Wednesday, November 25, 2026

പാവക്കുട്ടിയുടെ  കത്തുകൾ 

ആധുനിക സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായ ജർമ്മൻ സാഹിത്യകാരൻ കാഫ്കയെക്കുറിച്ച് ഒരു കഥയുണ്ട്. 

ഒരു ദിവസം കാഫ്ക ബർലിനിലെ ഒരുദ്യാനത്തിലൂടെ നടക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടി ഇരുന്ന് ഉറക്കെ കരയുന്നത് കണ്ടു. കാരണം തിരക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട പാവ നഷ്ടപ്പെട്ടു എന്ന് അവൾ പറഞ്ഞു. കാഫ്ക  പാർക്കിൽ മുഴുവൻ പാവയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 

കുട്ടിയുടെ സങ്കടം മാറ്റാൻ കാഫ്ക പെട്ടെന്ന് ഒരു കഥ ഉണ്ടാക്കി: "നിന്റെ പാവ നഷ്ടപ്പെട്ടിട്ടില്ല, അവൾ ലോകം ചുറ്റിക്കാണാൻ ഒരു യാത്ര പോയതാണ്. അവൾ എനിക്ക് അയച്ച കത്ത് നാളെ ഞാൻ പാർക്കിൽ വരുമ്പോൾ കൊണ്ടുവരാം."

അടുത്ത ദിവസം കാഫ്ക പാർക്കിലെത്തി കുട്ടിക്കായി പാവയുടെ പേരിൽ ഒരു കത്ത് വായിച്ചുകേൾപ്പിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
"ദയവായി കരയരുത്. ലോകം കാണാൻ ഞാൻ ഒരു യാത്ര പോയതാണ്. എന്റെ യാത്രാവിശേഷങ്ങൾ ഞാൻ നിനക്ക് എഴുതി അറിയിക്കാം."

തുടർന്ന് മൂന്ന് ആഴ്ചയോളം കാഫ്ക ദിവസവും പാവയുടെ പേരിൽ കത്തുകൾ എഴുതി പാർക്കിലെത്തി ആ കുട്ടിയെ വായിച്ചു കേൾപ്പിച്ചു. പാവ പാരീസിലും ലണ്ടനിലും പോയതും, അവിടുത്തെ മനുഷ്യരെക്കുറിച്ചും, സ്കൂളിൽ പോയതുമെല്ലാം കാഫ്ക തന്റെ ഭാവനയിലൂടെ കത്തുകളിൽ നിറച്ചു. ആ കുട്ടി സങ്കടമെല്ലാം മറന്ന് പാവയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കാൻ തുടങ്ങി, 

യാത്രകൾക്കൊടുവിൽ പാവ മടങ്ങിവരുന്നതായി കാഫ്ക ഒരു കത്തെഴുതി. അടുത്ത ദിവസം അദ്ദേഹം പുതിയൊരു പാവയെ വാങ്ങി ആ കുട്ടിക്ക് സമ്മാനിച്ചു. എന്നാൽ അത് കണ്ടപ്പോൾ കുട്ടി പറഞ്ഞു: "ഇത് എന്റെ പാവയെപ്പോലെയല്ലല്ലോ കാണാൻ." അവൾ  വീണ്ടും കരയാൻ തുടങ്ങി. " എനിക്ക് എൻ്റെ പാവയെ മതി"

അപ്പോൾ കാഫ്ക പാവയുടെ മറ്റൊരു കത്ത് അവൾക്ക് നൽകി. അതിൽ എഴുതിയിരുന്നു: "ദീർഘദൂര യാത്രകൾ എന്നെ ഒന്നു മാറ്റിമറിച്ചു." കുട്ടി സന്തോഷത്തോടെ ആ പുതിയ പാവയെ കെട്ടിപ്പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

ഈ സംഭവം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കാഫ്ക മരണമടഞ്ഞു. വർഷങ്ങൾക്ക് ശേഷം ആ പെൺകുട്ടി മുതിർന്നപ്പോൾ, അന്ന് കാഫ്ക സമ്മാനിച്ച പാവയുടെ ഉള്ളിലെ ഒരു രഹസ്യ അറയിൽ നിന്ന് ഒരു ചെറിയ കത്തു കൂടി അവൾ കണ്ടെത്തി. കാഫ്ക ഒപ്പിട്ട ആ കത്തിൽ സാഹിത്യലോകത്തെ ഏറ്റവും മനോഹരമായ ഈ വരികൾ ഉണ്ടായിരുന്നു:

"നീ സ്നേഹിക്കുന്നതെല്ലാം ഒരുപക്ഷേ നിനക്ക് നഷ്ടപ്പെട്ടേക്കാം, എന്നാൽ ഒടുവിൽ സ്നേഹം മറ്റൊരു രൂപത്തിൽ നിന്നിലേക്ക് തന്നെ മടങ്ങിവരും." 



