3. ശിവജിയുടെ ജനനം
=================
സ്ഥിതിഗതികൾ എല്ലാവിധത്തിലും പ്രതികൂലമായിരിക്കുന്ന കാലത്താണ് ശഹാജിയുടെ പത്നി ജീജാബായി ഗർഭവതിയാകുന്നത്. അദ്ദേഹത്തിന് തന്റെ പത്നിയുടെയും ഗർഭസ്ഥശിശുവിന്റെയും സംരക്ഷണം ഒരു ചോദ്യചിഹ്നമായി. ഒടുവിൽ ശക്തമായ ശിവനേരി കോട്ടയിൽ അവരെ എത്തിച്ച്, ബന്ധുവായ വിജയരാജിനെ അവരുടെ സംരക്ഷണം ചുമതലപ്പെടുത്തി ശഹാജി വീണ്ടും യുദ്ധഭൂമിയിലേക്കു യാത്രയായി. പൂനെയ്ക്കടുത്തുള്ള ജുന്നർ എന്ന സ്ഥലത്ത് വലിയ പാറക്കൂട്ടങ്ങൾക്കു നടുവിൽ നിർമ്മിച്ചിരിക്കുന്ന അതിശക്തമായൊരു കോട്ടയായിരുന്നു ശിവനേരി. അവിടുത്തെ നിസ്തുലമായ കവാടങ്ങൾ ശത്രുക്കൾക്കു തകർക്കുവാനായിരുന്നില്ല.
ജീജാബായി കാത്തിരുന്ന സുദിനം വന്നണഞ്ഞു. ശകവർഷം 1551 ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ മൂന്നാംനാൾ അതായത്, ക്രിസ്തുവർഷം
1630 ഫെബ്രുവരി മാസം 19 - ജീജാബായി ഒരാൺകുഞ്ഞിനു ജന്മമേകി. മതപരമായ ഒരു പുണ്യദിനമായതിനാൽ തെരുവുകളിലൊക്കെ വാദ്യഘോഷങ്ങളും ആഹ്ലാദത്തിമിർപ്പുകളുമായിരുന്നു. ഈ സന്തോഷവാർത്ത കേട്ടതോടെ ആഘോഷങ്ങൾ ഉച്ചസ്ഥായിയിലായി. പന്ത്രണ്ടാംദിനം അനുചിതമായ ചടങ്ങുകളോടെ നാമകരണവും നടന്നു. ജനനം ശിവനേരിയിൽവെച്ചായതുകൊണ്ട് 'ശിവജി' എന്ന പേരാണ് ശിശുവിനു നൽകിയത്.
കുഞ്ഞുശിവജി അമ്മയുടെ സംരക്ഷണയിൽ അല്ലലറിയാതെ കഴിഞ്ഞപ്പോഴും ചുറ്റുപാടുകൾ സംഘർഷഭരിതമായിരുന്നു. ശത്രുക്കളെ തുരത്താൻ ശഹാജി രാപകലില്ലാതെ യുദ്ധഭൂമിയിൽ പോരാടുമ്പോൾ ജീജാബായി പ്രാർത്ഥനയുമായി കോട്ടയ്ക്കുള്ളിൽ കഴിഞ്ഞു. കടുത്ത മനസികസംഘർഷങ്ങൾക്കിടയിലും തന്റെ ഓമനക്കുഞ്ഞിന്റെ വളർച്ചയിൽ ആ 'അമ്മ പൂർണ്ണശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ അഭാവത്തിൽ ആ സ്നേഹവും ലാളനയുംകൂടി മകന് നൽകാൻ ആ 'അമ്മ ശ്രമിച്ചിരുന്നു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വേണ്ട അറിവുകൾ പകർന്നുനൽകാനും ജ്ഞാനിയായ ആ സ്ത്രീരത്നം ജാഗ്രത കാട്ടി. ഈശ്വരസ്തുതികളും പ്രാർത്ഥനാഗീതങ്ങളും പുരാണകഥകളും അവർ മകന് പഠിപ്പിച്ചുകൊടുത്തു. ആറുവയസ്സായപ്പോഴേക്കും രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളൊക്കെ ശിവജിക്ക് പരിചിതരായിക്കഴിഞ്ഞിരുന്നു. ശ്രീരാമനും ശ്രീകൃഷ്ണനും ഭീമനും അഭിമന്യുവുമൊക്കെ കുഞ്ഞുശിവയെ വളരെ സ്വാധീനിച്ചു. വലുതാകുമ്പോൾ താനും അവരെയൊക്കെപ്പോലെ ശക്തനാകുമെന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു.
ശിവജിക്ക് കുട്ടിക്കാലത്തു ധാരാളം കൂട്ടുകാരുണ്ടായിരുന്നു. ചുറ്റുപാടുകളിൽ താമസിച്ചിരുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളായിരുന്നു അവരിലേറെയും. പക്ഷേ അവരോടൊക്കെ യാതൊരു വേർതിരിവുമില്ലാതെ പെരുമാറാൻ അമ്മ ശിവജിയെ പരിശീലിപ്പിച്ചിരുന്നു. കളികൾക്കിടയിൽ കൂട്ടുകാരുടെ കുടിലുകളിൽ പോവുകയും അവർ കഴിക്കുന്നതുപോലെ ലളിതമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന് ആ ബാലനു മടിയുണ്ടായിരുന്നില്ല. ഒളിച്ചുകളിയും പന്തുകളിലും പമ്പരംകറക്കലുമൊക്കെ കളിച്ചുമടുക്കുമ്പോൾ അവർ മണ്ണുകുഴച്ച് ആനയുടെയും കുതിരകളുടെയും രൂപങ്ങൾ ഉണ്ടാക്കി. കുയിലെപ്പോലെ പാടാനും മൈനയെപ്പോലെയും തത്തയെപ്പോലെയും ശബ്ദമുണ്ടാക്കാനും അവർ മത്സരിച്ചു. എല്ലാക്കളികളിലും ശിവജി മുന്നിട്ടു നിൽക്കുമായിരുന്നു. ചങ്ങാതിമാർക്കെല്ലാം അവൻ വളരെ പ്രിയപ്പെട്ടവനായിമാറി.
No comments:
Post a Comment