Sunday, January 18, 2026

കിഴക്കനേഷ്യൻ മരതകമണികൾ -4

 4 . പറുദീസയിലെ പൂങ്കാവനം


********************************


ആനപ്രദർശനത്തിനുശേഷം ഒരു ട്രാംയാത്രയുണ്ടായിരുന്നു. ബാറ്ററികൊണ്ടോടുന്ന വാഹനത്തിൽ അതിവിശാലമായ ഈ  ഉദ്യാനത്തിന്റെ വൈവിധ്യപൂർണ്ണമായ കാഴ്ചകളിലൂടെ ഒരോട്ടപ്രദർശനം. ഇത്രസുന്ദരമായൊരു ആരാമം സ്വപ്നത്തിൽപ്പോലും കണ്ടിട്ടില്ല. എണ്ണിയാലൊടുങ്ങാത്ത സസ്യവൈവിധ്യം! അതെല്ലാം അതിമനോഹരമായി ഒരുക്കിവെച്ചിരിക്കുന്നു. ഇടയ്ക്കൊക്കെ വിസ്മയകരമായ ചില വാസ്തുനിർമ്മിതികളും തലയെടുത്തുനിൽക്കുന്നുണ്ട്. ക്ഷേത്രരൂപങ്ങളൊക്കെയാവാം.   ഇംഗ്ലണ്ടിലെ സ്റ്റോൺഹെൻജിന്റെ ചെറുപ്പകർപ്പും അവിടെക്കാണാം. 


ചെടികളും മരങ്ങളുമൊക്കെ വെറുതെ നിരനിരയായി നട്ടുവെച്ചിരിക്കുകയല്ലാ. പല ആകൃതിയിലും വിവിധരാജ്യങ്ങളിലെ ഉദ്യാനങ്ങളുടെ മാതൃകയിലുമൊക്കെയാണ്. ഫ്രഞ്ച് ഗാർഡൻ ഒരുക്കിയിരിക്കുന്നത് പാരീസിലെ വെർസലീസ് കൊട്ടാരത്തിലെ ഉദ്യാനഭംഗി കടമെടുത്താണ്. ഇറ്റാലിയൻ ഗാർഡൻ ഇറ്റലിയിൽനിന്നുകൊണ്ടുവന്ന വെണ്ണക്കല്ലുകൾകൊണ്ട് നിർമ്മിച്ച ശില്പങ്ങൾ നിറഞ്ഞതാണ്. 




 ഒരു മേൽക്കൂരയിൽനിന്നു ചെടികൾ വളർന്നുനിൽക്കുന്ന നിരവധി  ചെടിച്ചട്ടികൾ തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് ആകാശോദ്യാനം. മഞ്ഞുപോലെ അവിടെമാകെ ജലസേചനവും നടത്തിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് വൈവിധ്യമാർന്ന  കള്ളിമുൾച്ചെടികളുടെ മറ്റൊരുലോകം! സൈക്കസ് മരങ്ങളാണ് വേറെയൊരു വിസ്മയക്കാഴ്ച. ഈ വിഭാഗത്തിലെ  വംശനാശം വന്നുകൊണ്ടിരിക്കുന്ന ഇനങ്ങളെ സംരക്ഷിക്കുന്നതിന്  ഒരു ശാസ്ത്രീയപഠനകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൃത്രിമമായി നിർമ്മിച്ചിരിക്കുന്ന തടാകങ്ങളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ജലസസ്യങ്ങളും ജന്തുജാലവും ഇവിടെക്കാണാം. 




പലവിഭാഗത്തിലുള്ള പക്ഷികളെയും ജന്തുക്കളെയും ശില്പരൂപത്തിലാക്കി പ്രദർശിപ്പിച്ചിരിക്കുന്നത്‌ കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ഏറെ ആകർഷിക്കുന്നുണ്ട്. ആനയും കുതിരയും പശുവും കാളയും മുതൽ നമ്മൾ കണ്ടിട്ടുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് പക്ഷിമൃഗാദികൾ ജീവൻതുടിക്കുന്ന ശില്പങ്ങളായി നമുക്കുമുന്നിൽ അവതരിക്കുകയാണ്.   അതിലേറ്റവും പ്രാധാന്യം ജുറാസിക് പാർക്ക് സിനിമയിലും മറ്റും നമ്മൾ കണ്ടുമറന്ന പലരൂപത്തിൽ  ഡൈനോസറുകളുടെ ശില്പങ്ങളാണ്. ഭീമാകാരങ്ങളായ ഈ ശില്പങ്ങൾക്കും  ജീവനുണ്ടോയെന്നു തോന്നിപ്പോകും. ഹിന്ദുദൈവങ്ങളെയും ശില്പരൂപത്തിൽ കണ്ടിരുന്നു. ഒരുപാട്‌കൈകളുള്ള ഒരു ഗണപതിയും അക്കൂട്ടത്തിൽ പെടുന്നുണ്ട്. 


വിവരിച്ചുതീർക്കാവുന്നതല്ല ഇവിടുത്തെ കാഴ്ചകൾ. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി  വിസ്തൃതിയിൽ ഇതിനേക്കാളെത്രയോ വലുതാണെങ്കിലും ഈയൊരു പൂർണ്ണതയും മനോഹാരിതയും അവിടെയില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. നമ്മൾ ഭാരതീയർക്ക് പൂർണ്ണത അത്ര നിർബന്ധമുള്ള കാര്യവുമല്ലല്ലോ!


നൊങ് നൂച്ച് ഗ്രാമത്തിലെ കഴ്ചകൾകണ്ടുമതിമറന്നു സമയംപോയതറിഞ്ഞില്ല. അവിടെനിന്നു മടങ്ങേണ്ട സമയമായി. കണ്ണും മനസ്സും ഉദാത്തമായ സൗന്ദര്യക്കാഴ്ചകൾകൊണ്ട് നിറച്ച് ഞങ്ങൾ ബസ്സിൽക്കയറി.  ഇനി ഹോട്ടലിലേക്കാണ് പോകുന്നത്. ഹോട്ടലിലെത്തി അല്പസമയത്തെ വിശ്രമത്തിനുശേഷം മറ്റൊരു വിസ്മയം ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. 




ആറുമണിക്കുള്ള ആൽക്കസർ നൃത്തത്തിനാണ് അടുത്തതായി പോകുന്നത്. ഈ കാബറെനൃത്തങ്ങൾ അതിമനോഹരവും വർണ്ണശബളാഭവുമാണ്. ചില നൃത്തങ്ങൾ അല്പവസ്ത്രധാരികളുടേതാണ്. മെലിഞ്ഞു വടിവൊത്ത ശരീരമുള്ള  നർത്തകർ ആരെയും ആകർഷിക്കും. അവരുടെ ചടുലമായ ചലനങ്ങളും മെയ്‍വഴക്കവും ശ്ലാഘനീയംതന്നെ!   പക്ഷേ അവരാരും സ്ത്രീകളോ പുരുഷന്മാരോ അല്ലാ. എല്ലാവരും ഭിന്നലിംഗവിഭാഗത്തിൽപെടുന്നവരാണ്. 




അൽകസർ നൃത്തക്കാഴ്ചകൾക്കുശേഷം ഹോട്ടലിലേക്കു മടങ്ങി. കടൽത്തീരത്തുകൂടി കുറേദൂരം പോയശേഷം ഒരുവളവിലേക്കു കടക്കുമ്പോൾ 'വോക്കിങ് സ്ട്രീറ്റ്' ഒരുവലിയ ബോർഡും പ്രവേശനകവാടവും കാണാൻ  കഴിഞ്ഞു. ആ തെരുവിൽ വാഹനങ്ങൾക്ക് പ്രവേശനമില്ലെന്നു ഗൈഡ് ആനി പറഞ്ഞുതന്നു. പട്ടായയിലെ രാത്രിജീവിതം കാണാൻ അവിടെ വന്നാൽമതിയത്രേ! അധികദൂരമുണ്ടായിരുന്നില്ല ഞങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്ന ഹോട്ടൽ സിഗ്നേച്ചറിലേക്ക്.  അത്താഴം  ഹോട്ടലിലെത്തന്നെ ഭക്ഷണശാലയിലാണ്  ഒരുക്കിയിരുന്നത്. തായ്‌ലൻഡിലെ ഭക്ഷണത്തോടൊപ്പം ഇന്ത്യൻഭക്ഷണവും ഉണ്ടായിരുന്നത് ആശ്വാസമായി.


ഭക്ഷണശേഷം ഞങ്ങൾ തെരുവിലൂടെ ഒന്നുനടക്കാമെന്നുവെച്ചു. അടുത്തുതന്നെയുള്ള 'സെവൻ ലവൻ കൺവീനിയെന്റ് ഷോപ്പി'ൽനിന്നു വെള്ളവും വാങ്ങേണ്ടിയിരുന്നു. ആനി പറഞ്ഞുതന്നിരുന്ന വഴിയിലൂടെ മുന്നോട്ടുനടന്നു. ഒരിടവഴികയറി നേരെ എത്തിയത് വോക്കിങ് സ്ട്രീറ്റിലാണ്. നടന്നുവന്ന പാതയ്ക്കിരുവശങ്ങളിലും ധാരാളം  മസാജ്  സെന്ററുകളും അതിനായിരിക്കുന്ന സ്ത്രീകളെയും കൂടാതെ ഉപഭോക്താവിനെക്കാത്ത്  ശരീരം വിൽക്കാനിരിക്കുന്ന തരുണീമണികളെയും കാണാനാവും. മറ്റൊരുകാഴ്ച വഴിയോരങ്ങളിൽ വിൽക്കാൻ നിരത്തിവെച്ചിരിക്കുന്ന വിചിത്രമായ   ഭക്ഷണസാധനങ്ങളാണ്. വറുത്തുവെച്ചിരിക്കുന്ന പുഴു, പാറ്റ, വിട്ടിൽ, ഉറുമ്പ്, തേൾ തുടങ്ങിയ ക്ഷുദ്രജീവികൾ, നീരാളിയുടെ ശരീരഭാഗങ്ങൾ, അങ്ങനെപോകുന്നു ആ കാഴ്ച.   


വോക്കിങ് സ്ട്രീറ്റ് രാത്രിയാഘോഷത്തിന്റെ തെരുവാണ്‌. എവിടെയും പാട്ടും നൃത്തവും പൊടിപൊടിക്കുന്നു. തെരുവിനിരുവശവുമുള്ള ഭക്ഷണശാലകളിൽ ഭക്ഷണപാനീയങ്ങളാസ്വദിച്ച്  ഈ ശബ്ദകോലാഹലങ്ങളിൽ മുഴുകി  ജനം നിറഞ്ഞിരിക്കുന്നു. ലിംഗവ്യത്യാസമില്ലാതെ  സഹശയനത്തിനു ആളുകളെപ്രതീക്ഷിച്ച് ധാരാളംപേർ ഇവിടെയുമുണ്ട്. ആ തെരുവു കടന്നു വാഹനഗതാഗതമുള്ള റോഡിലൂടെ അല്പം നടന്നാൽ ബീച്ചിലെത്താം. ഇരുട്ടായിരുന്നതുകൊണ്ടു ബീച്ചിൽ ഇറങ്ങിയില്ല. അവിടെനിന്നുമടങ്ങി വീണ്ടും വോക്കിങ് സ്ട്രീറ്റ് കവാടം കടന്നു. അതാ ഒരു വിസ്മയക്കാഴ്ച!  നമ്മുടെ ദേശീയപതാക കൈകളിലേന്തിയ കുറേപ്പേർ വാദ്യഘോഷങ്ങളുമായി  ഒരു ഘോഷയാത്ര നടത്തുന്നു. വേഷത്തിൽനിന്നു പഞ്ചാബികളാണെന്നു മനസ്സിലായി.  അല്പസമയം അവരോടൊപ്പം ഞങ്ങളും  നടന്നു. ഒരാളോട് ഇതെന്താണെന്നുചോദിച്ചപ്പോൾ ഒരു പുതിയ കടയുടെ ഉദ്‌ഘാടനം ആണത്രേ! അതുമായി ബന്ധപ്പെട്ട ആഘോഷയാത്രയാണിത്. വളരെ  സന്തോഷം തോന്നി. അവിടെനിന്നു മടങ്ങി ഹോട്ടലിലെത്തി കുളിയൊക്കെക്കഴിഞ്ഞു സുഖമായുറങ്ങി.  


No comments:

Post a Comment