4.ശഹാജി ബാംഗ്ലൂരിൽ
=====================
ശഹാജി, നിസാമിന്റെ പാളയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അവിടെ അദ്ദേഹത്തിനു പലവിധത്തിലുള്ള ഉപജാപങ്ങളെയും നേരിടേണ്ടിവന്നു. നിസാംഷായുടെ മന്ത്രിമാരും ഉപദേശകരും സൈനീകോദ്യോഗസ്ഥന്മാരും ശഹാജിക്കെതിരെ പല ഗൂഢനീക്കണങ്ങളും നടത്തി. അവരുടെ ഏഷണികൾ നിസാംഷാ മുഖവിലയ്‌ക്കെടുക്കുകയുംചെയ്തിരുന്നു. അത്തരം ചില നുണപ്രചരണങ്ങൾ ശഹാജിക്കും നിസാമിനുമിടയിൽ അസ്വാരസ്യങ്ങൾക്കിടയാക്കി. ശഹാജിയുടെ ഭാര്യാപിതാവായ ലഖുജിറാവു യാദവിന്റെ പരസ്യവധത്തിലാണ് അതവസാനിച്ചത്. അതിൽ നന്നേ ക്രുദ്ധനായ ശഹാജി നിസാംഷായുമായുള്ള ബന്ധം അവസാനിപ്പിച്ചു മുഗൾസൈന്യത്തിൽ ചേർന്നു. ഷാജഹാൻ ചക്രവർത്തി അദ്ദേഹത്തെ തന്റെ സൈന്യാധിപനായി ഉപരോധിക്കുകയും ചെയ്തു.
ഇതിനിടയിൽ ചക്രവർത്തിയുമായി രഹസ്യധാരണയുണ്ടാക്കിയ ഫത്തേഖാൻ നിസാംഷായെ വധിച്ചു. നാഥനില്ലാതായ രാജ്യത്ത് അരാജകത്വം നടമാടി. നിസാമിന്റെ ഭരണത്തിൻകീഴിലായിരുന്ന ഭൂപ്രദേശത്തെ മുഗൾചക്രവർത്തിയുടെ അധീനതയിൽകൊണ്ടുവരാനുള്ള ഗൂഢപ്രവൃത്തിയുടെ ഫലമായിരുന്നു അത്. അതിനുള്ള പാരിതോഷികമായി ഷാജഹാൻ ചക്രവർത്തി ഫത്തേഖാന് ഒരു ഭൂപ്രദേശം ജാഗീർ ആയി നൽകി. പക്ഷേ ആ പ്രദേശം നിലവിൽ ശഹാജിയുടെ അധീനതയിലുണ്ടായിരുന്ന ജാഗീർ ആയിരുന്നു. അദ്ദേഹത്തിനു തന്റെ കോപം നിയന്ത്രിക്കാനായില്ല. പിന്നെ ഒരുനിമിഷംപോലും പാഴാക്കാതെ അദ്ദേഹം ചക്രവർത്തിയുമായുള്ള എല്ലാ ചാർച്ചകളും അവസാനിപ്പിക്കുകയും പ്രതികാരംചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.
നിസാംഷായുടെ വധത്തോടെ രാജ്യത്തുടലെടുത്ത അരക്ഷിതാവസ്ഥയെ ഇല്ലാതാക്കുവാൻ ശഹാജി ശ്രമം തുടങ്ങി. ആദ്യം നിസാമിന്റെ കുടുംബത്തിൽനിന്നുതന്നെ അദ്ദേഹത്തിന്റെ ഒരു പിൻഗാമിയെ കണ്ടെത്തി. ചെറിയൊരു ബാലകനായിരുന്നിട്ടുകൂടി അവനെ ജൂന്നാറിനടുത്തുള്ള പെംഗിരി കോട്ടയിൽവെച്ചു പുതിയ നിസാംഷായായി പ്രഖ്യാപിച്ച് അഭിഷിക്തനാക്കി. അങ്ങനെ പുതിയൊരു നിസാംഷാഹി (പ്രവിശ്യ) രൂപംകൊണ്ടു. ഗോദാവരി നദിക്കും നീരാനദിക്കും ഇടയിലുള്ള വിശാലമായ ഭൂപ്രദേശമായിരുന്നു പുതിയ രാജ്യം.
പുതിയ രാജ്യത്തെ ഷാജഹാനിൽനിന്നു സംരക്ഷിക്കാൻ ശഹാജി കഠിനപ്രയത്നം ചെയ്യേണ്ടിവന്നു. ആദ്യമൊക്കെ ആദിൽഷാ ശഹാജിക്കൊപ്പം നിന്നിരുന്നെങ്കിലും അധികം താമസിയാതെ ചക്രവർത്തി അദ്ദേഹത്തെ നേരിട്ടെത്തി ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടി. ഈ രണ്ടു മഹാശക്തികളോട് പൊരുതാൻ ഗറില്ലായുദ്ധതന്ത്രമാണ് ശഹാജി പ്രയോഗിച്ചത്. ഒളിച്ചിരുന്നു ശത്രുക്കളെ നേരിടുന്ന രീതിയാണിത്. താരതമ്യേന ചെറുതും ദുർബ്ബലവുമായ ശക്തികൾക്ക് വൻശക്തികളെ നേരിടേണ്ടിവരുമ്പോൾ ഈ തന്ത്രം വളരെ പ്രയോജനപ്പെടും.
