ശിവജി മഹാരാജ് - 1
മദ്ധ്യകാലഘട്ടത്തിലെ മറാഠാദേശം
================================
ഭാരതചരിത്രത്തിൽ, ക്രിസ്തുവിനുശേഷം ആറുമുതൽ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലം മദ്ധ്യകാലഘട്ടമെന്നാണ് അറിയപ്പെടുന്നത്. സാമ്രാട്ടുകളുടെയും സുൽത്താന്മാരുടെയും നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടേയുമൊക്കെ സ്വേച്ഛാധിപത്യം കൊടുമ്പിരികൊണ്ടിരുന്ന മദ്ധ്യകാലഘട്ടത്തിന്റെ അവസാനഭാഗത്താണ് ശിവജിമഹാരാജ്, ഇന്ന് മഹാരാഷ്ട്രയെന്നറിയപ്പെടുന്ന മറാഠാമണ്ണിൽ ഉദയംചെയ്തത്. അക്കാലത്തെ ഭൂരിഭാഗം നാടുവാഴികളും രാജാക്കന്മാരും പ്രജകളുടെ ക്ഷേമത്തെക്കാൾ താന്താങ്ങളുടെ ഭൗതികസുഖങ്ങൾക്കും ഉല്ലാസജീവിതത്തിനുമാണ് പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറും വിജയനഗരസാമ്രാജ്യത്തിലെ കൃഷ്ണദേവരായാരുമൊക്കെ അതിനപവാദങ്ങളാണ്. അവരുടെ ശ്രേണിൽപ്പെടുന്ന മഹാനായ ഭരണാധികാരിയായിരുന്നു ഛത്രപതി ശിവജി. മഹാരാഷ്ട്രയിൽ സ്വരാജ് ( സ്വയംഭരണം) യാഥാർത്ഥ്യമാക്കിയ ക്രാന്തദർശിയാണദ്ദേഹം. അതെന്താണെന്നു നമുക്കൊന്ന് നോക്കാം.
നാലുനൂറ്റാണ്ടുകൾക്കുമുമ്പ് മഹാരാഷ്ട്രയുടെ നല്ലൊരുഭാഗം അഹമ്മദ്‌നഗറിലെ നിസാംഷായുടെയും ബീജാപൂരിലെ ആദിൽഷായുടേയുമൊക്കെ അധികാരപരിധിയിലായിരുന്നു. പരസ്പരം ബദ്ധശത്രുക്കളായിരുന്ന ഈ സുൽത്താന്മാർ തികച്ചും യാഥാസ്ഥിതികരുമായിരുന്നു. സ്വേച്ഛാധിപകളായ ഇവർ മറാഠാദേശത്തെ പങ്കിട്ടെടുക്കുകയും തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങളെ അടിച്ചമർത്തി ഭരിക്കുകയുമായിരുന്നു.
സുൽത്താന്മാർ നിരന്തരം യുദ്ധങ്ങളിലേർപ്പെട്ടിരുന്നതുകൊണ്ടു ജനജീവിതം ദുരിതത്തിലായി. വേണ്ടത്ര ഭക്ഷണമോ മറ്റു ജീവിതസൗകര്യങ്ങളോ ഇല്ലായിരുന്നെന്നു മാത്രമല്ല, ഈശ്വരാരാധനയ്ക്കും ഉത്സവാഘോഷങ്ങൾക്കുംപോലുമുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടായിരുന്നില്ല. സ്വഗൃഹങ്ങളിൽപ്പോലും സുരക്ഷിതരായിരുന്നുമില്ല. എവിടെയും അസമത്വങ്ങളും അന്യായങ്ങളും അനീതികളും നടമാടി.