================================


ആധുനിക സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായ ജർമ്മൻ സാഹിത്യകാരൻ കാഫ്കയെക്കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കൽ കാഫ്ക ഒരുദ്യാനത്തിൽക്കൂടി നടക്കുമ്പോൾ അവിടെ ഒരു ബഞ്ചിൽ ഒരു കൊച്ചു പെൺകുട്ടി ഇരുന്നു കരയുന്നതുകണ്ടു. അദ്ദേഹം അടുത്തുപോയി കര്യമന്വേഷിച്ചു. അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയെ കാണാതായിരിക്കുന്നുവത്രേ! 

അവളെ ആശ്വസപ്പിക്കാനായി പാവക്കുട്ടി ഒരു യാത്ര പോയതാണെന്ന് അദ്ദേഹം നുണ പറഞ്ഞു. യാത്രപോയ ദിക്കുകളെക്കുറിച്ചൊക്കെഅവൾ എന്നും കത്തെഴുതുമെന്നും അദ്ദേഹം പെൺകുട്ടിയെ അറിയിച്ചു. അടുത്ത ദിവസം ആദ്യത്തെ കത്തു വരുമെന്നും അദ്ദേഹം അവളോടു പറഞ്ഞു.  കുട്ടി  കരച്ചിൽ നിർത്തി. പുഞ്ചിരിച്ചു. പിറ്റേന്ന് വൈകുന്നേരം പെൺകുട്ടി  കാഫ്കയെ കാത്തിരുന്നു. അദ്ദേഹം പാവക്കുട്ടിയുടെ കത്തുമായാണ് വന്നത്. കത്തു വായിച്ചുകേട്ടപ്പോൾ അവൾക്ക് അതിയായ സന്തോഷം തോന്നി. 

എന്നും അവൾ  കഫ്‌കയെ കാത്തിരുന്നു. അദ്ദേഹം എന്നും കത്തുകൾ കൊണ്ടുവന്നു വായിച്ചുകേൾപ്പിച്ചു. 

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം കത്തിന് പകരം

=========================

സ്വപ്നങ്ങളുടെ ദേവത മണ്ണിലിറങ്ങിവരുന്ന രാത്രിയായിരുന്നു അത്.

സ്വപ്നം കാണുന്നവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻവേണ്ടി. 

ദേവത അവളോടു ചോദിച്ചു.

"എന്താണ് നീ സ്വപ്നം കാണുന്നത്? "

" എനിക്കൊരു വലിയ സ്വപ്നമുണ്ട്. അതിനെക്കുറിച്ച് സ്വപ്നം കാണുകയാണിപ്പോൾ"

ദേവത മടങ്ങിപ്പോയി. അവളുടെ സ്വപ്നം സ്വപ്നമായിതന്നെ തുടർന്നു. 

അടുത്തവർഷം ദേവത വീണ്ടും വന്നു. അവളോടു വീണ്ടും സ്വപ്നത്തെക്കുറിച്ചു ചോദിച്ചു. 

വളരെ നിരാശയോടെ അവൾ ചോദിച്ചു. 

"കഴിഞ്ഞതവണ എൻ്റെ സ്വപ്നം യാഥാർത്ഥ്യമായില്ലല്ലോ."

"നീ പറഞ്ഞത് നിനക്കു വലിയ സ്വപ്നമുണ്ട്, അതിനെക്കുറിച്ച് സ്വപ്നം കാണുകയാണിപ്പോൾ എന്നല്ലേ.. ഇപ്പോഴും ആ വലിയ സ്വപ്നം നിനക്കുണ്ടല്ലോ"  

====================================

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുക എന്നതല്ല തത്വശാസ്ത്രം പറയുന്നത് മറിച്ച്, എങ്ങനെ മികച്ച ചോദ്യങ്ങൾ ചോദിക്കാമെന്ന് പഠിക്കുക എന്നതാണ് .

സോക്രട്ടീസ് പുസ്തകങ്ങൾ എഴുതിയിട്ടില്ല, പ്രത്യേക സിദ്ധാന്തങ്ങളൊന്നും രൂപപ്പെടുത്തിയിട്ടുമില്ല. അദ്ദേഹം ഏഥൻസിലൂടെ നടന്ന്, ആളുകളോട് "എന്തുകൊണ്ട്?" എന്നു ചോദിച്ചുകൊണ്ടിരുന്നു. തങ്ങൾക്കറിയാം എന്നു കരുതിയ കാര്യങ്ങൾ യഥാർത്ഥത്തിൽ തങ്ങൾക്ക് മനസ്സിലായിട്ടില്ലെന്ന് ആളുകൾ തിരിച്ചറിയുന്നത് വരെ അദ്ദേഹം അത് തുടർന്നു. ആ തിരിച്ചറിവുണ്ടാക്കിയ അസ്വസ്ഥത, അതാണ് ജ്ഞാനത്തിലേക്കുള്ള തുടക്കം.

ഉത്തരങ്ങൾ പലപ്പോഴും അറിവിന്റെ വാതിൽ അടയ്ക്കുന്നു; എന്നാൽ ചോദ്യങ്ങൾ അവ തുറന്നിടുന്നു. മികച്ച ചോദ്യങ്ങൾ പെട്ടെന്ന് സമാധാനം നൽകിയെന്നുവരില്ല. എന്നാൽ അവ കുറച്ചു വൈകിയാലും വ്യക്തത നൽകുന്നു. അതുകൊണ്ട്, ജിജ്ഞാസയുള്ളവരാകാൻ ശീലിക്കുക.

========================================

ചക്രവർത്തിയും മുയലുകളും

.

ലോകത്തിന്റെ വലിയൊരു ഭാഗത്തെ യുദ്ധങ്ങളിലൂടെ വിറപ്പിച്ച മഹാനായ ചക്രവർത്തിയെ വിശന്നുവന്ന മുയലുകൾ കൂട്ടമായച്ചേർന്ന് ഓടിച്ചു എന്നു പറഞ്ഞാൽ നമുക്കു വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുതോന്നും. എന്നാൽ അങ്ങനെയും സംഭവിച്ചിരുന്നു.

ഫ്രാൻസിന്റെ ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിനെയാണ് മുയലുകൾ തുരത്തിയോടിച്ച്ത്.

1807-ൽ, യുദ്ധവിജയത്തിനുശേഷം ആഘോഷത്തിന്റെ ഭാഗമായി നെപ്പോളിയനുവേണ്ടി ഒരു മുയൽവേട്ട സംഘടിപ്പിച്ചുവെന്നാണ് പ്രസിദ്ധമായ കഥ. അദ്ദേഹത്തിന്റെ സൈനിക സഹായി അലക്സാണ്ടർ ബെർത്തിയേർ വേട്ടയ്ക്കായി മുയലുകളെ എത്തിച്ചു.

മുയലുകളെ തുറന്നുവിട്ടപ്പോൾ അവ കാട്ടുമുയലുകളെപ്പോലെ പേടിച്ചോടിയില്ല. പകരം, മനുഷ്യർ ഭക്ഷണം നൽകുമെന്ന പ്രതീക്ഷയിൽ നെപ്പോളിയന്റെയും കൂട്ടരുടെയും അടുത്തേക്ക് കൂട്ടത്തോടെ ഓടിയെത്തി!

 വിശന്നുവലഞ്ഞ  മുയലുകൾ ചക്രവർത്തിയുടെ  കാലുകളിലും വസ്ത്രങ്ങളിലും ചാടിക്കയറിയപ്പോൾ വേട്ടക്കാരുടെ പ്രതീക്ഷകൾ തകിടംമറിഞ്ഞു. ഒടുവിൽ നെപ്പോളിയൻ ഓടി  തന്റെ വാഹനത്തിൽ കയറി അഘോഷങ്ങളിൽനിന്ന്   പിൻവാങ്ങേണ്ടിവന്നുവെന്നാണ് കഥ.

അധികാരത്തിനും ശക്തിക്കും അപ്പുറം ജീവിതത്തിന് അതിന്റേതായ നർമമുണ്ട് എന്നാണ് ഈ കഥ നമ്മോടു പറയുന്നത്. നമ്മളെ ഓർമ്മപ്പെടുത്തുന്നത്,  ലോകം കീഴടക്കാൻ പുറപ്പെടുന്നവർക്കുപോലും ചിലപ്പോൾ ഏറ്റവും ദുർബലരായവർക്കുമുന്നിൽ തോൽക്കേണ്ടിവരും എന്നാണ്!


No comments:

Post a Comment