കഴിയുന്നത്ര കാലം ശത്രുക്കളോടു സധൈര്യം പോരാടിയെങ്കിലും വൻശക്തികൾക്കെതിരെ തനിച്ചുള്ള തന്റെ പോരാട്ടം അധികനാൾ നീട്ടിക്കൊണ്ടുപോകാൻ ശഹാജിക്ക് കഴിയുമായിരുന്നില്ല. അദ്ദേഹം ചക്രവർത്തിയുമായി ഒരു സമാധാനകരാർ ഒപ്പുവയ്ച്ചു. 1636 -ൽ ഒപ്പുവെച്ച ഉടമ്പടിയിൽ പുതിയ രാജ്യരൂപീകരണംതന്നെ ഉപേക്ഷിച്ച്, ശഹാജിയുടെ അധീനതയിലുള്ള പ്രദേശങ്ങളും കോട്ടകളും ചക്രവർത്തിക്കു കൈമാറി. അദ്ദേഹം തന്റെ താമസം ബാംഗ്ലൂരിലേക്ക് മാറ്റി ആദിൽഷായെ സഹായിക്കാനും തീരുമാനമെടുത്തു. ശഹാജിക്ക് സ്വന്തം രാജ്യം സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും മറാഠാജനതയുടെ ഹൃദയത്തിൽ അദ്ദേഹത്തിന് ഒരുന്നതസ്ഥാനം ലഭിക്കുകയുണ്ടായി
ശഹാജിയുടെ ജാഗിർ ഉൾപ്പെടെയുള്ള നിസാംഷാഹിപ്രദേശം, ചക്രവർത്തിയും ആദിൽഷായും പങ്കിട്ടെടുത്തു. ശഹാജിയുടെ അധീനതയിലുണ്ടായിരുന്ന പൂനെയും സുപെയും ആദിൽഷായുടെ കൈവശം വന്നുചേർന്നെങ്കിലും അദ്ദേഹം അത് ശഹാജിക്കു വിട്ടുകൊടുത്തു. അതോടെ അവർ വീണ്ടും സൗഹൃദത്തിലായി. ശഹാജി ആദിൽഷായുടെ സൈന്യത്തിൽ ചേരുകയും ചെയ്തു. ഷായാകട്ടെ, കർണ്ണാടകയുടെ വിദൂരപ്രദേശങ്ങൾ പിടിച്ചടക്കാനുള്ള ദൗത്യം ശഹാജിയെ ഏൽപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിനു വീണ്ടും കുടുംബത്തെ പിരിയേണ്ടതായിവന്നു. പക്ഷേ ഏറെ താമസിയാതെ ജീജാബായിയും ശിവജിയും ശഹാജിയുടെ ഒപ്പം ചേരാൻ കർണ്ണാടകത്തിലേക്കു യാത്രയായി.
ശിവജിക്കിപ്പോൾ ആറുവയസ്സാണ് പ്രായം. ഇതുവരെയുള്ള അവന്റെ ജീവിതം സംഭ്രമജനകമായിരുന്നു. എന്നാൽ യുദ്ധകാഹളങ്ങളും കോട്ടകളിൽനിന്നു കോട്ടകളിലേക്കുള്ള പലായനങ്ങളും അവനെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. സ്വപിതാവിനെക്കുറിച്ചുള്ള ധാരാളം വീരസാഹസികകഥകൾ അവനു കേൾക്കാൻ കഴിഞ്ഞിരുന്നു.
കർണ്ണാടകയിലെ ജീവിതം ജീജാബായിക്കും പുത്രനും സമാധാനപൂർണ്ണമായിരുന്നു. എന്നാൽ ശഹാജിരാജെയുടെ പോരാട്ടവീര്യത്തിനു വിശ്രമം ലഭിച്ചതേയില്ല. ആദിൽഷായ്ക്കുവേണ്ടി കർണ്ണാടകത്തിലെ പല നാട്ടുരാജാക്കന്മാരെയും അദ്ദേഹം ആക്രമിച്ചു കീഴടക്കി. നന്ദിസൂചകമായി ആദിൽഷാ ശഹാജിരാജെയ്ക്ക് ബാംഗ്ലൂർ ജാഗീർ ആയി നൽകി. അവിടെ എല്ലാവിധ രാജപ്രൗഢിയോടെ ശഹാജി കുടുംബത്തോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോയി. അക്കാലത്ത് ബഹുഭാര്യാത്വം സാധാരണമായിരുന്നു. ശഹാജിയും വേറെ വിവാഹബന്ധത്തിൽ ഏർപ്പെടുകയും സന്താനങ്ങൾ ജനിക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment