഴിഞ്ഞില്ല. 


 കുറേവർഷങ്ങളായി പഞ്ചായത്ത്  സംഘടിപ്പിക്കുന്ന പുഷ്പപ്രദർശനമാണെന്നാണ് അറിയാൻ കഴിഞ്ഞത്. വെള്ളക്കെട്ടുണ്ടായത് ഒരുപക്ഷേ പ്രതീക്ഷിക്കാതെ പെയ്ത വേനൽമഴമൂലമാവാം. പക്ഷേ വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനമുണ്ടാക്കേണ്ട ഉത്തരവാദിത്തം നടത്തിപ്പുകാർക്കുണ്ടെന്നാണ് എന്റെ  വിശ്വാസം. പരസ്യംകണ്ടു പുഷ്പമേള കാണാനെത്തുന്ന പൊതുജനത്തോട് സംഘാടകർക്ക്  കുറച്ചെങ്കിലും നീതിപുലർത്താം. അവരോടു  സൗഹൃദമനോഭാവം, ഉത്തരവാദിത്തബോധം,, ബഹുമാനം ഒക്കെ ഉണ്ടാകാം,   ഉണ്ടാകണം. ഇതൊക്കെ എന്നാണിനി നമ്മുടെ നാട്ടിൽ നടപ്പിലാവുക!  








No comments:

Post a Comment