അക്കാലങ്ങളിൽ സുൽത്താന്മാർ, സൈനികസേവനത്തിനോ ഭരണപരമായ സേവനങ്ങൾക്കോ പ്രതിഫലമായി ഒരു പ്രഭുവിനോ ഉദ്യോഗസ്ഥനോ ഒരു നിശ്ചിതഭൂപ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം നൽകുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്ന ഭൂമിയെ ജാഗിർ (നാട്ടുരാജ്യം) എന്നും അത് ലഭിച്ചവരെ ജാഗീർദാർ (സാമന്തർ) എന്നും വിളിച്ചിരുന്നു. ഇവർ സാധാരണയായി പ്രധാന രാജാവിന് കപ്പം (നികുതി) നൽകുന്നവരായിരിക്കും. മഹാരാഷ്ട്രയിൽ ദേശ്മുഖ്, ദേശ്പാണ്ഡെ എന്നീവിഭാഗങ്ങളിൽപ്പെട്ട ധാരാളം സാമന്തർ ഉണ്ടായിരുന്നു. അവർ സ്വന്തമായിക്കിട്ടിയ ജാഗീറിനെ മാത്രമാണ് സ്നേഹിച്ചത്. നാട്ടുകാരെയോ സ്വന്തം രാജ്യത്തെയോ പോലും അവർ തെല്ലും വിലമതിച്ചിരുന്നില്ല. മാത്രമല്ല, അവർ പരസ്പരം നിരന്തരമായി പോരടിക്കുകയും ചെയ്തിരുന്നു. അവരുടെ ദുർഭരണത്തിലും ചൂഷണങ്ങളിലും ജനങ്ങൾ വലഞ്ഞുപോയിരുന്നു.
തന്റെ നാടു നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ ശിവജിയെ ചിന്താഗ്രസ്തനാക്കി. നാടിനെ ഇത്തരമൊരു ദുരന്തത്തിൽനിന്നു മോചിപ്പിക്കുന്നതിനായി അദ്ദേഹം ശ്രമമാരംഭിച്ചു. ആദ്യംതന്നെ പോർവിളിയും കലഹവുമായിക്കഴിഞ്ഞിരുന്ന ജാഗിർദാർമാരെ സംഘടിപ്പിച്ചു. അവരുടെ സഹായത്തോടെ അദ്ദേഹം, ജനങ്ങളെ അടിച്ചമർത്തിയിരുന്ന ശക്തികൾക്കെതിരെ പൊരുതി വിജയംവരിച്ചു. സ്വന്തം മണ്ണിൽ, ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങൾക്കും നീതിയും ന്യായവും സമത്വവും ഉറപ്പാക്കുന്ന 'ഹിന്ദവി സ്വരാജ്' എന്ന സ്വയംഭരണസംവിധാനം അദ്ദേഹം നടപ്പിൽ വരുത്തി. അതിലൂടെ ഒരു പുതുയുഗപ്പിറവിയുടെ കാഹളമുയരുകയായിരുന്നു.
മാനവചരിത്രത്തിന്റെ ഏതു കാലഘട്ടം പരിശോധിച്ചാലും എപ്പോഴൊക്കെ സമൂഹത്തിൽ നിലനിൽക്കുന്ന അനീതിയാലോ അസമത്വങ്ങളാലോ സാമൂഹികജീവിതം ദുരിതപൂർണ്ണമാകുന്നുവോ അപ്പോഴൊക്കെ ആത്മീയാചാര്യന്മാർ ജനങ്ങളെ ശാന്തിയിലേക്കു കൊണ്ടുവരാൻ ഉദയം ചെയ്യാറുണ്ട്. സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാട്ടുകയും അവയെ ദുരീകരിച്ചു സദ്പ്രവൃത്തികളിലേക്കു ജനങ്ങളെ നയിക്കുകയും ചെയ്തിരുന്ന ധാരാളം ദിവ്യപുരുഷന്മാർ മദ്ധ്യകാലഘട്ടത്തിൽ മഹാരാഷ്ട്രയിലും ജീവിച്ചിരുന്നു. 'സന്ത്' എന്നായിരുന്നു അവർ പൊതുവിൽ അറിയപ്പെട്ടിരുന്നത്. സന്ത് ചക്രധാർ സ്വാമി, സന്ത് ജ്ഞാനേശ്വർ, സന്ത് ഏകനാഥ്, സന്ത് തുക്കാറാം, സമർത്ഥ രാംദേവ് എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക. ഈ ആത്മീയാചാര്യന്മാരുടെയൊക്കെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ ഭക്തിമാർഗ്ഗത്തിലേക്കു നയിക്കാനും തങ്ങളുടെ കഴിവുകളെക്കുറിച്ച് ഉദ്ബുദ്ധരാക്കുവാനും തങ്ങൾക്കു നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും വളരെയധികം സഹായിച്ചു. 'ഹിന്ദവി സ്വരാജ്' പ്രാവർത്തികമാക്കാൻ ഈ ഉദ്ബോധനങ്ങൾ ശിവജി മഹാരാജിനെയും നല്ലവണ്ണം സഹായിച്ചിരുന്നു.
No comments:
Post a Comment