5. ശിവജി വീണ്ടും പൂനെയിൽ
=======================
ശഹാജിരാജെ ഒരു സംസ്കൃതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയിൽ ധാരാളം ഭാഷാപണ്ഡിതന്മാരും കലാ, ശാസ്ത്ര, ശസ്ത്ര വിഷയങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ചവരുമുണ്ടായിരുന്നു. അതിനാൽത്തന്നെ ശിവാജിയുടെ വിദ്യാഭ്യാസത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ഓരോ വിഷയങ്ങളിലും ഏറ്റവും പ്രാഗത്ഭ്യമുള്ളവരായിരുന്നു ശിവജിയുടെ ഗുരുനാഥന്മാർ. സമർത്ഥനായ ആ ബാലൻ വളരെ വേഗം എഴുതാനും വായിക്കാനും പഠിച്ചു. രാമായണം, മഹാഭാരതം, ഭാഗവതം മുതലായ മഹദ്ഗ്രന്ഥങ്ങളൊക്കെ അവൻ വായിച്ചു. കലകളും കുതിരസവാരിയും യുദ്ധതന്ത്രങ്ങളും വാൾപ്പയറ്റും മല്ലയുദ്ധവുമൊക്കെ അഭ്യസിപ്പിക്കാൻ പ്രത്യേകം പ്രത്യേകം ഗുരുനാഥന്മാരുണ്ടായിരുന്നു. പന്ത്രണ്ടുവയസ്സായപ്പോഴേക്കും ശിവജി വിജ്ഞാനത്തിന്റെ വിവിധശാഖകളിൽ പാണ്ഡിത്യം ആർജ്ജിച്ചിരുന്നു.
നിനച്ചിരിക്കാതെയാണ് വീണ്ടും രണഭൂമിയിലേക്ക് ശഹാജിരാജെ പോകേണ്ടിവന്നത്. കർണ്ണാടകത്തിലെ ചില നാട്ടുപ്രഭുക്കന്മാരെ ആക്രമിച്ചു കീഴ്പെടുത്തുക എന്നതായിരുന്നു പുതിയ ദൗത്യം. അതിനായി പുറപ്പെടുംമുമ്പേ തന്റെ പത്നിയെയും പുത്രനെയും സുരക്ഷിതരാക്കാനായി അവരെ അദ്ദേഹം പുനെയിലേക്കയച്ചു. ആന- കുതിര- കാലാൾപ്പടയും ധ്വജഹസ്തരായ സൈനികരും വിശ്വസ്തരായ മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും വിദഗ്ദ്ധരായ അദ്ധ്യാപകരും അവരെ ആ യാത്രയിൽ അനുഗമിച്ചു.
പൂനെയിലെത്തിയ ശിവജിക്ക് തന്റെ ബാല്യകാലസുഹൃത്തുക്കളെയും അവരൊന്നിച്ചു ചെലവഴിച്ച നാളുകളെയും ഓർമ്മവന്നു. അവർ ഓടിനടന്നുകളിച്ചിരുന്ന സഹ്യാദ്രിക്കുന്നുകൾ വീണ്ടും കണ്ടപ്പോൾ ശിവജിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. എന്നാൽ പൂനെ പട്ടണത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളിൽ വീടുകളും ക്ഷേത്രങ്ങളും വസ്തുവകകളും കൃഷിയിടങ്ങളും തകർക്കപ്പെട്ട നിലയിലായിരുന്നു. ശത്രുക്കളെ ഭയന്ന് ജനങ്ങൾ നാടുതന്നെ ഉപേക്ഷിച്ചുപോയിരുന്നു. നാടാകെ കാടായിമാറിയ അവസ്ഥ. ചെന്നായ്ക്കളും കുറുക്കന്മാരും അലഞ്ഞുതിരിയുന്ന കാടുകൾ!
ജീജാബായി പൂനെയിൽ മടങ്ങിയെത്തിയ വാർത്തയറിഞ്ഞപ്പോൾ നാടുപേക്ഷിച്ചുപോയവരൊക്കെ മടങ്ങിവരാൻ തയ്യാറായി. വാസസ്ഥലങ്ങളും ക്ഷേത്രങ്ങളും പുനർനിർമ്മിക്കപ്പെട്ടു. ക്ഷേത്രങ്ങളിൽ പൂജകളും ആരാധനകളും പുനഃസ്ഥാപിതമായി. കാടു നീക്കംചെയ്തു കൃഷിയിടങ്ങൾ വീണ്ടെടുത്തു . എല്ലാം നഷ്ടപ്പെട്ടെന്നു കരുതി നിരാശയുടെ കൂരിരുട്ടിൽ അകപ്പെട്ടുപോയ ആ പാവം മനുഷ്യർക്കുമേൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ അനുഗ്രഹം ചൊരിഞ്ഞു. ആളും ബഹളവുമായി പൂനെ പട്ടണം വീണ്ടും സജീവമായി.
No comments:
Post a Comment